Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാത്തിനും ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന് ആത്മഹത്യ കുറിപ്പിട്ടത് ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയി; അദ്ധ്യാപകരായ ഹേമചന്ദ്രനും മിലിന്ദിനും എതിരേയും പരാമർശങ്ങൾ; ക്യാന്റീനിലെ കരച്ചിലിന് ശേഷമുള്ള അസ്വാഭാവിക മരണത്തിൽ ചെന്നൈ പൊലീസ് നടത്തുന്നത് കള്ളക്കളികൾ; മിസോറാമിലേക്ക് മുങ്ങിയ സുദർശനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; ചെന്നൈ ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹതകൾ; നേരറിയാൻ സിബിഐ എത്തുമോ?

എല്ലാത്തിനും ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന് ആത്മഹത്യ കുറിപ്പിട്ടത് ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയി; അദ്ധ്യാപകരായ ഹേമചന്ദ്രനും മിലിന്ദിനും എതിരേയും പരാമർശങ്ങൾ; ക്യാന്റീനിലെ കരച്ചിലിന് ശേഷമുള്ള അസ്വാഭാവിക മരണത്തിൽ ചെന്നൈ പൊലീസ് നടത്തുന്നത് കള്ളക്കളികൾ; മിസോറാമിലേക്ക് മുങ്ങിയ സുദർശനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; ചെന്നൈ ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹതകൾ; നേരറിയാൻ സിബിഐ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തന്റെ മരണത്തിന്റെ ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന് കുറിച്ചിട്ട് യുവതി ആത്മഹത്യ ചെയ്തിട്ടും പൊലീസിന് വേണ്ടത് സഹപാഠികളുടെ മൊഴി. മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ രണ്ട് അദ്ധ്യാപകരെ ചോദ്യം ചെയ്തുവെങ്കിലും അദ്ധ്യാപകരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒളിവിലുള്ള സുദർശൻ പത്മനാഭനെതിരെ സഹപാഠികൾ മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയർ ഫാനിൽ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിൽ കാണപ്പെട്ടതും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകർ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ എസ്‌ഐ മടിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നു.

പ്രതിഷേധം ആളികത്തുമ്പോഴും അദ്ധ്യാപകർക്ക് എതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിലപാട്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്, അദ്ധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ശേഷം സുദർശൻ പത്മനാഭൻ ക്യാമ്പസിൽ എത്തിയിട്ടില്ല. അദ്ദേഹം മിസോറാമിലേക്ക് പോയെന്നാണ് സൂചന. ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അദ്ധ്യാപകരെയും സഹപാഠികളെയും ഉൾപ്പടെ പതിമൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകി. ഇതെല്ലാം വെറും തട്ടിപ്പ് അന്വേഷണമാണെന്നാണ് ഉയരുന്ന സൂചന. സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ൽ 13മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്കിന് കൂടി അർഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാട് സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സുദർശൻ പത്മനാഭൻ ഒളിവിൽ പോയത്.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികൾ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈൽ ഫോണിൽ രേഖപ്പെടുത്തിയ 2 കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാൽ, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരിൽ ഒരാൾ അവധിയിലാണ്. ഇന്റേണൽ പരീക്ഷയിൽ ഒരു വിഷയത്തിൽ അർഹതപ്പെട്ട മാർക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറഞ്ഞു.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നിൽ വർഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളിൽ നിന്ന് മൊഴിയെടുത്ത് പ്രശ്‌നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അവൾ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി. അതുകൊണ്ട് തന്നെ ഈ വാദം നിൽക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ 2 അസി. പ്രഫസർമാർക്കും ചില വിദ്യാർത്ഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫും പറഞ്ഞു.

ഫാത്തിമ എന്ന പേരുമായി പുറത്തു പോയി പഠിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മകൾ പറഞ്ഞിരുന്നതായി പിതാവ് അബ്ദുൾ ലത്തീഫ് ആരോപിച്ചു. നാലുമാസം മുമ്പ് ഐ.ഐ.ടിയിൽ ചേർന്ന ഫാത്തിമ ആദ്യനാളുകളിൽ സന്തോഷവതിയായിരുന്നുവെന്നും എന്നാൽ ഒരുമാസത്തോളമായി ദുഃഖിതയായാണ് കാണപ്പെട്ടെതെന്നും പിതാവ് പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയിലെ ഒന്നാംവർഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലം കിളിക്കൊല്ലൂർ സ്വദേശി അബ്ദുൾ ലത്തീഫ്-സബിത ദമ്പതികളുടെ മകൾ ഫാത്തിമ ലത്തീഫ്(18). കഴിഞ്ഞ എട്ടിനു രാത്രിയാണ് ഫാത്തിമയെ ഐ.ഐ.ടി. ക്യാമ്പസിലെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

ഫാത്തിമയുടെ മരണമറിഞ്ഞു ബന്ധു ഷമീറും ഇരട്ട സഹോദരിയായ ആയിഷയുമടക്കമുള്ളവർ ഐ.ഐ.ടിയിൽ എത്തിയപ്പോൾ ബന്ധപ്പെട്ട അധികൃതർ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ മൃതദേഹം പാക്ക് ചെയ്ത് നൽകാൻ ചുമതലപ്പെട്ട ഒരു ശിപായി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും ഷമീർ പറഞ്ഞു. മരിച്ചതിന്റെ തലേദിവസം ക്യാന്റീനിൽ ഇരുന്ന് കരഞ്ഞുവെന്നും കാരണം തിരക്കിയപ്പോൾ ഒന്നും പറഞ്ഞില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ പിന്നീട് ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന തരത്തിലാണ് അതേ കുട്ടികൾ മറുപടി പറഞ്ഞതെന്നും ഐ.ഐ.ടി. അധികൃതരുടെ ഇടപെടലുകൾ കാരണമാണിതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഐ.ഐ.ടി. ഉൾപ്പെട്ട പ്രദേശത്തെ കോട്ടൂർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ വാങ്ങാനെത്തിയപ്പോഴാണ് സഹോദരി ആയിഷ ഫാത്തിമയുടെ ഫോൺ കണ്ടത്. ഇവർ ആ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് ഫോണിന്റെ സ്‌ക്രീൻ സേവറയായി ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണെന്നും കൂടുതൽ വിവരങ്ങൾക്ക് സാംസങ് നോട്ട് നോക്കാനുമുള്ള കുറിപ്പായിരുന്നു സ്‌ക്രീൻ സേവർ. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

വേറെയും ചില അദ്ധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടിൽ കുറിച്ചിരുന്നു. തന്നെ മാത്രമല്ല വേറെ ചില കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടെന്ന് ഫാത്തിമ പറഞ്ഞിരുന്നു. ആ ഒരു ദിവസം എന്ത് ഉപദ്രവമാണ് അവൾക്ക് ഉണ്ടായതെന്നാണ് തങ്ങൾക്ക് അറിയണ്ടതെന്നും അദ്ദേഹം പറഞ്ഞു. വേണ്ട ഇടപെടലുകൾ നടത്തുമെന്നും നടപടികൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്ന് ലത്തിഫ് പറഞ്ഞു. അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യാൻ തമിഴ്‌നാട് സർക്കാരിനോട് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ബന്ധുക്കൾ പരാതി അയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP