Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മാസത്തിനിടെ വാങ്ങിയത് 30,000 രൂപ; പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് പ്രകോപനമായി; ആരുമില്ലാത്ത വീട്ടിൽ ജോലിക്കായി വിളിച്ചു വരുത്തിയത് പ്രതികാരം ചോദിക്കാൻ; മകളുടെ വിവാഹക്കാലത്തെ ബുദ്ധിമുട്ടുകൾ കേട്ടിട്ടും മനസ്സ് അലിഞ്ഞില്ല; കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം; ഒടുവിൽ കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ടെന്നും വീട് തുറന്നു നോക്കണമെന്ന് വെളിപ്പെടുത്തലും; ഏറ്റുമാനൂരിൽ 50കാരിയായ ഉഷയെ 70വയസ്സുള്ള പ്രഭാകരൻ വകവരുത്തിയത് ഇങ്ങനെ

ഒരു മാസത്തിനിടെ വാങ്ങിയത് 30,000 രൂപ; പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് പ്രകോപനമായി; ആരുമില്ലാത്ത വീട്ടിൽ ജോലിക്കായി വിളിച്ചു വരുത്തിയത് പ്രതികാരം ചോദിക്കാൻ; മകളുടെ വിവാഹക്കാലത്തെ ബുദ്ധിമുട്ടുകൾ കേട്ടിട്ടും മനസ്സ് അലിഞ്ഞില്ല; കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപാതകം; ഒടുവിൽ കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ടെന്നും വീട് തുറന്നു നോക്കണമെന്ന് വെളിപ്പെടുത്തലും; ഏറ്റുമാനൂരിൽ 50കാരിയായ ഉഷയെ 70വയസ്സുള്ള പ്രഭാകരൻ വകവരുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തിനൊടുവിൽ. ഏറ്റുമാനൂർ കട്ടച്ചിറ കടവിൽ പി ആർ രാജന്റെ ഭാര്യ ഉഷാ രാജനെ(50)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര സ്വദേശിയും വീട്ടുജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ(70) പൊലീസ് കസ്റ്റഡിയിൽ എടുത്തു. 30,000 രൂപയ്ക്ക് വേണ്ടിയാണ് പ്രതി കുറ്റകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഉഷയും, പ്രതിയായ പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പ്രഭാകരന്റെ കൈയിൽനിന്ന് പല തവണയായി ഉഷ മുപ്പതിനായിരത്തോളം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ഉഷ തിരികെ നൽകിയിരുന്നില്ല. വിളിച്ചിട്ട് ഫോൺ എടുക്കാനോ പണം നൽകാനോ തയ്യാറായില്ല. ഇതേതുടർന്ന് തന്ത്രത്തിൽ പാനൂർ ടോമി ജോസഫിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ടോമി ജോസഫിന്റെ വീട് നോക്കുന്നതും, ഇവിടുത്തെ ജോലികൾ ചെയ്യുന്നതും പ്രഭാകരനായിരുന്നു. ഇവിടെ എത്തിച്ചശേഷം പ്രഭാകരൻ ഉഷയോട് പണം ആവശ്യപ്പെട്ടു. മകളുടെ വിവാഹമായതിനാൽ ഉഷയുടെ കൈയിൽ പണമുണ്ടെന്നായിരുന്നു പ്രഭാകരൻ കരുതിയിരുന്നത്. എന്നാൽ, ഇതേച്ചൊല്ലി തർക്കമുണ്ടായതിനൊടുവിൽ പ്രഭാകരൻ ഉഷയെ കൊലപ്പെടുത്തുകയായിരുന്നു. മകളുടെ കല്യാണം അടുത്ത മാസമാണ്. ഇതിനു ഉഷ ചിലരോട് പണം കടം ചോദിച്ചിരുന്നു.

പ്രതി അവശനിലയിൽ ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗസാദ്ധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ഉഷ കൊല്ലപ്പെട്ട് കിടന്ന ഇതേ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രഭാകരൻ. കൊലയ്ക്കുശേഷം അടിമാലിയിലെ ബന്ധുവീട്ടിൽ എത്തിയ പ്രതി, രാത്രി ഏറെ വൈകി തിരികെ മടങ്ങിയെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രഭാകരന്റെ രണ്ടു സഹോദരന്മാരുടെ മരണം. ഈ സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണത്തിനായി പ്രതിയെ അഡ്‌മിറ്റാക്കുകയായിരുന്നു. ഡോക്ടർമാരുടെ അഭിപ്രായം അറിഞ്ഞശേഷമേ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.

പാനൂർ ടോമി ജോസഫിന്റെ വീടാണിത്. വീട്ടുകാർ ദക്ഷിണാഫ്രിക്കയിലായതിനാൽ പ്രഭാകരനെ വീടിന്റെ മേൽനോട്ടച്ചുമതല ഏല്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്റെ സമീപത്തു താമസിക്കുന്ന ടോമിയുടെ സഹോദരി വത്സമ്മയുടെ ഫോണിലേക്കു വിളിച്ച്, താൻ വീട്ടിൽ ഒരാളെ കൊന്നിട്ടിരിക്കുകയാണെന്നു പറഞ്ഞു. വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റു സഹോദരങ്ങളെ വിളിച്ചുവരുത്തിയശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പാനൂർ കുടുംബത്തിൽ വർഷങ്ങളായി ജോലിക്കാരനായിരുന്നു പ്രഭാകരൻ. വീട് വൃത്തിയാക്കുന്നതിനായി സ്ഥിരമായി ഉഷാകുമാരിയെയാണു വിളിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ഉഷാകുമാരി വീട്ടിൽനിന്നിറങ്ങിയത്. രാത്രി എട്ടുമണിക്കുശേഷവും എത്താതിരുന്നതോടെ, സ്ഥിരമായി പോകുന്ന വീടുകളിലും ആശുപത്രികളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രാവിലെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സംഭവത്തിനുശേഷം ഇടുക്കി ഭാഗത്തേയ്ക്ക് ഒളിവിൽപോയ പ്രതി രാത്രി വൈകി പള്ളിക്കത്തോട് ഭാഗത്തെ ബന്ധുവീട്ടിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് മുപ്പതിനായിരത്തോളം രൂപ പല തവണയായി ഉഷ, പ്രഭാകരന്റെ പക്കൽ നിന്നു വാങ്ങിയത്. ഞായറാഴ്ച ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉഷയുടെ സംസ്‌കാരം ഇന്നലെ നടത്തി. കൊലപാതക വിവരം പുറം ലോകത്തെ അറിയിച്ചതും പ്രഭാകരൻ തന്നെയായിരുന്നു. വീട്ടുടമസ്ഥന്റെ ബന്ധുവിനെയാണ് പ്രഭാകരൻ ഇക്കാര്യം അറിയിച്ചത്. 'കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം' വീട്ടു ജോലിക്കാരൻ പ്രഭാകരൻ മൊബൈൽ ഫോണിൽ കൂടി വിളിച്ചു പറഞ്ഞപ്പോൾ വിറച്ചു പോയതായി വീട്ടുടമയുടെ സഹോദരി വൽസമ്മ പൊലീസിനോടു പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് പ്രഭാകരൻ വിളിച്ചത്. ഇതോടെയാണ് സത്യം പുറത്തു വന്നത്.

'കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് ഫോണിൽ സംസാരം തുടങ്ങിയത്. കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസിൽ ടോമിച്ചന്റെ വീടിന്റെ താക്കോൽ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടിൽ ഉണ്ട്. പിന്നെ വർത്തമാനം നിർത്താറായപ്പോൾ, ഉഷയമ്മയേ ഞാൻ കൊന്ന് ഇട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം ' ഇതു പറയുമ്പോൾ പ്രഭാകരൻ പരിഭ്രമിച്ചിരുന്നു.
പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരൻ ഇങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.എങ്കിലും പ്രഭാകരന്റെ വർത്തമാന രീതിയിൽ സംശയം തോന്നി. ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. എംസി റോഡിൽ വിമല ജംക്ഷനു പിന്നിൽ തോപ്പിൽ തെക്കുംഭാഗത്ത് എസ്എഫ്എസ് റോഡിൽ ഏതാനും വർഷം മുൻപാണ് ഈ വീട് വാങ്ങിയത്. വീട്ടുടമയും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ പ്രഭാകരനെയാണ് വീട്ടിലെ ജോലികൾ ചെയ്യാൻ ഏൽപിച്ചിച്ചിരുന്നത്. പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നത്.

ടോമിയുടെ വീടിന്റെ താക്കോൽ സമീപത്തു താമസിക്കുന്ന സഹോദരി വത്സമ്മയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ വീട് വൃത്തിയാക്കാൻ ഉഷ വരാറുണ്ട്. ഈ സമയം പ്രഭാകരനാണ് വീട് തുറന്നു കൊടുത്തിരുന്നത്. പ്രഭാകരൻ, ടോമിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടുക്കളയോടു ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മുൻ ഭാഗത്തെ കിടപ്പുമുറിയിൽ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പാടുകളും കണ്ടെത്തി. തിങ്കൾ രാവിലെ പതിവുപോലെ വീട്ടുജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷ വീട്ടിൽ നിന്നിറങ്ങിയത്. ഒരു ദിവസം തന്നെ വിവിധ വീടുകളിൽ ജോലിക്ക് പോകാറുണ്ട് ഇതു കൂടാതെ അയൽക്കൂട്ടത്തിലും പ്രവർത്തിക്കുന്നുണ്ട്. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്താറുണ്ട്. എന്നാൽ തിങ്കളാഴ്ച പതിവിലും വൈകിയപ്പോൾ അയൽക്കൂട്ടവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോയതാകാമെന്നു കരുതി. ഇതിനിടെയാണ് കൊലപാതകം പുറത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP