Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാട്രിമോണിയൽ വെബ്സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ടത് അവിവാഹിതനെന്ന് പറഞ്ഞ്; ഓൺലൈൻ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; കസ്റ്റഡിയിലായപ്പോൾ ആരോഗ്യപ്രശ്‌നം പറഞ്ഞ് ആശുപത്രിയിലായി; പൊലീസുകാരന്റെ കണ്ണിൽ മുളകുപൊടിയിട്ട് രക്ഷപെടൽ; 11 വർഷത്തിന് ശേഷം മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

മാട്രിമോണിയൽ വെബ്സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ടത് അവിവാഹിതനെന്ന് പറഞ്ഞ്; ഓൺലൈൻ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; കസ്റ്റഡിയിലായപ്പോൾ ആരോഗ്യപ്രശ്‌നം പറഞ്ഞ് ആശുപത്രിയിലായി; പൊലീസുകാരന്റെ കണ്ണിൽ മുളകുപൊടിയിട്ട് രക്ഷപെടൽ; 11 വർഷത്തിന് ശേഷം മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ. വ്യോമസേനയിലെ സെർജന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വർഷത്തിന് ശേഷം ബെംഗളൂരു പൊലീസ് അസമിൽനിന്ന് പിടികൂടിയത്. 2008 ഒക്ടോബറിലാണ് ഇയാൾ ഭാര്യയെയും രണ്ട് മക്കളെയും ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ശേഷം പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ 2010-ൽ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാവൽനിന്ന പൊലീസുകാർക്ക് നേരേ മുളകുപൊടിയെറിഞ്ഞ ശേഷം ദരംസിങ് യാദവ് ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

1987 മുതൽ 2007 വരെയാണ് ഹരിയാണ സ്വദേശിയായ ദരംസിങ് യാദവ് വ്യോമസേനയിൽ ജോലിചെയ്തിരുന്നത്. ഭാര്യ അനു, മക്കളായ ശുഭം(എട്ട്) കീർത്തി(14) എന്നിവർക്കൊപ്പം ബെംഗളൂരു വിദ്യാരനപുരയിലായിരുന്നു താമസം. എന്നാൽ വ്യോമസേനയിൽനിന്ന് ജോലിവിട്ടതിന് പിന്നാലെ ദരംസിങ് യാദവ് മാട്രിമോണിയൽ വെബ്സൈറ്റ് വഴി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിലൂടെയാണ് രാജാജിനഗർ സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായത്. ഒടുവിൽ ഈ യുവതിയോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും ഇതിനുവേണ്ടി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തുകയുമായിരുന്നു. 2008 ഒക്ടോബർ 19-നായിരുന്നു കേസിനാസ്പദമായ സംഭവം.

കവർച്ചാശ്രമത്തിനിടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടെന്നായിരുന്നു ദരംസിങ് യാദവ് ആദ്യം പൊലീസിന് നൽകിയ മൊഴി. വിശദമായ അന്വേഷണത്തിൽ ദരംസിങ് യാദവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ 2010-ലാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദരംസിങ് യാദവ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇയാളെ പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജയിലിലെ കാന്റീനിൽനിന്ന് കൈക്കലാക്കിയ മുളകുപൊടിയുമായാണ് പ്രതി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ കഴിയുന്നതിനിടെ കാവൽനിന്ന പൊലീസുകാരന് നേരേ മുളകുപൊടി എറിഞ്ഞ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. 2010 ഡിസംബർ നാലിനായിരുന്നു ഈ സംഭവം.

പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ദരംസിങ്ങിനായി ബെംഗളൂരു പൊലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അടുത്തിടെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഡി.സി.പി. ഹരീഷ് പാണ്ഡെ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു. ഇതോടെയാണ് ദരംസിങ് യാദവിനെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ദരംസിങ് യാദവ് ഹരിയാണയിൽ മദ്യവിൽപ്പനശാല നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. മറ്റൊരാളുടെ പേരിലാണ് ഈ വിൽപ്പനശാല രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനുശേഷം പ്രതി ഹരിയാണയിൽനിന്ന് അസമിലേക്ക് കടന്നതായും കണ്ടെത്തി. തുടർന്ന് അസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP