Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

വ്യാജന്മാർ വലവിരിക്കുന്നത് മലയാളികളുടെ വിദേശജോലി മോഹത്തിന് മേൽ; വിദേശ പഠനവും തൊഴിലും വാഗ്ദാനം ചെയ്തുള്ള വമ്പൻ തട്ടിപ്പുകൾ തുടരുന്നു, തലസ്ഥാനത്തെ ആൽഫാ മേരി ഇന്റർനാഷണലിന് പിന്നാലെ തൊടുപുഴയിലെ ആൽഫ ഇൻഫർമേഷനും തട്ടിപ്പെന്ന് തെളിഞ്ഞു; കെണിയിൽ വീഴുന്നവരിൽ ഏറെയും സാധാരണക്കാർ

വ്യാജന്മാർ വലവിരിക്കുന്നത് മലയാളികളുടെ വിദേശജോലി മോഹത്തിന് മേൽ; വിദേശ പഠനവും തൊഴിലും വാഗ്ദാനം ചെയ്തുള്ള വമ്പൻ തട്ടിപ്പുകൾ തുടരുന്നു, തലസ്ഥാനത്തെ ആൽഫാ മേരി ഇന്റർനാഷണലിന് പിന്നാലെ തൊടുപുഴയിലെ ആൽഫ ഇൻഫർമേഷനും തട്ടിപ്പെന്ന് തെളിഞ്ഞു; കെണിയിൽ വീഴുന്നവരിൽ ഏറെയും സാധാരണക്കാർ

സായ് കിരൺ

കൊച്ചി: വിദേശത്ത് പഠനവും തൊഴിലും വാദ്ഗാനം ചെയ്ത് റിക്രൂട്ട്മെന്റ് നടത്തുന്ന തട്ടിക്കൂട്ട് സ്ഥാപനങ്ങൾ നാട്ടിൽ കുമിൾ പോലെ മുളച്ചു പൊന്തുന്നു. വിദേശത്ത് പഠനത്തിനായി ആളെ കയറ്റിവിടുന്ന തിരുവനന്തപുരത്തെ ആൽഫാ മേരി ഇന്റർനാഷണലിന് പിന്നാലെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനവും പൊളിഞ്ഞു. രണ്ട് സ്ഥാപനങ്ങൾക്കെതിരെയും നിരവധി പരാതികളുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ ആൽഫാ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ തിരുവനന്തപുരം സ്വദേശി റോജറാണ് (48) ശനിാഴ്ച ഡൽഹിയിൽ അറസ്റ്റിലായത്. രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഡൽഹിയിലെ ഗുഡ്ഹാവിൽ നിന്നാണ് പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി ഇന്ന് പ്രതിയുമായി പൊലീസ് സംഘം നാട്ടിലേക്ക് തിരിക്കും. പേരൂർക്കട പൊലീസിൽ ലഭിച്ച 20 പരാതികളിലായി ഒരു കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. തമ്പാനൂർ,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ട്. 2019 മുതൽ തമ്പാനൂരിൽ ആരംഭിച്ച ആൽഫാ മേരി ഇന്റർനാഷണൽ എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പെന്നാണ് വിവരം.

പട്ടം പി.എസ്.സി ഓഫീസിന് സമീപത്തും ഓഫീസ് പ്രവർത്തിച്ചിരുന്നു. ഏപ്രിൽ വരെ പട്ടത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം പരാതികളെ തുടർന്ന് പൂട്ടി. ഇതോടെ പ്രവർത്തനം ഓൺലൈനിലാക്കി. സാമ്പത്തിക പ്രതിസന്ധിയായതോടെ ഈ സ്ഥാപനത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ചു കൊണ്ട് അറിയിപ്പ് നൽകിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ഇത്തരത്തിലും നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

പിന്നാലെയായിരുന്നു വ്യാജ റിക്രൂട്ട്മെന്റ ഏജൻസി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമ മുട്ടം കാക്കൊമ്പ് പാറേപ്പടിക്കൽ ജോബി മാത്യുവിന്റെ(45) അറസ്റ്റ്. ഞായറാഴ്ചയാണ് ഇയാൾ തൊടുപുഴ പൊലീസിന്റെ പിടിയിലാത്.തൊടുപുഴ ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ പ്രൈവറ്റ് എംപ്ലോയ്‌മെന്റ് സർവ്വീസ് എന്ന വ്യാജ റിക്രൂട്ടിങ് ഏജൻസി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കായി ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, സൂപ്പർവൈസർ എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി 60000 രൂപായാണ് ഓരോരുത്തരിൽ നിന്നും ഈടാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് സ്ഥാപനത്തിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പൂട്ടുകയും ചെയ്തു. ഇതോടെ തട്ടിപ്പ് ബോദ്ധ്യപ്പെട്ട് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എൺപതോളം പരാതികളാണ് പൊലീസിന് ലഭിച്ചത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലിനായി ശ്രമിക്കുന്നവരായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ജോബി മാത്യു പിടിയിലായത്. സ്ഥാപനം വഴി ഇതുവരെ ഒരാളെ പോലും ജോലിക്ക് കയറ്റി വിട്ടിട്ടില്ലെന്നും യാതൊരു രേഖകളും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും തൊടുപുഴ ഡിവൈ.എസ്‌പി മധു ബാബു പറഞ്ഞു.

2008 മുതൽ യാതൊരു ലൈസൻസുമില്ലാതെ ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനം തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. കബളിപ്പിക്കപ്പെട്ടവരിൽ മിക്കവരും നേരിട്ട് പണം കൈമാറിയതിനാൽ തെളിവില്ല. വളരെ കുറച്ച് ആളുകൾ മാത്രമാണ് ബാങ്ക് വഴിയും മറ്റും പണം കൈമാറിയത്. 2019 ൽ പരാതിയെ തുടർന്ന് കേസടുത്തിരുന്നു. എന്നാൽ പരാതിക്കാരന് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി വീണ്ടും സ്ഥാപനം തുറക്കുകയായിരുന്നു. സമാനമായ രണ്ട് തട്ടിപ്പ് കേസ് പ്രതികളെ പിടിച്ചെങ്കിലും ഇത്തരത്തിൽ മറ്റുകേസുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP