Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ട്രാൻസ്ഫർ ഓഡർ വാങ്ങാൻ പോലും നിങ്ങൾ ഗേൾസ് സ്‌കൂളിന്റെ മതിലിനകത്ത് കയറാൻ പാടില്ലെന്ന് മാനേജർ'; 'രണ്ടുപതിറ്റാണ്ട് കുട്ടികളെ പഠിപ്പിച്ച ഞാൻ ഒരുനിമിഷം കൊണ്ട് വെറും നികൃഷ്ടൻ'; ഹെഡ്‌മാസ്റ്റർ പദവിയെ ചൊല്ലിയുള്ള തർക്കം വന്നപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന വ്യാജ പരാതി ഉന്നയിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; ആരും പരാതി നൽകിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ആലപ്പുഴ എസ്ഡിവി സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കോടതിയെ സമീപിച്ച വേണു നീലമന മറുനാടനോട് മനസുതുറക്കുന്നു

'ട്രാൻസ്ഫർ ഓഡർ വാങ്ങാൻ പോലും നിങ്ങൾ ഗേൾസ് സ്‌കൂളിന്റെ മതിലിനകത്ത് കയറാൻ പാടില്ലെന്ന് മാനേജർ';  'രണ്ടുപതിറ്റാണ്ട് കുട്ടികളെ പഠിപ്പിച്ച ഞാൻ ഒരുനിമിഷം കൊണ്ട് വെറും നികൃഷ്ടൻ'; ഹെഡ്‌മാസ്റ്റർ പദവിയെ ചൊല്ലിയുള്ള തർക്കം വന്നപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന വ്യാജ പരാതി ഉന്നയിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; ആരും പരാതി നൽകിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ആലപ്പുഴ എസ്ഡിവി സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കോടതിയെ സമീപിച്ച വേണു നീലമന മറുനാടനോട് മനസുതുറക്കുന്നു

എം മനോജ് കുമാർ

ആലപ്പുഴ: പോക്‌സോ കേസിൽ കുടുക്കുമെന്ന സ്‌കൂൾ മാനേജരുടെ ഭീഷണിയെ തുടർന്ന് നീതി തേടി അദ്ധ്യാപകൻ കോടതിയിൽ. വ്യാജ പീഡന പരാതിയുടെ പേരിൽ മാനസികമായും ശാരീരികമായും തകർന്നതിനെ തുടർന്നാണ് അദ്ധ്യാപകൻ കോടതിയെ സമീപിച്ചത്. രണ്ടു പതിറ്റാണ്ടായി ആലപ്പുഴ എസ്ഡിവി ഗേൾസ് സ്‌കൂളിൽ സംസ്‌കൃത അദ്ധ്യാപകനായി തുടരുന്ന വേണു നീലമനയാണ് നീതി തേടി ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചത്. അദ്ധ്യാപകനെതിരെ ഉയർന്ന പോക്‌സോ കേസ് ഭീഷണിയും അറസ്റ്റ് ഭയന്ന് മുൻ മാനേജറുടെ ജാമ്യമെടുക്കലുമായതോടെ മങ്ങലേറ്റത് നൂറിലധികം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എസ്ഡിവി സ്‌കൂളിന്റെ യശസ്സിനുമാണ്. ഹെഡ് മാസ്റ്റർ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പോക്‌സോ കേസ് ഭീഷണിയിൽ എത്തിച്ചത് എന്നാണ് വാദം. ഇത് മനസിലായതുകൊണ്ടാണ് കോടതിയിൽ പരാതി നൽകിയതെന്നും ആരോപണ വിധേയനായ വേണു നീലമന മറുനാടനോട് പ്രതികരിച്ചു.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായ ആരോപണമാണ് സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകനെതിരെ ഭീഷണിയുടെ രൂപത്തിൽ മുഴക്കിയത്. ആദ്യം വിരണ്ടുപോയെങ്കിലും പിന്നീട് നീതിതേടി അദ്ധ്യാപകൻ കോടതിയെ സമീപിച്ചതോടെ സ്‌കൂൾ മാനേജ്മെന്റിന്റെ നീക്കം പാളുകയായിരുന്നു. ആരോപണം മുഴക്കിയ ആദ്യ മാനേജർ ജാമ്യം എടുത്തിട്ടുണ്ട്. ഇപ്പോൾ പകരം പുതുതായി മാനേജർ സ്‌കൂളിൽ നിയമിതനായിട്ട. ഈ കാര്യങ്ങൾ ഒന്നും തന്നെ പഠിച്ചില്ലെന്നാണ് പുതുതായി ചാർജെടുത്ത മാനേജർ രാമാനന്ദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. . പെൺകുട്ടിയുടെ മാതാപിതാക്കളുടെ രേഖാമൂലമുള്ള പരാതി ലഭിച്ചില്ലെന്നാണ് ഇപ്പോൾ ഈ കേസിൽ ജാമ്യം എടുത്ത അന്നത്തെ സ്‌കൂൾ മാനേജർ നീലകണ്ഠൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

.2018 ജൂലൈ 1 നാണ് അദ്ധ്യാപകനെ മാനസികമായി തകർത്ത സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം മാനേജർ ആയ നീലകണ്ഠന്റെ ഫോണിൽ നിന്ന് അദ്ധ്യാപകനായ വേണുവിന്റെ ഫോണിലേക്ക് കോൾ വരുന്നു. ഇതാണ് പറഞ്ഞത്: 'സാറിന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്.'' 'ഒരു രക്ഷിതാവ് നേരിട്ടു എന്റെ വീട്ടിൽ കൊണ്ടു തന്ന പരാതിയാണിത്. 'അഞ്ചാം ക്ലാസിലെ ഒരു കുട്ടിയെ സാർ ലൈംഗികമായി ആയി ഉപദ്രവിച്ചെന്നുള്ള പരാതി കിട്ടിയിട്ടുണ്ട്. ഞെട്ടലോടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ പിറ്റേന്ന് രാവിലെ 10.30 ന് ആർ.കൃഷണൻ എന്ന സ്‌കൂൾ മാനേജരുടെ വീട്ടിൽ എത്തണമെന്നും നിർദേശിച്ചു. ഇത് കേട്ടപ്പോൾ ഞാൻ വല്ലാതെ പകച്ചു പോയി. വളരെ മാന്യമായി എല്ലാവരോടും ഇടപെടൽ നടത്തുന്ന ആളാണ് ഞാൻ. ഒരു പരാതിയും എനിക്കെതിരെ ഉയർന്നു വന്നിട്ടില്ല. ഇത് കേട്ടപ്പോൾ തന്നെ ചതിയാണിത് എന്നാണ് ഞാൻ പ്രതികരിച്ചത്. ആരൊക്കെയോ ഇതിന്റെ പിന്നിലുണ്ട്. പക്ഷെ രേഖാമൂലമുള്ള പരാതിയുള്ളതിനാൽ നടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്.

'പിറ്റേന്ന് ജൂലൈ രണ്ടിന് പത്തരയ്ക്ക് ഞാൻ മാനേജർ ആർ.കൃഷ്ണന്റെ വീട്ടിൽ പോയി. സ്‌കൂൾ മാനേജർ നീലകണ്ഠൻ അവിടെയുണ്ട്. കോളേജിന്റെ മാനേജർ ആയ കൃഷ്ണകുമാർ തുടങ്ങിയവർ അവിടെയുണ്ട്. ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു പരാതി വന്നിട്ടുണ്ട്. 113 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. അതുകൊണ്ട് ലീവെടുക്കണം. ഞാൻ ചോദിച്ചു. തെറ്റ് ചെയ്യാത്ത ഞാൻ എന്തിനു ലീവ് എടുക്കണം. പക്ഷെ സാർ വന്നാൽ രക്ഷിതാക്കൾ ബഹളമുണ്ടാക്കും. അതിനാൽ തത്ക്കാലം മൂന്നു ദിവസത്തേക്ക് ലീവ് എടുക്കണം. അപ്പോൾ ഞാൻ പറഞ്ഞു. പരാതി കിട്ടിയെങ്കിൽ അതൊന്നു കാണിക്ക്. എനിക്കെതിരെയുള്ള പരാതിയല്ലേ. അതൊന്നു വായിച്ച് കേൾപ്പിക്ക്. പക്ഷെ പരാതിയുടെ കോപ്പി എനിക്ക് നൽകാനോ, അത് വായിച്ച് കേൾപ്പിക്കാനോ ഒന്നും തന്നെ മാനേജ്മെന്റ് തയ്യാറായില്ല.'

'അപ്പോഴും ഞാൻ വാദിച്ചു. ഞാൻ തെറ്റ് ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ലീവെടുക്കണം. നീലകണ്ഠൻ, ആർ.കൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ അടങ്ങിയ സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിക്ക് മുന്നിൽ മുന്നിൽ ഞാൻ പറഞ്ഞത് ഒന്നും ഫലിച്ചില്ല. കൃഷ്ണകുമാർ വ്യക്തതയോടെ പറഞ്ഞു. മാനേജ്മെന്റ് പറയുന്നത് അനുസരിക്കാൻ നിങ്ങൾ നിർബന്ധിതനാണ്. നിങ്ങൾ ലീവെടുത്ത് പോയേ മതിയോകൂ. ഇതോടെ പക്ഷെ ലീവെടുക്കാൻ ഞാൻ നിർബന്ധിതനായി. പക്ഷെ ഒരു കണ്ടീഷൻ ഞാൻ വെച്ചു. ഈ കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തണം. കാരണം പരാതി എന്നെ കാണിക്കുന്നില്ല. ആരാണ് പരാതിക്കാർ, അല്ലെങ്കിൽ പരാതിക്കാരി ആരാണ് എന്നൊന്നും പറഞ്ഞിട്ടില്ല. ഏത് കുട്ടിയെ ഞാൻ പീഡിപ്പിച്ചു എന്നുപോലും പറയുന്നില്ല. അതിനാൽ ഈ പരാതിയിൽ എന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യക്തത വരുത്തണം. പക്ഷെ അവർ ഒന്നിനും തയ്യാറായില്ല. തകർന്ന മനസോടെ ഞാൻ സ്‌കൂളിൽ നിന്ന് മടങ്ങി.

മൂന്നു ദിവസങ്ങൾക്കു ശേഷം ഞാൻ മാനേജറെ വിളിച്ചു. പക്ഷെ നീലകണ്ഠൻ പറഞ്ഞു. പ്രശ്‌നങ്ങൾ ഒന്നും പരിഹരിച്ചിട്ടില്ല. അവരുടെ നിർബന്ധത്തെ തുടർന്ന് പിന്നെയും രണ്ടു ദിവസം കൂടി ഞാൻ ലീവെടുത്തു. പിന്നെ ആ വെള്ളിയാഴ്ച മാനേജർ എന്നെ വിളിച്ചിട്ടു പറഞ്ഞു. മാനേജ്മെന്റ് കമ്മറ്റി ഓഫീസിൽ എത്തണം. അങ്ങിനെ എത്തിയ എന്നോട് പറഞ്ഞു. മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്. ആ സാർ എസ്ഡിവി സ്‌കൂൾ ഗേൾസിൽ പഠിപ്പിക്കാൻ വരരുത്. പഠിപ്പിക്കാൻ വന്നാൽ ഞങ്ങൾ കുട്ടിയെ പിൻവലിക്കും. രക്ഷിതാക്കൾ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ചൈൽഡ് ലൈനിൽ പോകും. മാധ്യമങ്ങൾ സ്‌കൂളിൽ എത്തും. അതിനാൽ ഞങ്ങൾ ഒരു തീരുമാനമെടുത്തു. സാറിനെ എസ്ഡിവി ബോയ്‌സിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞു. ഞാൻ എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ തയ്യാറാണ്. അപ്പോൾ മാനേജ്മെന്റ് പറഞ്ഞു. ട്രാൻസ്ഫർ ഓർഡർ വാങ്ങാൻ പോലും നിങ്ങൾ ഗേൾസ് സ്‌കൂൾ മതിലിനകത്ത് കയറാൻ പാടില്ല. ഇത്ര കാലം അവിടെ പഠിപ്പിച്ച അദ്ധ്യാപകനായ ഞാൻ ഒരു മാത്രകൊണ്ടു നികൃഷ്ടനായി മാറി. മനസാ വാചാ എനിക്ക് ബന്ധമില്ലാത്ത സംഭവത്തിന്റെ പേരിൽ ട്രാൻസ്ഫർ ഓർഡർ വാങ്ങിക്കാൻ പോലും എനിക്ക് സ്‌കൂൾ മതിലിനകത്തേക്ക് കയറിച്ചെല്ലാൻ കഴിഞ്ഞില്ല. ഇത്തരം ഓരോ വാക്കുകൾ അവർ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഞാൻ തകർന്നു കൊണ്ടിരുന്നു.

വെള്ളിയാഴ്ചയാണ് എന്നെ ബോയ്‌സിലേക്ക് മാറ്റാനുള്ള തീരുമാനം അവർ എന്നോട് പറഞ്ഞത്. പക്ഷെ മുകളിൽ ദൈവം ഉണ്ട്. അദ്ദേഹം അത് മുൻകൂട്ടി കണ്ടിരിക്കണം. ശനിയാഴ്ച പക്ഷെ അവർക്ക് ആ തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഞാൻ സംസ്‌കൃതം അദ്ധ്യാപകനാണ്. ബോയ്‌സിലേക്ക് എന്നെ മാറ്റുമ്പോൾ ബോയ്സിലെ ടീച്ചറെ ഗേൾസിലേക്ക് മാറ്റണം. പക്ഷെ അവിടെ വേറെ പ്രശ്‌നം വന്നു. ബോയ്‌സിലെ ടീച്ചർക്ക് സ്റ്റുഡന്റസ് പൊലീസ് കാഡറ്റ് ചാർജ് ഉണ്ട്. അവർക്ക് അഞ്ചു വർഷത്തേക്ക് ട്രാൻസ്ഫർ നൽകാൻ ഓപ്ഷൻ ഇല്ല. എന്നെ ബോയ്‌സിലേക്ക് മാറ്റിയാൽ ബോയ്‌സിലെ സംസ്‌കൃതം ടീച്ചറെ ഗേൾസിലേക്ക് മാറ്റാൻ എസ്ഡിവി മാനേജ്മെന്റിന്റെ കഴിയില്ല. അതോടെ എന്നെ തന്നെ ഗേൾസിലേക്ക് വീണ്ടും നിയോഗിക്കേണ്ട അവസ്ഥ മാനേജ്മെന്റിന് വന്നു. എന്നോട് വീണ്ടും ഒരു മാസത്തേക്ക് ലോങ്ങ് ലീവ് എടുക്കാൻ നിർദ്ദേശം വന്നു. ഞാൻ ഖണ്ഡിതമായി പറഞ്ഞു. എനിക്കെതിരെയുള്ള പരാതി കാണണം. ആരാണ് പരാതിക്കാർ, ഏതാണ് കുട്ടി എന്ന് അറിയണം. അല്ലാതെ ലീവ് എടുക്കാൻ ഞാൻ തയ്യാറല്ല. ഞാൻ പറഞ്ഞു.

പീഡന പരാതി കിട്ടിയാൽ ഉടനെ പൊലീസ് സ്റ്റേഷനിൽ നൽകി നടപടി സ്വീകരിക്കണം. ജൂൺ 29 നു പരാതി നൽകിയിട്ടു എന്നെ അറിയിക്കുന്നത് അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ്. ഇതൊക്കെ നിങ്ങൾ പറയുന്ന വിവരം മാത്രമേയുള്ളൂ. നിങ്ങൾ തത്ക്കാലം അസുഖം കാണിച്ച് ലീവ് എടുക്കൂ. പക്ഷെ ഞാൻ തയ്യാറായില്ല. അപ്പോൾ അവർ അയഞ്ഞു. മൂന്നു ദിവസം ലീവ് എടുക്കാൻ പറഞ്ഞു. പിന്നെ അവർ പറഞ്ഞു. വീണ്ടും മൂന്നു ദിവസം ലീവ്. അതിനുശേഷം അവർ പറഞ്ഞു. ഞങ്ങൾ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. എങ്ങിനെയെങ്കിലും സ്‌കൂളിലേക്ക് പൊയ്‌ക്കോ. പക്ഷെ സംസ്‌കൃതം ക്ലാസ് റൂമിൽ വേണ്ട. തുറന്ന സ്ഥലത്ത് വേണം. പക്ഷെ അതിനു ഞാൻ സമ്മതിച്ചില്ല.

ഒരു കടലാസും എനിക്ക് സ്‌കൂളിൽ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല. പിന്നെ പ്രളയം വന്നു. കാര്യങ്ങൾ അങ്ങിനെ പോയി. എനിക്ക് അന്തസായി തന്നെ ഗേൾസ് സ്‌കൂളിൽ അദ്ധ്യാപകനായി പഠിപ്പിക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ കൂടിയപ്പോൾ ഞാൻ എല്ലാവരെയും കണ്ടു. കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു. ആരെങ്കിലും വീട്ടിൽ ചെന്ന് എന്തെങ്കിലും പറഞ്ഞതായി ഞാൻ രക്ഷിതാക്കളോട് തിരക്കി. ഒരു പരാതിയും ആരും പറഞ്ഞിട്ടില്ല. പക്ഷെ എനിക്കെതിരെ പരാതി വന്നത് അങ്ങിനെ അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അപകീർത്തിക്കേസുമായി സമീപിച്ചു. കേസ് വന്നപ്പോൾ നാല് തവണ മാനേജർ നീലകണ്ഠൻ ഹാജരായില്ല. പിന്നെ വാറണ്ട് ആയപ്പോൾ മാനേജർ വന്നു ജാമ്യം എടുത്തു. ഇനി ഓഗസ്റ്റിൽ ആണ് കേസ് ഉള്ളത്- വേണു നീലമന പറയുന്നു.

ആലപ്പുഴ എസ്ഡിവി സ്‌കൂൾ മാനേജ്മെന്റിന്റെ വിശദീകരണം ഇങ്ങനെ'

എന്നാൽ ആലപ്പുഴ എസ്ഡിവിയുടെ നിലവിലെ മാനേജർ ആയ രാമാനന്ദ് ആരോപണങ്ങൾക്ക് നേരെ തൃപ്തികരമായ മറുപടി മറുനാടന് നൽകിയില്ല. എനിക്ക് അറിയില്ല. ഈ പ്രശ്‌നം പഠിച്ചില്ല. രാമാനന്ദ് പറഞ്ഞു. പഴയ മാനേജറും ഇപ്പോഴും സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗവുമായ നീലകണ്ഠൻ പക്ഷെ പ്രതികരിക്കാൻ തയ്യാറായി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു എന്ന ലൈംഗിക പീഡന പരാതി വേണു നീലമന എന്ന അദ്ധ്യാപകന് നേർക്ക് വന്നോ എന്ന മറുനാടന്റെ ചോദ്യത്തിന് അത്തരം ഒരു പരാതി വന്നു എന്നാണ് നീലകണ്ഠൻ പറഞ്ഞത്. പക്ഷെ പോക്‌സോ കേസ് ആയ പരാതി പൊലീസിന് കൈമാറിയോ എന്ന ചോദ്യത്തിന് ഇല്ലാ എന്നാണ് നീലകണ്ഠൻ മറുപടി പറഞ്ഞത്. പോക്‌സോ കേസ് ആയിട്ടും എന്തുകൊണ്ട് പൊലീസിന് പരാതി കൈമാറിയില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ നീലകണ്ഠൻ തയ്യറായില്ല. പരാതി ഞങ്ങൾ അദ്ധ്യാപകനെ അറിയിച്ചിരുന്നു. രേഖാമൂലമുള്ള പരാതി വന്നില്ലെന്നും നീലകണ്ഠൻ പറഞ്ഞു. ഹെഡ്‌മാസ്റ്റർ പ്രശ്‌നം ഉന്നയിക്കുന്നത് ശരിയല്ല. അതിനേക്കാളും സീനിയർ അദ്ധ്യാപകർ ആണ് പോസ്റ്റിൽ ഇരിക്കുന്നത്. പക്ഷെ വേണു ഞങ്ങൾക്കെതിരെ കോടതിയിൽ പരാതി നൽകുകയാണ് ചെയ്തത്-നീലകണ്ഠൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP