Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളി മത്സ്യത്തൊഴിലാളികളെ ക്രൂരമായി വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികർക്ക് ഇനി ജയിലിൽ കിടക്കേണ്ടി വരില്ലെന്ന് ഉറപ്പിക്കുന്ന വിധി; നാട്ടിലെ വിചാരണയെന്ന ആർബിട്രേഷൻ ട്രിബ്യൂണൽ വിധിയിൽ നിരവധി പൊരുത്തക്കേട്; കുറ്റപത്രം സമർപ്പിച്ച ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാതെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യുന്നത് തടഞ്ഞതിൽ നിയമ പ്രശ്‌നങ്ങൾ; കടൽക്കൊലയിൽ കേരളം നീതി തേടുമ്പോൾ

മലയാളി മത്സ്യത്തൊഴിലാളികളെ ക്രൂരമായി വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികർക്ക് ഇനി ജയിലിൽ കിടക്കേണ്ടി വരില്ലെന്ന് ഉറപ്പിക്കുന്ന വിധി; നാട്ടിലെ വിചാരണയെന്ന ആർബിട്രേഷൻ ട്രിബ്യൂണൽ വിധിയിൽ നിരവധി പൊരുത്തക്കേട്; കുറ്റപത്രം സമർപ്പിച്ച ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാതെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യുന്നത് തടഞ്ഞതിൽ നിയമ പ്രശ്‌നങ്ങൾ; കടൽക്കൊലയിൽ കേരളം നീതി തേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐക്യരാഷ്ട്ര സംഘടനയുടെ ആർബിട്രേഷൻ ട്രിബ്യൂണൽ വിധി പ്രകാരം എന്റിക്ക ലെക്‌സി കടൽക്കൊലക്കേസിന്റെ വിചാരണ ഇറ്റലിയിലെ കോടതിയിൽ നടത്തിയാൽ പ്രതികളായ നാവികർക്കു ഇനി ജയിലിൽ കിടക്കേണ്ടി വരില്ല. ഒരേ കുറ്റത്തിന് ഇന്ത്യൻ പീനൽ കോഡും (ഐപിസി) ഇറ്റാലിയൻ കോഡിസ് പിനാലെയും (ഐസിപി) നൽകുന്നതു രണ്ടുതരം ശിക്ഷയാണ്. മരിക്കാൻ സാധ്യതയുണ്ടെന്ന അറിവുണ്ടെങ്കിലും കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ പ്രതി ചെയ്തുപോകുന്ന കൊലപാതകങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമം 304ാം വകുപ്പു പ്രകാരം 10 വർഷംവരെ കഠിനതടവു വിധിക്കാറുണ്ട്. ഇതേ കുറ്റത്തിന് ഇറ്റലി അവരുടെ 589ാം വകുപ്പു പ്രകാരം വിധിക്കുന്നത് 6 മാസം മുതൽ 5 വർഷം വരെ തടവ്.

അതായത് ഇറ്റലിയിൽ ഏറെ വികാരമുണ്ടാക്കിയ കേസാണ് കടൽക്കൊല. ഇവർ ഔദ്യോഗിക ജോലി നിർവ്വഹിക്കുന്നതിനിടെ കുറ്റം ചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മനപ്പൂർവ്വം മലയാളിയെ വെടിവച്ചു കൊന്ന കേസിന് ആ പരിഗണന ഇറ്റലിയിൽ കിട്ടില്ല. ഇന്ത്യയെ പ്രീതിപ്പെടുത്താൻ വിചാരണ നടത്തിയാൽ പോലും നൽകുക ചെറിയ ശിക്ഷയാകും. ആറു മാസത്തെ ശിക്ഷ കൊടുത്താൽ അവർക്ക് ജയിലിൽ കിടക്കേണ്ടി വരില്ല. കാരണം കേരളത്തിലെ തടവറ വാസം ശിക്ഷാ കാലവധിയായി ഇറ്റലിയെ കോടതി പരിഗണിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രതികൾ രക്ഷപ്പെടും.

ഇന്ത്യൻ സമുദ്രാതിർത്തിയിലെ കടൽക്കൊള്ളക്കാരിൽ നിന്ന് ഇറ്റാലിയൻ ചരക്കുകപ്പലിനെ സംരക്ഷിക്കാനാണു നാവികർ വെടിയുതിർത്തതെന്നായിരുന്നു ട്രിബ്യൂണലിൽ ഇറ്റലിയുടെ വാദം. നിർഭാഗ്യവശാൽ വെടിയേറ്റത് 2 മത്സ്യത്തൊഴിലാളികൾക്കാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വെടിവയ്‌പെന്ന വാദം തത്വത്തിൽ ട്രിബ്യൂണൽ ശരിവയ്ക്കുകയും ചെയ്തു. ഈ വാദമേ ഇനി ഇറ്റാലിയൻ കോടതിയിലും പ്രോസിക്യൂഷൻ ഉയർത്തൂ. അതുകൊണ്ട് തന്നെ ശിക്ഷ കിട്ടാനും സാധ്യതയില്ല. ഇതേ കുറ്റം സാധാരണ പൗരൻ ചെയ്താൽ പോലും ഇറ്റാലിയൻ ശിക്ഷാ നിയമത്തിലെ 589-ാം വകുപ്പു പ്രകാരമാണു കേസെടുക്കുന്നതെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ 5 വർഷം തടവാണ്. കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്നു സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്ത നാവികസേനാംഗങ്ങളാണ് അബദ്ധത്തിൽ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിയുതിർത്തതെന്നു വരുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം വീണ്ടും കുറയും.

കൊല്ലാൻ ഉദ്ദേശ്യമില്ലാതെ ഭയപ്പെടുത്താനായി ഒരാൾ വെടിയുതിർക്കുമ്പോൾ ഒന്നിലേറെപ്പേർ കൊല്ലപ്പെട്ടാൽ ഇറ്റാലിയൻ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം വർധിക്കും. 15 വർഷം തടവുശിക്ഷ ലഭിക്കും. എന്നാൽ, ഈ കേസിൽ ഒന്നിലേറെപ്പേർ കൊല്ലപ്പെട്ടെങ്കിലും അതു 2 നാവികരുടെ തോക്കിൽ നിന്നുള്ള വെടിയേറ്റെന്നാണു കേരള പൊലീസിന്റെ കേസ്. പ്രതികളായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോർ എന്നിവർ ഒന്നിലേറെപ്പേരെ കൊലപ്പെടുത്തിയിട്ടില്ലെന്ന കേരള പൊലീസിന്റെ അന്വേഷണ നിഗമനവും വിചാരണയിൽ പ്രതികളെ തുണയ്ക്കും. കാരണം ഒരാൾ ാെരാളെ വീതം വച്ചു കൊന്നുവെന്നാണ് കേരളത്തിലെ കേസ്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ കണ്ടെത്തിയ വെടിയുണ്ടകളും നാവികരിൽ നിന്നു പിടിച്ചെടുത്ത തോക്കുകളും ബാലിസ്റ്റിക് പരിശോധനയ്ക്കു വിധേയമാക്കിയാലേ ഏതു തോക്കിൽ നിന്നാണു വെടിയുതിർത്തതെന്നു കണ്ടെത്താനാകൂ.

സുപ്രീം കോടതി നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തതോടെ ബാലിസ്റ്റിക് പരിശോധനയ്ക്കു സാഹചര്യമുണ്ടായെങ്കിലും ഇന്ത്യൻ ഏജൻസികളുടെ അന്വേഷണം രാജ്യാന്തര ട്രിബ്യൂണൽ ആദ്യംതന്നെ തടഞ്ഞതോടെ ഈ അവസരം നഷ്ടമായി. അതുകൊണ്ട് ഈ തെളിവും ഇനി കിട്ടില്ല. എന്റിക്ക ലെക്‌സി കടൽക്കൊലക്കേസിൽ രാജ്യാന്തര ട്രിബ്യൂണലിന്റെ ഉത്തരവിലൂടെ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസ് അസാധുവാക്കപ്പെടുന്നതു ചരിത്രത്തിൽ ആദ്യം. ഇതിനു വഴിയൊരുക്കിയതു ട്രിബ്യൂണൽ വിധിയിലെ പൊരുത്തക്കേടുകളെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ നിയമപ്രകാരം രാജ്യത്തിന്റെ 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) വരെ കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമം ബാധകമാണ്. ഇതുപ്രകാരമാണു കേരളത്തിൽ രജിസ്റ്റർ ചെയ്ത മത്സ്യബന്ധന നൗകയിൽ സഞ്ചരിച്ച 2 മത്സ്യത്തൊഴിലാളികളെ ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ ചരക്കുകപ്പലിലുണ്ടായിരുന്ന 2 ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കുറ്റകൃത്യം നടന്നതു കടലിൽ 22 നോട്ടിക്കൽ മൈൽ അടുത്തു വച്ചാണ്. ക്രിമിനൽ നടപടി ചട്ടപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ഇന്ത്യയുടെ പരമാധികാരത്തെ ഇന്റർനാഷനൽ ട്രിബ്യൂണൽ ഓൺ ലോ ഓഫ് ദ് സീ (ഐടിഎൽഒഎസ്) ചോദ്യം ചെയ്തിട്ടില്ല. എന്നാൽ കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യുന്ന നടപടി തടയുകയും ചെയ്തു. ഇതാണ് ഇരട്ട നീതി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഇറ്റാലിയൻ കപ്പൽ കമ്പനി ഇതിനകം നഷ്ടപരിഹാരം നൽകി. ട്രിബ്യൂണലിന്റെ പുതിയ ഉത്തരവിലൂടെ ഇനിയും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും കൂടിയാലോചിച്ചു നഷ്ടപരിഹാരത്തുക നിശ്ചയിച്ച് അറിയിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ സമാന സംഭവങ്ങൾ ആവർത്തിച്ചാൽ ഏതു രീതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന അവ്യക്തതയും ട്രിബ്യൂണൽ ഉത്തരവ് ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP