Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തണ്ടപ്പേരില്ല, ഒരേ സർട്ടിഫിക്കറ്റ് നമ്പരും; വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് സഹിതം കൈവശാവകാശരേഖ കൃത്രിമമായി തയാറാക്കി; ബാങ്ക് അധികൃതർക്ക് തോന്നിയ സംശയം വഴിത്തിരിവായി; സർക്കാരിന്റെ വ്യാജരേഖകൾ നിർമ്മിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന റാക്കറ്റിനെ കുറിച്ച് പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങി

തണ്ടപ്പേരില്ല, ഒരേ സർട്ടിഫിക്കറ്റ് നമ്പരും; വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പ് സഹിതം കൈവശാവകാശരേഖ കൃത്രിമമായി തയാറാക്കി; ബാങ്ക് അധികൃതർക്ക് തോന്നിയ സംശയം വഴിത്തിരിവായി; സർക്കാരിന്റെ വ്യാജരേഖകൾ നിർമ്മിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന റാക്കറ്റിനെ കുറിച്ച് പത്തനംതിട്ട പൊലീസ് അന്വേഷണം തുടങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒറിജിനലിനെ വെല്ലുന്ന സർക്കാർ രേഖകൾ വ്യാജമായി നിർമ്മിച്ച് ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വി-കോട്ടയം വില്ലേജ് ഓഫീസർ നൽകിയതെന്ന് കാണിച്ച് നിർമ്മിച്ച പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ച ഇന്ത്യൻ ബാങ്ക് അധികൃതരാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

വില്ലേജ് ഓഫീസർ അരുൺ ആർ ഉണ്ണിത്താന്റെ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പും കോഡും ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ച സർട്ടിഫിക്കറ്റുകൾ വി-കോട്ടയം പൂവണ്ണു വിളയിൽ ജോൺ പി. ഡാനിയേൽ, ഭാര്യ മിനി ജോൺ എന്നിവരുടെ പേരിലുള്ളതാണ്. കഴിഞ്ഞ മാസം 16 ന് ജോൺ പി ഡാനിയലിനും 19 ന് മിനി ജോണിനും വില്ലേജിൽ നിന്നും അനുവദിച്ചത് എന്ന വ്യാജേനെയാണ് സർട്ടിഫിക്കറ്റുകൾ ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയിൽ ഹാജരാക്കിയത്. അവധി ദിനമായ ഡിസംബർ 19 ന് വൈകിട്ട് നാലിന് ലഭിച്ചതായാണ് മിനി ജോണിന്റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജോണിന്റെയും മിനിയുടെയും പേരിലുള്ളത് രണ്ട് വസ്തുക്കളാണ്. എന്നാൽ ഇരുവരുടെയും സർട്ടിഫിക്കറ്റ് നമ്പർ ഒന്നാണ്(46074950).

രണ്ടു സർട്ടിഫിക്കറ്റുകളിലും തണ്ടപ്പേർ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. സംശയം തോന്നിയ ബാങ്ക് അധികൃതർ സർക്കാരിന്റെ ഐടി സെല്ലുമായും കലക്ടറേറ്റുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വില്ലേജ് ഓഫീസർ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് വ്യക്തമായത്. സർട്ടിഫിക്കറ്റിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ തെറ്റെന്ന് കാണിച്ചതോടെ സർട്ടിഫിക്കറ്റ് വ്യാജനാണെന്ന് ഉറപ്പിച്ചു.

തുടർന്ന് വില്ലേജ് ഓഫീസർ ഇതു സംബന്ധിച്ച റിപ്പോർട്ട് കോന്നി തഹസീൽദാർ ശ്രീകുമാറിന് കൈമാറി. തഹസീൽദാരുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസർ ഇന്നലെ രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഓയ്ക്ക് പരാതി നൽകി. വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലും അന്വേഷണം നടത്തും.

വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജോണിനെയും മിനിയെയും പൊലീസ് ചോദ്യം ചെയ്യും. ഇവരിൽ നിന്നു മാത്രമേ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പല ബാങ്കുകളും നാല് ലക്ഷം രൂപ വരെ ആധാരത്തിന്റ പകർപ്പ്, കരമൊടുക്ക് രസീത് എന്നിവയുടെ അടിസ്ഥാനത്തിൽ ലോൺ കൊടുക്കുന്നുണ്ട്. ഇത്തരം ബാങ്കുകളിലെ ചില ഉദ്യോഗസ്ഥരും ഈ സംഘങ്ങളും ചേർന്നാണ് ലോൺ തരപ്പെടുത്തിക്കൊടുക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.

ഈ സാഹചര്യത്തിൽ ജില്ലയിൽ മറ്റ് ബാങ്കുകളും ഒരു വർഷത്തിനിടയിൽ ലോൺ നൽകിയവർ ഹാജരാക്കിയ രേഖകൾ പരിശോധിക്കേണ്ടി വരും. ലീഡ് ബാങ്ക് വഴി ഇക്കാര്യം ബാങ്കുകളെ ബോധ്യപ്പെടുത്തുന്നതും തട്ടിപ്പുകൾ തടയാൻ ഇടയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP