Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കക്കൂസിനുള്ളിൽ വെച്ചു ചാരായം വാറ്റി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഉഗ്രൻ സാധനമെന്ന് പറഞ്ഞ് വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി കാണിച്ചു; ചാരായം വാറ്റാൻ രാഷ്ട്രീയം മറന്ന് ഒരുമിച്ചത് കരുനാഗപ്പള്ളിയിലെ ആർഎസ്എസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാറ്റിയത് ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ട്; ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തത് യൂത്ത് കോൺഗ്രസുകാരൻ ദീപക്ക്; വൈറലായതോടെ ഇരുവരെയും പൊക്കി എക്‌സ്‌സൈസ്

കക്കൂസിനുള്ളിൽ വെച്ചു ചാരായം വാറ്റി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഉഗ്രൻ സാധനമെന്ന് പറഞ്ഞ് വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി കാണിച്ചു; ചാരായം വാറ്റാൻ രാഷ്ട്രീയം മറന്ന് ഒരുമിച്ചത് കരുനാഗപ്പള്ളിയിലെ ആർഎസ്എസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാറ്റിയത് ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ട്; ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തത് യൂത്ത് കോൺഗ്രസുകാരൻ ദീപക്ക്; വൈറലായതോടെ ഇരുവരെയും പൊക്കി എക്‌സ്‌സൈസ്

ആർ പീയൂഷ്

കൊല്ലം: കക്കൂസിനുള്ളിൽ ചാരായം വാറ്റി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആർ.എസ്.എസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയംഗവുമായ ദീപക്ക്, ബി.എം.എസ് മണ്ഡലം കമ്മിറ്റിയംഗം ജയമോഹൻ, ആർ.എസ്.എസ് നേതാവ് സനു എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി മോഹനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രതികളിൽ ഒരാളുടെ വീട്ടിലെ കക്കൂസിനുള്ളിൽ പ്രഷർകുക്കർ ഉപയോഗിച്ച് വാറ്റുന്ന ദൃശ്യങ്ങളാണ് ടിക് ടോക്കിലും ഫേസ്‌ബുക്കിലും വാട്ട്സാപ്പിലും പ്രചരിപ്പിച്ചത്. വാറ്റി എടുത്ത ചാരായം കൈകളിൽ മുക്കി തീ പടർത്തി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. ലോക്ക് ഡൗൺ ദിനത്തിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്നാണ് മൂവരും ചേർന്ന് വാറ്റിയത്. ഇവരുടെ ഒരു സുഹൃത്തായ പ്രിൻസിനെ കാണിക്കാൻ വേണ്ടിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ദീപക്ക് തന്റെ മൊബൈലിലാണ് ദൃശ്യങ്ങൾ പകർത്തിയത്. ലോക്ക് ഡൗണിലും തങ്ങൾക്ക് മദ്യം കഴിക്കാൻ അറിയാം എന്ന് വെല്ലുവിളിച്ചു കൊണ്ടായിരുന്നു വാറ്റ് നടത്തിയത്.

ഈ ദൃശ്യങ്ങൾ ദീപക്ക് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർക്കെതിരെ നാട്ടുകാർ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ദീപക് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. പരാതി ലഭിച്ചതോടെ എക്സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 55 എച്ച് പ്രകാരം മദ്യം നിർമ്മിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ഇവരുടെ പക്കൽ നിന്നും മദ്യവും വാറ്റാനുപയോഗിച്ച സാധനങ്ങളും കണ്ടെത്താൻ സാധിച്ചില്ല.

അതേ സമയം ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. നിരവധി വ്യാജവാറ്റുകാരെ ഇതിനോടകം തന്നെ വലയിലാക്കി. ലോക്ഡൗൺ ഒരുമാസം തികയുമ്പോഴേക്കും കൊല്ലം ജില്ല സംസ്ഥാനത്തു മറ്റൊരു റെക്കോർഡ് തീർത്തു- സംസ്ഥാനത്ത് കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോട പിടിച്ചെടുത്ത ജില്ല എന്ന ബഹുമതിയാണ് ജില്ലക്ക് ലഭിച്ചിരുന്നത്. കോഴിക്കോട് ഇതുവരെ 12000 ലീറ്ററോളം കോട പിടിച്ചെടുത്തെങ്കിൽ കൊല്ലം ജില്ല തൊട്ടു പിന്നിലുണ്ട്. 10000 ലീറ്ററിലധികം കോടയാണ് ഇതുവരെ ജില്ലയിൽ പിടിച്ചെടുത്തത്. വ്യാജ വിദേശമദ്യം, ചാരായം തുടങ്ങിയവ വേറെ. ബാറുകളും മറ്റു മദ്യശാലകളും അടച്ചതോടെ ജില്ലയിൽ വ്യാജവാറ്റ് വ്യാപകമായെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. വീടുകൾക്കു പുറമെ ഒറ്റപ്പെട്ട തുരുത്തുകൾ, വനമേഖലകൾ, നദീതീരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണു വാറ്റ്.

ആളൊഴിഞ്ഞ തുരുത്തുകളിൽ വ്യാജവാറ്റ് വ്യാപകമാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തി. വാറ്റാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം വാറ്റുകാർ സ്ഥലം വിടും. എക്സൈസോ പൊലീസോ എത്തിയാൽ വാറ്റുകാരെ കിട്ടില്ല. വീടുകൾ കേന്ദ്രീകരിച്ചു വാറ്റുന്ന അനവധി സംഭവങ്ങളുണ്ടായി. വാറ്റിയെടുക്കുന്ന മദ്യം കഴിക്കാൻ കൂട്ടുകാർ ഒറ്റയ്ക്കും കൂട്ടായും വീടുകളിലേക്കു വരുന്നതു ശ്രദ്ധയിൽപ്പെടുന്ന അയൽക്കാരാണ് എക്സൈസിനു വിവരം കൈമാറുന്നത്.

ശാസ്ത്രീയമായ അറിവില്ലാതെയാണു മിക്കയിടത്തും വാറ്റ് അരങ്ങേറുന്നതെന്ന് എക്സൈസ് പറയുന്നു. വാറ്റി കിട്ടുന്നത് ഈഥൈൽ ആൽക്കഹോളാണ്. ഇതിൽ വീര്യം കൂട്ടാൻ മറ്റു പല രാസവസ്തുക്കളും ചേർക്കുന്നു. 5 ലീറ്റർ മദ്യത്തിൽ പ്രത്യേക രാസവസ്തു ചേർത്താൽ 10 ലീറ്ററാക്കാം. സർജിക്കൽ സ്പിരിറ്റ് ചേർത്ത സംഭവവുമുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളായ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, എഴുകോൺ തുടങ്ങിയ പ്രദേശങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ വ്യാപകമാണ്. വാറ്റുകേന്ദ്രത്തിന്റെ 50 മീറ്റർ ദൂരെ എത്തിയാൽ തന്നെ രൂക്ഷഗന്ധം മൂക്കിലടിച്ചു കയറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കണക്ക് ഇങ്ങനെ ( മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെ)

 ഇതുവരെ നടത്തിയ റെയ്ഡുകൾ - 786
 അബ്കാരി കേസുകൾ - 114
 ആകെ അറസ്റ്റ് -67
 വ്യാജമദ്യം - 360 ലീറ്റർ
 ചാരായം - 220 ലീറ്റർ
 വിദേശമദ്യം- 9.7 ലീറ്റർ
 അരിഷ്ടം- 112.4 ലീറ്റർ
 കഞ്ചാവ് - 10.787 കിലോഗ്രാം
 ബീയർ - 5.2 ലീറ്റർ
 കോട- 10000 ലീറ്റർ
 വാഹനങ്ങൾ പിടിച്ചെടുത്തത്- 147
 അനധികൃത വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തിയത്- 198

ലോക്ഡൗൺ തുടങ്ങിയതോടെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ശർക്കര വാഹനങ്ങളുടെ എണ്ണം വർധിച്ചു. മുൻകാലങ്ങളിൽ ഒരു ദിവസം 3 മുതൽ 5 വാഹനങ്ങൾ വരെയാണ് വന്നിരുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് 15 വാഹനങ്ങൾക്ക് മുകളിലായി. ഓണക്കാലത്താണ് കേരളത്തിലേക്ക് ശർക്കര കൂടുതലായിട്ട് വന്നിരുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും പൊടി ശർക്കര, ഉണ്ട ശർക്കര എന്നിവയാണ് പ്രധാനമായും എത്തുന്നത്.

പൊടി ശർക്കര ആയുർവേദ ഔഷധ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഉണ്ട ശർക്കര(കറുപ്പ്, വെളുപ്പ്, ബ്രൗൺ) പ്രഥമൻ, ഉണ്ണിയപ്പം എന്നീ ആവശ്യങ്ങൾക്കും ഉപയോഗിക്കും. കറുത്ത ശർക്കര ചാരായം വാറ്റുന്നതിനാണ് ഉപയോഗിക്കുന്നത്. കറുത്ത ശർക്കരയ്ക്ക് ഉപ്പില്ലാത്തതാണ് വാറ്റാൻ ഉപയോഗിക്കാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP