Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ലോട്ടറി കച്ചവടവും ഇടയ്ക്ക ടൂറിസ്റ്റ് ഗൈഡും; പ്ലേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാൻ 'അസിസ്റ്റന്റ് കമീഷണർ' വേഷം; ഡിവൈഎസ് പിയെ മറ്റൊരു ഡിെൈവഎസ് പി സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന അറിവില്ലായ്മ വിനയായി; കേരള സന്ദർശനത്തിന് എത്തിയ വ്യാജൻ കുടുങ്ങുമ്പോൾ

ലോട്ടറി കച്ചവടവും ഇടയ്ക്ക ടൂറിസ്റ്റ് ഗൈഡും; പ്ലേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാൻ 'അസിസ്റ്റന്റ് കമീഷണർ' വേഷം; ഡിവൈഎസ് പിയെ മറ്റൊരു ഡിെൈവഎസ് പി സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന അറിവില്ലായ്മ വിനയായി; കേരള സന്ദർശനത്തിന് എത്തിയ വ്യാജൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: പൊലീസ് അകമ്പടിയിൽ മൂന്നാർ ചുറ്റിക്കണ്ട തമിഴ്‌നാട് പൊലീസ് 'അസിസ്റ്റന്റ് കമീഷണർ' ആളു ജഗജില്ലി. ഒരേ റാങ്കിലെ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകിയതാണ് സംശയത്തിന് കാരണം. ചെന്നൈ തെൻപളനി നഗർ സുഹാസിനി അപ്പാർട്‌മെന്റിൽ വിജയനെയാണ് (41) കടുങ്ങിയത്.

ദിണ്ഡുഗൽ എസ്‌പിയുടെ നിർദേശപ്രകാരം വത്തലഗുണ്ട് പട്ടിവീരൻപെട്ടിയിൽ നിന്ന് ഇയാളെ തമിഴ് നാട് പൊലീസാണ് പിടികൂടിയത്. ലോറിക്കച്ചവടവും ഇടക്ക് ടൂറിസ്റ്റ് ഗൈഡുമായി നടന്നിരുന്ന വിജയൻ പ്ലേ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് അസിസ്റ്റന്റ് കമീഷണറായി വേഷംകെട്ടിയത്. മാസങ്ങൾക്കുമുമ്പ് മൂന്നാറിലെത്തി ലോക്കൽ പൊലീസിന്റെ സഹായത്തോടെ പ്രദേശമെല്ലാം ചുറ്റിക്കണ്ട് മടങ്ങി. കഴിഞ്ഞദിവസം വീണ്ടും 'കേരള സന്ദർശന'ത്തിന് എത്തി.

കട്ടപ്പനയിലെത്തി ഡിവൈ.എസ്‌പിയെ കണ്ട് സല്യൂട്ട് കൊടുത്തതോടെ കള്ളി പൊളിഞ്ഞത്. ഒരേ റാങ്കിലെ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകിയതും പുത്തൻ യൂനിഫോമും സംശയത്തിനിടയാക്കി. വിജയൻ വന്ന വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ അത് തമിഴ്‌നാട് പൊലീസിന്റെ ഔദ്യോഗിക വാഹനപ്പട്ടികയിൽ കാണാത്തതും വിജയനെ കുടുക്കി.

പൊലീസിൻേറതെന്ന വ്യാജേന വിജയൻ ഉപയോഗിച്ച വാഹനത്തിന്റെ ടി.എൻ 37 ജി 0515 നമ്പർ വ്യാജമാണെന്നും കണ്ടെത്തി. വാഹനം കോയമ്പത്തൂർ സ്വദേശി ജയ മീനാക്ഷിയുടെ ടി.എൻ 37 ഡി.ജെ 0515 നമ്പറിലെ വാഹനമാണ് ഇയാളുടെ കൈയിലുണ്ടായിരുന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും ജഗജില്ലി. തമിഴ്‌നാട്ടിൽ ക്രൈം കേസുകൾ അന്വേഷിക്കുന്ന ക്യൂ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണറായിട്ടായിരുന്നു വിജയന്റെ ആൾമാറാട്ടം.

പൊലീസ് ഉപയോഗിക്കുന്ന തരത്തിലെ ജീപ്പും സൈറണും തോക്കും എല്ലാം സംഘടിപ്പിച്ചിരുന്നു. കട്ടപ്പന പൊലീസ് വിവരം തമിഴ്‌നാട് പൊലീസിന് കൈമാറിയതോടെ 'അസിസ്റ്റന്റ് കമീഷണറെ' വരവേൽക്കാൻ ദിണ്ഡുഗൽ പൊലീസ് രാത്രി വഴിയിൽ കാത്തിരുന്നു. തിരിച്ചറിയൽ കാർഡും തോക്കും വലിച്ചെറിഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചു. വിജയനെ വളഞ്ഞ് പിടികൂടി പൊലീസ് കൈവിലങ്ങ് വച്ചു. ഇയാൾ നടത്തിയ യാത്രകൾ, ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ഡിണ്ടിഗൽ ജില്ലയിലെ പട്ടിവീരൻപെട്ടിയിൽ വച്ചാണ് വിജയൻ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. 2 മൊബൈൽ ഫോണുകളും തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡും പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും വാഹനത്തിലുണ്ടായിരുന്നു. പൊലീസ് എന്നെഴുതിയ വാഹനത്തിൽ ഇയാൾ കുമളി ചെക്പോസ്റ്റ് കടന്ന് കേരളത്തിലെത്തുകയായിരുന്നു.

തമിഴ്‌നാട് പൊലീസ് വ്യാപകമായി ഉപയോഗിക്കുന്ന വെള്ള ജീപ്പിലായിരുന്നു വരവ്. തനിയെ വാഹനമോടിച്ചെത്തിയ ഇയാൾ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്‌പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാൻ തുടങ്ങുമ്പോൾ പൊലീസ് സ്റ്റേഷന്റെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. ഇതിനൊപ്പം സല്യൂട്ടും. ഇയാളുടെ പെരുമാറ്റത്തിൽ ഡിവൈഎസ്‌പിക്കു സംശയം തോന്നി. ഇതാണ് നിർണ്ണായകമായത്. ഉടൻ തന്നെ തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടു.

അപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥർ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ കേരളത്തിൽനിന്ന് ഇയാൾ തിരിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. തമിഴ്‌നാട് ക്യൂബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ചമഞ്ഞ് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഡി വൈ എസ് പി ഓഫീസുകളിലും കയറി സ്വയം പരിചയപ്പെടുത്തി ബന്ധങ്ങൾ സ്ഥാപിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിൽ വരുന്നത് എന്നാണ് പരിചയപ്പെടുത്തലിൽ അറിയിക്കുന്നത്.

എന്നാൽ, മറ്റ് കോൺഫിഡൻഷ്യൽ വിവരങ്ങൾ പൊലീസിൽ നിന്ന് ഇയാൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടില്ല. രണ്ടു മാസം മുമ്പ് മൂന്നാർ ഡി വൈ എസ് പി ഓഫീസിൽ ചെന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുകയും സംസാരിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത ശേഷം അവിടെ നിന്നും പോയി. കേസന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വന്നതെന്നാണ് കട്ടപ്പനയിലും പറഞ്ഞത്.

ഒരു കേസിന്റെ ഭാഗമായി കട്ടപ്പനയിൽ എത്തിയപ്പോൾ ഡി വൈ എസ് പിയെ പരിചയപെടാമെന്നു കരുതി എന്ന് പറഞ്ഞാണ് ഡി വൈ എസ് പി വിഎ നിഷാദ്‌മോനോട് പറഞ്ഞത്. സംസാരത്തിനിടയിൽ എങ്ങനെയാണ് എത്തിയതെന്ന് നിഷാദ്മോൻ ചോദിക്കുകയും പൊലീസ് വാഹനത്തിൽ ഒറ്റയ്ക്കാണ് വന്നതെന്ന് ഇയാൾ മറുപടിയും പറഞ്ഞു. എന്നാൽ, ഇയാൾ വന്ന വാഹനത്തിന്റെ നമ്പർ കണ്ട് ഡി വൈ എസ് പി നിഷാദ് മോന് സംശയം തോന്നിയതും നിർണ്ണായകമായി.

സംശയ നിവാരണത്തിനായി ഡി വൈ എസ് പി നിഷാദ് മോൻ ഉടൻ തന്നെ തമിഴ്‌നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് കേട്ടറിവ് പോലുമില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതാണ് അറസ്റ്റിന് കാരണമായത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗോവ മുൻ ഗവർണർ കിരൺ ബേദി, മറ്റ് പല പ്രമുഖരോടൊപ്പമുള്ളതുമായ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ കണ്ടെത്തി. രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മറ്റു പ്രശസ്ത വ്യക്തികൾ തുടങ്ങിയവരുമായി വ്യാജ മേൽവിലാസം ഉപയോഗിച്ച് ഇയാൾ ബന്ധം പുലർത്തിയതായി തെളിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP