Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എല്ലാം ചെയ്തത് അവര് പറഞ്ഞിട്ടാണ്, എനിക്കൊന്നുമറിയില്ലായിരുന്നു.. ഞാനിതുവരെ ട്രഷറിയിൽ പോയിട്ടുപോലുമില്ല; വ്യാജ വിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ 'ഭാര്യ' ജാനകിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ; ജാനകിയെ കരുവാക്കി കളിച്ചത് അഭിഭാഷകയും ഭർത്താവുമെന്ന് വ്യക്തം

'എല്ലാം ചെയ്തത് അവര് പറഞ്ഞിട്ടാണ്, എനിക്കൊന്നുമറിയില്ലായിരുന്നു.. ഞാനിതുവരെ ട്രഷറിയിൽ പോയിട്ടുപോലുമില്ല; വ്യാജ വിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ 'ഭാര്യ' ജാനകിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ; ജാനകിയെ കരുവാക്കി കളിച്ചത് അഭിഭാഷകയും ഭർത്താവുമെന്ന് വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വ്യാജ വിവാഹത്തിലൂടെ പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത സംഭവത്തിലെ യഥാർത്ഥ പ്രതികൾ അഭിഭാഷകയും ഭർത്താവുമാണെന്ന് വ്യക്തമായി. ബാലകൃഷ്ണന്റെ ഭാര്യയെന്ന വിധത്തിൽ ജാനകിയെന്ന സാധു സ്ത്രീയെ മുന്നിൽ നിർത്തി ഇവർ കളിക്കുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില് വ്യക്തമായത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജാനകി പൊലീസിനോട് വ്യക്തമാക്കിയതോടെ തട്ടിപ്പിൽ ദമ്പതികൾക്കുള്ള പങ്ക് കൂടുതൽ വ്യക്തമായത്.

'എല്ലാം ചെയ്തത് അവര് പറഞ്ഞിട്ടാണ്, ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും... എനിക്കൊന്നുമറിയില്ലായിരുന്നു. ഞാനിതുവരെ ട്രഷറിയിൽ പോയിട്ടുപോലുമില്ല. എല്ലാം അവർ ഒപ്പിട്ടുവാങ്ങി'- ജാനകി ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാലിന് മുമ്പിൽ കരഞ്ഞു കൊണ്ട് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെയാണ്. രേഖകളിൽ ബാലകൃഷ്ണന്റെ ഭാര്യയാണ് ഇവർ. ബാലകൃഷ്ണന്റെ മരണാനന്തരം കുടുംബപെൻഷൻ രേഖപ്രകാരം കിട്ടുന്നത് ഇവർക്കാണ്.

പൊലീസ് വിളിപ്പിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈ.എസ്‌പി. ഓഫീസിലേക്ക് ബന്ധുക്കൾക്കൊപ്പമാണ് ജാനകി എത്തിയത്. അനുജത്തി ഷൈലജ സാക്ഷികളെ പഠിപ്പിക്കുമ്പോലെ തന്നെ പഠിപ്പിച്ച കാര്യങ്ങളെയെല്ലാം തള്ളി അവർ ഏറക്കുറെ സത്യങ്ങളിലേക്ക് വെളിച്ചംവീശി. വയസ്സുകാലത്ത് തട്ടിപ്പുകേസിൽ ഒന്നാം പ്രതിയാക്കി തന്നെ അപമാനത്തിലേക്ക് തള്ളിവിട്ട സഹോദരിയെ ശപിച്ചുകൊണ്ടെന്നവണ്ണം അവർ അഞ്ചു വർഷത്തെ കഥകൾ ഓർത്തെടുത്തു.

1980-ൽ ബാലകൃഷ്ണനെ വിവാഹം ചെയ്തെന്ന് പറയുന്നത് നുണയാണെന്ന് ജാനകി മൊഴിനൽകി. ബാലകൃഷ്ണനെ താൻ വിവാഹം ചെയ്തിരുന്നുവെന്ന് ഒരാഴ്ച മുമ്പ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തലേദിവസം ഷൈലജയും ഭർത്താവും പറഞ്ഞ് പഠിപ്പിച്ചതനുസരിച്ചാണ്. അനുജത്തിയുടെയും അവരുടെ ഭർത്താവിന്റെയുമൊപ്പം ഒരുദിവസം തിരുവനന്തപുരത്ത് പോയപ്പോൾ ബാലകൃഷ്ണനെ കണ്ടുവെന്നല്ലാതെ മറ്റൊരു ബന്ധവുമില്ല. തിരുവനന്തപുരത്ത് രണ്ടു പ്രാവശ്യം കൂടി പോയി. അത് വിവാഹശേഷമാണ്. പല കടലാസുകളിലും ഒപ്പിട്ട് ബാലകൃഷ്ണനുമായി വിവാഹം ചെയ്തതായി രേഖയുണ്ടാക്കിയതാണ്. ഒരു പ്രശ്നവുമില്ല, ഒപ്പിട്ടുതന്നാൽ മാത്രം മതിയെന്ന് ഷൈലജയും കൃഷ്ണകുമാറും നിർബന്ധിച്ചപ്പോൾ മറ്റ് വഴിയില്ലായിരുന്നു.

തനിക്ക് വാർധക്യകാല പെൻഷനല്ലാതെ മറ്റൊരു പെൻഷനും ഇതേവരെ കിട്ടിയിട്ടില്ല. കുടുംബപെൻഷൻ കിട്ടുമെന്നുപറഞ്ഞ് കുറെ ഒപ്പിടുവിച്ചിരുന്നു. ചെക്കുകളിലും ഒപ്പിട്ടുകൊടുത്തു. പെൻഷൻ അവൾ വാങ്ങുന്നുണ്ടോ എന്നറിയില്ല. ട്രഷറിയിൽ ഇതേവരെ പോയിട്ടില്ല. തിരുവനന്തപുരത്ത് ആദ്യം പോയതും ബാലകൃഷ്ണനെ കണ്ടെന്നു പറഞ്ഞതും പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാൽ, പിന്നീട് രണ്ടു തവണ പോയതിന് തെളിവുണ്ട്. തിരുവനന്തപുരത്തെ വീട് രജിസ്റ്റർചെയ്തു കൊടുക്കാനും ബാങ്കിലെ പണമെടുക്കാനുമാണ് പോയതെന്ന് ജാനകി മൊഴി നൽകി.

തിരുവനന്തപുരത്ത് ഒരു വക്കീൽ വന്നാണ് എല്ലാ കാര്യവും ശരിയാക്കിയത്. രാജീവ് എന്നാണ് വക്കീലിന്റെ പേര്. കനറാ ബാങ്കിലെ അക്കൗണ്ടിൽനിന്ന് ആദ്യം പണമെടുത്തു. പിന്നെ അക്കൗണ്ട് പിൻവലിക്കുകയും ചെയ്തു. എന്നാൽ വീട് എഴുതിക്കൊടുത്തിട്ടും ബാങ്കിലെ പണമെടുത്തുകൊടുത്തിട്ടും തനിക്ക് ഒന്നും തന്നില്ലെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ ജാനകി വെളിപ്പെടുത്തി. സഹോദരന്റെയും മറ്റ് ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. കാർക്കളയിലാണ് ഭർത്താവ് ശ്രീധരൻ നായരോടൊപ്പം കുറേ കൊല്ലം താമസിച്ചത്. 2009-ലാണ് കോറോത്തെ തറവാട്ടിലേക്ക് വന്നത്.

സഹോദരൻ രാഘവന്റെ രാമന്തളിയിലുള്ള ഭാര്യവീട്ടിലാണ് ഏതാനും ദിവസമായി ജാനകി താമസിക്കുന്നത്. പയ്യന്നൂർ തായിനേരിയിൽ ഷൈലജയുടെ വീട്ടിലായിരുന്നു ഒരാഴ്ച മുമ്പുവരെ ഉണ്ടായിരുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഷൈലജയും ഭർത്താവും വീട് പൂട്ടി മുങ്ങിയപ്പോൾ ജാനകി സഹോദരന്റെ ഭാര്യാഗൃഹത്തിൽ പോവുകയായിരുന്നു. യഥാർഥ ഭർത്താവിന്റെ മരണശേഷം നാലുവർഷംകൂടി കാർക്കളയിലെ ഭർത്തൃവീട്ടിലായിരുന്നു താമസം. പിന്നീട് സ്വന്തം നാടായ കോറോത്ത് സഹോദരന്റെ പേരിലുള്ള വീട്ടിലേക്ക് മാറി.

രാഘവൻ രാമന്തളിയിൽ ഭാര്യാഗൃഹത്തിലേക്ക് തത്കാലം താമസം മാറ്റിയപ്പോൾ തായിനേരിയിൽ ഷൈലജയുടെ വീട്ടിലേക്ക് മാറിയതായിരുന്നു. സഹോദരങ്ങളുടെ വീട്ടിൽ മാറിമാറി താമസിക്കുന്നതിനിടയിലാണ് വീട് നിർമ്മിക്കാൻ ആശ്രയ പദ്ധതിയിൽ അപേക്ഷ നൽകിയത്. സഹോദരൻ രാഘവൻ ഓട്ടോ ഡ്രൈവറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP