Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡിയയിലെ അപമാനത്തിനുള്ള പരാതിയിൽ തെളിവെടുപ്പിന് കൊണ്ടു പോയി ഹോട്ടൽ മുറിയിൽ എത്തിച്ച് ഏമാൻ ബലാത്സംഗം ചെയ്തു; ഇരയുടെ സഹോദരൻ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി; നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ഭീഷണി; പണി കിട്ടിയപ്പോൾ ഒത്തുതീർപ്പിന് വിളിച്ച് ഇന്നോവ കയറ്റി യുവതിയെ കൊല്ലാൻ ശ്രമം; പാലക്കാട് നോർത്തിലെ മുൻ സിഐ ശിവശങ്കരൻ പരാക്രമം നിർത്തുന്നില്ല; സസ്‌പെൻഷനിലുള്ള പൊലീസ് ഓഫീസർ വീണ്ടും ഒളിവിൽ

സോഷ്യൽ മീഡിയയിലെ അപമാനത്തിനുള്ള പരാതിയിൽ തെളിവെടുപ്പിന് കൊണ്ടു പോയി ഹോട്ടൽ മുറിയിൽ എത്തിച്ച് ഏമാൻ ബലാത്സംഗം ചെയ്തു; ഇരയുടെ സഹോദരൻ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി; നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ഭീഷണി; പണി കിട്ടിയപ്പോൾ ഒത്തുതീർപ്പിന് വിളിച്ച് ഇന്നോവ കയറ്റി യുവതിയെ കൊല്ലാൻ ശ്രമം; പാലക്കാട് നോർത്തിലെ മുൻ സിഐ ശിവശങ്കരൻ പരാക്രമം നിർത്തുന്നില്ല; സസ്‌പെൻഷനിലുള്ള പൊലീസ് ഓഫീസർ വീണ്ടും ഒളിവിൽ

എം മനോജ് കുമാർ

മലപ്പുറം: വിവിധ ബലാത്സംഗക്കേസിൽ പ്രതിയായി സസ്‌പെൻഷനിൽ തുടരുന്ന മുൻ പാലക്കാട് നോർത്ത് സിഐ ശിവശങ്കറിനെതിരെ വധശ്രമത്തിനു കേസ്. ശിവശങ്കറിനെതിരെ ബലാത്സംഗക്കേസിൽ പരാതി നൽകിയ യുവതിയാണ് തൃശൂർ പഴയന്നൂർ പൊലീസ് സ്റ്റേഷനിൽ ശിവശങ്കറിനെതിരെ വധശ്രമത്തിനു പരാതി നൽകിയത്. തന്നെ പഴയന്നൂരിലേക്ക് വിളിച്ചു വരുത്തി ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണു യുവതി പഴയന്നൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വധശ്രമത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയിൽ നിന്ന് പഴയന്നൂർ പൊലീസ് എടുത്ത മൊഴിയിലാണ് തന്നെ വിളിച്ചു വരുത്തി ഇന്നോവ ഇടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് യുവതി മൊഴി നൽകിയത്.

ഇന്നോവ ഇടിച്ചതിനെ തുടർന്ന് യുവതിയുടെ കാലിൽ പരുക്കുള്ളതായി പഴയന്നൂർ സിഐ മഹേന്ദ്രൻ മറുനാടനോട് പറഞ്ഞു. മനഃപൂർവം ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് യുവതി നൽകിയ മൊഴിയിൽ ഉള്ളത്. പാലക്കാട് ഉള്ള യുവതിയെ പഴയന്നൂരിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്നോവ ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. 307അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഈ കേസിൽ ചുമത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിവിലാണ്. പക്ഷെ അറസ്റ്റ് ചെയ്യാൻ ശ്രമം തുടങ്ങിയതായും സിഐ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെ തുടർന്ന് പരാതി നൽകാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിനെ തുടർന്നാണ് ഇയാൾക്കെതിരെ ഒടുവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വന്നത്. ഇയാൾക്കെതിരെ കേസ് നൽകിയ ശേഷം ഫോൺ വഴിയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഇയാൾ കയ്യേറ്റത്തിനു ശ്രമിച്ചതായും യുവതിയുടെ പരാതി വന്നിരുന്നു. യുവതിയുടെ സഹോദരനായ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി അകത്തിടുമെന്നു ശിവശങ്കർ ഭീഷണിപ്പെടുത്തിയതായും യുവതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതിയും നൽകിയിരുന്നു. ഇതിനു ശേഷമാണ് മുൻ സിഐ കൊലപാതക ശ്രമം നടത്തിയത്.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ഈ യുവതി പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ഇതു ചോദ്യം ചെയ്യുകയും ചെയ്തതിന് കൈയേറ്റം നടത്തിയെന്നുമാണ് പരാതി. അരുൺ എന്നയാൾക്കെതിരെയുള്ള ഈ പരാതി എസ്‌പിയുടെ കൈവശമാണ് നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി 25ന് കേസിന്റെ ഭാഗമായി തെളിവെടുക്കണമെന്നു പറഞ്ഞ് സിഐ ശിവശങ്കരൻ യുവതിയെ വിളിച്ചു. തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞിതിന്റെ അടിസ്ഥാനത്തിൽ സിഐക്കൊപ്പം പോകാൻ തയ്യാറായി യുവതിയെത്തി. എന്നാൽ പ്രൈവറ്റ് വാഹനമായ ഇന്നോവയിൽ പൊലീസുകാർ ആരുമില്ലാതെ സിഐ തനിച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുപോയത്. ശേഷം പൊലീസ് തിരിച്ചറിയൽ കാർഡ് കാണിച്ച് ഹോട്ടൽ മുറി തരപ്പെടുത്തി. നിർബന്ധപൂർവ്വം യുവതിയെ മുറിയിലേക്കു പ്രവേശിപ്പിച്ചു. വഴങ്ങിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വിസമ്മതിച്ച യുവതിയെ ബലമായി കീഴ്‌പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ സിഐ ശിവശങ്കരൻ യുവതിയുടെ ഫോണിലേക്കു നിരന്തരമായി വിളിച്ചു. ജോലിചെയ്യുന്ന സ്ഥാപനത്തിലും എത്തി ശല്യം തുടർന്നു. നൽകിയ പരാതിയിൽ നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും നിർബന്ധിച്ചിരുന്നതായി യുവതി പറഞ്ഞു. വന്നില്ലെങ്കിൽ കേസ് അട്ടിമറിക്കുമെന്നും ഭീഷണി ഉയർത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിലെ തയ്യൽ കടയിൽ യൂണിഫോം തയ്‌പ്പിക്കാനെന്ന വ്യാജേന ദിവസവും പലതവണയെത്തി ആംഗ്യ ഭാഷയിൽ പുറത്തേക്കു വരാൻ പറയും. ശല്യം തുടർന്നപ്പോൾ ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിക്കുമെന്നു യുവതി പറഞ്ഞു. അപ്പോൾ സിഐയുടെ മറുപടി, പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ വീട്ടിലും സ്ഥാപനത്തിലും കൊണ്ടുവച്ച് കേസിൽ പെടുത്തുമെന്നായിരുന്നു. സിഐക്കെതിരെ പരാതിപ്പെട്ട ചിലരെ പരലോകത്തേക്കു അയച്ചതായും നിനക്കും ഈ ഗതി വരുമെന്നും ഭീഷണിമുഴക്കി. ഇതിനിടെ യുവതിയെ സഹായിച്ച സുഹൃത്തും ആക്ടിവിസ്റ്റുമായ അൻസാറിനു നേരെയും സിഐ ഭീഷണി മുഴക്കി. ഇയാൾക്കെതിരായ പരാതിയിൽ അന്ന് യുവതി പറഞ്ഞിരുന്നു.

അഞ്ച് ബലാത്സംഗ കേസുകളിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ബലാത്സംഗ കേസുകൾ വന്നപ്പോൾ ഇയാൾ ഒളിവിലാണ് എന്നാണു ഹൈക്കോടതിയിൽ സർക്കാർ നൽകുന്ന വിശദീകരണം. പാലക്കാട് പരാതി നൽകാനെത്തിയ ഈ യുവതിയെ ബലാത്സംഗം ചെയ്ത കേസിനെ തുടർന്നു ഇയാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് കേസ് കോടതിയിൽ വന്നപ്പോഴാണ് ഇയാൾ ഒളിവിലാണ് എന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. ഒളിവിൽ കഴിയവേ തന്നെയാണ് ഇയാൾ ഈ യുവതിയെ പഴയന്നൂർ വിളിച്ചു വരുത്തി കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതും. ഇയാൾ സോഷ്യൽ മീഡിയയിലും ഫോണിലും സജീവമാണെന്നു യുവതി ഹൈക്കോടതിയിൽ തെളിവുകൾ സഹിതം വിശദമാക്കിയപ്പോഴാണ് ഇയാൾ ഒളിവിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചത്. ശിവശങ്കറിന് ജാമ്യം ലഭിക്കാൻ പൊലീസും പ്രോസിക്യൂഷനും സഹായിക്കുന്നതായി യുവതി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ബലാത്സംഗത്തിനു ഇയാൾക്കെതിരെ കേസെടുക്കാൻ പാലക്കാട് പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് യുവതി ഹൈക്കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലാണ് വധശ്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പ് പ്രകാരം പാലക്കാട് മുൻ സിഐക്കെതിരെ കേസ് വന്നത്.

പരാതി നൽകാനെത്തിയ യുവതികളെ വശീകരിച്ച് തെളിവെടുപ്പിന്റെ പേരിൽ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച സിഐയാണ് ശിവശങ്കർ. അഞ്ച് ബലാത്സംഗക്കേസിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടൂള്ളത്. മുൻ എംഎൽഎയുടെ പേരക്കുട്ടി മുതൽ സർക്കാർ ഉദ്യോഗസ്ഥയെ വരെ ഇയാൾ ബലാത്സംഗം ചെയ്തതായി സൂചനയുണ്ട്. ശിവശങ്കറിന്റെ കേസുകളിൽ പൊലീസ് ഒത്തുകളിക്കുന്നത് കാരണം ഇയാളുടെ ബലാത്സംഗകേസുകൾ ഡിസിആർബി ഡിവൈഎസ്‌പിക്കാണ് ഹൈക്കോടതി വിട്ടിരിക്കുന്നത്. ഇയാൾക്കെതിരെ നിരവധി സ്ത്രീ പീഡനകേസുകൾ വന്നപ്പോൾ പലതും ഒത്തുതീർക്കപ്പെട്ടതായും സൂചനയുണ്ട്.

കേരളാ പൊലീസിന്റെ ചരിത്രത്തിൽ ഇത്രയും കുപ്രസിദ്ധിയുള്ളവർ കുറവാണെന്നാണ് ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നത്. ഉന്നത സ്വാധീനമാണ് ഇയാൾക്ക് പലപ്പോഴും തുണയാകുന്നത്. കുറെ കേസുകൾ ഇയാൾ സ്വന്തം സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെ ഒതുക്കി തീർക്കാൻ കഴിയാത്ത ഒരു കേസാണ് പെരിന്തൽമണ്ണ സ്വദേശി പി.ടി.അബ്ദുൽ റഫീഖ് നൽകിയ കേസ്. വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കി ബന്ധുക്കളിൽ നിന്നും തന്നിൽ നിന്നും ലക്ഷങ്ങൾ വസൂലാക്കി എന്നാണ് റഫീഖ് നൽകിയ പരാതിയിൽ പറയുന്നത്. 2017 ജൂലൈ ഒമ്പതിന് പുലർച്ചേ സിഐയും ആളുകളും വീട്ടിൽ എത്തുകയും കുരുമുളക് സ്‌പ്രേ കണ്ണിൽ അടിച്ച് തന്നെ പിടിച്ചു കൊണ്ടുപോയി എന്നാണ് റഫീഖിന്റെ പരാതിയിൽ പറഞ്ഞത്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയും കുടുംബത്തേയും സി ഐ നിരന്തരം വേട്ടയാടി. ബ്ലാക്ക്‌മെയിൽ ചെയ്തു. ബിസിനസ്സുകാരനായ റഫീക്കിന് തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ബിസിനസ്സിൽ ലാഭം തരാം എന്നു പറഞ്ഞ് നാഗരാജൻ ഇടനിലക്കാർ വഴി റഫീക്കിൽ നിന്ന് 13 ലക്ഷം രൂപ കൈപറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭം പോയിട്ട് മുടക്ക് മുതൽപോലും തിരിച്ച് കിട്ടിയില്ല. ഇതോടെ കൊടുത്ത പണം തമിഴ്‌നാട് സ്വദേശിയോട് തിരികെ ആവശ്യപ്പെട്ടതായും എന്നാൽ ഒരു വർഷത്തിന് ശേഷം തമിഴ്‌നാട് സ്വദേശി നേരിട്ട് വന്ന് പണം നൽകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കുറച്ച് സമയം നീട്ടിചോദിക്കുകയും സ്വന്തം വാഹനമായ മാരുതി എസ്‌ക്രോസ് ഈടായി റഫീക്കിന് രേഖാമൂലം കൈമാറുകയും ചെയ്തിരുന്നു.

2017 ജൂൺ 23 ന് മണ്ണാർക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇവർ പരസ്പരം കരാർ ഉണ്ടാക്കിയത്. എന്നാൽ രണ്ടാഴ്ചക്ക് ശേഷം 2017 ജൂലൈ 9 ന് അർദ്ധരാത്രി പാലക്കാട് നോർത്ത് സി ഐ ആയിരുന്നു ആ ശിവശങ്കരന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ പൂവ്വത്താണിയിലുള്ള റഫീക്കിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ഭാര്യയോടും കുട്ടികളോടുമൊപ്പം ബെഡ്‌റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റഫീക്കിന്റെ മുഖത്തേക്ക് സി ഐ ശിവശങ്കരൻ കുരുമുളക് സ്‌പ്രേ അടിക്കുകയും ഭാര്യക്കും മാതാവിനും കുട്ടികൾക്കുമിടയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് കൈവിലങ്ങ് വെച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന പണവും വാഹനങ്ങളുടെയും ഭൂമിയുടേയും രേഖകളും മുഴുവൻ മൊബൈൽ ഫോണുകളും കുട്ടിയുടെ കളിത്തോക്ക് വരെ എടുത്തു കൊണ്ടുപോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും സി ഐ അകാരണമായി പിടിച്ചെടുത്തു. ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്ത ഭാര്യയെ സി ഐ ശിവശങ്കർ ഭീഷണിപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

''നിന്റെ കെട്ടിയോൻ അടുത്തൊന്നും പുറംലോകം കാണില്ലെന്നും കെട്ടിയോനെ കെട്ടിപ്പിടിച്ചു കിടക്കാമെന്ന് കരുതേണ്ടന്നും അതിന് താനൊക്കെ ഇവിടെ ഉണ്ടെന്ന''തടക്കം അശ്ലീലച്ചുവയോടെ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ ശിവശങ്കരൻ തന്റെ ഭാര്യയോടും മാതാവിനോടും പെരുമാറിയതായും റഫീഖ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽപറഞ്ഞിരുന്നു. സ്റ്റേഷനിലെത്തിച്ച തന്നോട് കേസ് എന്തെന്ന് പോലും വിശദീകരിക്കാതെ 15 ലക്ഷം രൂപ കൈക്കൂലി തന്നാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ അകത്തു കിടക്കേണ്ടി വരുമെന്നും സി ഐ ഭീഷണിപ്പെടുത്തി. താൻ സമ്പത്തിനെ ഉരുട്ടിക്കൊന്ന സ്റ്റേഷനിലെ സി ഐ ആണെന്നും പഞ്ചസാര കുടിപ്പിച്ച് നിന്റെ എല്ലുനുറുക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെ റഫീക്കിനെതിരെ നിരവധി ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സഹോദരനോടും സി ഐ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നൽകാത്ത പക്ഷം റഫീക്കിനെ വിലങ്ങണിയിപ്പിച്ച് ഭാര്യാവീട്ടിലടക്കം കൊണ്ടുപോയി നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സി ഐ യുടെ ഭീഷണിക്ക് വഴങ്ങി സഹോദരൻ നാലര ലക്ഷം രൂപ സി ഐ ആർ ശിവശങ്കരന്റെ നിർദ്ദേശ പ്രകാരം പലാക്കാട് എ ടി എസ് ഹോട്ടലിൽ വെച്ച് ശശി എന്നയാൾക്ക് കൈമാറി. പണം കൈമാറിയതോടെ തനിക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളതെന്ന് സഹോദരനെ തെറ്റിദ്ധരിപ്പിച്ചതായും എന്നാൽ നിരന്തരം ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടും ഒരു മാസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് തനിക്ക് ജാമ്യം അനുവദിച്ച് കിട്ടിയതെന്നും റഫീക്ക് അന്ന് പറഞ്ഞിരുന്നു. .

കേസ് വന്നപ്പോൾ കോടതിയിൽ ഹാജരാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒരു മാസം എടുത്ത് അകത്തിട്ടു. സഹോദരനോടു 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു. നാലര ലക്ഷം രൂപ കൈക്കൂലി നൽകി. എന്നിട്ടും റഫീഖിനെ മോചിപ്പിച്ചില്ല. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ റഫീഖിൽ നിന്നും നാലു ലക്ഷം രൂപ വേറെയും വാങ്ങി. എന്നാൽ ഈ കേസിൽ പരാതി നൽകിയ തമിഴ്‌നാട് സ്വദേശി നാഗരാജ് പരാതി പിൻവലിച്ചതോടെ ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരേ സമയം നാഗരാജിൽ നിന്നും തന്നിൽ നിന്നും സിഐ ലക്ഷങ്ങൾ കൈപ്പറ്റിയതായാണ് റഫീഖ് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിലും ശിവശങ്കറിനെതിരെ അന്വേഷണം വന്നിരുന്നു. കസ്റ്റഡിയിൽ തുടരുന്ന പ്രതികൾക്ക് നേരെയുള്ള മൂന്നാം മുറയുടെ പേരിലും ഇയാൾ കുപ്രസിദ്ധിയാർജ്ജിച്ച ഉദ്യോഗസ്ഥനായിരുന്നു. വാദി ഭാഗത്തും നിന്നും പ്രതിഭാഗത്ത് നിന്നും ഒരേപോലെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥൻ എന്ന ദുഷ്‌പ്പെരും സർവീസിൽ ഇയാൾക്ക് നേരെ ഉടനീളമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP