Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

ലഹരി സംഘങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഒരുസംഘം പ്രകോപിതരായത് അപ്രതീക്ഷിതമായി; ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത് 19കാരനായ ഫഹദ് ഹുസൈൻ; കളമശേരി എച്ച്എംടി കോളനിയിലും കണ്ടനാട്ടിലെ കാട്ടിലും മരടിലുമായി ഒളിവിൽ കഴിഞ്ഞ സംഘത്തിലെ 12 പേർ പിടിയിൽ; ഒളിവിൽ കഴിയാൻ ഒത്താശ ചെയ്ത രണ്ടുപേരും അറസ്റ്റിൽ

ലഹരി സംഘങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഒരുസംഘം പ്രകോപിതരായത് അപ്രതീക്ഷിതമായി; ഏറ്റുമുട്ടലിനിടെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത് 19കാരനായ ഫഹദ് ഹുസൈൻ; കളമശേരി എച്ച്എംടി കോളനിയിലും കണ്ടനാട്ടിലെ കാട്ടിലും മരടിലുമായി ഒളിവിൽ കഴിഞ്ഞ സംഘത്തിലെ 12 പേർ പിടിയിൽ; ഒളിവിൽ കഴിയാൻ ഒത്താശ ചെയ്ത രണ്ടുപേരും അറസ്റ്റിൽ

ആർ പീയൂഷ്

കൊച്ചി: ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) മരിച്ച സംഭവത്തിൽ 14 പേർ പിടിയിലായി. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ രണ്ടു പേരുമാണ് പിടിയിലായത്.

കൊലപാതക കേസിൽ ആലപ്പുഴ കലവൂർ ലക്ഷ്മീനിവാസ് നിധിൻ രാജഗോപാൽ(24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്‌സൺ സെബാസ്റ്റ്യൻ(25), നെട്ടൂർ മുള്ളൻകുഴിയിൽ റോഷൻ ചാർളി(30), മരട് തട്ടത്തിൽ ജീവൻ ജയൻ(32), നെട്ടൂർ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയൻ(33), മരട് കൊറ്റേഴത്ത് വർഗീസ് ജോൺ(24), കുമ്പളം കളപ്പുരയ്ക്കൽ ഫെബിൻ റാഫേൽ(34), കുണ്ടന്നൂർ ത്രിപ്പടത്ത് നിഷാദ് ഷാജി(21), കുണ്ടന്നൂർ പാറശ്ശേരി നിവിൻ ചന്ദ്രൻ(24), കുണ്ടന്നൂർ പാടത്തറ രാഹുൽ കൃഷ്ണ(25), കുമ്പളം കാർത്തിക ശങ്കരനാരായണൻ(35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരൻ(32) എന്നിവരും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതിന് സൗത്ത് പറവൂർ ചിറ്റേഴത്ത് പ്രമോദ് കുട്ടൻ(28), മരട് തുരുത്തി ടെംപിൾറോഡ് കല്ലറയ്ക്കൽ കെ.ജെ. ജെഫിൻ പീറ്റർ(23).എന്നിവരും അറസ്റ്റിലായി.

കൊലപാതകത്തിനു ശേഷം പ്രതികൾ ഉദയംപേരൂർ കണ്ടനാട്ടുള്ള കാട്ടിലും കളമശേരി എച്ച്എംടി കോളനിയിലും മരടിലെ വിവിധ സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ സിറ്റി കമ്മിഷണർ വിജയ് സാഖറെയ്ക്ക് പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നിർദ്ദേശത്തിൽ തൃക്കാക്കര പൊലീസ് അസി. കമ്മിഷണർ കെ.എം. ജിജിമോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പനങ്ങാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ചുമതലയുള്ള എ. അനന്തലാൽ, പനങ്ങാണ് എസ്‌ഐ വി.ജെ. ജേക്കബും സ്റ്റേഷനിലെ മറ്റ് പൊലീസ് അംഗങ്ങളും ഡാൻസാഫ് ഇൻസ്‌പെക്ടർ ജോസഫ് സാജനും അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു അന്വേഷണ സംഘം.

സംഘങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പറഞ്ഞു പരിഹരിക്കുന്നതിനായി ഒത്തു തിർപ്പ് ചർച്ച എന്ന പേരിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ നെട്ടൂർ ആര്യാസ് ജങ്ഷനു സമീപം എതിർ സംഘത്തെ വിളിച്ചു ചേർത്ത സംഘം അപ്രതീക്ഷിതമായി ഫഹദിനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നെഞ്ചിലേയ്ക്ക് കത്തി ഉപയോഗിച്ച് കുത്താനുള്ള ശ്രമം തടയുന്നതിനിടെ ഇടതു കയ്യിൽ ആഴത്തിൽ മുറിവേൽക്കുകയും രക്തം വാർന്ന് മരിക്കുകയുമായിരുന്നു. പരുക്കേറ്റതോടെ ഫഹദ് ബൈപ്പാസ് റോഡിലേയ്ക്ക് ഓടിയെങ്കിലും കുറെ സമയം ഇവിടെ വീണു കിടന്നു. തുടർന്ന് രണ്ടു പേർ ചേർന്ന് ഫഹദിനെ കുണ്ടന്നൂരുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് നെട്ടൂരിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. രക്തം വാർന്ന് അബോധാവസ്ഥയിലാണ് ഫഹദിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് 20 മണിക്കൂർ വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് മരിച്ചത്.

ഫഹദ് കുത്തേറ്റു മരിച്ചതിലേയ്ക്ക് നയിച്ചതുകൊച്ചിയിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരിയുടെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ്. ജൂലൈ 24ന് പനങ്ങാട് പൊലീസാണ് ഇവരെ മൂന്നരക്കിലൊ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ റിമാൻഡ് ചെയ്‌തെങ്കിലും കോടതി കഴിഞ്ഞ ഒമ്പതിന് ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവർക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ അടുപ്പക്കാരനും സംഘവും ഇവരെ കൂട്ടിക്കൊണ്ടു പോകുന്നതിന് തൃശൂർ വിയ്യൂരിലെ ജയിലിൽ എത്തിയിരുന്നു. ഇതേ സമയം ആലപ്പുഴക്കാരനായ മറ്റൊരു കഞ്ചാവ് വിതരണക്കാരനും സംഘവും ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തി. എന്നാൽ ഇതിനകം ഇവർ ഇടുക്കി സംഘത്തിനൊപ്പം പോയിരുന്നു.

ഇതിൽ പക വീട്ടുന്നതിനായി ഇടുക്കിയിലുള്ള സംഘത്തിന്റെ എതിരാളികളും മരട് സ്വദേശിനിയുടെ മുൻ ഭർത്താവുമായ ലഹരി മരുന്ന് കച്ചവടക്കാരനെ വിവരം അറിയിച്ചു. ഇതോടെ ഇവരുടെ മുൻഭർത്താവും സംഘവും ഇടുക്കി സംഘത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഇവരുടെ വരവറിഞ്ഞ് അടുക്കള വാതിൽ വഴി ഓടി രക്ഷപെട്ടു. ഇതിന്റെ ദേഷ്യത്തിൽ സംഘം വീടിനു മുന്നിലുണ്ടായിരുന്ന കാറും മറ്റും തകർക്കുകയും ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കൈവശപ്പെടുത്തുകയും ചെയ്തു.

ഈ സംഭവത്തിൽ പൊലീസിനു പരാതി കൊടുക്കാതെ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ഇടുക്കി സംഘം കൊച്ചിയിലുള്ള ചില്ലറവിൽപനക്കാരുടെ സഹായം തേടുകയായിരുന്നു. മൊബൈൽ ഫോണിന്റെ വിഷയം സംസാരിച്ച് പ്രശ്‌നം പരിഹരിക്കാം എന്നുപറഞ്ഞായിരുന്നു എതിർ സംഘത്തെ ഇവർ വിളിച്ചു വരുത്തിയത്. എന്നാൽ സംഘം ചേർന്ന് കാത്തുനിന്ന പ്രതികൾ സ്ഥലത്തെത്തിയ ഫഹദിനെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇതു തടഞ്ഞതാണ് കൈക്ക് മുറിവേൽക്കുന്നതിനും രക്തം വാർന്ന് മരിക്കുന്നതിലേയ്ക്കും നയിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ ഇവരെ ഉപയോഗിച്ച് തെളിവെടുക്കേണ്ടതിനും വാഹനങ്ങൾ കണ്ടെടുക്കുന്നതിനും മറ്റുമായി പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP