Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് ഡോ. ഗണേശ് മോഹന്റെ നിർദേശപ്രകാരം; തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് ചിലർ ശ്രമിക്കുന്നത്; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി; എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ; കാന്റീൻ നടത്തിപ്പിനായും സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും ആരോപണം

ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് ഡോ. ഗണേശ് മോഹന്റെ നിർദേശപ്രകാരം; തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് ചിലർ ശ്രമിക്കുന്നത്; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി; എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ; കാന്റീൻ നടത്തിപ്പിനായും സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. വിവാദത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹനെതിരെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ രംഗത്തുവന്നു. വിവാദമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ജീവനക്കാരനാണ് അനിൽകുമാർ. ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ഗണേശ് മോഹന്റെ നിർദേശപ്രകാരമാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് അനിൽ കുമാറിനെതിരെ കേസെടുത്ത് കളമശേരി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ രേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ സൂപ്രണ്ടിനെതിരെ തുറന്നടിച്ചു കൊണ്ട് അനിൽകുമാർ രംഗത്തുവന്നത്.

തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ ചിലർ ശ്രമിക്കുകയാണെന്ന് അനിൽ കുമാർ ആരോപിച്ചു. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരൻ എത്തിച്ചു നൽകി. സൂപ്രണ്ട് നിർദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് ജീവനക്കാരി ജനന സർട്ടിഫിക്കറ്റ് നൽകിയത് .നേരത്തെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ വെളിപ്പെടുത്തി.

അഞ്ചുമാസം മുൻപ് മെഡിക്കൽ കോളജിൽ തന്നെ ജനിച്ച കുഞ്ഞിനായാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും അനിൽ കുമാർ പറഞ്ഞു. 'അനൂപ് എന്നയാളുടെ കുഞ്ഞിനായാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. അനൂപിന്റെ കുഞ്ഞുമായി ബന്ധപ്പെട്ട് ഒരു വിഷയമുണ്ട്. അത് പരിഹരിച്ച് കൊടുക്കാൻ ഗണേശ് മോഹൻ ആവശ്യപ്പെട്ടു. ഗണേശ് മോഹൻ പറഞ്ഞത് അനുസരിച്ച് അനൂപ് എന്നെ ബന്ധപ്പെട്ടു. ഞാൻ കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

അനൂപിന് ഒരു കുഞ്ഞുണ്ട്. അഞ്ചുമാസം മുൻപ് മെഡിക്കൽ കോളജിൽ തന്നെ ജനിച്ച ഒരു കുഞ്ഞിനെയാണ് അനൂപ് ഏറ്റെടുത്ത് വളർത്തുന്നത്. ആ കുഞ്ഞിന് ഒരു ജനന സർട്ടിഫിക്കറ്റ് വേണം. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് അനൂപും ഭാര്യയും എന്ന് കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് വേണമെന്നാണ് അനൂപിന്റെ ആവശ്യം. എനിക്ക് കുഞ്ഞിനെ വളർത്തണം. അതുകൊണ്ട് എങ്ങനെയെങ്കിലും ഇത് ചെയ്ത് തരണം'- അനൂപ് പറഞ്ഞു.

'ഞാൻ നോക്കാം എന്ന് പറഞ്ഞു. അതിനിടെ ബർത്ത് രജിസ്റ്ററിലെ ഒരു റോസ് നിറത്തിലുള്ള പേപ്പറുമായി അനൂപ് എന്നെ സമീപിച്ചു. ആശുപത്രിയിൽ നിന്ന് തന്നെയാണ് ഈ പേപ്പർ ലഭിച്ചിരിക്കുന്നത്. ഈ പേപ്പർ ലഭിക്കാൻ ആരോക്കെയാണ് കളിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. സ്വാഭാവികമായി ഞാൻ ആ പേപ്പർ ബർത്ത് രജിസ്റ്റർ ചെയ്യുന്ന പെൺകുട്ടിയുടെ കൈയിൽ കൊടുത്തു. സൂപ്രണ്ട് പറഞ്ഞിട്ടാണ് എന്ന് വിശ്വസിച്ച് ആ കുട്ടി അത് ചെയ്തു. എന്നെ ഇത് ഏൽപ്പിച്ചത് സൂപ്രണ്ട് ആണ്. അനൂപിനെ പരിചയപ്പെടുത്തിയതും സൂപ്രണ്ടാണ്. അദ്ദേഹം പറഞ്ഞതാണ് ഞാൻ ചെയ്യുന്നത്. വിഷയം വന്നപ്പോൾ ഞാൻ സസ്പെൻഷനിലായി. മുഴുവൻ വിഷയങ്ങളും എന്നിലേയ്ക്ക് വരുന്നു. ഞാൻ ഒറ്റപ്പെടുകയാണ് ചെയ്തത്.'- അനിൽ കുമാർ പറഞ്ഞു.

അതേസമയം ആശുപത്രി ക്യാന്റീൻ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങി. പുതിയ കരാറുകാരനിൽ നിന്നാണ് പണം വാങ്ങിയത്. താൻ ശിക്ഷിക്കപ്പെട്ടാലും സൂപ്രണ്ടിന്റെ കള്ളക്കളി വെളിച്ചത്ത് വരണമെന്നും അനിൽകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP