Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സേവനശേഷം ആനുകൂല്യങ്ങൾ കിട്ടാൻ ഡയറക്ടറുടെ കൂടെ ഒരു ദിവസം കഴിയണമെന്ന് ക്യാബിനിൽ വിളിച്ച് ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ മോഷണ കുറ്റത്തിൽ പെടുത്തുമെന്ന് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി; ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ പരാജയപ്പെട്ടതോടെ തൃശൂർ ബിലീവേഴ്‌സ് ചർച്ചിന് കീഴിലെ സ്‌കൂൾ മുൻ അക്കാദമിക് ഡയറക്ടർ സോജൻ കെ.വർഗീസിന് മൂന്ന് മാസം തടവ് ശിക്ഷ

സേവനശേഷം ആനുകൂല്യങ്ങൾ കിട്ടാൻ ഡയറക്ടറുടെ കൂടെ ഒരു ദിവസം കഴിയണമെന്ന് ക്യാബിനിൽ വിളിച്ച് ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ മോഷണ കുറ്റത്തിൽ പെടുത്തുമെന്ന് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി; ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ പരാജയപ്പെട്ടതോടെ തൃശൂർ ബിലീവേഴ്‌സ് ചർച്ചിന് കീഴിലെ സ്‌കൂൾ മുൻ അക്കാദമിക് ഡയറക്ടർ സോജൻ കെ.വർഗീസിന് മൂന്ന് മാസം തടവ് ശിക്ഷ

രഞ്ജിത്ത് ബാബു

കണ്ണൂർ: അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌കൂൾ അക്കാഡമിക് ഡയറക്ടർക്കു തടവു ശിക്ഷ. ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള തൃശൂർ മാളക്കടുത്ത അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ കംപ്യൂട്ടർ അദ്ധ്യാപികയായിരുന്ന പയ്യന്നൂർ കാങ്കോൽ സ്വദേശിനി നൽകിയ പരാതിയിലാണ് സ്‌കൂൾ അക്കാഡമിക് ഡയറക്ടറായിരുന്ന തിരുവല്ല കുട്ടാപ്പുഴ ബി.സി.ടി.എഫ്. ഫാക്കൽറ്റി ക്വാർട്ടേഴ്സിലെ സോജൻ.കെ. വർഗീസിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നു മാസം തടവിനു ശിക്ഷിച്ചത്. രണ്ടാം പ്രതി ആളൂർ കല്ലേറ്റുംകര ചക്കാലക്കൽ ടിനി ജിക്സോയെ കുറ്റക്കാരിയല്ലെന്നു കണ്ട് വെറുതെ വിട്ടു.

ഉപരിപഠനാർഥം അവധിക്ക് അപേക്ഷിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് അദ്ധ്യാപിക 2015 നവംബർ 30നു ജോലി രാജിവെക്കുന്നതായി കാണിച്ച് നവംബർ ആദ്യം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെ നവംബർ 13ന് അക്കാഡമിക് ഡയറക്ടറായ സോജൻ കെ.വർഗീസ് സ്വന്തം കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ പെരുമാറുകയും രാജി വെക്കുമ്പോൾ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റുകളും മറ്റും നൽകണമെങ്കിൽ ഒരു ദിവസം കൂടെ ചെല്ലണമെന്ന് ലൈംഗിക ചേഷ്ടകളോടെ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതു തെറ്റാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

അദ്ധ്യാപികയുടെ സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസമായിരുന്ന നവംബർ 30നു ഫോണിൽ വിളിച്ച് രാജവെക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കണമെങ്കിൽ താൻ പറഞ്ഞത് അനുസരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിൽ കുഴഞ്ഞു വീണ അദ്ധ്യാപികയെ സ്‌കൂൾ ജീവനക്കാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനത്തെയും അവഹേളനത്തെയും തുടർന്നു മാനസികമായി തകർന്ന അദ്ധ്യാപികയെ സൈക്കോളജി വിഭാഗത്തിലടക്കം ചികിൽസക്കു വിധേയയാക്കിയതായി ആശുപത്രി അധികൃതരും ചികിൽസാ രേഖകൾ സഹിതം കോടതിയിൽ സാക്ഷിമൊഴി നൽകി.

സംഭവം സംബന്ധിച്ച് നവംബർ 30നു തന്നെ മാള പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഒത്തു തീർപ്പു ശ്രമം നടത്തുകയായിരുന്നു പൊലീസ്. ഒടുവിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയ ശേഷമാണ് മൂന്നു മാസത്തിന് ശേഷം 2016 മാർച്ച് നാലിനു മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിഭാഗത്തിനു വേണ്ടി സാക്ഷിയായെത്തിയ വിജയഗിരി സ്‌കൂൾ മാനേജർ ഡോ.സാമുവൽ മാത്യു ഹാജരാക്കിയ രാജിവെച്ച അദ്ധ്യാപികക്ക് ആനുകൂല്യങ്ങൾ നൽകിയതിന്റെ രേഖകൾ ഈ കേസുമായി ബന്ധമില്ലാത്തതാണെന്നും കോടതി കണ്ടെത്തി. മാത്രമല്ല, ആ ആനുകൂല്യങ്ങൾ ലഭിക്കാൻ അദ്ധ്യാപികക്ക് ലേബർ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കേണ്ടി വന്നതായും കോടതി ചൂണ്ടിക്കാട്ടി.

തുടർന്നാണ് ഐപിസി 354 എ(നാല്) പ്രകാരം അദ്ധ്യാപികയെ പീഡിപ്പിച്ചതിന് സ്‌കൂൾ അക്കാഡമിക് ഡയറക്ടറായ സോജൻ കെ.വർഗീസിനെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്. സോജൻ കെ. വർഗീസ് നിർദ്ദേശിച്ചതു പ്രകാരം അദ്ദേഹത്തെ കാണാൻ പരാതിക്കാരിയോട് നിർദ്ദേശിക്കുക മാത്രമാണു ചെയ്തതെന്നും സോജൻ കെ. വർഗീസിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നു തനിക്കറിയില്ലായിരുന്നെന്നും രണ്ടാം പ്രതിയായ സ്‌കൂളിലെ ഓഫിസ് ജീവനക്കാരി ടിനി ജിക്സോ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ച കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. പരാതിക്കാരിക്കു വേണ്ടി ചാലക്കുടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രാധാകൃഷ്ണൻ ഹാജരായി.

കേസിന്റെ നാൾവഴി

ബിലീവേഴ്‌സ് ചർച്ചിന്റെ കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ അഷ്ടമിച്ചിറ വിജയ് ഗിരി പബ്ലിക്ക് സ്‌ക്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയും വകുപ്പു മേധാവിയുമായിരുന്ന കെ.എം. ജമുനക്കാണ് ഈ ദുരനുഭവം. ഭർത്താവ് രാജേഷ് കുമാറിനൊപ്പം മംഗളൂരുവിൽ താമസിക്കുകയാണ് കണ്ണൂർ പയ്യന്നൂർ കാങ്കോലിലെ കെ.എം. ജമുന. മംഗളൂരുവിൽ എം.ടെക്കിന് പ്രവേശനം ലഭിച്ചതോടെ രണ്ടു വർഷത്തെ അവധിക്കായി സ്‌ക്കൂൾ മാനേജർ പി.സി. തോമസിനെ കണ്ടു സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ലീവ് അനുവദിക്കപ്പെട്ടില്ല. അതേ തുടർന്ന് 2015 നവംബർ മാസം 9 ന് ജമുന രാജിക്കത്ത് നൽകി. അതോടൊപ്പം പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഗ്രാറ്റ്‌വിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകണമെന്ന് പ്രിൻസിപ്പലിനോട് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം.

2008 സെപ്റ്റംബർ 27 നാണ് ജമുന സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിക്ക് ചേർന്നത്. മംഗളൂരുവിൽ ഉപരിപഠനത്തിനായി ചേരേണ്ടതിനാലും പിന്നീട് പെട്ടെന്ന് സ്‌കളിലേക്ക് തിരിച്ചു വരാൻ പറ്റാത്തതിനാലും എല്ലാ രേഖകളും നൽകണമെന്ന് ജമുന അപേക്ഷ നൽകിയിരുന്നു. ഈ അവസരം മുതലെടുക്കാൻ അക്കാദമിക്ക് ഡയറക്ടറായ സോജൻ കെ. വർഗ്ഗീസ് ശ്രമമാരംഭിച്ചു. അദ്ദേഹം ജമുനയോട് തന്നെ പേഴ്‌സണലായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിയായ ടിനിയെ പറഞ്ഞയച്ചു.

പരിഹാസ ചിരിയോടെയാണ് സോജൻ സാറിനെ കാണണമെന്ന് ടിനി ആവശ്യപ്പെട്ടതെന്ന് ജമുന പറയുന്നു. ഉച്ചതിരിഞ്ഞ് യു.കെ.ജി.യിൽ പഠിക്കുന്ന മകളേയും കൂട്ടി വരുമ്പോഴും ടിനി വീണ്ടും അയാളെ കാണാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ജമുന സോജന്റെ ഔദ്യോഗിക മുറിയിൽ പോയി. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ പേഴ്‌സണലായി പറയാൻ മാത്രമല്ലെന്നും വൈകീട്ട് തന്നൊടൊപ്പം കറങ്ങാൻ വരണമെന്നും ലൈംഗിക ചുവയോടെ സംസാരിച്ചു.

സ്‌കൂൾ ആവശ്യത്തിന് സഹഅദ്ധ്യാപകരോടൊപ്പം രാത്രിയിലിവിടെ ജോലി ചെയ്തിരുന്നില്ലെയെന്നും ടിനി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാൽ ഇന്നും രാത്രിയിൽ തിരിച്ചു പോയാലും പ്രശ്‌നമൊന്നുമില്ലെന്ന് അറിയാമെന്നും സോജൻ കെ. വർഗ്ഗീസ് ഓർമ്മിപ്പിച്ചു. ഒരിക്കൽ സ്‌ക്കൂളിലെ കണക്കുകൾ തയ്യാറാക്കാൻ അദ്ധ്യാപകർക്കൊപ്പം വൈകി ജോലി ചെയ്തത് ഓർമ്മിപ്പിച്ചാണ് സോജന്റെ ഭീഷണി. അദ്ദേഹത്തിന്റെ ഇംഗിതത്തിന് കൂടെച്ചെല്ലാൻ വിസമ്മതിച്ചതിനും തരാനുള്ള ശമ്പളമോ ഗ്രാറ്റ്‌വിറ്റി, പരിചയ സർട്ടിഫിക്കറ്റ് എന്നിവയടക്കമുള്ള ഒരു രേഖയും തരില്ലെന്നും വ്യക്തമാക്കി.

പോരാത്തതിന് അനാഥാലയത്തിൽ വളർന്ന തന്നേയും വികലാംഗനായ ഭർത്താവിനേയും കേസിൽ കുടുക്കുമെന്നും വിദ്യാലയത്തിൽ നിന്നും കാണാതായ വസ്തുക്കളുടെ പേരിൽ മോഷണ കുറ്റം ചുമത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അയാളുടെ ഭാവമാറ്റവും മറ്റും കണ്ടതോടെ താൻ മുറിയിൽ നിന്നും മകളേയും കൂട്ടി പുറത്തിറങ്ങി. കുടുംബത്തിൽ പ്രശ്‌നമുണ്ടാക്കേണ്ട എന്നു കരുതി ഭർത്താവിനോടോ മാനഹാനി ഭയന്ന് സഹപ്രവർത്തകരോടോ ഇക്കാര്യം പറഞ്ഞിരുന്നില്ല.

തുടർ ദിവസങ്ങളിലും പ്രൈവറ്റ് സെക്രട്ടറിയായ ടിനി, സോജൻ സാർ പറഞ്ഞ കാര്യം എന്തായി എന്നു ചോദിക്കുമായിരുന്നു. അതിന് വഴങ്ങാതെ കാര്യ നടക്കില്ലെന്ന് ടിനിയെപ്പോലെ മറിയം ജിബോയിയും പറഞ്ഞിരുന്നു. നവംബർ 21 ന് യുപി. വിഭാഗത്തിലെ ഇൻലൂസം എന്ന പരിപാടിയുടെ പ്രോജക്ട് സൈറ്റ് ചുമതലപ്പെടുത്തിയതനുസരിച്ച് ജോലി ചെയ്യവെ സോജൻ അവിടെ വന്ന് തന്നെ പരസ്യമായി ആക്ഷേപിച്ചു. ചുമതലകൾ പൂർത്തിയാക്കി മടങ്ങവേ മറിയം ജിബോയി തന്നെ അയാളുടെ മുറിയിൽ തള്ളിവിട്ടു. ഈ സമയം ജോളി, സുമ., എന്നിവർ മുറിയിലുണ്ടായിരുന്നു. അവരോടായി ജമുനക്ക് ഗംഭീര യാത്രയയപ്പ് നൽകണമെന്ന് അയാൾ പരിഹാസ രൂപേണ പറഞ്ഞു. യാത്രയയപ്പ് ഒന്നും വേണ്ടെന്നും കരയിക്കാതെ തന്നെ വിട്ടാൽ മതിയെന്നും താൻ പറഞ്ഞ് പുറത്തിറങ്ങിയെന്നു ജമുന പറയുന്നു. ഇതിനു ശേഷം താൻ സ്‌ക്കൂൾ വിടുന്നതു വരെ സോജൻ സ്‌ക്കൂളിൽ വന്നിരുന്നില്ല.

നവംബർ 30 ന് എന്റെ അവസാനത്തെ പ്രവൃത്തി ദിനമായിരുന്നു. അന്ന് രാവിലെ സ്‌ക്കൂളിലെത്തി അതുവരെ വഹിച്ച ചുമതലകൾ തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലോ മറ്റൊരദ്ധ്യാപകനോ അതിന് തയ്യാറായില്ല. 26.11. 15 ന് പ്രിൻസിപ്പൽ സ്വീകരിച്ച നോ ഡ്യു സർട്ടിഫിക്കറ്റിലെ സ്വന്തം ഒപ്പ് വൈറ്റ്‌നർ ഉപയോഗിച്ച് മായിച്ചശേഷം അദ്ദേഹം തിരിച്ചു നൽകി.. നവംബർ മാസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, പരിചയ സർട്ടിഫിക്കറ്റടക്കം ലഭിച്ചുവെന്ന് ഒപ്പിട്ടാൽ മാത്രമേ റിലീവ് ചെയ്യാവൂ എന്ന് നിർദ്ദേശമുള്ളതായും പ്രിൻസിപ്പൽ പറഞ്ഞു.

അന്നേ ദിവസം ക്ലാസെടുത്തുകൊണ്ടിരിക്കേ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ ഫോണിൽ സോജൻ വർഗ്ഗീസിനെ വിളിച്ചു. സ്പീക്കർ ഫോൺ ഓണാക്കിന്റെ കൈയിൽ തന്നു. സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കാനും ഓഫീസിൽ നിന്നും കാണാതായ കമ്പ്യൂട്ടറുകളുടെ ഉത്തരവാദിത്തമേറ്റെടുക്കുവാനും ആനുകൂല്യങ്ങളുപേക്ഷിച്ച് കൈപ്പറ്റിയതായി എഴുതി നൽകാനും ആവശ്യപ്പെട്ടു. അതിനു തയ്യാറാവാത്തതിനാൽ അയാൾ ഫോണിലൂടേയും ടിനി നേരിട്ടും അസഭ്യ വർഷം ചൊരിഞ്ഞുവെന്ന് ജമുന പറയുന്നു. പൊലീസ് കേസെടുത്തതോടെ ഒന്നാം പ്രതിയായ സോജൻ കെ.വർഗീസിനും രണ്ടാം പ്രതി ടിനിക്കുമെതിരെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കയാണ്. ജമുനയുടെ ഗ്രാറ്റിവിറ്റി കേസ് തൃശ്ശൂർ ലേബർ കമ്മീഷൻ വിധി പറയാൻ വച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP