Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202119Sunday

മരണ മാസല്ല, മരണക്കളിയാണ് ഫ്രീ ഫയർ! ഈ ഓൺലൈൻ ഗെയിമിൽ ലഹരി മൂത്താൽ കുട്ടികൾ രക്ഷിതാക്കളുടെ അക്കൗണ്ടുകളെയും ഉന്നം വെക്കും; ചോരുന്നത് ലക്ഷങ്ങൾ, ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും; പിടിച്ചുനിൽക്കാനാകാതെ കുട്ടികളുടെ ആത്മഹത്യയും പെരുകുന്നു; സൈബർ അന്വേഷണങ്ങളിൽ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മരണ മാസല്ല, മരണക്കളിയാണ് ഫ്രീ ഫയർ! ഈ ഓൺലൈൻ ഗെയിമിൽ ലഹരി മൂത്താൽ കുട്ടികൾ രക്ഷിതാക്കളുടെ അക്കൗണ്ടുകളെയും ഉന്നം വെക്കും; ചോരുന്നത് ലക്ഷങ്ങൾ, ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും; പിടിച്ചുനിൽക്കാനാകാതെ കുട്ടികളുടെ ആത്മഹത്യയും പെരുകുന്നു; സൈബർ അന്വേഷണങ്ങളിൽ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്ന ഓൺലൈൻ ഗെയിമുകൾ വ്യാപകമാകുന്നു. ഗെയിം അപ്ഗ്രേഡുകളുടെ പേരിലാണ് കുട്ടികളിൽ നിന്നും വലിയ തുകകൾ ഗെയിം പ്ലാറ്റ് ഫോമുകൾ ഈടാക്കുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ആളുകൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സ്വന്തം മക്കൾ തന്നെയാണ് മോഷ്ടാക്കളെന്ന വിവരം പുറത്തു വന്നത്. വലിയ തുകകൾ നഷ്ടമായ ശേഷമാണ് മാതാപിതാക്കൾ വിവരമറിയുന്നത്. പ്രതിസ്ഥാനത്ത് മക്കളായതുകൊണ്ട് പരാതികൾ ഉണ്ടാകില്ലായെന്നത് വിൽപന സംഘങ്ങൾക്കും രക്ഷയാകുന്നു.

ഫ്രീഫയർ എന്ന ഗെയിമിന്റെ പേരിലാണ് ഇപ്പോൾ വ്യാപകമായി ഇത്തരം ചൂഷണങ്ങൾ നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രീ ഫയറിന്റെ പേരിൽ ആദ്യം ലഭിച്ച പരാതി ആലുവയിൽ നിന്നായിരുന്നു. അക്കൗണ്ടിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തുടർന്ന് സൈബർ പൊലീസ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫ്രീ ഫയർ ഗെയിം കളിച്ച് കുട്ടി പണം നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയത്. 50 രൂപമുതൽ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരൻ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി. ഗെയിം ലഹരിയിലായ വിദ്യാർത്ഥി ഒരു ദിവസം തന്നെ പത്ത് തവണ ചാർജ് ചെയ്തിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.

കണ്ണൂരിൽ ജയിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നും ഫ്രീ ഫയറിന് വേണ്ടി മകൻ ചോർത്തിയത് 612000 രൂപയാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്പെക്ടറായ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. വീട് നിർമ്മാണത്തിന് വിനോദ് കുമാർ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.

വിനോദ് കുമാറിന്റെ മകൻ ഓൺലൈനായി ഫ്രീഫയർ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തിൽ ചെറിയ തുക എൻട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിൽ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്പറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.

എന്താണ് ഫ്രീ ഫയർ ഗെയിം?

പബ്ജിക്ക് സമാനമായ സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയിൽ വ്യതിയാനം കാട്ടിയ കുട്ടികൾ ചികിത്സ തേടുകയാണ്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടിൽ പറന്നിറങ്ങുന്നവർ. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവർ ആയുധങ്ങൾ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ.

2019 ൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയർ ലോക്ഡൗൺ കാലത്ത് അരങ്ങ് വാഴുകയാണ്. ഇന്റർനെറ്റ് ക്ലാസുകൾക്കായി മൊബൈൽഫോണുകൾ കുട്ടികളുടെ കയ്യിലായപ്പോൾ ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്റെ അടുത്തഘട്ടത്തിലേക്ക് പോകാൻ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ മാതാപിതാക്കളുടെ അക്കൗണ്ട് ചോർത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികൾ ചികിത്സ തേടുന്നു.

ഗെയിമിനടിമപ്പെട്ട കുട്ടികൾ ഫോൺ ലഭിക്കാതെ വന്നാൽ അക്രമാസക്തരുമാകുന്നു. കേവലം ഗെയിമിന്റെ നിരോധനം എന്നതിനപ്പുറം കാര്യമായ ബോധവത്കരണം ഈ മേഖലയിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികൾ ഇന്റർനെറ്റിന്റെ നാല് ചുമരുകൾക്കുള്ളിൽ പുതിയ ലോകം കണ്ടെത്തുന്ന ഇക്കാലത്ത്.

ഫ്രീ ഫയറിന്റെ പേരിൽ ആത്മഹത്യയും

ഇതിനിടെ ഫ്രീ ഫയർ ഗെയിമിന് അടിമപ്പെട്ട് വൻതുകകൾ നഷ്ടപ്പെടുത്തിയതിൽ മനംനൊന്തും രക്ഷിതാക്കളുമായി പിണങ്ങിയും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതും വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ചയാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനാലുകാരൻ ആത്മഹത്യ ചെയ്തത്. ഓൺലൈൻ പഠനത്തിന് വേണ്ടി മകന് മൊബൈൽ നൽകി ജോലിക്ക് പോയ ശ്രീജ ഒരിക്കലും പ്രതീക്ഷിച്ചില്ല തിരിച്ചെത്തുമ്പോൾ പൊന്നുമോന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്ന്. മാസങ്ങളായി ഫ്രീ ഫയർ എന്ന സർവൈവർ ഗെയിമിന്റെ മായിക ലോകത്തായിരുന്ന ഗർഷോം എന്ന ഈ പതിനാലുകാരന്റെ അവിവേകം കെടുത്തിയത് ഇവരുടെ സന്തോഷവും സ്വപ്നങ്ങളുമാണ്. മൊബൈൽ ഗെയിമിനുവേണ്ടി വലിയ തുകയ്ക്ക് റീച്ചാർജ് ചെയ്തത് കണ്ടെത്തിയതിനെ തുടർന്ന് അച്ഛൻ രവീന്ദ്രൻ ഗർഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗർഷോം ജീവനൊടുക്കുകയായിരുന്നു.

സമാനമായ സംഭവത്തിൽ തിരുവനന്തപുരത്തും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന അനുജിത്ത് അനിൽ രണ്ടു മാസം മുൻപ് ആത്മഹത്യ ചെയ്യുമ്പോൾ ഫ്രീഫയർ ഗെയിമിന്റെ അടിമയായിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ദിവസങ്ങളിൽ മണിക്കൂറുകളോളം മകൻ ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു.

മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അനുജിത്ത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി. എന്നാൽ മൊബൈൽ ഗെയിം അനുജിത്തിന്റെ സ്വഭാവം മാറ്റി. ഫ്രീഫയർ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേൾക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈൽ ഗെയിമുകളിൽ കമ്പംകയറിയത്.

മൂന്ന് വർഷം കൊണ്ടു പൂർണമായും ഗെയിമിന് അടിമയായി. വീട്ടിൽ വഴക്കിട്ടു വലിയ വിലയുള്ള മൊബൈൽ ഫോണും ഫ്രീഫയർ കളിക്കാൻ സ്വന്തമാക്കി. 20 മണിക്കൂർ വരെ ഗെയിം കളിക്കാൻ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈൽ ചാർജ് ചെയ്യാൻ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയർന്ന തുകയ്ക്കു റീചാർജ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും വേണ്ട എന്ന അവസ്ഥയായി. വീട്ടുകാർ പറയുന്നതൊന്നും അനുജിത്ത് അനുസരിക്കാറില്ലെന്നും അനുജിത്തിന്റെ അമ്മ പറയുന്നു. ഒടുവിൽ പെട്ടെന്നൊരു ദിവസം അനുജിത്തിനെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു,

ഫ്രീഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. ഇത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പൊലീസ്. കുട്ടികൾ കൂടുതൽ ഫോൺ ഉപയോഗിക്കുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കൂടുതൽ ലൈക്കുകൾ ഉൾപ്പെടെ ലഭിക്കാൻ പണം ഓൺലൈനായി അടയ്ക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റുള്ളവർക്ക് ലഭിക്കുമെന്ന കാര്യം കുട്ടികൾ അറിയുന്നില്ല. ഇതിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. ഇത്തരം ഗെയിമുകൾ തടയാൻ വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കൂടുതൽ സമയം കിട്ടുന്നതാണ് കുട്ടികളെ ഗെയിമിന് അടിമകളാക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലുകൾ രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐഡിയും, പാസ്വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോൺ ലോക്കിലും ഉപയോഗിക്കാവു എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളുടെ ഒൺലൈൻ ബാങ്കിങ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുത്. സ്‌കൂളിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അദ്ധ്യാപകർ അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP