Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

ലൈംഗിക പീഡനത്തിനു ശേഷം ശരീരത്തിൽ മുറിവേൽപിച്ച് പീഡനവും; ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടത് ഹിന്ദു പെൺകുട്ടികളെ മാത്രം; വലയിൽ വീണ മുപ്പതു യുവതികളും ഹിന്ദുക്കൾ; ഡോക്ടർ ചമഞ്ഞ് യുവതികളെ വലയിലാക്കിയ ഷാഫി പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്

ലൈംഗിക പീഡനത്തിനു ശേഷം ശരീരത്തിൽ മുറിവേൽപിച്ച് പീഡനവും; ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടത് ഹിന്ദു പെൺകുട്ടികളെ മാത്രം; വലയിൽ വീണ മുപ്പതു യുവതികളും ഹിന്ദുക്കൾ; ഡോക്ടർ ചമഞ്ഞ് യുവതികളെ വലയിലാക്കിയ ഷാഫി പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഡോക്ടർ ചമഞ്ഞ് വിവാഹാലോചന നടത്തി, മുപ്പതോളം യുവതികളെ പീഡിപ്പിക്കുകയും അവരിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി (30) പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്. വഞ്ചിക്കപ്പെട്ട പത്തനംതിട്ട സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വച്ച കെണിയിൽ വീണ മുഹമ്മദ് ഷാഫി നടത്തിയ കുറ്റസമ്മതം അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു കളഞ്ഞു.

മലപ്പുറം പാലോത്ത് പൂവത്തിങ്കൽ ഇരുമ്പടശേരിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷാഫിയാണ് ദുബായിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജനായ ഡോ. സതീഷ് രാഘവൻ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പും പീഡനവും നടത്തിയത്. മുപ്പതോളം യുവതികളിൽ നിന്നായി 50 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എട്ടാം ക്ലാസ് വിദ്യാഭ്യാസവും കാഞ്ഞ ബുദ്ധിയും കൈമുതലായുള്ള ഷാഫി കമ്പ്യൂട്ടർ വിദഗ്ധൻ കൂടിയാണെന്ന് പൊലീസ് വിലയിരുത്തുന്നു. രണ്ടരലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയിലാണ് ഷാഫി പിടിയിലായത്. നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഷാഫിയെ തന്ത്രപൂർവം പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഇരകളെല്ലാം ഹിന്ദു യുവതികളാണ്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇയാൾക്ക് വ്യക്തമായ മറുപടിയുണ്ട്. തന്റെ മതത്തെ താൻ ദ്രോഹിക്കില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. കെണിയിൽ വീഴുന്ന പെൺകുട്ടികളെ ബംഗളൂരുവിലെ നക്ഷത്രഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി ബന്ധപ്പെടും. ഇതിന് ശേഷം യുവതികളുടെ നഗ്‌നചിത്രം പകർത്തുകയും ചെയ്യും. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ ഓരോ ഫോൾഡറിലാക്കി കമ്പ്യൂട്ടറിൽ സൂക്ഷിക്കും. പണം നഷ്ടമായവർ പരാതിപ്പെടാതിരിക്കാൻ ഇതും ഒരു കാരണമായി. പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം ഇപ്പോൾ നീ കന്യകയല്ല, നിന്റെ കന്യകാത്വം നഷ്ടമായി എന്ന് ആക്രോശിച്ചു കൊണ്ട് മർദിക്കുകയും തീ കൊണ്ട് പൊള്ളിക്കുകയും ചെയ്യുമായിരുന്നു.

എട്ടാം ക്ലാസിൽ പഠനം നിർത്തിയ മുഹമ്മദ് ഷാഫി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിർമ്മിച്ചുവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. അതീവ ബുദ്ധിശാലിയായ ഇയാൾ എല്ലാ നീക്കങ്ങളും നടത്തിയത് ഡോ. സതീഷ് രാഘവൻ എന്ന പേരിലായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജൻ ആണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി സിനിമയിലെ വില്ലന്റെ രീതികളാണ് ഇയാൾ വ്യാജപ്രൊഫൈൽ സൃഷ്ടിക്കാൻ ഉപയോഗിച്ചത്. ഡോ. സതീഷ് രാഘവൻ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹസൈറ്റിൽ കയറി പെയ്ഡ് രജിസ്‌ട്രേഷൻ നടത്തിയായിരുന്നു തട്ടിപ്പ്.

ബി.എസ്‌സി നഴ്‌സിങ് കഴിഞ്ഞ യുവതികളുടെ പ്രൊഫൈലുകളിലേക്ക് ഇയാൾ താൽപര്യം പ്രകടിപ്പിച്ച് റിക്വസ്റ്റ് അയയ്ക്കും. പെൺകുട്ടിയും അവരുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിക്കുകയാണ് അടുത്ത പടി. കൂടെ പഠിച്ച നഴ്‌സുമാരുണ്ടെങ്കിൽ പരിചയപ്പെടുത്തി നൽകാനും ആവശ്യപ്പെടും. തന്റെ ആശുപത്രിയിൽ ജോലി ഒഴിവുണ്ടെന്നും അവർക്ക് വേണമെങ്കിൽ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് അവരുമായും ബന്ധം സ്ഥാപിക്കും. നഴ്‌സിങ് സംബന്ധമായ എല്ലാ സംശയങ്ങളും ഇയാൾ ദൂരീകരിച്ച് നൽകും. ഇതോടെ ഡോക്ടറെ പെൺകുട്ടിയും ബന്ധുക്കളും വിശ്വസിക്കുകയും ചെയ്യും.

കോട്ടും സ്യൂട്ടുമണിഞ്ഞ് ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് കലർത്തി മിതമായി മാത്രം സംസാരിക്കുന്ന മുഹമ്മദ് ഷാഫിയെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് യുവതികൾ ചെയ്തത്. ഇവരോട് വിസയുടെ ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ഒന്നര മുതൽ മൂന്നരലക്ഷം രൂപ വരെ വാങ്ങിയിരുന്നു. കൂടുതൽ അടുപ്പമുണ്ടാക്കുന്ന യുവതികളിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി എ.ടി.എം കാർഡ് സ്വന്തമാക്കും. മൊബൈൽഫോൺ സിം കാർഡുമെടുക്കും.

സ്ഥിരമായി ആകാശയാത്ര ചെയ്യുകയും ആഡംബര ഹോട്ടലുകളിൽ താമസിക്കുകയുമാണ് ചെയ്തിരുന്നത്. പെൺകുട്ടികളിൽ നിന്ന് തട്ടിയെടുക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് ഒരിക്കലും ഇയാൾ തട്ടിപ്പു നടത്തിയ പണം ഇട്ടിരുന്നില്ല. ഇതു കാരണം ഇയാളിലേക്ക് ചെന്നെത്താനും പൊലീസിന് ബുദ്ധിമുട്ടായിരുന്നു. മാട്രിമോണിയൽ സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്ന പ്രൊഫൈൽ മാത്രമാണ് പൊലീസിന്റെ മുന്നിലുണ്ടായിരുന്നത്. വേറേ പേരിൽ മാട്രിമോണിയൽ പ്രൊഫൈൽ ഓപ്പറേറ്റ് ചെയ്തിരുന്നതും അന്വേഷകസംഘത്തിന് കീറാമുട്ടിയായി. എസ്‌പി. ബി. അശോകന്റെ ഷാഡോ പൊലീസുകാരായ എൽ.ടി. ലിജു, രാധാകൃഷ്ണൻ എന്നിവർ നിരന്തരമായി നിരീക്ഷിച്ച് ഇയാളെ പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങി വന്നപ്പോഴാണ് പിടിയിലായത്. ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസിന്റെ പിടിയിലാകുമ്പോൾ കൈവശം മൂന്നരലക്ഷം രൂപ, 1006 ദിർഹം, ആപ്പിളിന്റേതടക്കം നാലു മൊബൈൽ ഫോണുകൾ, വിവിധ കമ്പനിയുടെ 17 സിം കാർഡുകൾ, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകൾ, സീലുകൾ, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയ തുണിത്തരങ്ങൾ, രണ്ടു പവൻ സ്വർണാഭരണം എന്നിവയുണ്ടായിരുന്നു.

ഇതുവരെ 12 പരാതികളാണ് മുഹമ്മദ് ഷാഫിക്കെതിരേ വന്നിട്ടുള്ളത്. ഇതിൽ നാലെണ്ണം എറണാകുളത്തും ഒരെണ്ണം പത്തനംതിട്ടയിലും ശേഷിച്ചത് പുത്തൂർ, തൊടുപുഴ ഭാഗങ്ങളിലുമാണ്. മാനക്കേട് ഭയന്ന് ഇനിയും ചിലർ പരാതിപ്പെടാൻ മടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ പരാതിക്കാരിയുടെ സഹോദരിയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ വിവരം പിന്നീടാണ് സഹോദരിമാർ മനസിലാക്കിയത്.

ഇയാൾ പിടയിലാകാൻ കാരണമായത് കല്യാണമാലോചിച്ച പെൺകുട്ടികളാണ്. ദുബായിലെ ആശുപത്രിയുടെ പേരിൽ തയാറാക്കിയ വിസിറ്റിങ് കാർഡ് ഇയാൾ പരിചയപ്പെട്ട നഴ്‌സുമാർക്കെല്ലാം നൽകി. സുഹൃത്തുക്കളായിരുന്ന നഴ്‌സുമാർ പരസ്പരം തങ്ങൾക്ക് വന്ന വിവാഹാലോചനയെപ്പറ്റി പറയുകയും വിസിറ്റിങ് കാർഡ് കാണിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. ആറു വർഷം മുമ്പ് വിദേശത്ത് പോയ ഇയാൾ തട്ടിപ്പു തുടങ്ങിയിട്ട് അഞ്ചു വർഷമായെന്ന് പൊലീസ് പറഞ്ഞു.

എട്ടാം ക്ലാസിൽ തോറ്റ് പഠിപ്പു നിർത്തിയ മുഹമ്മദ് ഷാഫി പിന്നീട് സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ ജോലി ചെയ്തു വരികയായിരുന്നു. അതിന് ശേഷം കോട്ടയത്ത് വന്ന് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ചു. ഇതിന് കിട്ടിയ സർട്ടിഫിക്കറ്റുമായി വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയ ഇയാൾ അവിടെ ഒരു ആശുപത്രിയിൽ ജോലിക്ക് കയറി പ്രവൃത്തി പരിചയം നേടി. ഹിന്ദിയും ഇംഗ്ലീഷും വശമാക്കുകയും ചെയ്തു. ഇവിടെ നിന്ന് ആറു വർഷം മുമ്പ് ഇയാൾ ദുബായിലേക്ക് പോയി. അവിടെ ഒരു ഇലക്‌ട്രോണിക്‌സ് കടയിൽ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP