Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിൽ കയറ്റിയത് പ്രണയത്തിലായിരുന്ന കാലത്തെ ചിത്രങ്ങൾ കാട്ടി; അധികമാരോടും സംസാരിക്കാത്ത സഫറിന് മറ്റ് ദുശ്ശീലങ്ങളില്ലെന്നും നാട്ടുകാർ; പ്ലസ്ടു വിദ്യാർത്ഥിനി ഇവയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം കൊണ്ട്

കാറിൽ കയറ്റിയത് പ്രണയത്തിലായിരുന്ന കാലത്തെ ചിത്രങ്ങൾ കാട്ടി; അധികമാരോടും സംസാരിക്കാത്ത സഫറിന് മറ്റ് ദുശ്ശീലങ്ങളില്ലെന്നും നാട്ടുകാർ; പ്ലസ്ടു വിദ്യാർത്ഥിനി ഇവയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം കൊണ്ട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എറണാകുളം നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവയെ കൊലപ്പെടുത്തിയ സഫർ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. മറ്റു ദുശീലമുള്ളതായി അറിവില്ല. കേസുകളും ഇയാളുടെ പേരിലുള്ളതായി നാട്ടുകാർക്കറിയില്ല. ഇരുവരും തമ്മിൽ ഒരു വർഷമായി പ്രണയത്തിലായിട്ട്. പെൺകുട്ടിയുമായി ഇയാൾ കറങ്ങാൻ പോകാറുണ്ടെന്നും പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കുറച്ചുനാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. എന്നാൽ പ്രണയിച്ച സമയത്ത് കറങ്ങാൻ പോകുന്ന വേളകളിൽ എടുത്ത ചില ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണു കാറിൽ കയറ്റിക്കൊണ്ടുപോയതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞു.

നെട്ടൂർ കുറ്റേപറമ്പ് മസ്ജിദ് റോഡിൽ പൂതേപ്പാടത്ത് ഷാജിയുടെ ആദ്യഭാര്യയിലെ മകനായ സഫർ ഷാ കണ്ണാടിക്കാടുള്ള ഹ്യുണ്ടായി കാർ സർവീസ് സെന്ററിലെ ജീവനക്കാരനാണ്. സർവീസിനു കൊണ്ടുവന്ന കാറുമായാണ് ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പേയത്. അമ്മയുമൊപ്പം ഇപ്പോൾ കുമ്പളത്താണു താമസം. നെട്ടൂരിൽ താമസിച്ചിരുന്നപ്പോൾ അയൽപക്കത്തായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

ഇവ സ്‌കൂളിൽ പോയതു സ്പെഷൽ ക്ലാസിനെന്നു പറഞ്ഞെന്ന് കൊല്ലപ്പെട്ട ഇവ ആന്റണിയുടെ പിതാവ് കലൂർ താണിപ്പിള്ളി വീട്ടിൽ വിനോദ് എന്ന ആന്റണി ചെറുകാട്. ചൊവ്വാഴ്ച രാത്രിയാണ് മകൾ മരിച്ച വിവരം അറിയുന്നത്. എറണാകുളം നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവ സ്‌കൂളിൽ സ്പെഷൽ ക്ലാസിനെന്നു പറഞ്ഞാണു പോയത്. വരാൻ വൈകിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. എട്ടു മാസമായി സഫർ ഷാ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്.

ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ലെന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്നു മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്കു സ്‌കൂളിൽ പോകാൻ പോലും പേടിയായിരുന്നു.

കഴിഞ്ഞ ദിവസം താനാണ് മകളെ സ്‌കൂളിൽ കൊണ്ടാക്കിയത്. തിരിച്ച് കൂട്ടുകാർക്കൊപ്പം വരുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം അവൾ സാധാരണ കയറുന്ന സ്റ്റോപ്പിൽനിന്ന് കാറിൽ കയറാതെ അടുത്ത സ്റ്റോപ്പിൽനിന്ന് കയറാമെന്നു കൂട്ടുകാരോടു പറഞ്ഞാണ് പോയത്. അതുകഴിഞ്ഞ് കൂട്ടുകാരുടെ ആരുടെയോ ബർത്ത്ഡേ പാർട്ടിയുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ സാധാരണ എത്തുന്ന സമയമായിട്ടും അന്വേഷിക്കാതിരുന്നത്. പിന്നെ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നുപോയ വിവരം പറയുന്നത്.
അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയത് എന്നറിയില്ല. ഇതു പരിശോധിക്കണമെന്നു പൊലീസിനോട് ഇന്നലെത്തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് ഇതുവരെ പൊലീസും മറുപടി നൽകിയിട്ടില്ല എന്നും വിനോദ് പറഞ്ഞു.

കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും വിനോദ് പഠിപ്പിക്കുന്നത്. പലപ്പോഴും സ്‌കൂളിലെ ഫീസ് കൊടുക്കാൻ സാധിക്കാതെ വരാറുണ്ട്. അതിന്റെ സങ്കടം അവൾ വീട്ടിൽ അറിയിക്കാറില്ല. ഫീസടയ്ക്കാത്തതിന് ആരുമില്ലാത്ത ക്ലാസ്മുറിയിൽ ഇരുത്താറുണ്ടെന്ന് കഴിഞ്ഞ ദിവസം അവൾ പറഞ്ഞിരുന്നു. പണം ഇല്ലാത്തതുകൊണ്ടാണ് ഫീസ് അടയ്ക്കാൻ വൈകിയിട്ടുള്ളത്.
ഈ വർഷംകൊണ്ട് ക്ലാസ് തീരുമല്ലോ എന്ന് അവൾതന്നെ ഞങ്ങളെ സമാധാനിപ്പിക്കുന്നതായിരുന്നു പതിവ്. ഇനി ഒരു കുഞ്ഞിനും ഇങ്ങനെ വരരുത് എന്റെ മകൾക്ക് നീതി കിട്ടണം. അവനെ അർഹിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടാൻ എന്താണ് ചെയ്യേണ്ടത്. കൈകൾ കൂപ്പിക്കൊണ്ടു പറയുമ്പോൾ ആന്റണി ചെറുകാട് കരയുകയാണ്.

ചൊവ്വാഴ്ച സ്പെഷൽ ക്ലാസിനു പോയി വൈകിയപ്പോൾ സഫറിന്റെ നമ്പരിലേയ്ക്കു വിളിച്ചിരുന്നതായി ഇവയുടെ മൂത്ത സഹോദരി കെസയും പറഞ്ഞു. അയാൾ ഫോണെടുക്കാൻ കൂട്ടാക്കിയില്ല. പിന്നെ വിളിക്കുമ്പോൾ സ്വിച്ച് ഓഫായിരുന്നു. തമിഴ്‌നാട് അതിർത്തിയിൽ നിന്നുള്ള സന്ദേശമാണു ഫോണിൽ നിന്ന് ലഭിക്കുന്നത് എന്നു മനസിലായി. 17 വയസ് മാത്രമുള്ള പെൺകുട്ടിയാണ്. 'കേസ് സ്ട്രോങ് ആണ്. നീ കളിക്കരുത്. അവളെ പെട്ടെന്ന് തിരികെ കൊണ്ടുവിടണം' എന്നു പറഞ്ഞ് അവന് സന്ദേശം അയച്ചിരുന്നു. അതിനൊന്നും അവൻ മറുപടി നൽകിയില്ലെന്നും സഹോദരി പറയുന്നു.

തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് ഇവയുടെ മൃതദേഹം കണ്ടത്. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. ചൊവ്വാഴ്ചയാണ് ഇവയെ കാണാനില്ലെന്ന പരാതിയിൽ സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ ലഭിച്ചതിനെ തുടർന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തി. ഇതിനിടെ മലക്കപ്പാറയിൽ വച്ച് പെൺകുട്ടിയും യുവാവും കാറിൽ പോകുന്നതു കണ്ടെന്നു വിവരം ലഭിച്ചു.
തുടർന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിച്ചു. മലക്കപ്പാറയിൽ നിന്നു കാർ തമിഴ്‌നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു.

സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫർ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിൽ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP