Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചണ്ഡീഗഡിലേക്ക് ബിഷപ്പ് മുങ്ങിയെങ്കിലും ചോദ്യം ചെയ്യാതെ പോകില്ലെന്ന് വാശി പിടിച്ച് കേരള പൊലീസ്; പഞ്ചാബ് പൊലീസ് മുൻകൈയെടുത്തതോടെ രാത്രി 7.30 യോടെ ബിഷപ്പ് ഹൗസിലേക്ക് മടക്കം; ബിഷപ്പ് എത്തും മുമ്പേ ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന പൊലീസിന്റെ കള്ളി പൊളിച്ച് മാധ്യമപ്രവർത്തകർ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചാനൽ ക്യാമറാമാന്മാർക്ക് നേരേ വിശ്വാസികളുടെ കയ്യേറ്റം; ജലന്ധറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; നിസ്സഹകരിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ഊരാക്കുടുക്കിൽ തന്നെ

ചണ്ഡീഗഡിലേക്ക് ബിഷപ്പ് മുങ്ങിയെങ്കിലും ചോദ്യം ചെയ്യാതെ പോകില്ലെന്ന് വാശി പിടിച്ച് കേരള പൊലീസ്; പഞ്ചാബ് പൊലീസ് മുൻകൈയെടുത്തതോടെ രാത്രി 7.30 യോടെ ബിഷപ്പ് ഹൗസിലേക്ക് മടക്കം; ബിഷപ്പ് എത്തും മുമ്പേ ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന പൊലീസിന്റെ കള്ളി പൊളിച്ച് മാധ്യമപ്രവർത്തകർ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചാനൽ ക്യാമറാമാന്മാർക്ക് നേരേ വിശ്വാസികളുടെ കയ്യേറ്റം; ജലന്ധറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; നിസ്സഹകരിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ഊരാക്കുടുക്കിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘമെത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അന്വേഷണ സംഘം എത്തിയപ്പോൾ ചണ്ഡീഗഡിലേക്ക് പോയ ബിഷപ്പ് ഒടുവിൽ പഞ്ചാബ് പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ബിഷപ്പ് ഹൗസിൽ മടങ്ങിയെത്തിയത്. ഇതിനിടെ ബിഷപ്പ് സ്ഥലത്തില്ലെന്ന വിവരം പുറത്തുവിടാതിരുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന അഭ്യൂഹങ്ങൽ പരത്താനും ഇടയാക്കി. രാത്രി 7.30 ഓടെയാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ തിരിച്ചെത്തിയത്. തുടർന്ന് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു

ചണ്ഡീഗഢിൽനിന്ന് തിരിച്ചെത്തിയ ബിഷപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകരെ വിശ്വാസികളിൽ ചിലർ കൈയേറ്റം ചെയ്യുകയും ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. പൊലീസിനോട് സഹകരിക്കുമെന്നാണ് ബിഷപ്പ് നേരത്തെ പൊലീസിനെ അറിയിച്ചതെങ്കിലും ചണ്ഡീഗഢിലേക്ക് മുങ്ങുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാതെ പോകില്ലെന്ന് കേരളാ പൊലീസ് നിലപാടെടുത്തതോടെ പഞ്ചാബ് പൊലീസ് മുൻകൈയെടുത്താണ് ഫ്രാങ്കോമുളയ്ക്കൽ തിരിച്ചെത്തിച്ചത്.

ബിഷപ്പ് കാറിൽ ബീഷപ്പ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കൈയേറ്റം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസിലെ മനു സിദ്ദാർഥന്റെ കൈവശമുണ്ടായിരുന്ന വീഡിയോ ക്യാമറ ഇവർ തകർത്തു. മലയാള മനോരമയിലെ ഫോട്ടോ ജേർണലിസ്റ്റായ സിബിയുടെ ക്യാമറയും തകർത്തു. കൂടാതെ മീഡിയാ വൺ, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളിലെ സനോജ് ബേപ്പൂർ, വൈശാഖ് ജയപാലൻ എന്നിവർക്ക് നേരെയും കൈയേറ്റ ശ്രമുണ്ടായി. തുടർന്ന് പഞ്ചാബ് പൊലീസെത്തിയാണ് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകിയത്.. കുറ്റവാളികൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

ബിഷപ്പ് ഹൗസിന് ചുറ്റും പഞ്ചാബ് പൊലീസിനെ അണിനിരത്തിക്കൊണ്ടാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യാനായി ബിഷപ്പ് ഹൗസിൽ എത്തിയത്. മാധ്യമങ്ങളിൽ ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയെന്ന് വാർത്തകളും വന്നിരുന്നു. ഇതിനിടെയാണ് വൈകുന്നേരം 7 മണിയോടെ ബിഷപ്പിനെ അന്വേഷണ സംഘത്തിന് കാണാൻ സാധിച്ചില്ലെന്ന വാർത്ത പുറത്തുവന്നത്. ബിഷപ്പ് മനപ്പൂർവ്വം കടന്നതാണോ അതോ ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം സംഘം ഒത്തുകളിക്കുകയാണോ എന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

വൈക്കം ഡിവൈ.എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്നാണ് നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നതെങ്കിലും രാത്രി 7.30 ഓടെ മാത്രമാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിലെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസിൽ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പഞ്ചാബ് പൊലീസ് ഇവിടെ സുരക്ഷ ഒരുക്കിയിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയെന്ന വാർത്തകളും എത്തി. പൊലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. ആരോപണ വിധേയനും പരാതിക്കാരിയും തിരുവസ്ത്രം ധരിക്കുന്നവരാണ്. തങ്ങൾ ആർക്കും എതിരെ പറയുന്നില്ലെന്നാണ് ഇപ്പോൾ വിശ്വാസികളുടെ നിലപാട്.

പഞ്ചാബ് പൊലീസിന്റെ സായുധ സംഘത്തെയാണ് ബിഷപ്പ് ഹൗസിനടുത്ത് വിന്യസിച്ചിരിരുന്നു. ഇവിടേക്കുള്ള വഴികൾ ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ചെയ്തു. രാവിലെ മുതൽ വാഹനങ്ങളിൽ വിശ്വാസികൾ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്കു മുന്നിൽ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി.

ഹൈക്കോടതിയുടെ പച്ചക്കൊടി

അതിനിടെ ബിഷപ്പിനെതിരായ അന്വേഷണത്തിന് എതിരായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. വിശ്വാസികളുടെ സംഘടന നൽകിയ ഹർജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചത്. ബിഷപ്പിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ അറസ്റ്റു ലക്ഷ്യമിട്ടാണ് അന്വേഷണ സംഘം ബിഷപ്പ് ഹൗസിൽ എത്തിയത്. എന്നാൽ, കേരളാ പൊലീസ് ബിഷപ്പ് ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന്നാണ് അറിയുന്നത്.

പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ലഘുലേഖകൾ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയിൽ നൽകിയ ഹർജികൾ. ഇതാണ് തള്ളിയത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. 2014ൽ നടന്ന സംഭവമായതിനാലാണ് തെളിവെടുപ്പിനും മറ്റുമായി അന്വേഷണം വൈകിയതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ ബിഷപ്പിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് ചർച്ച് റിഫർമേഷൻ മൂവ്‌മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോർജ് ജോസഫ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

ബിഷപ്പിനോട് അടുപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നൽകിയ ചോദ്യാവലിക്ക് ബിഷപ്പ് നൽകിയ മൊഴികളിൽ വൈരുദ്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വൈദികരെയെല്ലാം ഇതിനകം പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. മുതിർന്ന വൈദികരും കന്യാസ്ത്രീകളും മൊഴി നൽകിക്കഴിഞ്ഞു. ബിഷപ്പിന് അനുകൂലമായി ആദ്യം മൊഴി നൽകിയ കന്യാസ്ത്രീകൾക്ക് 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിൽ നടന്ന വിവരങ്ങളെ കുറിച്ച് തിരക്കിയതോടെ പൊലീസിന് മുന്നിൽ പിടിച്ചുനൽക്കാൻ കഴിഞ്ഞില്ല. അറിയാവുന്ന വിവരങ്ങൾ എല്ലാം അവരും കൈമാറിയതായാണ് സൂചന.

രൂപതാ പാസ്റ്ററൽ സെന്ററുമായി ബന്ധപ്പെട്ട രണ്ടു വൈദികരിൽ നിന്നും അമൃത്സറിൽ നിന്നും കന്യാസ്ത്രീയുടെ സഹോദരൻ അടക്കം രണ്ടു വൈദികരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മീഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ റെജീന അടക്കമുള്ള കന്യാസ്ത്രീകൾ ബിഷപ്പിനു വേണ്ടി ഒത്തുതീർപ്പിന് എത്തിയിരുന്നതായി പരാതിക്കാരിയുടെ സഹോദരൻ മൊഴി നൽകിയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP