Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ സാംസങ്‌ നോട്ടിൽ കുറിപ്പെഴുതിയത് എല്ലാം പുറംലോകമറിയാൻ; 28 ദിവസത്തെ കുറിപ്പിൽ എല്ലാമുണ്ടെന്ന് അച്ഛൻ ലത്തീഫ്; പളനി സ്വാമിക്ക് കൈമാറിയവയിൽ ഈ നിർണ്ണായക തെളിവുകളും; പ്രതിഷേധം ശക്തമാകുമ്പോൾ അന്വേഷണം ഊർജ്ജിതമാക്കി തമിഴ്‌നാട് ക്രൈംബ്രാഞ്ച്; ഐഐടി ഡയറക്ടറെ ഇന്ന് ചോദ്യം ചെയ്യും; സുദർശൻ പത്മാനാഭൻ യൂറോപ്പിലേക്ക് കടന്നുവെന്ന തിരിച്ചറിവിൽ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ; ഫാത്തിമാ ലത്തീഫിന് നീതിയൊരുക്കാൻ തമിഴകവും കേരളവും കൈകോർക്കുമ്പോൾ

മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ സാംസങ്‌ നോട്ടിൽ കുറിപ്പെഴുതിയത് എല്ലാം പുറംലോകമറിയാൻ; 28 ദിവസത്തെ കുറിപ്പിൽ എല്ലാമുണ്ടെന്ന് അച്ഛൻ ലത്തീഫ്; പളനി സ്വാമിക്ക് കൈമാറിയവയിൽ ഈ നിർണ്ണായക തെളിവുകളും; പ്രതിഷേധം ശക്തമാകുമ്പോൾ അന്വേഷണം ഊർജ്ജിതമാക്കി തമിഴ്‌നാട് ക്രൈംബ്രാഞ്ച്; ഐഐടി ഡയറക്ടറെ ഇന്ന് ചോദ്യം ചെയ്യും; സുദർശൻ പത്മാനാഭൻ യൂറോപ്പിലേക്ക് കടന്നുവെന്ന തിരിച്ചറിവിൽ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ; ഫാത്തിമാ ലത്തീഫിന് നീതിയൊരുക്കാൻ തമിഴകവും കേരളവും കൈകോർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മകൾ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പിതാവ് അബ്ദുൽ ലത്തീഫ് . അന്വേഷണം തുടങ്ങിയതിനാൽ ഇപ്പോൾ അവ പരസ്യപ്പെടുത്തുന്നില്ല. ഇന്ന് ചെന്നൈയിൽ അന്വേഷണോദ്യോഗസ്ഥരെ കാണുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. അതിനിടെ ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം, ഗവർണർക്കും മദ്രാസ് ഐഐടി അധികൃതർക്കും ഫാത്തിമയുടെ മാതാപിതാക്കൾ പരാതി നൽകും. ഫാത്തിമയുടെ വിധി ഇനിയൊരു കുട്ടിക്ക് ഉണ്ടാകാതിരിക്കാനാണ് ഈ പോരാട്ടം. ആത്മഹത്യക്ക് കാരണക്കാരനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ യൂറോപ്പിലേക്ക് കടന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

മകൾ ഫാത്തിമ മരിക്കുന്ന ദിവസം വരെ 28 ദിവസം സാംസങ്‌ നോട്ടിൽ എഴുതിയ കുറിപ്പുകൾ തന്റെ പക്കലുണ്ടെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇവ ഇപ്പോൾ പുറത്തു വിടുന്നതിന് പരിമിതിയുണ്ട്. അന്വേഷണം നല്ല നിലയിലല്ലെങ്കിൽ അവ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് അന്വേഷണത്തെ ഗൗരവത്തോടെ പൊലീസ് എടുക്കുന്നത്. ഇന്ന് അന്വേഷണോദ്യോഗസ്ഥരെ അബ്ദുൽ ലത്തീഫ് കാണുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഡിജിപി ഡികെ ത്രിപാഠി, ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിൻ, കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെ അബ്ദുൽ ലത്തീഫ് കണ്ടിരുന്നു. എല്ലാവരും ലത്തീഫിന് പിന്തുണ വാഗ്ദാനം ചെയ്തു. അതിനിടെ ഐഐടിക്ക് പുറത്തും അകത്തും പ്രതിഷേധം കനക്കുകയാണ്. ഫാത്തിമയ്ക്കു നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐ.ഐ.ടിയിൽ പ്രതിഷേധമുണ്ടായിരിക്കുന്നത്.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദിയായ അദ്ധ്യാപകനു ശിക്ഷയുറപ്പാക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. കഴിഞ്ഞ ഒമ്പതിനു ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലാണു ഫാത്തിമയെ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ലെങ്കിലും മൊബൈൽ ഫോണിൽ മരണത്തിനു കാരണക്കാരൻ ഒരുഅദ്ധ്യാപകനാണെന്ന സന്ദേശമുണ്ടായിരുന്നു. ഇയാൾക്കെതിരേ പൊലീസ് നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളടെ പ്രക്ഷോഭം. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ ഡി.എം.കെയും കോൺഗ്രസും മാർച്ച് നടത്തി. രണ്ടു പാർട്ടികളുടെയും വിദ്യാർത്ഥി-യുവജനവിഭാഗങ്ങളും പിന്തുണയുമായി രംഗത്തെത്തി. വനിതകളടക്കം നിരവധി സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഫാത്തിമയ്ക്കു നീതി ലഭ്യമാക്കണമെന്നെഴുതിയ പ്ലക്കാർഡുകളുമേന്തി സമരരംഗത്തുണ്ട്. പ്രതിഷേധമാർച്ചുകൾ കണക്കിലെടുത്ത് ഐ.ഐ.ടിക്കു മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രധാനകവാടത്തിൽ പൊലീസിനു പുറമെ സ്വകാര്യ സുരക്ഷാ ഗാർഡുമാരെയും നിയോഗിച്ചിരുന്നു.

സംഭവത്തിൽ ചെന്നൈ ഐ.ഐ.ടിയും തമിഴ്‌നാട് പൊലീസും ഒത്തുകളിക്കുകയാണെന്നു അബ്ദുൽ ലത്തീഫ് ആരോപിച്ചു. അന്വേഷണത്തിൽ തമിഴ്‌നാട് പൊലീസിന് വീഴ്ചയുണ്ടായി. സംഭവ ശേഷം ഫാത്തിമയുടെ മുറി സീൽ ചെയ്യുന്ന കാര്യത്തിൽ പൊലീസ് ജാഗ്രത പുലർത്തിയില്ലെന്നും സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണ്. മരണശേഷം ഐ.ഐ.ടി. അദ്ധ്യാപകർ തെളിവു നശിപ്പിച്ചു. മരിക്കുന്നതിനു തൊട്ടു മുമ്പ് അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ഫാത്തിമയെ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. മൃതദേഹം കൊണ്ടുവരാനായി ചെന്നപ്പോൾ അദ്ധ്യാപകരിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അബ്ദുൽലത്തീഫ് പറഞ്ഞു.

ഐ.ഐ.ടിയിലെ ഒന്നാം വർഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാർത്ഥിനി കിളിക്കൊല്ലൂർ രണ്ടാംകുറ്റി കിലോംതറയിൽ ഫാത്തിമയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിപ്പിച്ചതിനെത്തുടർന്നു പിതാവ് അബ്ദുൽ ലത്തീഫും ബന്ധുമിത്രാദികളും രാഷ്ര്ടീയ നേതാക്കളുമടങ്ങിയ സംഘം ഇന്നലെയാണു ചെന്നൈയിലെത്തിത്. ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച. സംഭവത്തിൽ സിബിഐ. അന്വേഷിക്കണം വേണമെന്നു ബന്ധുക്കൾ ആവശ്യമുന്നയിച്ചു. മൊബൈലിൽ ഫാത്തിമ അയച്ച സന്ദേശങ്ങളും കൈമാറി. വിശദമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി സംഘത്തിന് ഉറപ്പ് നൽകി.

അതിനിടെ, സംഭവത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നു തമിഴ്‌നാട് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. എം. നൗഷാദ് എംഎ‍ൽഎയുടെ സബ്മിഷന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ജി. സുധാകരനാണു നിയമസഭയിൽ മറുപടി നൽകിയത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ സത്വര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്‌നാടിനു കത്തു നൽകിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു ഫാത്തിമയുടെ വീട് സന്ദർശിച്ച മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങൾ വിവരിച്ചു. മരണത്തിനു തലേദിവസവും ഫാത്തിമ വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും വീഡിയോ കോളിൽ മുഖം മ്ലാനമായിരുന്നുവെന്നും അയിഷ പറഞ്ഞു. തന്റെ മകളുടെ ഗതി മറ്റാർക്കും ഉണ്ടാവരുതെന്നു ഫാത്തിമയുടെ മാതാവ് സബിത മന്ത്രിയോട് ആവശ്യപ്പെട്ടു.

'എന്റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ ആണ്', മദ്രാസ് ഐ ഐ ടിയിലെ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന വാചകമാണ് ഇത്. എന്നാൽ, ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് എഫ് ഐ ആറിൽ ചേർത്തിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ ആണ് സുദർശൻ പത്മനാഭൻ. സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് തങ്ങളുടെ മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP