Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സിങ്ക'ത്തിന്റെ നിർദേശപ്രകാരം അതിർത്തിയിൽ കഞ്ചാവു വേട്ടക്കിറങ്ങിയ എക്സൈസ്-പൊലിസ് സംയുക്ത ടീമിനു നിരാശ; വലയിലായതു ചെറുമീനുകൾ മാത്രം; 594 വാഹനങ്ങളിൽ തപ്പിയിട്ടും കിട്ടിയത് 25 ഗ്രാം കഞ്ചാവ്; ഇഷ്ടംപോലെ സിഗരറ്റും ബീഡിയും പിടിച്ചെടുത്തു മാനം കാത്ത് ഉദ്യോഗസ്ഥസംഘം

'സിങ്ക'ത്തിന്റെ നിർദേശപ്രകാരം അതിർത്തിയിൽ കഞ്ചാവു വേട്ടക്കിറങ്ങിയ എക്സൈസ്-പൊലിസ് സംയുക്ത ടീമിനു നിരാശ; വലയിലായതു ചെറുമീനുകൾ മാത്രം; 594 വാഹനങ്ങളിൽ തപ്പിയിട്ടും കിട്ടിയത് 25 ഗ്രാം കഞ്ചാവ്; ഇഷ്ടംപോലെ സിഗരറ്റും ബീഡിയും പിടിച്ചെടുത്തു മാനം കാത്ത് ഉദ്യോഗസ്ഥസംഘം

തൊടുപുഴ: കഞ്ചാവ് കടത്തിന്റെ പ്രധാന ഇടത്താവളമായ ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പൊലിസുമായി ചേർന്നും തമിഴ്‌നാടുമായി സഹകരിച്ചും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം എക്സൈസ് വകുപ്പ് നടത്തിയ ലഹരിവേട്ട വേണ്ടത്ര ഫലം കണ്ടില്ല. കുടുങ്ങിയത് ചെറുമീനുകൾ മാത്രം.

41 കേസുകളെടുത്തെങ്കിലും കഞ്ചാവുമായി പിടിക്കപ്പെട്ടത് ഒരാൾ മാത്രം. അതാകട്ടെ, വെറും 25 ഗ്രാം കഞ്ചാവാണ് പിടിച്ചെടുക്കാനായത്. കഞ്ചാവ് തപ്പിയിറങ്ങി നിരാശയിലായെങ്കിലും പുകയില ഉൽപന്നങ്ങളും ഏതാനും ലിറ്റർ മദ്യവും പിടിച്ചെടുത്തു മാനം കാത്തതിന്റെ ആശ്വാസത്തിലാണ് എക്സൈസ് വകുപ്പും പൊലിസും.

കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ലഹരി കടത്തുന്ന ജില്ലയിായി ഇടുക്കി മാറിയിട്ട് ഏതാനും വർഷങ്ങളായെങ്കിലും ഇത് നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. വ്യാപകമായ തോതിൽ ഇടുക്കിയിലെ അതിർത്തിയിലൂടെ കഞ്ചാവും മറ്റ് ലഹരി ഉൽപന്നങ്ങളും കടന്നുവരുന്നത് ബോധ്യപ്പെട്ടെങ്കിലും തടയിടാൻ കൃത്യമായ നടപടിയുണ്ടായില്ല. ഒറ്റപ്പെട്ട അറസ്റ്റുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നിത്യമെന്നോണം കുമളി ചെക് പോസ്റ്റിൽ കഞ്ചാവ് കടത്തുകാർ പിടിയിലായിട്ടും കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനോ, കഞ്ചാവ് മൊത്തവ്യാപാരികളെയോ, കർഷകരെയോ പിടികൂടാനോ അധികൃതർക്ക് പറ്റിയില്ല. രണ്ടു സംഭവങ്ങളിലായി 20 കോടി രൂപയുടെ ഹാഷിഷ് പിടിച്ചെടുത്തിട്ടുപോലും പിന്നിൽ ആരെന്ന ചോദ്യം അവശേഷിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളുമടക്കം നൂറുകണക്കിന് പേർ കഞ്ചാവുമായി പിടിയിലായെങ്കിലും അവരിൽ ബഹുഭൂരിപക്ഷവും തന്നെ കാരിയർമാരും ചില്ലറ വിൽപനക്കാരുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥഭാഷ്യം.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ അതിർത്തി മേഖലകളിലൂടെ വാഹനത്തിലും കാൽനടയായും വ്യാപകമായാണ് കഞ്ചാവ് എത്തിക്കുന്നത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ തുടങ്ങിയ ചെക് പോസ്റ്റുകളിലൂടെയും രാമക്കൽമേട് ഉൾപ്പെടെ നിരവധി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെയുമാണ് കഞ്ചാവ് എത്തിക്കുന്നത്. ഇതിൽ കാര്യമായ പരിശോധനയുള്ളത് കുമളിയിൽ മാത്രമാണ്. പ്രത്യേക പരിശീലനം നേടിയ ബ്രൂസ് എന്ന നായയുടെ സേവനംകൂടി ഉപയോഗപ്പെടുത്തിയാണ് കുമളിയിലെ റെയ്ഡ്. ഇവിടെ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ, മറ്റ് വഴികളിൽ കഞ്ചാവുകടത്തുകാർ നിർബാധം വിഹരിച്ചു. കഞ്ചാവിന് പുറമെ, പാൻ ഉൽപന്നങ്ങളും വ്യാപകമായി ഇടുക്കിയിലേക്ക് ഒഴുകുകയാണ്. തമിഴ്‌നാട്ടിലെ കമ്പം കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നത്. ആന്ധ്ര, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കഞ്ചാവ് കൃഷി വൻതോതിൽ നടക്കുന്നതെന്നാണ് പിടിയിലായവരിൽനിന്നു ലഭിക്കുന്ന വിവരം. അവിടെനിന്നും കമ്പം മേഖലയിലെ സുരക്ഷിത താവളങ്ങളിൽ സൂക്ഷിച്ചശേഷം ഏജന്റുമാർ മുഖേന ആവശ്യക്കാർക്ക് അവിടെവച്ചുതന്നെ ചരക്ക് കൈമാറുന്ന വ്യാപാരതന്ത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കമ്പം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും നിരവധി ഏജന്റുമാരാണ് ഇടപാടുകാരെ കാത്ത് ചുറ്റിക്കറങ്ങുന്നത്. യാതൊരു പരിചയവുമില്ലാത്ത വ്യക്തിക്കുപോലും കമ്പം ടൗണിൽനിന്ന് വാങ്ങാൻ കഴിയുന്ന തരത്തിൽ സുലഭമാണ് കഞ്ചാവ്. വിപുലമായ വിപണന ശൃംഖലയാണ് പിന്നിലുള്ളത്. തമിഴ്‌നാട് പൊലിസിന് ഇവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ആരും അറസ്റ്റ് ചെയ്യപ്പെടാത്തത് ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നത്.
തമിഴ്‌നാട് ചെക് പോസ്റ്റിലെ പരിശോധന കഴിഞ്ഞെത്തുന്നവരിൽനിന്നാണ് കുമളിയിൽ കഞ്ചാവ് പിടിച്ചെടുക്കുന്നത്. തമിഴ്‌നാടിന്റെ പരിശോധന പ്രഹസനമാണെന്നതിന്റെ തെളിവാണിത്. കഞ്ചാവ് കടത്ത് നിർബാധം തുടരുന്നതിനിടെ ഇടുക്കിയിൽ പലയിടത്തും കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നതും പിടിക്കപ്പെട്ടു. മൂലമറ്റം, തൊടുപുഴ, കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽനിന്ന് കഞ്ചാവ് ചെടികൾ അടുത്തിടെ പിടികൂടി. ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണറായി ചുമതലയേറ്റതോടെ ലഹരി കടത്തിന് കുച്ചുവിലങ്ങിടാനാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പിന്നീട് പിടിക്കപ്പെട്ടവരുടെ കാര്യത്തിൽനിന്നും വ്യക്തമാണ്. ആദ്യഘട്ടത്തിൽ ബിയർ പാർലറുകളുടെയും മറ്റും പിന്നാലെ പോയ എക്സൈസ് കമ്മിഷണർ വൈകിയാണ് ഇടുക്കിയിലെത്തിയത്. ഇതുവരെയും അതിർത്തി ചെക് പോസ്റ്റുകളിലെ പരിശോധന കുറ്റമറ്റതാക്കാൻപോലുമുള്ള നടപടിയുണ്ടായില്ല.

ഇന്നലെ മൂന്നാർ എ. എസ്. പി മെറിൻ ജോസഫ്, ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ. എ നെൽസൺ എന്നിവരെ ഏകോപിപ്പിച്ചാണ് സംയുക്ത റെയ്ഡ് നടത്തിയത്. കുമളി, കമ്പംമെട്ട്, അടിമാലി, ഉടുമ്പൻചോല, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ച് ടീമുകളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. തേനി എസ്. പിയുടെ നേതൃത്വത്തിൽ കമ്പം-കുമളി റൂട്ടിലും പരിശോധന നടത്തി. 594 വാഹനങ്ങൾ സംഘം പരിശോധിച്ചെങ്കിലും 25 ഗ്രാം കഞ്ചാവുമായി ഒരാൾ മാത്രമാണ് പിടിയിലായത്. കമ്പംമെട്ടിലും ബോഡിമെട്ടിലും ഡോഗ് സ്‌ക്വാഡിന്റെ സേവനവും പ്രയോജനപ്പെടുത്തി. 60 പെട്ടിക്കടകളും നാല് മെഡിക്കൽ ഷോപ്പുകളും പരിശോധിച്ച സംഘം പുകയില ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കോട്പ നിയമപ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തു. എട്ട് ലിറ്റർ മദ്യം പിടിച്ചെടുത്തു മൂന്നു അബ്കാരി കേസുകളും എടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. 133 പായ്ക്കറ്റ് സിഗരറ്റ്, 2250 പായ്ക്കറ്റ് ബീഡി, 2.6 കിലോ പുകയില, 55 പായ്ക്കറ്റ് പുകയിലപൊടി എന്നിവയും പിടിച്ചെടുത്തു. പരസ്യമായി പ്രദർശിപ്പിച്ചവയും സ്‌കൂൾ പരിസരത്തും മറ്റും വിൽപനയ്ക്കായി സൂക്ഷിച്ചവയുമാണ് സിഗരറ്റ് ഉൽപന്നങ്ങൾ. കഞ്ചാവ് കാര്യമായി കണ്ടെത്താനായില്ലെങ്കിലും എക്സൈസ് വകുപ്പിലാകെ ഉണർവ് നൽകാനും പരിശോധന കർശനമാക്കാനും ഋഷിരാജ് സിംഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ജനാഭിപ്രായം. വരുംദിനങ്ങളിൽ കഞ്ചാവ് കടത്തുകാരെ നിയന്ത്രിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP