Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1100 കോടിയുടെ കള്ളപ്പണം കയ്യിലുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തിയതായി ചാനലുകൾ; പിഴയടയ്ക്കാമെന്ന് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്പനി ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ വ്യക്തമാക്കിയെന്നും റിപ്പോർട്ട്; കുടുങ്ങുമെന്നായപ്പോൾ എല്ലാം ഏറ്റുപറഞ്ഞ് സത്യവാങ്മൂലം നൽകി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലെന്നും സൂചനകൾ

1100 കോടിയുടെ കള്ളപ്പണം കയ്യിലുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തിയതായി ചാനലുകൾ; പിഴയടയ്ക്കാമെന്ന് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്പനി ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ വ്യക്തമാക്കിയെന്നും റിപ്പോർട്ട്; കുടുങ്ങുമെന്നായപ്പോൾ എല്ലാം ഏറ്റുപറഞ്ഞ് സത്യവാങ്മൂലം നൽകി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് പിന്നാലെ തങ്ങളുടെ കൈവശം 1100 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം നൽകിയതായി ചാനലുകൾ വാർത്ത പുറത്തുവിട്ടു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകൾ ബ്രേക്കിങ് ന്യൂസായി വാർത്ത നൽകിയെങ്കിലും അൽപനേരത്തിനകം ബ്രേക്കിങ് ന്യൂസ് സംപ്രേഷണം നിർത്തിവച്ചു.

ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് വാർത്തകൾ ചാനലുകളിൽ ബ്രേക്കിങ് ആയി വന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഗോകുലം  സ്ഥാപനങ്ങളിൽ കഴിഞ്ഞദിവസം ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇപ്പോൾ കള്ളപ്പണം ഉണ്ടെന്ന് സമ്മതിച്ച് ഗോകുലം ഗോപാലന്റെ കമ്പനി സത്യവാങ്മൂലം നൽകിയിരിക്കുന്നതെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇത്രയും കള്ളപ്പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ നികുതിയിനത്തിൽ 330 കോടിരൂപയും അതിന്റെ പിഴയും ഗോകുലം ഗ്രൂപ്പ് ഒടുക്കേണ്ടിവരുമെന്നും ചാനലുകൾ റിപ്പോർട്ടുചെയ്തു. കേരളത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ ഉൾപ്പെടെ പങ്കാളിത്തമുള്ള ഗോകുലം ഗോപാലൻ ഇത്രയും വലിയ തുക കള്ളപ്പണമുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. 12 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായും നിരവധി രേഖകൾ പിടിച്ചെടുത്തതായും കഴിഞ്ഞദിവസം റെയ്ഡിന് പിന്നാലെ വാർത്തകൾ വന്നിരുന്നു.

ഏപ്രിൽ പത്തൊമ്പതിനാണ് ഗോകുലം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. അഞ്ഞൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്ത വിശാലമായ പരിശോധനയാണ് നടന്നത്. രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വടകരയിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടത്തി. ഗോകുലം ഫിനാൻസ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ ആദായനികുതി പരിശോധനയിൽ 12 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഇതോടെയാണ് കള്ളപ്പണം വെളിപ്പെടുത്തി സത്യവാങ്മൂലം നൽകിയതെന്നാണ് സൂചനകൾ.

ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതിൽപെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. മുത്തൂറ്റിൽ നടന്ന റെയ്ഡിന് സമാനമായിരുരുന്നു ഗോകുലത്തിലെ റെയ്ഡ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡെന്നും സൂചനയുണ്ട്.

പല പദ്ധതികളിൽ ഉൾപ്പെടുത്തി ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയിൽ 78 കേന്ദ്രങ്ങളിൽ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എന്നാൽ ഈ റെയ്ഡിനെ കാര്യമായ വാർത്തയാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായില്ല. ഗോകുലത്തിന്റെ പരസ്യത്തെ മോഹിച്ചായിരുന്നു ഇത്. ഏവരും സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വെറുമൊരു റെയ്ഡ് മാത്രമായി ഈ വാർത്ത നൽകി. കേരള കൗമുദിയിൽ എന്നാൽ ഗോകുലത്തിന്റേ പേര് പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്നാൽ പതിവ് പോലെ മാതൃഭൂമിയും അടക്കമുള്ള പ്രമുഖ പത്രങ്ങൾ റെയ്ഡ് നടന്നത് പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ആക്കി മാറ്റി. മനോരമ ഈ വാർത്ത അപ്രധാനത്തോടെ കൊടുത്തപ്പോൾ തിരുവനന്തപുരം അടക്കം പല എഡീഷനുകളിലും കണ്ടില്ലെന്ന് നടിച്ചപ്പോൾ മാതൃഭൂമി പ്രമുഖ സ്ഥാപനത്തിലെ റെയ്ഡാക്കി. ഇത്തരത്തിൽ മാധ്യമങ്ങൾ വാർത്ത മുക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തൽ നടക്കുന്നതെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുൾപ്പെടെ 30 സ്ഥലങ്ങൾ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞിരുന്നു. രേഖകൾ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ.

ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്സ് ആൻഡ് ഫിനാൻസ് ശാഖകൾ, ഹോട്ടലുകൾ, വീടുകൾ, സിനിമാ നിർമ്മാണ കമ്പനി ഓഫീസുകൾ എന്നിവിടങ്ങൾ പരിശോധിച്ചു. ഇതിനിടയിലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്.

തമിഴ്‌നാട്ടിൽ 43, കേരളത്തിൽ 29, കർണാടകയിൽ ആറ്, പുതുച്ചേരിയിൽ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തിൽ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നെന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ ചെന്നൈ ഡയറക്ടറേറ്റ് നിർദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.

രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങൾ സംബന്ധിച്ച മുഴുവൻ രേഖയും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകൾ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ പ്രമുഖ സാമുദായിക പ്രവർത്തകൻ കൂടിയാണ് ഗോകുലം ഗോപാലൻ. ഫ്ളവേഴ്സ് ചാനലിന്റെ ചെയർമാനുമാണ്. ഏറെ സ്വാധീനവും ഉണ്ട്. എന്നിട്ടും ഗോപാലന്റെ സ്ഥാപനത്തിലെ റെയ്ഡ് ഗോകുലം ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാടുകൾ ചിട്ടി സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു. ഇതിൽ നിന്ന് വ്യക്തമായ തെളിവ് കിട്ടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP