Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവ് മാഫിയക്ക് കേരളം സുരക്ഷിത വിപണിയോ? കേരളത്തിലെത്തിയ 370 കിലോ കഞ്ചാവിന്റെ രഹസ്യം തേടി അന്വേഷണ സംഘം പാട്‌നയിലേക്ക്; എത്തിച്ചത് ഹാഷിഷ് ഓയിൽ നിർമ്മിക്കാനെന്ന് വിലയിരുത്തൽ; ഭുവനേശ്വറിൽ ഇറക്കാൻ കഴിയാതിരുന്ന പാഴ്‌സൽ തൃശ്ശൂരിൽ പിടിച്ചെടുത്തത് ട്രെയിൻ എറണാകുളത്തെത്തി മടങ്ങുമ്പോൾ; സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ എക്‌സൈസിനൊപ്പം റെയിൽവെ പൊലീസും

കഞ്ചാവ് മാഫിയക്ക് കേരളം സുരക്ഷിത വിപണിയോ? കേരളത്തിലെത്തിയ 370 കിലോ കഞ്ചാവിന്റെ രഹസ്യം തേടി അന്വേഷണ സംഘം പാട്‌നയിലേക്ക്; എത്തിച്ചത് ഹാഷിഷ് ഓയിൽ നിർമ്മിക്കാനെന്ന് വിലയിരുത്തൽ; ഭുവനേശ്വറിൽ ഇറക്കാൻ കഴിയാതിരുന്ന പാഴ്‌സൽ തൃശ്ശൂരിൽ പിടിച്ചെടുത്തത് ട്രെയിൻ എറണാകുളത്തെത്തി മടങ്ങുമ്പോൾ; സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ എക്‌സൈസിനൊപ്പം റെയിൽവെ പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തീവണ്ടി വഴി പാഴ്സലായി 370 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവത്തിൽ അന്വേഷണം പാറ്റ്നയിലേക്ക്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായാണിതിനെ എക്സൈസ് സംഘം കാണുന്നത്. പാറ്റ്നയിൽ നിന്നും ഭുവനേശ്വറിലേക്ക് പാഴ്സലായ അയച്ച കഞ്ചാവ് ഇറക്കാനാകാതെ എറണാകുളത്തെത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ട്രെയിൻ എറണാകുളത്തെത്തി തിരിച്ച് പോകും വഴി എക്സൈസ് സംഘം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടുകയുമായിരുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസും റെയിൽവേ പൊലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 11 ചാക്കുകളിലായിരുന്നു കഞ്ചാവ്. എറണാകുളത്തു പോയി മടങ്ങി വന്ന ട്രെയിൻ തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് പാഴ്സൽ അയച്ചതുമായി ബന്ധപ്പെട്ട ബില്ല് എക്സൈസ് സംഘത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എന്നാൽ പാഴ്സൽ ബുക്ക് ചെയ്തവരെപ്പറ്റി കൃത്യമായ വിവരം കിട്ടിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പാറ്റ്ന കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നത്തും. പിടിക്കപ്പെട്ടവയിൽ 58 കിലോഗ്രാം കഞ്ചാവ് പൊടിച്ച രൂപത്തിലാണ്. മറ്റുള്ളവ നുറുക്കിയ നിലയിലുമാണ്. ഹാഷിഷ് ഓയിൽ നിർമ്മിക്കാനായിരിക്കാം കഞ്ചാവ് എത്തിച്ചെന്നതാണ് അന്വേഷണ സംഘത്തിന് വിലയിരുത്തൽ.

പ്രതികളെ സംബന്ധിച്ചുള്ള സൂചന ഇത് വരെ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഉടൻ വിപുല മായ അന്വേഷണ സംഘത്തെ രൂപീകരിച്ച് പാറ്റ്നയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഞ്ചാവിൽ പുകഞ്ഞ് കേരളം
കേരളത്തിൽ മുൻകാലങ്ങളിൽ ഉള്ളതിനേക്കാൽ വ്യാപകമാണ് കഞ്ചാവ് വിപണി. സ്‌കൂളുകൾ പോലും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. കർശന പരിശോധനകളും അറസ്റ്റും വ്യാപകമായി നടക്കുമ്പോഴും സംസ്ഥാനത്തേക്കുള്ള കഞ്ചാവിന്റെ വരവ് നിലയ്ക്കുന്നില്ല.

ഈ വർഷം ജനുവരി മുതൽ മാർച്ചു വരെ 576.344 കിലോഗ്രാം കഞ്ചാവാണ് സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. മുൻവർഷങ്ങളേക്കാൾ കഞ്ചാവിന്റെ ഉപയോഗം സംസ്ഥാനത്ത് വർധിക്കുന്നതയാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 519.572 കിലോഗ്രാം കഞ്ചാവായിരുന്നു. 2017-ൽ 229.854 കിലോഗ്രാമും 2016-ൽ 321.049 കിലോഗ്രാം കഞ്ചാവുമാണ് ജനവുരിമുതൽ മാർച്ചു വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് എക്സൈസ് വകുപ്പ് പിടികൂടിയത്.

പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കൂടുതൽ അളവിൽ കഞ്ചാവ് പിടികൂടിയിട്ടുള്ളത്. മൂന്നുമാസത്തിനിടെ പാലക്കാട് ജില്ലയിൽനിന്നുമാത്രം പിടിച്ചെടുത്തത് 194.055 കിലോഗ്രാം കഞ്ചാവാണ്. മലപ്പുറത്തുനിന്ന് 86.987-ഉം തിരുവനന്തപുരത്തുനിന്ന് 59.082 കിലോഗ്രാം കഞ്ചാവും പിടികൂടി. കഞ്ചാവ് ഉൾപ്പെടെ 1919 മയക്കുമരുന്ന് കേസുകളാണ് ഈ കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2024 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.

ലഹരിയുടെ കുമളി

കേരള തമിഴ്‌നാട് അതിർത്തിയായ കുമളിയാണ് ലഹരികടത്തിന്റെ പ്രധാന വാതിൽ. കഴിഞ്ഞ പതിനഞ്ച് ദിവസം കൊണ്ട് 8 കേസുകളിലായി വണ്ടിപ്പെരിയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ പിടിച്ചത് 15 കിലോ കഞ്ചാവാണ്. തമിഴ്‌നാട് കമ്പത്ത് നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിച്ച് വില്പന നടത്തിയാൽ നാലിരട്ടിയാണ് ലാഭം. കഞ്ചാവ് അതിർത്തി കടത്തി കൊടുത്താലും വൻ പ്രതിഫലം ലഹരി മാഫിയ നൽകുന്നു.

ലഹരിയുടെ ഇരയാകുന്ന കുഞ്ഞുങ്ങൾ

കഞ്ചാവിന് അടിമപ്പെടുക മാത്രമല്ല, ഇതിന്റെ മറവിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് വരെ ഇരയാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസമാണ് പാലക്കാട് ജില്ലയിൽ കഞ്ചാവ് നൽകി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറുപേർ പൊലീസ് പിടിയിലായത്. കേസിൽ ഒൻപത് പേർ ഒളിവിലാണ്. ഇരിങ്ങാവൂർ സ്വദേശികളായ ടി.പി. ഉണ്ണീൻ കുട്ടി (71), പി. മുഹമ്മദ് ബഷീർ എന്ന മാനു (45), ടി. കോയ ഹാജി (70), എം. സിദ്ദീഖ് (46), പി. മുഹമ്മദ് സുഹൈൽ (28), സി. അബ്ദുസ്സലാം (44) എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ സെൻഡ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് വിവരം ചൈൽഡ് ലൈനിനു കൈമാറി. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞത്.

സൗജന്യമായി കഞ്ചാവ് നൽകിയ ശേഷം പ്രകൃതിവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികൾ വെളിപ്പെടുത്തി. ചിലരെ പലതവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതോടെ ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകുകയും കൽപ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. 15 അംഗ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. വയോധികർ വരെയുള്ളവർ ലഹരിക്ക് അടിമകളായിട്ടുണ്ടെന്നാണ് അടിക്കടി കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലൂടെ വ്യക്തമാവുന്നത്.

പിടിക്കപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടിയൊഴിച്ചാൽ കഞ്ചാവിന്റെ ഉറവിടം തേടി അധികൃതർ പോവാറില്ല. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാൽ ജാമ്യം ലഭിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. ഇത് വീണ്ടും ഈ കച്ചവടത്തിൽ സജീവമാകാൻ കഞ്ചാവ് മാഫിയക്ക് സഹായകരമാവുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP