Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ

ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കത്തോലിക്കാ സഭ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകാണ്. ജലന്ധർ ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ തന്നെ മൊഴി നൽകിയിട്ടും സഭ മെത്രാനെ സംരക്ഷിച്ചു. ചുമതലയിൽ നിന്ന് മാറ്റുക പോലും ചെയ്തില്ല. പകരം കന്യാസ്ത്രീയെ വശത്താക്കാനും കേസ് ഒതുക്കി തീർക്കാനും ശ്രമിച്ചു. ഒത്തുതീർപ്പിന് വൈദികർ തന്നെ മുന്നിട്ടിറങ്ങി. പലതും ചർച്ചയായി. അപ്പോഴും ജലന്ധർ ബിഷപ്പിന് മാത്രം ഒന്നും സംഭവിച്ചില്ല. പൊലീസിനേയും മെരുക്കാമെന്ന ആത്മവിശ്വാസത്തിൽ മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ അരമനയിൽ സസുഖം വാണു. പ്രതിഷേധത്തെ തുടർന്ന് കേരളാ പൊലീസ് ജലന്ധറിലെത്തി. മഠത്തിൽ ഇപ്പോഴുള്ള എല്ലാ കന്യാസ്ത്രീകളും മെത്രാനെ പിന്തുണയ്ക്കുമെന്ന് പൊലീസ് കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കന്യാസ്ത്രീകൾക്കൊപ്പം ജലന്ധർ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനായോഗം നിലച്ചതിന്റെ കാരണം പൊലീസിനോട് കന്യാസ്ത്രീകൾ തുറന്നു പറഞ്ഞു. ഇതോടെ ബിഷപ്പും കത്തോലിക്കാ സഭയും പ്രതിസന്ധിയിലായി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥനാ യോഗം നിലച്ചതിന്റെ കാരണം തേടിയ അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിരവരങ്ങളാണ് കിട്ടിയത്. പീഡനത്തിന്റെ പുതിയ കഥ. ബിഷപ്പിനൊപ്പം ഒരു ദിവസം എന്ന പേരിലായിരുന്നു പ്രാർത്ഥനാ യോഗം. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ പല കന്യാസ്ത്രീകളേയും ബിഷപ്പ് മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാവിലേയും പീഡനം നടന്നുവെന്നാണ് മൊഴി. അതായത് കന്യാസ്ത്രീകളെ ചൂഷണം ചെയ്തതിന്റെ പുതിയ കഥകളാണ് പുറത്തുവരുന്നത്. പള്ളിക്കുള്ളിലായിരുന്നു ഈ പീഡനമെല്ലാം. കൊട്ടിയൂരിലെ പീഡന വിവാദത്തിനും കുമ്പസാര രഹസ്യം ചോർന്നതിനും പിന്നാലെ കന്യാസ്ത്രീകളുടെ തുറന്നു പറച്ചിൽ കൂടിയാകുമ്പോൾ വിശ്വാസികൾക്ക് പുതിയ തലവേദനയാവുകയാണ് ബലാത്സംഗ പീഡനം.

ജലന്ധർ രൂപതയിൽ 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാർത്ഥനാ പരിപാടിയിൽ കന്യാസ്ത്രീകൾ നേരിട്ടത് മോശം അനുഭവമെന്നാണ് വൈദികർ നൽകിയ മൊഴി. ജലന്ധർ ബിഷപ്പിൽ നിന്ന് പ്രാർത്ഥനാ പരിപാടിക്കിടെ മോശം അനുഭവമുണ്ടായതായി കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നെന്ന് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് വൈദികർ മൊഴി നൽകി. പ്രാർത്ഥനക്കിടെയായിരുന്നു ഇതെന്നും കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നു. പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയിൽ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്നു. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടയനോടൊപ്പം ഒരു ദിവസമെന്ന പ്രാർത്ഥനാപരിപാടി നിലച്ചതിന്റെ കാരണം തിരക്കിയ അന്വേഷണസംഘത്തിനാണ് വൈദികർ ബിഷപ്പിനെതിരായി മൊഴി നൽകിയിരിക്കുന്നത്. ചില കന്യാസ്ത്രീകളും ഇത് ശരിവച്ചു. ഇതോടെയാണ് സഭ തന്നെ പ്രതിക്കൂട്ടിലാകുന്നത്. ജലന്ധർ ബിഷപ്പ് കൊടിയ പീഡനങ്ങൾ നടത്തിയെന്നാണ് വ്യക്തമാകുന്നത്.

ജലന്ധർ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതു സംഭവിച്ചാൽ ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ കത്തോലിക്കാ ബിഷപ്പായി ഫ്രാങ്കോ മാറും. ഇതോടെ ബിഷപ്പിനെ ചുമതലയിൽ നിന്ന് മാറ്റാനും നിർബന്ധിതമാകും. ഇതോടൊപ്പം വാർത്തയ്ക്കും വലിയ പ്രധാന്യം ലഭിക്കും. ആഗോള തലത്തിൽ തന്നെ ഇന്ത്യയിലെ ക്രൈസ്തവ സഭയും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ വിലയിരുത്തലുകളെത്തും. പീഡനാരോപണ വിധേയനായ ബിഷപ്പിനെ സംരക്ഷിച്ചതിന് വിശദീകരണം കൊടുക്കാൻ സഭയും ബുദ്ധിമുട്ടിലാകും. ഓർത്തഡോക്‌സ് സഭയ്ക്ക് കത്തോലിക്കാ സഭയുമായി ബന്ധമില്ല. എങ്കിലും ഓർത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവരെ നാണംകെടുത്തുന്ന തരത്തിൽ അച്ചന്റെ കന്യാസ്ത്രീ പീഡനവും ചർച്ചയാകുന്നത്. കന്യാസ്ത്രീകളാണ് അച്ചനെതിരെ രംഗത്തുള്ളതെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. എന്നിട്ടും സഭ നടപടിയെടുക്കാതെ ബിഷപ്പിനെ സംരക്ഷിക്കുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലയേറ്റശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥന നിലച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബിഷപ്പ് ചുമതലയേറ്റ ശേഷം മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാർത്ഥനാ യോഗമാണ് ഇതിന് കാരണമെന്നാണ് സൂചന. കേരളത്തിലെ പല കന്യാസ്ത്രീകളും ഇതു സംബന്ധിച്ച് മൊഴി നേരത്തെ നൽകിയിരുന്നു. ഇതാണ് ജലന്‌റിലുള്ള സംഘം സ്ഥിരീകരിക്കുന്നത്. കന്യാസ്ത്രിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം നടത്തിയതിന്റെ പ്രതികാരം മൂലമാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ സ്ത്രീ തന്നെ തെറ്റിദ്ധാരണമൂലമാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കിയതോടെ ആ വാദം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് ബിഷപ്പിന്റെ പീഡന തന്ത്രങ്ങൾ ഓരോന്നായി പുറത്തുവരുന്നത്. ബിഷപ്പ് ശല്യം ചെയ്തുവെന്ന് പരാതിപ്പെട്ടതായി ജലന്ധറിലെ ഒരു കന്യാസ്ത്രീ മൊഴി നൽകിയതായാണ് സൂചന. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുള്ളതായി വൈദികരും മൊഴി കൂടിയെത്തുമ്പോൾ ആർക്കും ജലന്ധർ ബിഷപ്പിനെ രക്ഷിക്കാനാവാത്ത അവസ്ഥയുണ്ടാവുകയാണ്.

മുളയ്ക്കന് വേണ്ടിയുള്ള സമ്മർദ്ദങ്ങളെ മറികടന്നും അന്വേഷണ സംഘം ജലന്ധറിൽ എത്തിയതിനിടെ ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. സ്വന്തം കൈപ്പടയിൽ കന്യാസ്ത്രീ എഴുതിയ കത്ത് നൽകിയത് വത്തിക്കാൻ പ്രതിനിധി അപ്പോസ്തലിക്ക് നുൺഷ്യോ ജിയാംബാസ്റ്റിസ്റ്റ ദിക്വാത്രേയ്ക്കാണ് നൽകിയത്. ഈ കത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന് അതിവേഗം തന്നെ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കേണ്ട നിലയിലാണ്. സന്യാസിനി സഭയുടെ കാര്യങ്ങളുടെ പേരു പറഞ്ഞാണ് ബിഷപ്പ് താനുമായി അടുത്തതെന്നാണ് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച പരാതിയിൽ പറയുന്നത്. കത്തിൽ അവർ വിവരിക്കുന്നത് ഇങ്ങനെ: ആദ്യമൊക്കെ സന്ന്യാസ്ത സഭയുടെ പുരോഗതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചാണ് ബിഷപ്പ് ഫ്രാങ്കോ ഇടപെട്ടത്്. പിന്നീട് സംസാര രീതി മാറുകയായിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഒരിക്കൽ മഠത്തിൽ സന്ദർശനത്തിന് വന്നപ്പോൾ അദ്ദേഹം രാത്രിയിൽ അവിടെ തങ്ങി. ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു. ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ സംഭവത്തോടെ താൻ മരിച്ച അവസ്ഥയിൽ ആയെന്നും കന്യാസ്ത്രീ പറയുന്നു. പിന്നീട് ദിവസേന ഭീഷണിയായി 2016 സെപ്റ്റംബർ വരെ അത് തുടർന്നു. ആരോടും തുറന്നു പറയാൻ കഴിയാത്തതിനാൽ ആകെ തകർന്നുപോയി. ഇതോടെ ഒരു ധ്യാനത്തിന് പോയി. തുടർന്ന് ബിഷപ്പിനെ മുഖാമുഖം കാണാതിരിക്കാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതായും അദ്ദേഹം പറയുന്നു. സുപ്പീരിയർ ജനറലിനെ കൊണ്ട് എന്നെ മദർ സുപ്പീരിയർ ജനറൽ സ്ഥാനത്തുനിന്നു മാറ്റിച്ചു. എന്നെക്കുറിച്ച് പലരെ കൊണ്ടും അപവാദം പറഞ്ഞു തുടങ്ങി. 2017 ജൂലായ് 11ന് മേജർ ആർചച്ച് ബിഷപ്പിനെ കൊണ്ട് വാക്കാൽ പരാതി അറിയിച്ചു. മഠം വിടാൻ അഗ്രഹിച്ചെങ്കിലും വിലക്കിയെന്നും കന്യാസ്ത്രീ കത്തിൽ വ്യക്തമാക്കുന്നു.

തുടർന്ന് താൻ ശാരീരികവും മാനസികവുമായി തകരുകയും കൗൺസിലിംഗം അടക്കം ചികിത്സകൾക്ക് വിധേയമാകുകയും ചെയ്തു. മൂന്നാം തവണയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ശക്തമായി എതിർത്തതോടെ ബിഷപ്പിൽ നിന്നും നിരന്തരം ഭീഷണിസ്വരം ഉയർന്നു. മദർ സുപ്പീരിയർ പദവിയിൽ നിന്നും തന്നെ നീക്കം ചെയ്യുകയും മഠത്തിന്റെ ചുമതല എടുത്തുമാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും കത്തിൽ പറയുന്നുണ്ട്. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താൻ. വധ ഭീഷണി തന്നെ നിലനിൽക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഈ വെളിപ്പെടുത്തലുകളെ മഠത്തിലെ കന്യാസ്ത്രീകളും ശരിവയ്ക്കുമ്പോൾ കുടുങ്ങുന്നത് മെത്രാനാണ്.

ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്നു ജലന്ധറിലെത്തിയ അന്വേഷണസംഘം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതു നാളെത്തേക്കു മാറ്റിവച്ചുവെന്നാണ് സൂചന. അതേസമയം, തെളിവുകളും മൊഴികളും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണെന്ന് അന്വേഷണസംഘം സൂചന നൽകി. ജലന്ധറിലെ രൂപത ആസ്ഥാനത്തെത്തിയ അന്വേഷണസംഘം മദർ ജനറൽ സിസ്റ്റർ റെജീന, അന്വേഷണ കമ്മിഷനംഗം സിസ്റ്റർ അമല എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴിയെടുക്കുന്നത് നാളത്തേക്കു നീട്ടിയത്. ഇന്നു ഞായറാഴ്ചയായതിനാൽ കൂടുതൽ വിശ്വാസികൾ സഭാ ആസ്ഥാനത്തെത്താൻ ഇടയുള്ളതായാണ് പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. ജലന്ധർ രൂപത ആസ്ഥാനത്ത് അന്വേഷണമെത്തുന്നതോടെ വിശ്വാസികളെ കൂട്ടമായെത്തിക്കാൻ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്നലെ മുതൽ സഭാ ആസ്ഥാനത്തേക്കു വിശ്വാസികൾ കൂട്ടമായെത്തുന്നുണ്ട്.

അന്വേഷണസംഘം പഞ്ചാബ് പൊലീസിന്റെ സംരക്ഷണത്തിലാണ്. ആംഡ് പൊലീസിന്റെ സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു വാഹനങ്ങളിലായി സായുധ പൊലീസ് സേനാംഗങ്ങൾ കേരളത്തിൽനിന്നുള്ള അന്വേഷണസംഘത്തെ അനുഗമിക്കുന്നുണ്ട്. ജലന്ധർ ബിഷപ് ആസ്ഥാനത്തുനിന്നു നാലു കിലോമീറ്റർ അകലെയുള്ള ആംഡ് പൊലീസിന്റെ കേന്ദ്രത്തിലാണ് കേരളത്തിൽനിന്നെത്തിയ ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ ക്യാമ്പ് ഓഫീസ്. അന്വേഷണസംഘത്തിനു കൂടുതൽ സുരക്ഷയൊരുക്കാൻ ജലന്ധർ പൊലീസ് കമ്മിഷണർക്ക് പഞ്ചാബ് പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ജലന്ധറിലെ തെളിവെടുപ്പ് പൂർത്തിയായായശേഷം ബിഷപ്പിനെ ചോദ്യംചെയ്താൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപത അധികാരികൾ പറഞ്ഞു.

ജലന്ധർ കന്റോൺമെന്റിലുള്ള മഠത്തിൽ രാവിലെ 11-ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴരവരെ തുടർന്നു. ജലന്ധർ പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അന്വേഷണസംഘം മഠത്തിലെത്തിയത്. മൊഴിയെടുക്കൽ പൂർണമായും വീഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. ജലന്ധർ രൂപതയിലെ നാല് വൈദികരിൽനിന്നും മൊഴിയെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP