Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്‌ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു

പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്‌ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു

എം മനോജ് കുമാർ

കൊയിലാണ്ടി: പനിബാധിച്ച് അവശനായ ഏഴു വയസുകാരനായ മകന് ചികിത്സ വൈകിയതിൽ ക്ഷുഭിതനായി ഫെയ്‌സ് ബുക്ക് ലൈവ് ഇട്ടതിന്റെ പേരിൽ അച്ഛൻ അറസ്റ്റിലായ സംഭവത്തിൽ കൊയിലാണ്ടിയിൽ രോഷം ഇരമ്പുന്നു. കൊയിലാണ്ടിയിലെ രോഷം ഇപ്പോൾ കേരളമാകെ പടരുകയുമാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടർന്ന് അച്ഛൻ അറസ്റ്റിലായ പ്രശ്‌നത്തിൽ വിവിധ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഇരമ്പുകയാണ്. മിക്ക രാഷ്ട്രീയപാർട്ടികളും സംഘടനകളും അറസ്റ്റിലായ കുട്ടിയുടെ അച്ഛൻ ഷൈജുവിനു അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകൾ ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയാണ്. അച്ഛനായ ഷൈജു ജയിലിലായ പ്രശ്‌നം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദത്തിന്റെ തലത്തിലേക്ക് എത്തുന്നത്.

പനി ബാധിച്ച് അവശനായ മകന് ചികിത്സ വൈകിയ പ്രശ്‌നത്തിൽ ധാർമ്മിക രോഷം പ്രകടിപ്പിച്ച കൂലിപ്പണിക്കാരനായ ഉള്ള്യേരി സ്വദേശിയായ ഷൈജുവിനെയാണ് വിവിധ വകുപ്പുകൾ അതിൽ ഒന്നും ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് എടുത്ത് അകത്തിട്ടത്. ഇല്ലാത്ത ആക്രമണത്തിന്റെ പേരിൽ സംഭവം പെരുപ്പിച്ച് കാട്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വനിതാ ഡോക്ടർക്കെതിരെയും സംഭവം പരിശോധിച്ച് കേസ് ചാർജ് ചെയ്യേണ്ടതിനു പകരം ചാടിക്കയറി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ഷൈജുവിനെ അകത്താക്കുകയായിരുന്നു. ഉള്ള്യേരിയുള്ള വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഷൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നാദാപുരം മജിസ്‌ട്രേട്ടിന് മുൻപിലാണ് ഹാജരാക്കിയത്. പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷൈജു ഇപ്പോൾ കൊയിലാണ്ടി ജയിലാണ് ഉള്ളത്.

കഴിഞ്ഞ പതിനാറാം തീയതി നടന്ന സംഭവത്തിനാണ് ഇന്നലെ ഷൈജു അറസ്റ്റിലായത്. ഡോക്ടറുടെ മുറിയിലേക്ക് കയറി ബഹളം ഉണ്ടാക്കി, ജോലി തടസപ്പെടുത്തി തുടങ്ങി കേസ്എടുക്കാവുന്ന മുഴുവൻ വകുപ്പുകൾക്കും ആധാരമായ പരാതിയാണ് വനിതാ ഡോക്ടർ ഷൈജുവിനു എതിരെ നൽകിയത്. സംഭവം നടന്ന പതിനാറിന് ശേഷം പിറ്റേന്നാണ് വനിതാ ഡോക്ടർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഫെയിസ് ബുക്ക് വഴി ലൈവ് ഇട്ടതിൽ ഡോക്ടറായ താൻ കൂടി ഉൾപ്പെട്ടതിന്റെ രോഷത്തിലാണ് ഷൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയത്. തന്റെ അനുവാദമില്ലാതെ ഡ്യൂട്ടി സമയത്ത് ഫോട്ടോ എടുത്ത് എന്ന പരാതികൂടി ഡോക്ടർ നൽകിയ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഡോക്ടറുടെ പരാതി കിട്ടിയപാടെ വകുപ്പുകൾ കനപ്പിച്ച് നിരുത്തരവാദപരമായ രീതിയിൽ കൊയിലാണ്ടി പൊലീസ് കൂടി പെരുമാറിയതോടെ ഷൈജു അകത്താകുകയായിരുന്നു. സർക്കാർ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതിന് ഐപിസി 353യും, ഡോക്ടറെ ചീത്ത വിളിച്ച് എന്നതിന് ഐപിസി 294ആ, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ഐപിസി 119 അ യും സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 യും ചുമത്തി. ഇതിൽ 353 ജാമ്യമില്ലാ വകുപ്പാണ്. സർക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 വകുപ്പ് ചുമത്തിയത് പൊലീസിന്റെ അമിതാവേശത്തിനു ഉദാഹരണമായി നിലനിൽക്കുകയും ചെയ്യുന്നു. പനി ബാധിച്ച് അവശനായ മകന് ചികിത്സ തേടിയാണ് അച്ഛൻ ഷൈജു സർക്കാർ ആശുപത്രിയിൽ എത്തിയത്.

അതുകൊണ്ട് തന്നെ ഈ വകുപ്പ് പൊലീസ് ഡോക്ടർക്ക് കൂട്ട് നിന്നു എന്നതിന് തെളിവാകുകയും ചെയ്യുന്നു. ഷൈജുവിനെ അകത്തിടാൻ ഉദ്ദേശിച്ചാണ് ജാമ്യമില്ലാ വകുപ്പായ ഐപിസി 452 ചുമത്തിയത്. അതേസമയം പൊലീസിന്റെ ക്രൂരകൃത്യത്തിന്നെതിരെ ചിലരുടെ നിർദ്ദേശപ്രകാരം ബോധപൂർവം കൂടിയ വകുപ്പുകൾ ചുമത്തിയെന്നാണ് ഷൈജുവിന്റെ കുടുംബം ആരോപിക്കുന്നത്. മകൻ തീർത്തും അവശനായ സാഹചര്യത്തിൽ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായത്. പൊലീസ് ബോധപൂർവം വിവിധ വകുപ്പുകൾ ചേർത്തതായും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും ഷൈജുവിന്റെ ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബം ഇതുവരെ പരാതി നൽകിയില്ലെന്ന് കൊയിലാണ്ടി പൊലീസ് മറുനാടനോട് പറഞ്ഞു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:

കഴിഞ്ഞ പതിനാറിന് കടുത്ത പനിയെത്തുടർന്നാണ് മകൻ സൂര്യതേജസിനെയും കൂട്ടി കൂലിപ്പണിക്കാരനായ ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാൻ ഷൈജു വരുന്നത്. മൂന്ന് നാൽപതോടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായത്. ഇതിനിടയിൽ ആശുപത്രി ജീവനക്കാരുടെ ശുപാർശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടർ വേഗത്തിൽ മരുന്ന് നൽകി മടക്കി അയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. എന്നാൽ അവശനായ മകനും രോഷത്തോടെ ഷൈജുവും ക്യൂവിൽ തുടർന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി.ക്യൂവിൽ നിന്ന് ആശുപത്രിയിലെ ക്രൂരകൃത്യം ചൂണ്ടിക്കാട്ടി ഷൈജു ഫെയ്‌സ് ബുക്ക് ലൈവ് നൽകി.

ഫെയ്‌സ് ബുക്ക് ലൈവിൽ ഡോക്ടർ കൂടി അകപ്പെട്ടു. ഇത് ഡോക്ടറെ ക്ഷുഭിതയാക്കി. പക്ഷെ ഇതേ ഡോക്ടറുടെ മരുന്ന് വാങ്ങിയാണ് ഇവർ മടങ്ങിയത്. പക്ഷെ പിറ്റേന്ന് ദിവസം ഡോക്ടർ കൊയിലാണ്ടി പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വനിത ഡോക്ടർ നൽകിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

ജോലിക്കിടെ ജീവനക്കാർക്കുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും ഓഫിസ് വഴി പരാതി നൽകുന്നതാണ് പതിവ്. ഷൈജുവിന്റെ കാര്യത്തിൽ ഡ്യൂട്ടി ഡോക്ടർ നേരിട്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. . എന്നാൽ പരാതി നൽകിയ അതേ ഡോക്ടറാണ് ഷൈജുവിന്റെ മകനെ പരിശോധിച്ച് മരുന്ന് നൽകിയത്. എന്നാൽ മകന് ചികിത്സ തേടിയ പ്രശ്‌നത്തിൽ നിരപരാധിയായ ഒരച്ഛൻ അറസ്റ്റിലായ സംഭവം കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP