Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനപാലകർ ചോദിച്ചത് 75,000 രൂപ കൈക്കൂലി; നൽകാൻ തയാറായി ചിറ്റാർ ബസ് സ്റ്റാൻഡിന് സമീപം ഞങ്ങൾ കാത്തു നിന്നു; പിന്നീട് സഹോദരൻ വിളിച്ച് കുടുംബവീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു; അവിടെ എത്തുമ്പോൾ കണ്ടത് കിണറ്റിൽ കിടക്കുന്ന മൃതദേഹം; വനപാലകരെ വെട്ടിലാക്കി വടശേരിക്കരയിൽ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട മത്തായിയുടെ ഭാര്യ ഷീബയുടെ മൊഴി: പൊന്നുവിന്റേത് കസ്റ്റഡി മരണമോ?

വനപാലകർ ചോദിച്ചത് 75,000 രൂപ കൈക്കൂലി; നൽകാൻ തയാറായി ചിറ്റാർ ബസ് സ്റ്റാൻഡിന് സമീപം ഞങ്ങൾ കാത്തു നിന്നു; പിന്നീട് സഹോദരൻ വിളിച്ച് കുടുംബവീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു; അവിടെ എത്തുമ്പോൾ കണ്ടത് കിണറ്റിൽ കിടക്കുന്ന മൃതദേഹം; വനപാലകരെ വെട്ടിലാക്കി വടശേരിക്കരയിൽ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട മത്തായിയുടെ ഭാര്യ ഷീബയുടെ മൊഴി: പൊന്നുവിന്റേത് കസ്റ്റഡി മരണമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനത്തിനുള്ളിലെ നിരീക്ഷണ കാമറ തകർത്തുവെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് കുടുംബവീട്ടിലെ കിണറ്റിൽ കാണപ്പെടുകയും ചെയ്ത മണിയാർ അരീക്കക്കാവ് പടിഞ്ഞാറെ ചരുവിൽ സിപി മത്തായി (പൊന്നു41)യുടെ മൃതദേഹം പുറത്തെടുത്തത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ. കെയു ജനീഷ് കുമാർ എംഎൽഎ, പത്തനംതിട്ട ഡിവൈഎസ്‌പി കെ. സജീവും നടത്തിയ ചർച്ചയ്ക്കൊടുവിൽ എട്ടംഗ വനപാലക സംഘത്തെ പ്രതിയാക്കി ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് മൃതദേഹം നീക്കാൻ ഭാര്യ ഷീബയും ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്.

പാപ്പി ആൻഡ് സൺസ് എന്ന പേരിൽ ഫാമും, ആംബുലൻസ്-മൊബൈൽ മോർച്ചറി സർവീസും നടത്തുകയാണ് മത്തായി. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് വീട്ടിൽ നിന്നും ഭാര്യ ഷീബയുടെ മുന്നിൽ നിന്നാണ് ചിറ്റാർ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘ മത്തായിയെ കസ്റ്റഡിയിൽ എടുത്തത്. ആറരയോടെയാണ് കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേർന്ന കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടത്.

വീട്ടിൽ നിന്ന് ബലം പ്രയോഗിച്ചാണ് മത്തായിയെ കൊണ്ടു പോയതെന്ന് ഭാര്യ ഷീബ പൊലീസിന് മൊഴി നൽകി. തടയാൻ ശ്രമിച്ച മാതാവ് പൊടിയമ്മയെയും തള്ളി മാറ്റിയാണ് മത്തായിയെ കൊണ്ടു പോയത്. ഇയാളെ ജാമ്യത്തിൽ ഇറക്കാൻ രണ്ടു പേരുമായി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്താൻ പറഞ്ഞ ശേഷമാണ് വനപാലകർ പോയത്. അതനുസരിച്ച് മത്തായിയുടെ വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന ഷിബിൻ, ഭാര്യ സ്വാതി എന്നിവർക്കൊപ്പമാണ് ഷീബ ചിറ്റാറിലേക്ക് പോയത്.

ഇതിനിടെ രണ്ടു തവണ അരുൺ എന്നൊരു വനപാലകൻ ഷിബിന്റെ ഫോണിലേക്ക് വിളിച്ചുവെന്നും മത്തായിക്ക് കാട്ടിൽ കയറി വെടിവയ്ക്കുന്ന പരിപാടി ഉണ്ടോയെന്ന് ചോദിച്ചിരുന്നു. 75,000 രൂപയുമായി ചിറ്റാർ ബസ് സ്റ്റാൻഡിന് സമീപം നിൽക്കാനും പറഞ്ഞുവത്രേ. ഇതനുസരിച്ച് വനപാലക സംഘത്തെ കാത്ത് ഒരു മണിക്കൂർ അവിടെ നിന്നിട്ടും എത്തിയില്ല. ഇതിനിടെ മത്തായിയുടെ സഹോദരൻ രാജു വിളിച്ച് നേരെ കുടുംബ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു.

അവർ എന്തോ അബദ്ധം കാണിച്ചുവെന്നും പറഞ്ഞു. ഇതിൻ പ്രകാരം കുടുംബവീട്ടിൽ എത്തുമ്പോൾ മൃതദേഹം കിണറ്റിൽ കിടക്കുന്നതാണ് കണ്ടതെന്നും ഷീബ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോറസ്റ്റുകാർ അവിടെ ഉണ്ടായിരുന്നുമില്ല. ഇതേ തുടർന്നാണ് നാട്ടുകാർ ഇടപെട്ട് മൃതദേഹം കിണറ്റിൽ നിന്നും നീക്കാനുള്ള ശ്രമം തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ എംഎൽഎയും ഡിവൈഎസ്‌പിയും മാരത്തൺ ചർച്ചയാണ് നടത്തിയത്.

ഒടുവിൽ ചിറ്റാർ പൊലീസ് ഷീബയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ മൃതദേഹം നീക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP