Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫൈസൽ ഫരീദ് ശരിക്കും 'പഠിച്ച കള്ളൻ'; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച കസ്റ്റംസ് ശരിക്കും ഞെട്ടി; മൂന്ന് അക്കൗണ്ടുകളിലായി ഉള്ളത് മൂവായിരം രൂപ മാത്രം; ബാങ്കിൽ നിന്നും വാഹന വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് ജപ്തി നടപടിയുമായി; 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപ; ആഡംബര കാറുകളിലെ ചുറ്റിക്കറക്കവും ബോളിവുഡ് സിനിമാക്കാരുമായി ചങ്ങാത്തവുമുള്ള ഫൈസൽ ഫരീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ തീരുന്നില്ല

ഫൈസൽ ഫരീദ് ശരിക്കും 'പഠിച്ച കള്ളൻ'; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച കസ്റ്റംസ് ശരിക്കും ഞെട്ടി; മൂന്ന് അക്കൗണ്ടുകളിലായി ഉള്ളത് മൂവായിരം രൂപ മാത്രം; ബാങ്കിൽ നിന്നും വാഹന വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് ജപ്തി നടപടിയുമായി; 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപ; ആഡംബര കാറുകളിലെ ചുറ്റിക്കറക്കവും ബോളിവുഡ് സിനിമാക്കാരുമായി ചങ്ങാത്തവുമുള്ള ഫൈസൽ ഫരീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഡംബരകാറുകളിൽ കറക്കം. ദുബായിൽ മികച്ച രീതിയിൽപ്രവർത്തിക്കുന്ന ജിംനേഷ്യം. ബോൡവുഡ് സിനിമാക്കാർ അടക്കമുള്ളവരുമായി ചങ്ങാത്തം. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാക്കേജ് വരെ ദുരുപയോഗം ചെയ്തു സ്വർണം കടത്തിയ ബുദ്ധിമാൻ. ഇങ്ങനെയുള്ള വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച കസ്റ്റംസ് അധികൃതർ ശരിക്കും ഞെട്ടി. യുഎഇയും ഇന്ത്യയും ഒരുപോലെ തേടുന്ന കുറ്റവാളിയായ ഫൈസൽ ഫരീദിന്റെ അക്കൗണ്ടിലുള്ളത് ആകെ 3000 രൂപയോളം മാത്രമാണ്.

മൂന്നു ബാങ്കുകളിലെ അക്കൗണ്ടുകളിലായാണ് ഇത്രയും പണം അവശേഷിക്കുന്നത്. ഒരു ബാങ്കിൽനിന്നു വാഹനവായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് ജപ്തിനടപടിയുമായി. 50 ലക്ഷം രൂപ വായ്പയെടുത്ത സഹകരണബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപ. അടിപൊളി ജീവിതമാണെങ്കിലും കടബാധ്യതയാണ് ഫൈസലിന് അവശേഷിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം കള്ളപ്പണം ഉപയോഗിച്ചുള്ള കളികാണ് ഫൈസലിന്റെ ഭാഗത്തു നിന്നും ഉള്ളതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് തൃശ്ശൂരിലെ മൂന്ന് പ്രധാന ബാങ്കുകൾക്ക് നോട്ടീസ് അയച്ചത്. കയ്പമംഗലത്തെ ബാങ്കുകളിൽ ഫൈസൽ ഫരീദിന് അക്കൗണ്ടുകളുണ്ടെന്ന് മൂന്നുപീടികയിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടുകളിലൊന്നും വർഷങ്ങളായി ഇടപാടുകൾ നടന്നിട്ടില്ല. ഒരു ബാങ്കിൽ വർഷങ്ങൾക്കുമുമ്പ് എൻ.ആർ.ഐ. അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകളൊന്നും നടന്നിട്ടില്ല. ഇടപാടുകളില്ലാത്ത എൻ.ആർ.ഐ. അക്കൗണ്ടിന്റെ വിവരങ്ങൾ റിസർവ് ബാങ്കിനു കൈമാറണം. ഇതിനുള്ള നടപടികളിലാണ് ബാങ്ക്. ഫൈസൽ ഫരീദ് ബാങ്കുകളിൽ നൽകിയ കെ.വൈ.സി. വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശ്ശൂർ മതിലകത്തെ സഹകരണ ബാങ്കിൽനിന്ന് ഫൈസലിന്റെ പിതാവ് പരീത് വർഷങ്ങൾക്കു മുമ്പ് രണ്ടുതവണയായി 25 ലക്ഷം രൂപ വീതം വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി തിരിച്ചടച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പാപരിധി 50 ലക്ഷമാക്കി ഉയർത്തി. എന്നാൽ, ഇതിൽ ഇപ്പോഴും 37 ലക്ഷം തിരിച്ചടയ്ക്കാനുണ്ട്. പിതാവ് ദുബായ് മുനിസിപ്പാലിറ്റിയിൽ ജോലിക്കാരനായിരുന്നതിനാൽ പത്താംക്ലാസിനു ശേഷം ദുബായിൽ സ്ഥിരതാമസമാക്കിയതാണ് ഫൈസൽ. മൂന്ന് സഹോദരന്മാരും കുടുംബവും ഉൾപ്പെടെ എല്ലാവരും ദുബായിലാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാറുള്ള ഫൈസൽ ഒന്നരവർഷം മുമ്പാണ് ഒടുവിലെത്തിയത്.

നിലവിൽ ദുബായി പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദ്. തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദി(36)നെ ചുറ്റിപ്പറ്റി നിരവധി ദൂരൂഹതകളാണ് നിലനിൽക്കുന്നത്. നാട്ടുകാർക്ക് അടക്കം ഫൈസലിനെ കുറിച്ച് വലിയ അറിവുകളില്ല. ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചെങ്കിലും ഇക്കാര്യത്തിലും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഒരാളുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാനേ അധികൃതർക്ക് സാധിക്കൂ എന്നും റദ്ദാക്കണമെങ്കിൽ രാജ്യദ്രോഹമടക്കമുള്ള കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിക്കണമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഫൈസലിന്റെ യുഎഇയിലെ താമസവീസയും റദ്ദാക്കപ്പെടും. ഇതോടെ ഇയാൾക്ക് നിയമപരമായി യുഎഇയിൽ തുടരാനാകില്ല. ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇവിടുത്തെ നിയമം അനുശാസിക്കുന്ന നടപടികൾ പൂർത്തിയായ ശേഷമേ ഫൈസലിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. സ്വർണക്കള്ളക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളാണെന്ന നിലയ്ക്ക് ഇന്ത്യക്ക് ഇയാളെ അടിയന്തരമായി ആവശ്യമുള്ളതിനാൽ കസ്റ്റഡി രേഖപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ അന്വേഷണം നടക്കുന്ന കേസിലെ പ്രതിയായതിനാൽ ദുബായിൽ നിന്ന് ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിന് മൂന്ന് സാധ്യതകളാണുള്ളത്. ഇന്ത്യ ആവശ്യപ്പെടുന്നത് പ്രകാരം ഫൈസലിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്താവളം വഴി നാടുകടത്താനും സാധ്യതയുണ്ട്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയുള്ളതിനാൽ മറ്റുതടസങ്ങളില്ലാതെ ഇയാളെ ഇന്ത്യയിലെത്തിക്കാമെന്നാണ് വ്യവസ്ഥ.

രണ്ടാതായി നാട്ടിൽ നിന്ന് അന്വേഷണസംഘം ദുബായിലെത്തുകയും. ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘത്തിന് ദുബായിൽ കൈമാറുകയും ചെയ്യാം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നാട്ടിലെത്തിക്കും ചെയ്യാം. മൂന്നാമതായി യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമ്മിച്ചെന്ന പരാതിയുള്ളതിനാൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവിടത്തെ അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെ കഴിഞ്ഞായിരിക്കും ഇന്ത്യക്ക് കൈമാറുക. ദുബായിലെ കേസിൽ ഫൈസലിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്.

തീർത്തും ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വമാണ് ഫൈസൽ ഫരീദിന്റേത്. വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യ ഏരിയയിൽ താമസിക്കുന്ന ഫൈസൽ ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് യുഎഇയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ആദ്യത്തെ മലയാളിയാണ്. മലയാളി സമൂഹവുമായി വലിയ ബന്ധമില്ലാതിരുന്ന ഫൈസൽ മിതഭാഷിയും കാര്യമായ സൗഹൃദ വലയമില്ലാത്തയാളുമാണെന്ന് പരിചയക്കാർ പറയുന്നു. തൃശൂർ കൈപ്പമംഗലം പുത്തൻപള്ളി തൈപ്പറമ്പിൽ ഫൈസൽ ഫരീദ് നാട്ടിലുള്ളതിനേക്കാൾ കൂടുതലും വിദേശത്താണ് കഴിഞ്ഞത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായിൽ തന്നെയാണ് സ്ഥിരതാമസം.

നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന ഫൈസൽ ഫരീദിന് അടുത്ത സുഹൃത്തുക്കളായി ചിലരുണ്ടെങ്കിലും കള്ളക്കടത്ത് ബന്ധം ഇവർക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. സ്വർണക്കടത്ത് കേസ് ചർച്ചയായ ശേഷവും ഫൈസൽ ഫരീദിനോട് ബന്ധപ്പെട്ട സുഹൃത്തുക്കളോടു പോലും അസ്വാഭാവികത ഒട്ടുമില്ലാതെയാണ് ഇയാൾ സംസാരിച്ചതും. കൊടുങ്ങല്ലൂരിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ മൂന്നുപീടിക എം.ഐ.സി. ഓർഫനേജിന് സമീപത്തെ വീട്ടിലേക്ക് ഫൈസൽ അധികം വരാറില്ല.

ഗൾഫിൽ തന്നെ കഴിഞ്ഞിരുന്ന പിതാവ് നാട്ടിലെത്തി സമീപത്തെ പള്ളിയിൽ മുക്രിയായി ജോലി നോക്കുന്നതിനിടെയാണ് കാൻസർ ബാധിതനായത്. പിതാവിനെയും മാതാവിനെയും ദുബായിലേക്ക് കൊണ്ടുപോകാനാണ് ഫൈസൽ ഫരീദ് അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങൾ എല്ലാവരും ഗൾഫിലാണ്. ഫൈസലിന്റെ ബാപ്പ തേപ്പറമ്പിൽ പരീദ് (67) മാർച്ച് 31ന് കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചിരുന്നു. അഞ്ചു വർഷം മുമ്പാണ് ഫൈസലിന്റെ വിവാഹം നടന്നത്. നിശ്ചയ ചടങ്ങുകൾ ഗൾഫിലും വിവാഹം നാട്ടിലുമായാണ് നടത്തിയത്. പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഭാര്യ പ്രവാസി കുടുംബത്തിൽ നിന്നു തന്നെയാണ്. ചെറുപ്രായത്തിലെ ഗൾഫിലേക്ക് ജോലി അന്വേഷിച്ച് പോയതാണ് ഫൈസൽ ഫരീദ്. നാട്ടിലെത്തിയാലും മറ്റുള്ളവരുമായി അകലം പാലിക്കാനാണ് ഇയാൾ ശ്രമിക്കാറ്. അതുകൊണ്ടുതന്നെ നാട്ടുകാർക്കും ഇയാളെ കുറിച്ച് കൂടുതൽ അറിവില്ല.

പിതാവ് ഫരീദാണ് ഫൈസലിനെ ഗൾഫിലേക്ക് കൊണ്ടുപോകുന്നത്. അതും വർഷങ്ങൾക്ക് മുമ്പ്. യുഎഇയിൽ മുനിസിപ്പൽ ജീവനക്കാരനായിരുന്നു ഫരീദ്. പിന്നീട് പഠിത്തവും ജീവിതവും അവിടെയായി. നാട്ടിലേക്കുള്ള വരവ് കുറഞ്ഞു. അറബിയടക്കമുള്ള ഒട്ടേറെ ഭാഷകൾ ഗൾഫ് ജീവിതത്തിൽ ഇയാൾ പഠിച്ചെടുത്തു. തുടർന്ന് വൻകിട കമ്പനികളുടെ പിആർഒയായി ജോലി ചെയ്തു. പിന്നീടാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്.

ഗൾഫിൽ വിവിധ ബിസിനസുകൾ ചെയ്തു വന്നിരുന്ന ഇയാൾക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗൾഫിൽ നടക്കുന്ന കാർ റേസിങുകളിലും ഇയാൾ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗൾഫിൽ ഒരു ജിംനേഷ്യവും നടത്തുന്നുണ്ട്. ഫൈസൽ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെയാണെന്ന് സൂചന. ഫൈസലിന് യുഎഇ, സൗദി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസുണ്ട്. സൗദിയിൽ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവിൽ ദുബായിൽ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേർന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകൾ തകർച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നതെന്നാണ് സൂചന.

ഗൾഫിൽ ആഡംബര ജീവിതം നയിക്കുമ്പോഴും നാട്ടിലെത്തിയാൽ ലളിത ജീവിതമാണ് പ്രിയം. കടബാധ്യതയുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളും ഫൈസൽ ഫരീദിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. ഇയാളുടെ പേരിലുള്ള സ്ഥലം വിൽപന നടത്തിയും ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെയും കടബാധ്യത ബോധപൂർവം പ്രദർശിപ്പിക്കാനുള്ള നീക്കവും നടത്തി. വർഷങ്ങൾക്കു മുന്നേ മൂന്നുപീടികയിലെ വീട് ഈടുനൽകി ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഈ തുക തിരച്ചടയ്ക്കാത്തതിനാൽ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്. നാട്ടിലെ വീടിന്റെ പണി പൂർത്തിയാക്കാൻ ശ്രമിച്ചതുമില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് തന്റെ വരുമാന സ്രോതസും കള്ളക്കടത്ത് ബന്ധവും മറച്ചുവയ്ക്കാനും ഫൈസൽ ഫരീദ് ശ്രമിച്ചതായാണ് ആരോപണം.

ഫൈസൽ ഫരീദിന് സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ബോളിവുഡ് താരങ്ങളടക്കം ഇയാളുടെ സുഹൃത്ത് വലയത്തിൽ ഉണ്ട്. ഫൈസലിന്റെ ഗൾഫിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ഒരു പ്രമുഖ ബോളിവുഡ് താരമായിരുന്നു. ഗൾഫിൽ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവർക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാൻ തന്റെ ആഡംബര വാഹനങ്ങൾ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാൽ ഈ ബന്ധങ്ങൾ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. യുഎഇയിൽ സംഘടിപ്പിക്കുന്ന സിനിമ താരങ്ങൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസൽ സജീവ സാന്നിധ്യമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP