Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച എഡിജിപിയുടെ മകളെ പേരിന് പോലും അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പൊലീസ് ഒടുവിൽ കുറ്റാരോപിതയെ സുഖമായി വിദേശത്തേക്കും അയച്ചു; തല്ലുകൊണ്ടു പൊലീസുകാരൻ ഗവാസ്‌കർ വേദനിച്ച ജീവിതം തള്ളിനീക്കുമ്പോൾ കുറ്റപത്രം പോലും തയ്യാറാക്കാതെ പൊലീസ്; കൗണ്ടർ കേസ് ഉണ്ടാക്കാൻ നൽകിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ പേരിൽ ഒന്നും ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥർ; ഈ നാട്ടിൽ പൊലീസുകാരന് പോലും നീതിയില്ലെന്നതിന് മറ്റെന്ത് തെളിവ് വേണം?

പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച എഡിജിപിയുടെ മകളെ പേരിന് പോലും അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പൊലീസ് ഒടുവിൽ കുറ്റാരോപിതയെ സുഖമായി വിദേശത്തേക്കും അയച്ചു; തല്ലുകൊണ്ടു പൊലീസുകാരൻ ഗവാസ്‌കർ വേദനിച്ച ജീവിതം തള്ളിനീക്കുമ്പോൾ കുറ്റപത്രം പോലും തയ്യാറാക്കാതെ പൊലീസ്; കൗണ്ടർ കേസ് ഉണ്ടാക്കാൻ നൽകിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ പേരിൽ ഒന്നും ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥർ; ഈ നാട്ടിൽ പൊലീസുകാരന് പോലും നീതിയില്ലെന്നതിന് മറ്റെന്ത് തെളിവ് വേണം?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.ഡി.ജി.പി. സുദേശ് കുമാറിന്റെ മകൾ സ്‌നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചെന്ന കേസിൽ നടപടികളെടുക്കാൻ ക്രൈംബ്രാഞ്ചിന് മടി തുടരുന്നു. പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച സംഭവാണ് ഇത്. ഗുരുതര പരിക്കുകൾ ഗവാസ്‌കറിന് ഏറ്റിരുന്നു. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. ചോദ്യം ചെയ്യൽ അനിവാര്യമായ കേസും. എന്നാൽ ഇതൊന്നും നടന്നില്ല. സംഭവം നടന്ന് 109 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ഒളിച്ചു കളിച്ചപ്പോൾ ആരോപണ വിധേയയായ പെൺകുട്ടി വിദേശത്തേക്ക് പോയി. ഇതിന് പൊലീസ് എല്ലാ സഹായവും ഒരുക്കി നൽകി. സ്വാധീനമുള്ളവർക്കൊപ്പമാണ് അന്വേഷണം എന്നതിന് തെളിവാണ് ഇത്.

ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ഗവാസ്‌കറും ആരോപണ വിധേയയായ പെൺകുട്ടിയും തങ്ങൾക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കാനായി നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതിൽ തീരുമാനമായ ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നകാര്യം പരിശോധിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുവരും തമ്മിൽ കേസ് പറഞ്ഞു തീർക്കുമെന്ന പ്രതീക്ഷ ക്രൈംബ്രാഞ്ചിനുണ്ട്. പൊലീസിലെ ഉന്നതർ തന്നെ ഇതിനുള്ള നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നത്. എഫ് ഐ ആർ ഇട്ട ശേഷം പ്രതിയെ പിടിക്കാൻ പോലും പൊലീസ് താൽപ്പര്യം കാട്ടിയില്ല. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുന്നിലുണ്ട്. ഐപിഎസ് അസോസിയേഷനും അതിശക്തമായ ഇടപെടൽ നടത്തി. ഇതോടെയാണ് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാതെ മരവിപ്പിച്ചത്.

പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കർ തിരിച്ചറിഞ്ഞിരുന്നു. തന്നെ മർദിക്കാൻ ഉപയോഗിച്ച ഉപകരണമാണിതെന്നും ഗവാസ്‌കർ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തിൽ കേസെടുത്തത്. യുവതിയുടെ പരാതിയിൽ ഗവാസ്‌കർക്കെതിരേയും കേസെടുത്തു. പിന്നീട് ഇരുവരും എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗവാസ്‌കർ കേസിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് കൗണ്ടർ കേസ് കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉണ്ടായി. ഗവാസ്‌കറുടെ മകളുടെ മെഡിക്കൽ പരിശോധന നടത്തി ഡോക്ടറുടെ റിപ്പോർട്ട് അടക്കം ചർച്ചയായി. ഈ ഡോക്ടർക്കെതിരെ പോലും നടപടിയെടുക്കാൻ നീക്കവും നടന്നു. ഇതിനിടെയാണ് യുവതിയുടെ വിദേശ യാത്രയുടെ വിവരം പുറത്തു വന്നത്.

ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകൾക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് ഗവാസ്‌കർ ആരോപിച്ചു. മർദിച്ച യുവതി വിദേശത്തേക്ക് പോയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, യുവതിക്ക് വിദേശത്ത് പോകുന്നതിന് വിലക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബി.കെ. പ്രശാന്ത് പറഞ്ഞു. ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഈ അന്വേഷണം ഫലത്തിൽ എഡിജിപിയുടെ മകൾക്ക് അനുകൂലമായി മാറുകയും ചെയ്തു. പൊലീസ് അസോസിയേഷനിൽ ഗവാസ്‌കറിന് അനുകൂലമായ വികാരം ശക്തമാണ്. എന്നാൽ എഡിജിപിയുടെ മകളായതു കൊണ്ട് പൊലീസുകാരുടെ സമ്മർദ്ദം ഫലിക്കുന്നുമില്ല.

കേസ് ഒതുക്കി തീർക്കാൻ പല ശ്രമങ്ങൾ നടന്നു. തന്നെ ക്രൂരമായി മർദിച്ചെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗവാസ്‌കർ സമ്മതിക്കുകയും ചെയ്തു. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്‌കർ പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്. തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മർദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്‌കർ വ്യക്തമാക്കി. എ.ഡി.ജി.പിയുടെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവർ ചുമതലയിൽ നിന്ന് മാറ്റിത്തരണമെന്നും അഭ്യർത്ഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായി കാണും.

മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദ്ദേശിച്ചു. എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെ തന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദ്ദേശിച്ചു. അതിൽ പൊലീസിന്റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായി പോലും ഉലഞ്ഞാൽ എ.ഡി.ജി.പി ചീത്ത വിളിക്കും. മറ്റൊരു വാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻ ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കർ വെളിപ്പെടുത്തിയിരുന്നു. സുധേഷ് കുമാറിന്റെ വീട്ടിൽ പൊലീസുകാർക്ക് നേരിടേണ്ടി വന്ന നിരവധി പീഡനങ്ങളും പുറത്തുവന്നു. ഇതൊന്നും സർക്കാർ തലത്തിൽ നടപടിക്ക് കാരണമായില്ല.

എ.ഡി.ജി.പിയുടെ മകൾക്ക് കായിക പരിശീലനം നൽകുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നിൽ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്നെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തതെന്നാണ് ഗവാസ്‌കർ പറയുന്നത്. എ.ഡി.ജി.പിയുടെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാൻ അദ്ദേഹം തയാറാണെന്നും ഗവാസ്‌കർ വ്യക്തമാക്കി. മർദനം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പൊലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരെ പരാതിയുമായി എ.ഡി.ജി.പി സുദേഷ്‌കുമാർ രംഗത്ത് വന്നിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കർക്ക് പരുക്കേൽക്കാൻ കാരണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചെന്ന കേസിനെ തുടർന്ന് നടപടി നേരിട്ടപ്പോളൊന്നും പറയാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണ് കേസ് ഹൈക്കോടതിയിലെത്തിയതിന് തൊട്ടുപിന്നാലെ നൽകിയ സുദേഷ്‌കുമാറിന്റെ പരാതിയിലുള്ളത്. ഗവാസ്‌കർക്ക് പരുക്കേറ്റത് തന്റെ മകൾ മർദിച്ചിട്ടല്ല. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തിൽപെട്ടതാവാം. പൊതുജനമധ്യത്തിൽ അവഹേളിക്കാനാണ് ഗവാസ്‌കറുടെ പരാതിയെന്നും അതിന് ശേഷം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും എ.ഡി.ജി.പി പരാതിപ്പെടുന്നു. അങ്ങനെ വിചിത്രമായ പല പരാതികളും എഡിജിപി തന്നെ നൽകിയ കേസാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP