Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുട്ടികളുടെ ബാത്ത്‌റൂമിൽ സിഗരറ്റ് കുറ്റികളും ദുർഗന്ധവും; സിസിടിവി ക്യാമറകൾ വഴിയുള്ള അന്വേഷണം നീണ്ടത് സ്‌കൂളിലെ രണ്ടു പെൺകുട്ടികളിലേക്ക്; കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികളുടെ കുറ്റസമ്മതം; വയലിൻ വായിച്ച് ഒരാൾ കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ അമ്മയെ ഭീഷണിപ്പെടുത്തി പണം കണ്ടെത്തി അടുത്ത പെൺകുട്ടിയും; കൊടുങ്ങല്ലൂരിലെ പ്രശസ്ത വിദ്യാലയത്തിലെ സംഭവത്തിൽ ഞെട്ടി എക്‌സൈസും പൊലീസും

പെൺകുട്ടികളുടെ ബാത്ത്‌റൂമിൽ സിഗരറ്റ് കുറ്റികളും ദുർഗന്ധവും; സിസിടിവി ക്യാമറകൾ വഴിയുള്ള  അന്വേഷണം നീണ്ടത് സ്‌കൂളിലെ രണ്ടു പെൺകുട്ടികളിലേക്ക്; കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികളുടെ കുറ്റസമ്മതം; വയലിൻ വായിച്ച് ഒരാൾ കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ അമ്മയെ ഭീഷണിപ്പെടുത്തി പണം കണ്ടെത്തി അടുത്ത പെൺകുട്ടിയും; കൊടുങ്ങല്ലൂരിലെ പ്രശസ്ത വിദ്യാലയത്തിലെ സംഭവത്തിൽ ഞെട്ടി എക്‌സൈസും പൊലീസും

എം മനോജ് കുമാർ

 കൊടുങ്ങല്ലൂർ: കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥിനികൾ കഞ്ചാവ് മാഫിയയുടെ നോട്ടപ്പുള്ളികളാകുന്നു. കൊടുങ്ങല്ലൂരിലെ പ്രശസ്ത ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഞ്ചാവ് മാഫിയ കേരളത്തിലെ സ്‌കൂൾ വിദ്യർത്ഥിനികളെ നോട്ടമിടുന്നു എന്ന വസ്തുത വെളിച്ചത്തുകൊണ്ടുവന്നത്. കൊടുങ്ങല്ലൂരിലെ വിദ്യാലയത്തിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ സിഗരറ്റ് കുറ്റി കണ്ടെത്തിയതാണ് പ്രധാനാധ്യാപകനെയും സ്‌കൂളിലെ അദ്ധ്യാപകരെയും അന്വേഷണത്തിനു പ്രേരിപ്പിച്ചത്. പെൺകുട്ടികളുടെ ബാത്ത്‌റൂമിൽ സിഗരറ്റ് കുറ്റി കണ്ട സംഭവം വിട്ടുകളയാൻ സ്‌കൂൾ അധികൃതർ തയ്യാറാകാതെ വന്നതോടെയാണ് പെൺകുട്ടികൾക്ക് പിടിവീഴാൻ കാരണമായത്. ബാത്ത്‌റൂമിന് മുന്നിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പെൺകുട്ടികളിലേക്കും അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ തങ്ങൾ തന്നെയാണ് കഞ്ചാവ് ഉപയോഗിച്ചത് എന്ന് സമ്മതിക്കുകയായിരുന്നു.

പെൺകുട്ടികൾ സ്‌കൂളിൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന വിവരം സ്‌കൂൾ അധികൃതരെയും വീട്ടിൽ നിന്ന് ഇവർ കഞ്ചാവ് ഉപയോഗിച്ചിട്ടും തങ്ങൾ അറിയാതെ പോയത് വീട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. പൊലീസ്-എക്‌സൈസ് വിഭാഗങ്ങൾക്ക് അധികൃതർ വിവരം നൽകിയതോടെയാണ് പൊലീസും എക്‌സൈസും അന്വേഷണത്തിനു സ്‌കൂളിൽ എത്തുന്നത്. തുടർന്ന് അന്വേഷണം എക്‌സൈസ് ഏറ്റെടുക്കുകയായിരുന്നു. ഈ പ്രശസ്ത സ്‌കൂളിലെ ഈ രണ്ടു പെൺകുട്ടികൾ മാത്രമാണ് കഞ്ചാവ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തിൽ എക്‌സ്സൈസിനു ബോധ്യമായി. വീട്ടിൽ നിന്നും ഉപയോഗിച്ചിരുന്ന കഞ്ചാവ് സ്‌കൂളിലും ഉപയോഗിക്കാൻ തുടങ്ങിതാണ് ഇവർക്ക് വിനയായത്. കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികൾ സമ്മതിക്കുകയും ചെയ്തു. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ പ്രകാരം കഞ്ചാവ് നൽകിയ ആൺകുട്ടികളെയും എക്‌സൈസ് പൊക്കി. കഞ്ചാവ് മാഫിയ സോഷ്യൽ മീഡിയകളിൽ വിരിച്ച വലയിലാണ് കൊടുങ്ങല്ലൂർ സ്‌കൂളിലെ പെൺകുട്ടികളും ചാടിക്കൊടുത്തത്.

ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവരാണ് കൊടുങ്ങല്ലൂരിലെ വിദ്യാർത്ഥിനികൾക്ക് കഞ്ചാവ് വിറ്റിരുന്നത്. ആർഭാട ജീവിതത്തിനു കാശ് കണ്ടെത്താൻ വേണ്ടിയാണ് തങ്ങൾ കഞ്ചാവ് വാഹകരായത് എന്നാണ് ആൺകുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇരുപത് വയസ് പ്രായമുള്ള വിജേഷ്, അസ്‌കർ എന്നിവരെയാണ് എക്‌സൈസ് വിഭാഗം കഞ്ചാവ് കടത്തിന് പിടികൂടിയത്. ആൺകുട്ടികളെക്കാൾ സുരക്ഷിതമായി കഞ്ചാവ് കടത്താൻ കഴിയുക പെൺകുട്ടികൾക്കാണെന്നും ഇവരെ എളുപ്പത്തിൽ ദുരുപയോഗിക്കാനും കഴിയും എന്നതുകൊണ്ടാണ് കേരളത്തിലെ കഞ്ചാവ് മാഫിയ പെൺകുട്ടികളെ നോട്ടമിടുന്നത് എന്നുമാണ് എക്‌സൈസിന് മനസിലാക്കാൻ കഴിഞ്ഞത്. കഞ്ചാവ് നൽകി വശത്താക്കിയാണ് പെൺകുട്ടികളെ ഇവർ ഉപയോഗിക്കുന്നത്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വശംവദരാക്കാനും കഴിയും എന്നതു കൂടി കഞ്ചാവ് മാഫിയ ലക്ഷ്യമാക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസും എക്‌സൈസും വിഭാഗങ്ങളും ഈ കാര്യത്തിൽ ജാഗരൂകരാണ്.

മിഡിൽ ക്ലാസ് കുടുംബങ്ങളിലെ കുട്ടികളാണ് കഞ്ചാവ് ഉപയോഗത്തിന് പിടിയിലായത്. രണ്ടുപേരും ഇണ പിരിയാത്ത കൂട്ടുകാരികൾ ആയിരുന്നു. ഈ കൂട്ടാണ് ഒരു പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിൽ കുടുങ്ങിയപ്പോൾ മറ്റേ കുട്ടിയും കഞ്ചാവ് ഉപയോഗത്തിൽ കുടുങ്ങാൻ കാരണം. ആദ്യ പെൺകുട്ടി വയലിൻ വായിച്ച് കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ രണ്ടാമത്തെ പെൺകുട്ടി വീട്ടിലുള്ള അമ്മയെ ഭീഷണിപ്പെടുത്തിയാണ് പണം കരസ്ഥമാക്കിയത്. അമിത സോഷ്യൽ മീഡിയാ ഉപയോഗം വഴിയാണ് ഇവർ കഞ്ചാവിന്റെ വഴികളിലേക്ക് എത്തിപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നുഴഞ്ഞു കയറി കഞ്ചാവ് മാഫിയ വിദ്യാർത്ഥിനികളെ കരുക്കളാക്കുന്നു എന്ന അറിവും ഇപ്പോൾ എക്‌സൈസ് വിഭാഗങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇതിൽ ഒരു പെൺകുട്ടിയുടെ അച്ഛൻ വിദേശത്ത് ജോലിയുള്ള ആളാണ്. അമ്മയാണ് കുട്ടിയെ നോക്കുന്നത്. പക്ഷെ മകൾ ഈയിടെയായി തന്റെ പിടിയിൽ ഒതുങ്ങാറില്ല എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. വീട്ടിൽ പെൺകുട്ടി വയലന്റ് ആകുന്നു. നിയന്ത്രിക്കാൻ കഴിയുന്നില്ല. കാശ് ഭീഷണിപ്പെടുത്തി വാങ്ങുന്നു. എന്തെങ്കിലും പറഞ്ഞാൽ ഇവൾ പോയി ആത്മഹത്യ ചെയ്താലോ എന്ന് പേടിച്ചാണ് കുട്ടിയെ വഴക്ക് പറയാതിരുന്നത് എന്നാണ് ഒരു കുട്ടിയുടെ അമ്മ സ്‌കൂൾ അധികൃതരോടും എക്‌സൈസ് അധികൃതരോടും പറഞ്ഞത്. കുട്ടിക്ക് എന്തോ പ്രശ്‌നമുണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞിരുന്നെന്നും പക്ഷെ തിരുത്താൻ തങ്ങൾക്ക് കഴിയുന്നില്ല എന്നുമാണ് അമ്മ പറഞ്ഞത്. കഞ്ചാവ് ഉപയോഗിച്ചതായി മനസിലാക്കിയതോടെ കൊച്ചിയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ഈ കുടുംബം ചെയ്തിരിക്കുന്നത്.

കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായ രണ്ടാമത്തെ പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തിക പ്രയാസം നേരിടുന്നവരാണ്. ഈ കുട്ടിയുടെ അച്ഛൻ ഒരു കിഡ്‌നി ദാനം ചെയ്തതാണ്. അതുകൊണ്ട് തന്നെ വലിയ ജോലികൾക്ക് പോകാൻ ഈ കുട്ടിയുടെ അച്ഛനു കഴിയുന്നുമില്ല. ഈ പെൺകുട്ടി വയലിൻ വായിക്കാൻ പോകുന്നുണ്ട്. പക്ഷെ കുട്ടിക്ക് വീട്ടിൽ ഒരു നിയന്ത്രണവും ഇല്ല. അതിനു പെൺകുട്ടി അനുവദിക്കുന്നില്ല എന്നതും വാസ്തവം. പെൺകുട്ടി കൊച്ചിയിൽ വരെ വയലിൻ വായിക്കാൻ പോകുന്നുണ്ട്. പക്ഷെ ഒപ്പം ആരുമില്ല. അതുകൊണ്ട് തന്നെ എന്ത് സംഭവിക്കുന്നു എന്ന കാര്യത്തിൽ വീട്ടുകാർക്ക് പിടിയുമില്ല. പെൺകുട്ടിക്ക് ഇപ്പോൾ 16 വയസാണ് ഉള്ളത്. 18 വയസായാൽ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കും എന്നും വീട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതോടെ പെൺകുട്ടി പഠിത്തത്തിന്റെ കാര്യത്തിൽ വലിയ ഉഴപ്പാണ്. എന്തായാലും വിവാഹം നടക്കും. പിന്നെന്ത് പഠിപ്പ് എന്ന ഭാവം. ഈ ചിന്തയും കഞ്ചാവ് ഉപയോഗത്തിലെക്ക് പെൺകുട്ടിയെ എത്തിക്കാൻ പ്രേരകമായിട്ടുണ്ട് എന്നാണ് എക്‌സൈസുകാർക്ക് മനസിലാക്കാൻ കഴിഞ്ഞത്.

പെൺകുട്ടികൾക്ക് കഞ്ചാവ് നൽകിയ ആൺകുട്ടികളെയും അറസ്റ്റ് ചെയ്ത് എക്‌സൈസ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ വിട്ടു. ഒരു കിലോ കഞ്ചാവ് കൈവശം വച്ചാലേ കേസ് ശക്തമായ നടപടികൾക്ക് സാധ്യതയുള്ളൂ. 999 ഗ്രാം ആണെങ്കിൽ വരെ ഇവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാം. നിയമത്തിലെ ഈ ലൂപ്പ് ഹോൾ ആണ് കഞ്ചാവ് മാഫിയക്ക് തുണയാകുന്നത്. കോടതി നടപടികൾ വന്നാലും ഫൈൻ അടച്ച് യുവാക്കൾക്ക് രക്ഷപ്പെടാം. വളരെ കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആണ് പെൺകുട്ടികൾക്ക് ഇവർ നൽകിയത്. ഈ ധൈര്യത്തിൽ തന്നെയാണ് പെൺകുട്ടികൾക്ക് യുവാക്കൾ കഞ്ചാവ് നൽകാൻ ധൈര്യപ്പെട്ടതും. ഈ പെൺകുട്ടികൾ കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറായതും അവർക്ക് കഞ്ചാവ് എത്തിക്കാൻ ചിലർ തയ്യാറായതും നിസാരമായല്ല തങ്ങൾ കാണുന്നത് എന്ന് ഈ കേസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂർ എക്‌സൈസ് സിഐ പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊടുങ്ങല്ലൂരിൽ ഈ മാഫിയ വളരെ ശക്തമാണെന്നും നിയമത്തിന്റെ വലക്കണ്ണികൾ പൊട്ടിച്ച് സ്വതന്ത്ര വിഹാരം നടത്തുന്നുണ്ടെന്നും ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. ഈ മാഫിയ നിയന്ത്രിക്കുന്നവരെ പിടിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവർ പ്രശസ്ത സ്‌കൂളുകൾ കേന്ദ്രമാക്കുമെന്നും പെൺകുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ഞങ്ങൾ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്-പത്മകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP