Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

40ലക്ഷം രൂപയുടെ സ്വർണം അണ്ടർവെയറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ കോഴിക്കോട്ടുകാരൻ മുബീറിന് നൽകിയത് കാൽലക്ഷവും വിമാന ടിക്കറ്റും; 50ലക്ഷംരൂപയുടെ സ്വർണം കടത്താൻ മലപ്പുറത്തുകാരൻ അജ്മലിന് നൽകിയത് മുപ്പതിനായിരം രൂപയും; കരിപ്പൂരിൽ സ്വർണവുമായി പിടിയിലായവരെല്ലാം കാരിയർമാർ മാത്രം: വമ്പന്മാർ പിന്നിൽനിന്ന് കളിക്കുന്നു

40ലക്ഷം രൂപയുടെ സ്വർണം അണ്ടർവെയറിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ കോഴിക്കോട്ടുകാരൻ മുബീറിന് നൽകിയത് കാൽലക്ഷവും വിമാന ടിക്കറ്റും; 50ലക്ഷംരൂപയുടെ സ്വർണം കടത്താൻ മലപ്പുറത്തുകാരൻ അജ്മലിന് നൽകിയത് മുപ്പതിനായിരം രൂപയും; കരിപ്പൂരിൽ സ്വർണവുമായി പിടിയിലായവരെല്ലാം കാരിയർമാർ മാത്രം: വമ്പന്മാർ പിന്നിൽനിന്ന് കളിക്കുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വർണക്കടത്ത് സംഘങ്ങളുടെ വമ്പന്മാർ പിന്നിൽ നിന്ന് കരുക്കൾ നീക്കി കളിക്കുന്നു. സ്വർണവുമായി പിടിയിലാകുന്ന കാരയർമാരെല്ലാം സാധാരണക്കാരായ പ്രവാസികൾ മാത്രം. കോവിഡും ലോക്ഡൗണും മുതലെടുത്ത് ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണമെത്തിക്കാൻ സാധാരണക്കാരായ പ്രവാസികൾക്ക് നൽകുന്നത് ഇരുപതിനായിരംരൂപ മുതൽ മുപ്പതിനായിരംരൂപവരെയാണ്.

സ്വർണത്തിന് തൂക്കം കൂടുതലുണ്ടെങ്കിലും സൗജന്യ ടിക്കറ്റും നൽകും. കരിപ്പൂർ വിമാനത്തവളത്തിൽ കഴിഞ്ഞ ദിവസം സ്വർണവുമായി പിടിയിലായ കാരിയർമാർ മുഴുവൻപേരും സാധാരണക്കാരായ പ്രവാസികളാണെന്നും ചെറിയ തുകമാത്രം പ്രതീക്ഷിച്ച് വേഷംകെട്ടിയതാണെന്നും ഇവരെ ചോദ്യംചെയ്തതിൽനിന്നും കസ്റ്റംസ് അധികൃതർക്ക് വ്യക്തമായി. കഴിഞ്ഞ ദിവസം ബഹറൈനിൽനിന്നും 40ലക്ഷംരൂപയുടെ സ്വർണം നാട്ടിലെത്തിക്കാനായി കോഴിക്കോട് നൊച്ചാട് സ്വദേശി മുബീറിന് സ്വർണക്കടത്ത് മാഫിയ പണംനൽകാമെന്നേറ്റത് 25,000രൂപയും വിമാനടിക്കറ്റിന്റെ പണവുമാണ്.

1135 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അണ്ടർവെയറിനുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് മുബീർ പിടിയിലായത്. സ്വർണം നാട്ടിലെത്തിച്ചു കഴിഞ്ഞാൽ സ്വർണക്കടത്ത് സംഘത്തിന്റെ മറ്റൊരു കണ്ണി ഫോണിൽ ബന്ധപ്പെടുമെന്നാണ് പറഞ്ഞത്. ഇയാളുടെ കുറിച്ചുള്ള ചില അടയാളങ്ങളും സ്വർണക്കടത്ത് സംഘം നൽകിയിരുന്നു. സ്വർണം കൈമാറുന്ന സമയത്ത് പറഞ്ഞുറപ്പിച്ച തുകയോടൊപ്പം വിമാനടിക്കറ്റിന്റെ പണവും കൈമാറാമെന്നായിരുന്നു ഓഫർ.

കോവിഡ് കാലമായതോടെ നാട്ടിൽപോകാനായി അന്വേഷിക്കുന്ന സമയത്താണ് സമയത്താണ് തന്റെ ഒരു സുഹൃത്തുവഴി സ്വർണക്കടത്ത് സംഘം തന്നെ ബന്ധപ്പെട്ടതെന്നും മുബീർ കസ്റ്റംസ് അധികൃതരുടെ ചോദ്യംചെയ്യലിൽ പറഞ്ഞു. തുടർന്നാണ് ഇവർ പറഞ്ഞതുപ്രകാരം അണ്ടർവെയറിന് പിറകുവശത്തായി സ്വർണമിശ്രിതം ഒളിപ്പിച്ചുവെക്കുന്ന രീതി പറഞ്ഞുകൊടുത്തത്. ഇത്തരത്തിൽ നിരവധിപേർ കടത്തുന്നുണ്ടെന്നും ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ധൈര്യവും നൽകിയതോടെയാണ് സാമ്പത്തിക പ്രയാസംകൂടി കണക്കിലെടുത്ത് താൻ ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് മുബീറിന്റെ മൊഴി. അതേ സമയം ഏകദേശം 50ലക്ഷംരൂപയുടെ സ്വർണം അരപ്പട്ടരൂപത്തിൽ ശരീരത്തിൽ ചുറ്റി കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അജ്മലിന് സ്വർണക്കടത്ത് സംഘം ഓഫർ ചെയ്തത് 30,000രൂപയാണ്.

ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ അജ്മലിന് ദുബായിയിൽ മൂന്നാലുമാസമായി തൊഴിലില്ലായിരുന്നു. കോവിഡ് വ്യാപിച്ചതോടെ നാട്ടിലേക്കുപോരാൻ തീരുമാനിച്ചത്. തൊഴിലും സാമ്പത്തികവുമില്ലാതെ പ്രയാസത്തിലായതോടെയാണ് താൻ സ്വർണക്കടത്ത് സംഘത്തിന്റെ ഓഫർ സ്വീകരിച്ചതെന്നാണ് അജ്മലിന്റെ മൊഴി. 1595 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അരയിൽ അരപ്പട്ട പോലെ കെട്ടി വച്ച രൂപത്തിൽ ആയിരുന്നു അജ്മലിൽനിന്നും സ്വർണം കണ്ടെടുത്തത്. സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂരിൽ സ്വർണവുമായി പിടിയിലായവരുടെ മൊഴികളെന്ന് കാരിയർമാരെ ചോദ്യംചെയ്ത കസ്റ്റംസ് അധികൃതർ പറഞ്ഞു.

ഇന്നലെ 24മണിക്കൂറിനുള്ളിൽ കരിപ്പൂർ വിമാനത്തവളത്തിൽനിന്നും നാലുപേരിൽ നിന്നായി പിടികൂടിയത് 1.35 കോടിരൂപയുടെ സ്വർണം. ഇന്നലെ ഉച്ചയ്ക്ക് ജിദ്ധയിൽ നിന്നും സൗദി ഫ്ളൈറ്റിൽ വന്ന രണ്ടുപേരിൽനിന്നും മിനിഞ്ഞാന്ന് രാത്രി വന്ന രണ്ടുപേരിൽനിന്നുമാണ് ഇത്തരത്തിൽ സ്വർണം പിടിച്ചത്. ഇന്നലെ കോഴിക്കോട് ജില്ലക്കാരനായ സാലിമിൽനിന്ന് കാരക്കയുടെ മരത്തിന്റെ ബോക്സിന്റെ ഫ്രെയ്മിന്റെ ഉള്ളിലായി ഒളിപ്പിച്ചുവച്ച നിലയിൽ 615 ഗ്രാംസ്വർണം പിടിച്ചെടുത്തപ്പോൾ മലപ്പുറത്തുകാരനായ മുഹമ്മദ് ഷാഫിയിൽനിന്നും സൈക്കിളി ന്റെ ടയറിനകത്തു ഒളിപ്പിച്ചുവച്ച നിലയിൽ 182ഗ്രാം സ്വർണം പിടിച്ചെടുത്തു.

മിനിഞ്ഞാന്ന് വൈകുന്നേരം ഗൾഫ് എയർ ഫ്ളൈറ്റിൽ ബഹറൈൻ നിന്നും വന്ന കോഴിക്കോട് നൊച്ചാട് സ്വദേശി മുബീർ ന്റെ കയ്യിൽനിന്നും 1135 ഗ്രാം തൂക്കം വരുന്ന സ്വർണവും,അന്നേ ദിവസം അർദ്ധ രാത്രി ദുബൈ യിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി അജ്മലിൽനിന്ന് 1595 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP