Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നു നമ്പരുകൾ എഴുതി നൽകണം; നമ്പരുകൾ ഒത്തുവന്നാൽ ലഭിക്കുക 5000 രൂപ; പഴവങ്ങാടിയും കിഴക്കേക്കോട്ടയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിലുള്ള ചൂതാട്ടങ്ങൾ; ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ; തകർക്കപ്പെട്ടത് സമാന്തര ലോട്ടറി ശൃംഖല; ലോട്ടറി ഏജൻസികളുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കങ്ങളുമായി ഭാഗ്യക്കുറി വകുപ്പും

സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നു നമ്പരുകൾ എഴുതി നൽകണം; നമ്പരുകൾ ഒത്തുവന്നാൽ ലഭിക്കുക 5000 രൂപ; പഴവങ്ങാടിയും കിഴക്കേക്കോട്ടയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിലുള്ള ചൂതാട്ടങ്ങൾ; ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ; തകർക്കപ്പെട്ടത് സമാന്തര ലോട്ടറി ശൃംഖല; ലോട്ടറി ഏജൻസികളുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കങ്ങളുമായി ഭാഗ്യക്കുറി വകുപ്പും

എം മനോജ് കുമാർ

തിരുവനന്തപുരം: ലോട്ടറി വകുപ്പിന് ലക്ഷങ്ങൾ നഷ്ടമാക്കുന്ന ലോട്ടറി ചൂതാട്ട മാഫിയയെ തകർത്തത് ഫോർട്ട് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങൾ. രണ്ടാഴ്ച നടത്തിയ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ലോട്ടറി ചൂതാട്ട മാഫിയയെ ഫോർട്ട് പൊലീസ് ഇന്നലെ വലയിലാക്കിയത്. വർഷങ്ങളായി ചൂതാട്ടം നടത്തി ലക്ഷങ്ങൾ കൊയ്തവരാണ് ഫോർട്ട് പൊലീസിന്റെ മിന്നൽ നീക്കം വഴി പിടിയിലായത്. ലോട്ടറി വകുപ്പിന് വൻ വരുമാന നഷ്ടമുണ്ടാക്കുന്ന സമാന്തര ശൃംഖലയെയാണ് തകർക്കപ്പെട്ടത്. ലോട്ടറി ടിക്കറ്റുകൾ സ്വന്തമായി എടുക്കാതെയാണ് ലോട്ടറി ചൂതാട്ടത്തിൽ മിക്കവരും പങ്കെടുക്കുന്നത്. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ അടിക്കുന്ന നമ്പരുകൾ വച്ചാണ് ഇവർ ചൂതാട്ടം നടത്തുന്നത്. ഇവർക്ക് പണം നൽകി സമ്മാനാർഹമാകാൻ സാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പരുകൾ എഴുതി നൽകും. നമ്പർ ശരിയായി വന്നാൽ സമ്മാനം വാങ്ങുകയും ചെയ്യും. ലോട്ടറിവകുപ്പ് അറിയാതെ, ലോട്ടറി പോലും വാങ്ങിക്കാതെ നടന്ന ചൂതാട്ടമാണ് തകർന്നത്.

പഴവങ്ങാടി, കിഴക്കേക്കോട്ട ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ലോട്ടറി വിൽപ്പനകേന്ദ്രങ്ങളുടെ മറവിൽ ചൂതാട്ടം കണ്ടെത്തിയത്. രണ്ടു സ്ഥാപനങ്ങളിൽനിന്നായി ആറുപേരെ അറസ്റ്റു ചെയ്യുകയും ഒന്നരലക്ഷം രൂപ പിടികൂടുകയും ചെയ്തു. തകരപ്പറമ്പ് ന്യൂ സ്റ്റാർ ലക്കി സെന്ററിന്റെ പുത്തൻപള്ളി പള്ളിത്തെരുവിൽ മുഹമ്മദ് നാസറുദീൻ, ജീവനക്കാരനായ പുത്തൻപള്ളി പള്ളിത്തെരുവിൽ അബ്ദുൾ ഷെഫീക്ക്, ലോട്ടറി ഏജന്റ് വലിയതുറ മാർക്കറ്റ് റോഡിൽ ഹരി, പഴവങ്ങാടി സെൻട്രൽ തിയറ്റർ റോഡിലുള്ള സോണി ലക്കി സെന്ററിന്റെ നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിൽ മേടയിൽ വീട്ടിൽ ഷെറീഫ്, ലോട്ടറി ഏജന്റ് വള്ളക്കടവ് പുത്തന്റോഡ് ഇർഫാന മൻസിലിൽ സുധീർ, ജീവനക്കാരനായ പരുത്തിക്കുഴി എംപി. കോമ്പൗണ്ടിൽ റഷീദ് എന്നിവരാണ് പിടിയിലായത്. ന്യൂസ്റ്റാർ ലക്കി സെന്ററിൽനിന്ന് 71,110 രൂപയും സോണി ലക്കി സെന്ററിൽനിന്ന് 80,810 രൂപയും ചൂതാട്ടത്തിനുവേണ്ടി മൂന്നക്കം അടയാളപ്പെടുത്തി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.

ലോട്ടറി വെച്ചുള്ള ചൂതാട്ടത്തിന്റെ കഥ കേട്ട് അമ്പരന്ന ലോട്ടറി വകുപ്പ് ഫോർട്ട് പൊലീസിൽ നിന്നും എഫ്‌ഐആറിന്റെ പകർപ്പും കേസിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോട്ടറിവെച്ച് ചൂതാട്ടം നടത്തിയ ലോട്ടറി ഏജൻസികളുടെ അംഗീകാരം വകുപ്പ് റദ്ദാക്കിയേക്കും. കേരളമങ്ങോളമിങ്ങോളം നടക്കുന്ന ചൂതാട്ടത്തിന്റെ തലസ്ഥാന നഗരിയിലെ വേരുകളാണ് തകർക്കപ്പെട്ടത്. ഇങ്ങിനെ ചൂതാട്ടം നടത്തിയ മറ്റുള്ളവരും കുടുങ്ങും എന്നാണ് ഫോർട്ട് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ആദ്യപടിയായി മാത്രമാണ് ഇപ്പോഴുള്ള അറസ്റ്റുകൾ വന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുകൾ നടക്കും എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

സമ്മാനാർഹമാകാൻ സാധ്യതയുള്ള നമ്പരുകളുടെ അവസാന മൂന്നക്ക നമ്പരുകൾ ആദ്യമേ എഴുതി നല്കണം. നറുക്കെടുപ്പിന് മുൻപ് ഇവർ ആവശ്യപ്പെടുന്ന തുക നൽകിയാണ് ചൂതാട്ടത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയുക. ഇവർ എഴുതിയ നമ്പറുകൾ അവസാന നമ്പറായി നൽകിയാൽ അയ്യായിരം രൂപ നൽകും. ഭാഗ്യക്കുറി വകുപ്പ് പോലും അറിയാതെ സുഗമമായി നടന്ന ലോട്ടറി ചൂതാട്ടമാണ് ഫോർട്ട് പൊലീസിന്റെ നീക്കങ്ങൾ കാരണം അവസാനിച്ചത്. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക, ഒരക്ക നമ്പർ ഉപയോഗിച്ചാണ് ഇവർ വർഷങ്ങളായി ചൂതാട്ടം നടത്തിയിരുന്നത്. ഒരക്കം വന്നാൽ നൂറു രൂപ ലഭിക്കും. മൂന്നക്ക നമ്പർ വന്നാൽ അയ്യായിരം രൂപയും ലഭിക്കും. വളരെ കുറച്ച് പേർക്ക് മാത്രമേ സമ്മാനം ലഭിക്കൂ എന്നുള്ളതുകൊണ്ട് ലക്ഷങ്ങളാണ് ചൂതാട്ട മാഫിയ കൊയ്തുകൊണ്ടിരിക്കുന്നത്.

പൂജ്യം മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളാണ് ചൂതാട്ട മാഫിയ ഉപയോഗപ്പെടുത്തിയത്. മാഫിയക്ക് വൻ വരുമാനം ലഭിക്കുന്ന പരിപാടിയാണിത്. ടാക്‌സ് നൽകേണ്ടതില്ല. വേറെ ചെലവ് ഒന്നും തന്നെയില്ല. എല്ലാവരുടെയും പണം ആദ്യമേ ലഭിക്കുകയും ചെയ്യും. നമ്പർ ശരിയായി വന്നവർക്ക് ഇവർ കൃത്യമായി പണം നൽകും. ആരും വഞ്ചിക്കപ്പെടാത്തതിനാൽ ആർക്കും പരാതിയോ ആരോപണങ്ങളോ വന്നതുമില്ല. ഫോർട്ട് പൊലീസിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇവർ ലോട്ടറി മാഫിയയുടെ രീതികൾ രണ്ടാഴ്ചയോടെ വാച്ച് ചെയ്ത് വിശദാംശങ്ങൾ മനസിലാക്കിയ ശേഷമാണ് മാഫിയയെ വലയിലാക്കിയത്.

മാഫിയയുടെ പ്രവർത്തന രീതികളെക്കുറിച്ച് ഫോർട്ട് പൊലീസ് നൽകുന്ന വിശദീകരണം:

പത്തു രൂപ മുതൽ മുകളിലോട്ടാണ് ലോട്ടറി മാഫിയ ചൂതാട്ടം നടത്തുന്നവരുടെ അടുക്കൽ നിന്നും ഈടാക്കി വരുന്നത്. ഒരു നമ്പറിന്റെബണ്ടിൽ ആകും ഇവർ എടുക്കുന്നത്. അഞ്ഞൂറ് രൂപയ്ക്ക് എടുക്കുന്നവർ കാണും. ആയിരം രൂപയ്ക്കും എടുക്കുന്നവർ കാണും. അങ്ങിനെ വരുമ്പോൾ വലിയ കളക്ഷനാണ് ഇവർക്ക് ലഭിക്കുന്നത്. സുപ്പർ ലോട്ടോ നിരോധിച്ച ശേഷം ഈ രീതിയിലുള്ള ഗാംബ്ലിങ് സജീവമാണ്. ചൂതാട്ടത്തിൽ പങ്കെടുത്തവർ വിവരങ്ങൾ കൈമാറിയപ്പോൾ അത് ഫോർട്ട് പൊലീസിന് ലഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം സത്വരമാക്കി. ഒരാഴ്ച കൃത്യമായി വാച്ച് ചെയ്തു. കടകൾ ഐഡന്റിഫൈ ചെയ്തത്. നടപടി ക്രമങ്ങൾ മനസിലാക്കി. രണ്ടരയോടെ ഇവരും ചൂതാട്ടം അവസാനിപ്പിക്കും.

ഒരേ സമയത്ത് നാലഞ്ചു ഇടങ്ങളിൽ റെയിഡ് നടത്തി. ഇതോടെയാണ് പണവും വിശദാംശങ്ങളും ലഭിച്ചത്. അറസ്റ്റ് വന്ന ശേഷം ലോട്ടറി വകുപ്പ് ജാഗരൂകരായിട്ടുണ്ട്. അവർ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റുകളും നടന്നേക്കും- ഫോർട്ട് പൊലീസ് പറയുന്നു.ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ എ.കെ.ഷെറി, എസ്‌ഐ.വിമൽ, സീനിയർ സിവിൽ ഓഫീസർമാരായ സുധീർചന്ദ് കുമാർ, രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, റെജി, പ്രശാന്ത്, അരുൺ, ശ്യാം, എ.എ.അരുൺ, സുനിൽ, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP