Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആട്.. മാഞ്ചിയം... ഇപ്പോൾ വിദേശ മദ്യ തട്ടിപ്പും! സൂര്യനെല്ലിയിലെ മാർട്ടിന് കൂട്ടായി ദുൽഖർ സൽമാന്റെ തമിഴ് സിനിമയുടെ നിർമ്മാതാവും; അഞ്ച് കോടിയുടെ വിദേശ മദ്യം എക്‌സൈസ് പിടിച്ചത് കസ്റ്റംസ് തീരുവയ്ക്ക് വേണ്ടി; പണം നൽകുന്നവർക്ക് മുതൽമുടക്കിന്റെ ഇരട്ടി 60 ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന ഓഫർ; പിരിവ് നീണ്ടത് നൂറു കോടിക്ക് മുകളിലേക്ക്; എംആൻഡ് ബിയിൽ നിന്ന് മെക്‌സിക്കൻ അക്കൗണ്ടിലേക്കു 12 തവണയായി നിക്ഷേപിച്ചത് കോടികൾ; സിനിമയും ഹവാലയും വീണ്ടും കൈകോർക്കുമ്പോൾ

ആട്.. മാഞ്ചിയം... ഇപ്പോൾ വിദേശ മദ്യ തട്ടിപ്പും! സൂര്യനെല്ലിയിലെ മാർട്ടിന് കൂട്ടായി ദുൽഖർ സൽമാന്റെ തമിഴ് സിനിമയുടെ നിർമ്മാതാവും; അഞ്ച് കോടിയുടെ വിദേശ മദ്യം എക്‌സൈസ് പിടിച്ചത് കസ്റ്റംസ് തീരുവയ്ക്ക് വേണ്ടി; പണം നൽകുന്നവർക്ക് മുതൽമുടക്കിന്റെ ഇരട്ടി 60 ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന ഓഫർ; പിരിവ് നീണ്ടത് നൂറു കോടിക്ക് മുകളിലേക്ക്; എംആൻഡ് ബിയിൽ നിന്ന് മെക്‌സിക്കൻ അക്കൗണ്ടിലേക്കു 12 തവണയായി നിക്ഷേപിച്ചത് കോടികൾ; സിനിമയും ഹവാലയും വീണ്ടും കൈകോർക്കുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: മദ്യം ഇറക്കുമതി ചെയ്യുന്ന കൊച്ചിയിലെ എംആൻഡ് ബി അസോസിയേറ്റ്‌സിന്റെ ഓഹരി നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് മൂന്നു കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രമുഖ സിനിമാ നിർമ്മാതാവായ ഫ്രാൻസിസ് കണ്ണൂക്കാടൻ, കണ്ണൂക്കാടന്റെ പിതാവ് തോമസ് കണ്ണൂക്കാടൻ, സൂര്യനെല്ലി പ്ലാന്റെഷൻസിന്റെ മാർട്ടിൻ എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിനു കൊച്ചി സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ആ
്, മാഞ്ചിയം തട്ടിപ്പുകളിൽ ചർച്ചയായ പേരാണ് മാർട്ടിന്റേതും. എംആൻഡ് ബി അസോസിയെറ്റ്‌സിന്റെ ഓഹരികൾ നൽകാമെന്നു പറഞ്ഞു മൂന്നു കോടി രൂപ തട്ടിയെടുത്ത കേസിലാണ് കൊച്ചി പൊലീസ് കേസ് ചാർജ് ചെയ്തത്. എറണാകുളം സിജെഎം കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് കൊച്ചി സെൻട്രൽ പൊലീസ് വഞ്ചനാക്കുറ്റത്തിനു ഇവർക്കെതിരെ കേസ് ചാർജ് ചെയ്തത്. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ, പുള്ളിക്കാരൻ സാറാ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഫ്രാൻസിസ് കണ്ണൂക്കാടൻ. എംആൻഡ് ബി അസോസിയേറ്റ്‌സുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ എഫ് ഐആർ എന്നാണ് സൂചന.

നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് ആണ് ഈ മദ്യത്തട്ടിപ്പിൽ നടന്നത് എന്നാണ് സൂചനകൾ. ഇതുമായി ബന്ധപ്പെട്ടു വന്ന പരാതികളിൽ വിവിധ എഫ്‌ഐആറുകൾ കൊച്ചി പൊലീസ് ചാർജു ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സിനിമാ നിർമ്മാതാക്കളും ദിവസങ്ങളുടെ ഇടവേളകളിൽ കോടികൾ പലിശയ്ക്ക് നൽകുന്നവരുമാണ് എംആൻഡ് ബിയുടെ തട്ടിപ്പിൽപ്പെട്ടത്. മദ്യം ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസുള്ള എം ആൻഡ് ബിയുടെ കൊച്ചിയിലെ ഓഫീസ് നിലവിൽ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. പണം കടൽ കടന്നതായി തെളിവുകൾ ഉള്ളതിനാൽ എന്‌ഫോഴ്‌സ്‌മെന്റും സംഭവം അന്വേഷിക്കുന്നുണ്ട്. കള്ളപ്പണമായി സ്വരൂപിച്ച തുക ഹവാല വഴി വിദേശത്തേക്കു കടത്തിയതായാണു കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. വിദേശബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളായതിനാലാണ് മറ്റ് കേന്ദ്ര ഏജൻസികളും തട്ടിപ്പ് അന്വേഷിക്കുന്നത്. നാലപ്പാട്ട് സെബാസ്റ്റ്യൻ ജോസാണ് പരാതിക്കാരൻ.

എം ആൻഡ് ബി ഇറക്കുമതി ചെയ്ത അഞ്ച് കോടി രൂപയുടെ വിദേശമദ്യം 7.80 കോടി രൂപ തീരുവ അടയ്ക്കാത്തതിനാൽ ബെംഗളൂരു കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവച്ചിരിക്കുന്നു. തീരുവ അടയ്ക്കാനുള്ള പണം നൽകിയാൽ നൽകിയ തുക ഇരട്ടിയായി അറുപത് ദിവസത്തിനുള്ളിൽ തിരികെ നൽകാം എന്നാണ് ഇവർ വാഗ്ദാനം നൽകിയത്. ബംഗളൂര് കസ്റ്റംസ് മദ്യം പിടിച്ചു വെച്ചു എന്നത് വാസ്തവമാണ്. ഇതിനുള്ള ഇൻവോയിസും രേഖകളും കാണിച്ചാണ് ഇവർ പണം തേടി നിർമ്മാതാക്കൾ അടക്കമുള്ളവരെ സമീപിച്ചത്. ഈ വാഗ്ദാനത്തിൽ കുരുങ്ങിയവർക്കാണ് കോടികൾ നഷ്ടമായത്. ഇതിനെ തുടർന്നാണ് വഞ്ചനാക്കുറ്റത്തിനു പരാതി വന്നത്. എംബി അസോസിയേറ്റ്‌സിന്റെ തലപ്പത്തിരുന്ന വനിതകളായ മഞ്ജുള ശ്യാം നാഥ് , ബീന ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെയും അന്വേഷണം നീളുന്നുണ്ട്.

പിരിച്ച പണം കൊണ്ടാണ് ഇവർ ബെൽജിയം, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതെന്നും സൂചനകളുണ്ട്. വിദേശമദ്യക്കമ്പനിക്ക് മുൻപിൽ നിന്ന് ഇന്ത്യൻ ദേശീയ പതാകയുയർത്തി പോസ് ചെയ്യുന്ന ഫോട്ടോകൾ മറുനാടന് ലഭിച്ചിട്ടുണ്ട്. ദേശീയ പതാകയെ ഇവർ അപകീർത്തിപ്പെടുത്തിയതും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലുണ്ട്. മഞ്ജുള ശ്യാം നാഥ്, ബീന ഉണ്ണിക്കൃഷ്ണൻ എന്നിവർ എവിടെയുണ്ടെന്നു പൊലീസിന് അറിയില്ല. എന്നാൽ ഫ്രാൻസിസ് കണ്ണൂക്കാടൻ കൊച്ചിയിൽ തന്നെയുണ്ട് എന്നാണ് സൂചന. എംആൻഡ് ബി അസോസിയേറ്റ്‌സിന്റെ മാനേജിങ് പാർട്ണർ എന്ന നിലയിലാണ് ഫ്രാൻസിസ് കണ്ണൂക്കാടനെ പൊലീസ് തിരയുന്നത്. സൂര്യനെല്ലി പ്ലാന്റെഷന്റെ മാർട്ടിനെയും പൊലീസ് തിരയുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

എം ആൻഡ് ബി അസോസിയേറ്റ്‌സ് നടത്തിയതായി സംശയിക്കുന്ന നൂറു കോടിക്ക് അടുത്തോളം തുകയുടെ തട്ടിപ്പിൽ ചില പരാതികൾ മാത്രമാണ് വെളിയിൽ വന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ടു വിവിധ പരാതികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ ഡിജിപി കൊച്ചി പൊലീസിന് കൈമാറിയിട്ടുണ്ട്. കൊച്ചി പൊലീസിന്റെ അന്വേഷണം എൻഫോഴ്‌സ്‌മെന്റും വിവിധ കേന്ദ്ര ഏജൻസികളും നിരീക്ഷിക്കുന്നുണ്ട്. അന്വേഷണം എൻഫോഴ്‌സ്‌മെന്റ് നേരിട്ട് ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. എംബി അസോസിയെറ്റ്‌സിന്റെ അക്കൗണ്ടിൽ നിന്ന് മെക്‌സിക്കൻ അക്കൗണ്ടിലേക്ക് 4 വർഷത്തിനിടെ 12 തവണ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതിന്റെ തെളിവു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുകയ്ക്ക് ഇവർ ഇറക്കുമതി ചെയ്ത മദ്യത്തിന്റെ ഇൻവോയ്‌സ് ഇതുവരെ ബാങ്കിൽ സമർപ്പിച്ചിട്ടില്ല. ഇതോടെയാണ് ബാങ്ക് ഇടപാടുകൾ സംശയാസ്പദമായി മാറിയത്.

മെക്‌സിക്കൻ ബാങ്കിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോൾ തന്നെ കള്ളപ്പണമായി വന്ന തുക തമിഴ്, മലയാളം സിനിമകളുടെ നിർമ്മാണത്തിനും ആർഭാട ജീവിതത്തിനും ചെലവഴിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ത്യൻ രൂപയിൽ വിദേശ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോൾ അതിനു തത്തുല്യമായ ഉത്പ്പന്നം ഇന്ത്യയിലേക്ക് എത്തണം. ഇവർ വിദേശത്തേക്ക് നിക്ഷേപിച്ച കോടിക്കണക്കിന് രൂപയുടെ പണം ഉത്പ്പന്നമായി ഇതുവരെ തിരികെ എത്തിയിട്ടില്ല. അപ്പോൾ വിദേശത്തേക്കുള്ള പണം കടത്തിന് തുല്യമാണ് ഈ ഇടപാടുകൾ. അതിനാലാണ് കേന്ദ്ര ഏജൻസികൾ ഈ കേസിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

കസ്റ്റംസ് തീരുവയ്ക്ക് ആവശ്യമായ തുക തന്നാൽ മുതൽമുടക്കിന്റെ ഇരട്ടിത്തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന ഓഫർ ആണ് ഇവർ നിരത്തിയത്. എംആൻഡ്ബി ആവശ്യപ്പെട്ട പ്രകാരം ഇവരുടെ അക്കൗണ്ടിലേക്ക് 85 ലക്ഷം രൂപ മുതൽ 5 കോടിവരെ നിക്ഷേപിച്ചു കബളിപ്പിക്കപ്പെട്ടവരാണു വഞ്ചനാക്കുറ്റത്തിനു പരാതിയുമായി പൊലീസിനെ സമീപിച്ചത്. അഞ്ച് കോടി രൂപയുടെ മദ്യം ബംഗളൂര് കസ്റ്റംസ് ഗോഡൗണിലുണ്ട് എന്നാണ് ഇവർ പറഞ്ഞത്. ഇൻവോയിസും മറ്റു രേഖകളും ഇവർ പണം നൽകുന്നവരെ കാണിക്കുകയും ചെയ്തു. മദ്യത്തിനു 150 ശതമാനമാണ് കസ്റ്റംസ് തീരുവ. അഞ്ചു കോടി രൂപയുടെ മദ്യത്തിനു എട്ടു കോടി രൂപയോളം രൂപ കസ്റ്റംസിന് അടയ്ക്കണം. അഞ്ച് കോടി രൂപയുടെ മദ്യം പുറത്ത് ഇറങ്ങുമ്പോൾ പന്ത്രണ്ടു കോടിക്ക് അപ്പുറത്താകും. ഈ പന്ത്രണ്ടു കോടിയുടെ ഇരട്ടി രൂപയ്ക്കാണ് ബീവറേജസ് കോർപറേഷൻ ഈ മദ്യം കച്ചവടം ചെയ്യുന്നത്. കസ്റ്റംസ് തീരുവയ്ക്ക് പണം ഇല്ലാത്ത അവസ്ഥയിൽ എം ആൻഡ് ബി സിനിമാ രംഗത്തുള്ളവരുടെ സഹായം തേടി. പണം റോൾ ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. നിർമ്മാതാക്കൾക്ക് ഇതു പിടിച്ചു. മദ്യം കസ്റ്റംസ് ഗോഡൗണിലുണ്ട്. ഇവർക്ക് കാശ് നൽകിയാൽ അറുപത് ദിവസം കൊണ്ട് ആ തുക ഇരട്ടിയാകും. രണ്ടു മാസം എന്നത് വിശ്വാസയോഗ്യവുമാണ്.

അറുപത് ദിവസംകൊണ്ടാണ് ബീവറെജസ് തുക ക്ലിയർ ചെയ്യുന്നത്. അതിനാലാണ് രണ്ടു മാസ കാലാവധി ഇവർ നിർമ്മാതാക്കൾ അടക്കമുള്ളവരോട് പറഞ്ഞത്. അറുപത് ദിവസം കൊണ്ട് തുക ഇരട്ടിയാവുകയാണ് ചെയ്യുന്നത്. സിനിമാ രംഗത്ത് തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ നിർമ്മാതാക്കൾ അടക്കമുള്ളവർ കണ്ണും പൂട്ടി ബ്ലാക്കും വൈറ്റും ഒക്കെയായി കോടികൾ തന്നെ എം ആൻഡ് ബിക്ക് നൽകി. അഞ്ച് കോടിയുടെ മദ്യത്തിനു ആവശ്യമായ കസ്റ്റംസ് തീരുവയിൽ ഇരട്ടിയിൽ അധികം തുക കളക്റ്റ് ചെയ്യാൻ ഇവർക്ക് ആദ്യമേ കഴിഞ്ഞു. അപ്പോഴാണ് ഈ കച്ചവട സാധ്യത എംആൻഡ് ബി മനസിലാക്കുന്നത്. ബംഗളൂര് കസ്റ്റംസ് ഗോഡൗണിൽ ഇരിക്കുന്നത് പൊന്മുട്ടയിടുന്ന പൊന്മുട്ടയിടുന്ന താറാവായി അവർ ബംഗളൂര് കസ്റ്റംസിന്റെ കയ്യിലിരിക്കുന്ന മദ്യത്തെ കണ്ടു. കസ്റ്റംസിന്റെ കയ്യിൽ നിന്നും മദ്യം ഇറക്കുന്നതിനേക്കാൾ ലാഭം ഈ രീതിയിൽ പണം സമാഹരിക്കുന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞു. കോടികളാണ് കസ്റ്റംസ് ഗോഡൗണിലെ മദ്യം ചൂണ്ടിക്കാട്ടി ഇവർ പുറത്ത് നിന്നും സമാഹരിച്ചത്. നൂറു കോടിയിലേറെ തുക ഈ രീതിയിൽ ഇവർ സമാഹരിച്ചതായാണ് അറിയാൻ കഴിയുന്നത്. ഇതോടെയാണ് തട്ടിപ്പ് എന്നത് അക്ഷരാർത്ഥത്തിൽ എംആൻഡ് ബി നടപ്പിലാക്കുന്നത്. കസ്റ്റംസ് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള മദ്യം അങ്ങിനെ തന്നെ കിടന്നു. ഈ മദ്യം കൂടുതൽ പേരെ കബളിപ്പിക്കാനുള്ള ഉപാധിയായി മാറി.

വിദേശമദ്യം ഇറക്കുമതി ചെയ്യാനുള്ള ലൈസൻസും ഇവർ ഇറക്കുമതി ചെയ്ത വിദേശ മദ്യം ബംഗളൂര് കസ്റ്റംസ് പിടിച്ചുവെച്ചതും കാണിച്ചാണ് ഇവർ വൻ തോതിൽ പിരിവിനു ഇറങ്ങിയത്. ഇവർ ഇറക്കുമതി ചെയ്ത വിദേശ മദ്യം ബംഗളൂര് കസ്റ്റംസിന്റെ പിടിയിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിനു കസ്റ്റംസ് തീരുവ അടക്കാനുള്ള തുക തേടിയാണ് ഇവർ പിരിവിനു ഇറങ്ങിയത്. വാക്കുകളിലും ഇവർ മുന്നോട്ടു വെച്ച രേഖകളിലും വിശ്വാസ്യത തോന്നി ബ്ലാക്കും വൈറ്റുമായി പണം ഇറക്കിയവരാണ് കുടുങ്ങിപ്പോയത്. കസ്റ്റംസ് തീരുവ അടയ്ക്കാനുള്ള തുകയുടെ പതിന്മടങ്ങു തുക ഇവരുടെ കയ്യിൽ വന്നിട്ടും ഇവർ വ്യാപകമായ പണപ്പിരിവ് തുടർന്നു. കോഴിക്ക് മുല വരുന്നത് പോലെ കാത്തിരിപ്പ് അനന്തമായി നീണ്ടപ്പോഴാണ് തട്ടിപ്പിൽ കുരുങ്ങിയവർ പണം നഷ്ടമായ കാര്യം മനസിലാക്കുന്നത്.

ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒക്കെ പരാതി പോയെങ്കിലും പരാതിയിൽ പൊലീസ് അടയിരിക്കുകയായിരുന്നു. പക്ഷെ ഒരു ഐജിയുടെ ബന്ധുവിനു കൂടി പണം നഷ്ടമായപ്പോഴാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ചലനങ്ങളുണ്ടായത് എന്നാണ് അറിയുന്നത്. ഈ പരാതി കൊച്ചി പൊലീസ് അന്വേഷിക്കുമ്പോൾ സമാന്തരമായി കേന്ദ്ര ഏജൻസികൾ കൂടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുരൂഹമായ ഇടപാടുകൾ എന്ന് ഉറപ്പായതോടെയാണ് കേന്ദ്ര ഏജൻസികൾ കൂടി രംഗത്ത് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP