Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും

ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും  മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി ദത്ത് നൽകിയിട്ടും, അനുപമ എന്ന അമ്മയെ ഒരു വർഷത്തോളമായി കുഞ്ഞിനെ തേടിയലയാൻ വിട്ടിട്ടും സിപിഎമ്മിന് പക തീരുന്നില്ല. നിരന്തരപോരാട്ടങ്ങളിലൂടെ സ്വന്തം കുഞ്ഞിനെ നേടിയെടുത്ത അനുപമയേയും അജിത്തിനേയും പിന്തുടർന്ന് വേട്ടയാടുകയാണ് സൈബർ ലോകത്തെ സഖാക്കൾ.

സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു പേരൂർക്കട ദത്ത് കേസ്. പിഎസ് ജയചന്ദ്രൻ എന്ന സിപിഎം നേതാവിന് വേണ്ടി ശിശുക്ഷേമസമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പേരൂർക്കട പൊലീസും ഒത്തുകളിച്ചതിന്റെ ഭാഗമായായിരുന്നു അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ ആന്ധ്രാപ്രദേശിൽ ദത്ത് നൽകിയത്. സമരപോരാട്ടങ്ങളിലൂടെ കുഞ്ഞിനെ നേടിയെടുക്കാൻ അനുപമയ്ക്ക് സാധിച്ചെങ്കിലും നിരവധി വ്യാജപ്രചരണങ്ങളുമായി ഇവർക്കെതിരെ സൈബർ ഗുണ്ടകളും രംഗത്തെത്തിയിരുന്നു.

അജിത്തിന്റെ മൂന്നാം വിവാഹമാണിത്, ആദ്യഭാര്യയിൽ അജിത്തിന് മൂന്ന് മക്കളുണ്ട്, അവരെ ഉപേക്ഷിച്ചാണ് അജിത്ത് അനുപമയെ വിവാഹം കഴിച്ചത്, ആദ്യഭാര്യകൂട്ടുകാരന്റെ ഭാര്യയായിരുന്നു, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത് തുടങ്ങിയ സിപിഎമ്മിന്റെ നുണപ്രചരണങ്ങളെ ഖണ്ഡിക്കുന്ന തെളിവുകൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ആദ്യമുയർത്തിയ വാദങ്ങൾ ഓരോന്നായി പൊളിഞ്ഞതോടെ അത്യന്തം ഹീനമായ മറ്റൊരു കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം അണികൾ. അജിത്തിന് സർക്കാർ ജോലി ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ നിവേദനം നൽകിയെന്ന പോസ്റ്ററാണ് ഇടതുമുന്നണി അണികൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കേരളാ കോൺഗ്രസ് (സ്‌കറിയാ തോമസ്) സംസ്ഥാന നേതാവായ ഹഫീസ് മുതൽ താഴെക്കിടയിലുള്ള സൈബർ തൊഴിലാളികൾ വരെ ഈ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. കേസുണ്ടാകുമെന്ന് ഭയന്നിട്ടാകാം പോസ്റ്റർ ഷെയർ ചെയ്യാതെയാണ് ഹഫീസിന്റെ പോസ്റ്റ്.

അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകർ തയ്യാറാക്കിയ പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ബിആർപി ഭാസ്‌കർ, കെ. സച്ചിദാനന്ദൻ, കെ. അജിത, എച്ച്മുക്കുട്ടി, പ്രൊഫ. ബി രാജീവൻ, എൻപി ചേക്കുട്ടി, ശിഹാബ്ദിൻ പൊയ്ത്തുംക്കടവ്, പിഇ ഉഷ, ഡോ. ആസാദ്, ഡോ. ജെ. ദേവിക തുടങ്ങിയവർ ഒപ്പിട്ട നിവേദത്തിന്റെ പോസ്റ്ററിലാണ് കൃത്രിമത്വം നടന്നിരിക്കുന്നത്.

ഈ വ്യാജപ്രചരണത്തിനെതിരെ നിരവധിപേർ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ സാംസ്‌കാരിക പ്രവർത്തനങ്ങളെ തന്നെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് സൈബർ ഗുണ്ടകൾ നടത്തുന്നതെന്ന് സമരസമിതി കൺവിനർ പി ഇ ഉഷ പ്രതികരിച്ചു. ഈ വ്യാജപ്രചരണത്തിനെതിരെ സമരസമിതി നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. നീതിയെയും ന്യായത്തെയും നോക്കി പല്ലിളിച്ചു കാട്ടി അപമാനിക്കുന്ന പുരോഗമനമാണ് സിപിഎം സൈബർ ഗുണ്ടകളുടേതെന്ന് സാമൂഹ്യപ്രവർത്തകയും സമരസമിതി അംഗവുമായ ഡോ. ജെ ദേവിക പറഞ്ഞു.

അതീവ ദുർബ്ബലമായ മൂന്നംഗ കുടുംബത്തെ ജീവിക്കാൻ വിടില്ല എന്ന കാര്യത്തിൽ സർക്കാറും പാർട്ടിയും അവരുടെ കൂളസംഘങ്ങളും സകല ഭൂതപിശാചുകളും ഒറ്റക്കെട്ടാണെന്ന് ഡോ. ആസാദ് ഫേസ്‌ബുക്കിൽ കുറിച്ചു. കൺമുന്നിൽ ഒരു കുടുംബം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോൾ മാന്യന്മാരുടെ മഹാനിര മൗനമാണെന്നും അദ്ദേഹം പരിഹസിച്ചു. മുമ്പ് ടിപിയെ വധിച്ചപ്പോഴും ഇത്തരത്തിലുള്ള നുണക്കഥകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് സിപിഎമ്മിലെ ചിലർക്കെങ്കിലും നീതിബോധമുണ്ടായിരുന്നു. ഇന്ന് നീതിബോധത്തിന്റെ അവസാനകനലും കെട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നടത്തുന്നത് ഗുരുതരമായ ക്രിമിനൽ ആക്ടിവിറ്റിയാണെന്നാണ് സമരസമിതി അംഗം ശ്രീജ നെയ്യാറ്റിൻകര പ്രതികരിച്ചത്. ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

ഇന്നലെ രാത്രി മുതൽ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള സൈബർഗുണ്ടകൾ വ്യാജപ്രചരണം നടത്തുന്നതിന് മുൻനിരയിലുണ്ട്. പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി നൽാൻ ഒരുങ്ങുകയാണ് അജിത്തും അനുപമയും. മോൻസനോടൊപ്പമുള്ള എ എ റഹീമിന്റെ വ്യാജചിത്രം പ്രചരിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപികയെ രായ്ക്ക് രാമാനം അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച പിണറായി വിജയൻ അജിത്തിന്റെയും അനുപമയുടെയും ദുഃഖം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. ഇവിടെ പ്രതിസ്ഥാനത്ത് മുഖ്യന്റെ സ്വന്തം പാർട്ടിക്കാരാണ്. വാദികൾ പാർട്ടി എതിരാളികളായി കാണുന്നവരുമാണ് എന്നതാണ് വ്യത്യാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP