Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുങ്ങിയത് ഭാവിയിൽ ജഡ്ജിപോലും ആകാനിടയുള്ള വമ്പൻ സ്രാവ്; ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ ഇനി സൈബിക്ക് രക്ഷയില്ല; നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇട്ടു പൊലീസ്; കേസിന്റെ തുടക്കം ജഡ്ജിയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ

കുടുങ്ങിയത് ഭാവിയിൽ ജഡ്ജിപോലും ആകാനിടയുള്ള വമ്പൻ സ്രാവ്; ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ ഇനി സൈബിക്ക് രക്ഷയില്ല; നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇട്ടു പൊലീസ്; കേസിന്റെ തുടക്കം ജഡ്ജിയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. ഹൈക്കോടതിയിൽ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സൈബിക്കെതിരെ ജഡ്ജിമാർക്കിടയിൽ പോലും അതൃപ്്തി ശക്തമായതോടെയാണ് അന്വേഷണം എത്തുന്നത്. നിരവധി ഉന്നത ബന്ധങ്ങളുള്ള സൈബി ജോസ് ഭാവിയിൽ ജഡ്ജിപോലും ആകാൻ ഇടയുള്ള വമ്പൻ സ്രാവായിരുന്നു.

വിധികളിൽ ജഡ്ജിമാരെ സ്വാധീനക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി. കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നതുകൊച്ചി കമ്മിഷണറെയാണ്.

ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്‌പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്‌ഐ മാരായ കലേഷ് കുമാർ, ജോഷി സി. എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്‌ഐമാരായ എസ്. അമൃതരാജ്, ജയ്‌മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.

സൈബിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പൊലീസിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരമായിരുന്നു നിയമോപദേശം നൽകിയത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 (വഞ്ചനാക്കുറ്റം) എന്നിവ പ്രകാരമാണ് കേസ്.

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ഈ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

അതേസമയം, ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇവർ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു. അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതു മുതലാണ് ഇത് തുടങ്ങിയത്. പരാതിക്കാരോ എതിർകക്ഷിയോ ഇല്ല. ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണ് ഉള്ളതെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂർ പറഞ്ഞു.

മൂന്നോ നാലോ അഭിഭാഷകർ പരാതി നൽകിയതിന്റെ പുറത്താണ് ഇതെന്നാണ് അറിയുന്നത്. തന്നെ വ്യക്തിപരമായി തകർക്കുന്നതിലൂടെ ജുഡീഷ്യറിയെ കൂടിയാണ് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സൈബി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് തനിക്കെതിരായ നീക്കത്തിനു പിന്നിൽ. പരാതി നൽകിയ നാലുപേരിൽ ഒരാൾ തന്റെ അയൽവാസിയാണ്. വ്യക്തിപരമായി തന്നെ വർഷങ്ങളായി എതിർക്കുന്നവരും ജീവിതം തകർക്കാൻ ആഗ്രഹിക്കുന്നവരുമാണ് പരാതിക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സൈബിക്കെതിരെ കഴിഞ്ഞദിനസം ബാർകൗൺസിലും നോട്ടിസ് നൽകിയിരുന്നു. നിയമമന്ത്രാലയത്തിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് നടപടി. സൈബിയിൽനിന്നു വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഒരുകൂട്ടം അഭിഭാഷകരാണ് സൈബിക്കെതിരെ പരാതി നൽകിയത്. ഇവരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.

സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിൽ ജാമ്യം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP