Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിബിൻസിനെ വിട്ടു തന്നതോടെ ഫൈസൽ ഫരീദിനേയും ഉടൻ കൈമാറുമെന്ന പ്രതീക്ഷ ശക്തം; ദുബായിലെ ഫണ്ടിങ് സോഴ്‌സിനെ കണ്ടെത്താൻ പത്താം പ്രതിയുടെ അറസ്റ്റ് നിർണ്ണായകമാകും; ഗൾഫിലെ ജയിലിലുള്ള അഞ്ച് പ്രതികളേയും ഉടൻ ഇന്ത്യയിൽ എത്തിക്കാമെന്ന് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ

റിബിൻസിനെ വിട്ടു തന്നതോടെ ഫൈസൽ ഫരീദിനേയും ഉടൻ കൈമാറുമെന്ന പ്രതീക്ഷ ശക്തം; ദുബായിലെ ഫണ്ടിങ് സോഴ്‌സിനെ കണ്ടെത്താൻ പത്താം പ്രതിയുടെ അറസ്റ്റ് നിർണ്ണായകമാകും; ഗൾഫിലെ ജയിലിലുള്ള അഞ്ച് പ്രതികളേയും ഉടൻ ഇന്ത്യയിൽ എത്തിക്കാമെന്ന് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര കടത്തിലെ പത്താം പ്രതി റബിൻസിന് പിന്നാലെ സ്വർണക്കടത്തു കേസിൽ പ്രതികളായി വിദേശത്തുള്ള മറ്റ് പ്രതികളെയും ഉടൻ യുഎഇ ഭരണകൂടം ഇന്ത്യക്ക് കൈമാറും. ഇവരിൽ ഫൈസൽ ഫരീദാണ് പ്രധാനി. ഇയാൾ യുഎഇ ജയിലിലാണ്. അന്വേഷണവുമായി സഹകരിക്കാൻ യുഎഇ സമ്മതിച്ചതോടെയാണ് ഇത്.

കേസിൽ ഫൈസൽ ഫരീദും റബിൻസും ഉൾപ്പെടെ ആറ് പ്രതികൾ യുഎഇയിലാണെന്നാണ് എൻഐഎ ഏറ്റവുമൊടുവിലും കോടതിയെ അറിയിച്ചിരുന്നത്. മറ്റുപ്രതികളെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആറ് പ്രതികൾക്കുമെതിരെ ഇന്ത്യയിൽ ജാമ്യമില്ലാ വാറന്റും ഇന്റർപോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. റിബൻസിനെ വിട്ടു തന്നത് തന്നെ കേസ് അന്വേഷണത്തിൽ നിർണ്ണായകമാണ്. ദാവൂദ് അൽ അറബിയെന്ന ആളാണ് സ്വർണ്ണ കടത്തിലെ സൂത്രധാരനെന്ന് റമീസ് മൊഴി നൽകിയിട്ടുണ്ട്. ഇതാരെന്ന് കണ്ടെത്താൻ റിബൻസിന്റെ കസ്റ്റഡി സഹായകമാകും.

തിരുവനന്തപുരത്തെ സ്വർണക്കടത്തു സംഘത്തിന് സ്വദേശത്തും വിദേശത്തുമിരുന്ന് കള്ളക്കടത്തിന് ഫണ്ടിങ് നടത്തിയിരുന്നവർക്കിടയിലെ സുപ്രധാന കണ്ണി റബിൻസായിരുന്നു. കേരളത്തിലെ കള്ളക്കടത്തു സംഘവുമായി ഇയാളെ ബന്ധിപ്പിച്ചിരുന്നത് അഞ്ചാംപ്രതി കെ.ടി. റമീസും ഒമ്പതാംപ്രതി പി.ടി. അബ്ദുവുമാണ്. സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കെ.ടി റമീസിന്റെ മൊഴി. 'ദാവൂദ് അൽ അറബി' എന്ന പേരിൽ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വർണം കടത്താൻ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള 'ദാവൂദ്' ആണ് നയതന്ത്ര ബാഗേജ് വഴി കടത്തിയതിന്റെ സൂത്രധാരനെന്നും റമീസ് കസ്റ്റംസിനു ഓഗസ്റ്റ് 27 ന് നൽകിയ മൊഴിയിൽ പറയുന്നു.

ദാവൂദ് അൽ അറബി കേരളത്തിലുണ്ടെന്ന സൂചനയും അന്വേഷണ ഏജൻസിക്കുണ്ട്. ദുബായിൽ ബ്ലൂ കോർണർ നോട്ടീസ് നൽകിയിരിക്കുന്ന പ്രതി മുഹമ്മദ് ഷെമീർ വഴിയാണ് ദാവൂദ് അൽ അറബിയുമായി ബന്ധപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി ഷാഫിക്കും ദാവുദ് അൽ അറബിയുമായി ബന്ധമുണ്ട്. ഇതേമൊഴി റമീസ് എൻ.ഐ.എയ്ക്കും എൻഫോഴ്സ്മെന്റിനും മുമ്പാകെ നൽകിയിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ഇടതുസഹയാത്രികരായ കാരാട്ട റസാഖ് എംഎ‍ൽഎയ്ക്കും നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ നാലാം പ്രതി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. സ്വർണക്കടത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കെ.ടി. റമീസുമായായിരുന്നു റസാഖിന്റെ ഇടപാടുകൾ.

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്താമെന്ന പദ്ധതി റമീസിന്റേതാണ്. ഇതിന് സന്ദീപിനെ കൂട്ടുപിടിച്ചു. യു.എ.ഇ. കോൺസുലേറ്റ് വഴി എളുപ്പവഴികൾ തുറന്നുകൊടുത്തതു സ്വപ്ന. കടത്തിയ സ്വർണം കാരാട്ട് റസാഖിനാണ് എത്തിച്ചിരുന്നതെന്നും അത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയതു ഫൈസലാണെന്നും സൗമ്യയുടെ മൊഴിയിലുണ്ട്. സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് സന്ദീപ് വീട്ടിലെത്തിച്ച് തുറക്കുമായിരുന്നു. സ്വർണം 'റമീസ്ഭായി' എന്നു വിളിക്കുന്ന കെ.ടി. റമീസിനു വേണ്ടിയാണെന്നു പറഞ്ഞിരുന്നു. സ്വർണക്കടത്തിനെ ചോദ്യംചെയ്ത തന്നെ സന്ദീപ് മർദിച്ചിരുന്നെന്നും ജൂലൈ എട്ടിനു കസ്റ്റംസിനു നൽകിയ മൊഴിയിൽ സൗമ്യ വെളിപ്പെടുത്തി. സൗമ്യയുടെ മൊഴിയുടെ തുടർച്ചയായാണു ജൂവലറി ഉടമയുമായ കാരാട്ട് ഫൈസലിന്റെ വീട് കസ്റ്റംസ് റെയ്ഡ് ചെയ്തത്. ഇയാളെ രണ്ടുതവണ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തിരുന്നു.

സ്വർണക്കടത്തിനു പിന്നിൽ കൊടുവള്ളി ഗാങ്ങാണെന്നു കസ്റ്റംസ് സ്ഥിരീകരിക്കുന്നു. കാരാട്ട് റസാഖിനെ ഇതുമായി ബന്ധിപ്പിക്കാൻ തെളിവുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റമീസുമായുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇതിലേക്കുള്ള സൂചനകളുണ്ട്. സ്വപ്നയുമായോ സന്ദീപുമായോ റസാഖ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും കസ്റ്റംസിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി കസ്റ്റംസ് കേന്ദ്ര ധനമന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിലൂടെ ഇക്കാര്യം കേന്ദ്ര സർക്കാരിനു മുന്നിലുമെത്തിയത്. ഇതെല്ലാം യുഎഇയെ ഇന്ത്യ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് പ്രതികളെ വിട്ടുകൊടുക്കാൻ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP