Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇപി ജയരാജന്റെ മകനെ കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം എടുത്തത് ദുബായിൽ വച്ച്; ദൃശ്യം പകർത്തുമ്പോൾ സന്ദീപും സ്വപ്‌നയും ഒപ്പമുണ്ടായിരുന്നു; കൂടെ മന്ത്രി പുത്രന്റെ കുടുംബാഗങ്ങളും; പഞ്ചനക്ഷത്ര ഹോട്ടലിലെ കൂടിക്കാഴ്ച യാദൃശ്ചികം; ലൈഫ് മിഷൻ പദ്ധതിയുമായി യാതൊരു ബന്ധവും ഫോട്ടോയ്ക്ക് ഇല്ലെന്നും സ്വപ്‌നാ സുരേഷിന്റെ മൊഴി; ഫോട്ടോ മോർഫ് ചെയ്തതെന്ന് കോടിയേരി പറഞ്ഞത് പച്ചക്കള്ളമോ? പുതുശ്ശേരി കോറോത്ത് ജയ്സൺ രക്ഷപ്പെടുന്നത് കമ്മീഷൻ ആരോപണത്തിൽ നിന്ന്

ഇപി ജയരാജന്റെ മകനെ കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം എടുത്തത് ദുബായിൽ വച്ച്; ദൃശ്യം പകർത്തുമ്പോൾ സന്ദീപും സ്വപ്‌നയും ഒപ്പമുണ്ടായിരുന്നു; കൂടെ മന്ത്രി പുത്രന്റെ കുടുംബാഗങ്ങളും; പഞ്ചനക്ഷത്ര ഹോട്ടലിലെ കൂടിക്കാഴ്ച യാദൃശ്ചികം; ലൈഫ് മിഷൻ പദ്ധതിയുമായി യാതൊരു ബന്ധവും ഫോട്ടോയ്ക്ക് ഇല്ലെന്നും സ്വപ്‌നാ സുരേഷിന്റെ മൊഴി; ഫോട്ടോ മോർഫ് ചെയ്തതെന്ന് കോടിയേരി പറഞ്ഞത് പച്ചക്കള്ളമോ? പുതുശ്ശേരി കോറോത്ത് ജയ്സൺ രക്ഷപ്പെടുന്നത് കമ്മീഷൻ ആരോപണത്തിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി ഇപി ജയരാജനേയും കുടുക്കി സ്വപ്‌നാ സുരേഷിന്റെ മൊഴി. ജയരാജന്റെ പുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നു നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നും അവർ വിശദീകരിച്ചു. ഇതോടെ മറുടാൻ മലയാളി പുറത്തു വിട്ട ചിത്രത്തിൽ എൻഐഎയും അന്വേഷണം തുടരുമെന്ന് വ്യക്തമാകുകയാണ്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ മകനുമായുള്ള അടുപ്പം വിശദീകരിച്ച് സ്വപ്ന മൊഴി കൊടുത്തുവെന്ന വാർത്തയും പുറത്താകുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ. രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. ബിനീഷാണ് ഈ ചിത്രം പുറത്തു വിട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കോടിയേരിയ്‌ക്കെതിരെ ഇപി സിപിഎമ്മിന് പരാതി കൊടുക്കുമെന്നും വാർത്ത എത്തി. ഇതോടെ മറുനാടൻ പുറത്തു വിട്ട ചിത്രം ഏറെ ചർച്ചായായി. ഇതിനിടെയാണ് മോർഫിങ് ആരോപണം കോടിയേരി ഉയർത്തിയത്.

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെടുത്തിയാണ് ഇപിയുടെ മകന്റെ ചിത്രം ചർച്ചയായത്. ഇത് തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ചെടുത്തതാണെന്നും വാദമെത്തി. എന്നാൽ ഇത് സ്വപ്‌ന നിഷേധിച്ചു. ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ആരാഞ്ഞു. ഇതിൽ മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നൽകി. കമ്മിഷൻ ഇടപാടിൽ ബന്ധമില്ലെന്ന മുൻനിലപാടിൽ ശിവശങ്കറും ഉറച്ചു നിന്നു. സ്വപ്‌നയുടെ ഈ മൊഴി ഇപിക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ ഇപിയുടെ മകനെ കേസിൽ പ്രതിയാക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ അന്വേഷണത്തിലും സ്വപ്‌നയുടെ മൊഴി ഇപിക്ക് ആശ്വാസമാകും.

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽ എടുത്തതാണ് ഈ ഫോട്ടോ എന്നായിരുന്നു പ്രചരണം. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം പുറത്തു വന്നു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരമെന്ന് റിപ്പോർട്ട് എത്തി. ഇതിനിടെയാണ് സ്വപ്‌നയുടെ വിശദീകരണമെത്തുന്നത്. ലൈഫ് മിഷനിൽ നിന്നും ജയരാജ പുത്രന് ഒന്നും കിട്ടിയിട്ടില്ലെന്നാണ് സ്വപ്‌ന പറയുന്നത്.

മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും മനോരമ വിശദീകരിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നതായും വാർത്ത എത്തി. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ. ഈ റിപ്പോർട്ടിന് പിന്നാലെയാണ് വിവാദ ചിത്രം മറുനാടൻ പുറത്തു വിട്ടത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്‌സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.

സുജാതൻ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജയരാജന്റെ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ആണെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ മുനിസിപ്പാലിറ്റിയാലണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണം പരിസ്ഥിതിക്ക് ദോഷം വരുന്ന നിലയിൽ കുന്നിടിച്ചായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

യുഎഎഫ്എക്സ് സൊല്യൂഷൻ ഡയറക്ടർമാരായ അരുൺ വർഗീസ്, ടി അമീർ കണ്ണ് റാവുത്തർ എന്നിവരുമായി ബിനീഷ് കോടിയേരിക്കും അടുത്തബന്ധം ഉണ്ട്. യുഎഎഫ്എക്സ് സൊല്യൂഷൻസിൽ ഡയറക്ടറല്ലെങ്കിലും ബിനീഷിന് സ്ഥാപനത്തിൽ നിക്ഷേപം ഉള്ളതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ ചോദ്യം ചെയ്യൽ. കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിന്റെ മറവിൽ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഇത്തരത്തിൽ കൊണ്ടുവരുന്ന ബാഗേജുകൾ നേരേ യു.എ.എഫ്.എക്സ് ഓഫീസിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

പല രൂപത്തിലാണ് സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കടത്തിയത് വാതിൽ പിടിയുടെ രൂപത്തിലായിരുന്നു. പലരൂപത്തിൽ വരുന്ന സ്വർണം യു.എ.എഫ്.എക്സ് ഓഫീസിൽ സൂക്ഷിച്ച ശേഷമാണ് ഉചിതമായ സമയം നോക്കി വേർതിരിച്ചെടുക്കുന്നതും തിരുവനന്തപുരത്ത് തന്നെയുള്ള പണിശാലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കടത്തുന്നതും. സന്ദീപ് നായർ, സ്വപ്ന എന്നിവർക്ക് നിർണ്ണായക സ്വാധീനമായിരുന്നു ഈ സ്ഥാപനത്തിലെന്നാണ് എൻ.ഐ.എ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

വീസ സ്റ്റാംപിങ് കരാർ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷൻ പണമാണ് ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് 3 കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP