Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്തിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു; കള്ളപ്പണ-ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; സംഭവത്തിൽ ഭീകരബന്ധം ആവർത്തിച്ച് എൻഐഎയും; കേവലം സാമ്പത്തിക കുറ്റകൃത്യം എന്നതിലപ്പുറത്തേക്ക് സ്വർണക്കടത്ത് കേസിന് പ്രാധാന്യമെന്നും അന്വേഷണ സംഘം

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്തിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു; കള്ളപ്പണ-ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; സംഭവത്തിൽ ഭീകരബന്ധം ആവർത്തിച്ച് എൻഐഎയും; കേവലം സാമ്പത്തിക കുറ്റകൃത്യം എന്നതിലപ്പുറത്തേക്ക് സ്വർണക്കടത്ത് കേസിന് പ്രാധാന്യമെന്നും അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് മേൽ കുരുക്ക് മുറുകുന്നു. എൻഐഎയുടേയും കസ്റ്റംസിന്റെയും അന്വേഷണങ്ങൾക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇ.ഡിയുടെ സ്‌പെഷൽ യൂണിറ്റാണ് കേസ് എടുത്തിരിക്കുന്നത്. കള്ളപ്പണ-ചൂതാട്ട നിരോധന നിയമപ്രകാരമാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിലെ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കള്ളപ്പണ ഇടപാടുകാർക്കും ബന്ധമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്വർണം എത്തിയത് വിദേശത്തുനിന്ന് ആയതിനാൽ, വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെയും മൂല്യമുള്ള വസ്തുക്കളുടെയും മൂല്യം കണക്കാക്കൽ, ആ പണത്തിന്റെ വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇ.ഡി. പരിശോധിക്കും.

അതേസമയം, സ്വർണക്കടത്തിന് പിന്നിൽ ഭീകരപ്രവർത്തനം ആവർത്തിച്ച് എൻഐഎ. സംഭവത്തെ കേവലം സാമ്പത്തിക കുറ്റകൃത്യം എന്നതിനപ്പുറം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകർക്കാനുള്ള നീക്കമായാണ് എൻഐഎ കാണുന്നത്. പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ സ്വർണക്കടത്തിൽ ഭീകരബന്ധം ആവർത്തിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും വലിയ അളവിൽ സ്വർണം കടത്തിയതിന് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് എൻഐഎ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകർക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ നിന്നും ലഭിച്ച പണം വിവിധ മാർ​ഗങ്ങളിലൂടെ ഭീകരരിൽ എത്തിയതായി സംശയിക്കുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കെ.ടി റമീസാണ് കള്ളക്കടത്തിന്റെ സൂത്രധാരൻ എന്നാണ് വ്യക്തമായിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ലോക്ഡൗൺ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമായിരിക്കുമ്പോൾ കൂടുതൽ അളവിൽ സ്വർണം കടത്താൻ നിർദ്ദേശം നൽകിയത് റമീസാണ്. റമീസാണ് ഉത്തരവുകൾ നൽകുന്നത്. ഒരു സംഘം ആളുകൾക്കൊപ്പമാണ് റമീസ് സഞ്ചരിക്കുന്നതെന്നും വിദേശത്തു വലിയ ബന്ധമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റമീസിനെയും ഉടൻ തന്നെ കേസിന്റെ ഭാഗമാക്കും.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങളിലെ ഊഷ്മളതയെ പോലും ബാധിക്കുന്ന കുറ്റകൃത്യമാണ് പ്രതികൾ നടത്തിയിരിക്കുന്നത്. യുഎഇയുടെ നയതന്ത്ര ബാഗേജ് ഉപയോഗിക്കാനുള്ള പ്രതികളുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമായിരുന്നുവെന്നും എൻഐഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ മറ്റുള്ളവരുടെ പങ്കും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളിൽനിന്നു പിടിച്ചെടുത്തു കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ നിർണായകമാകും.

വിദേശത്തുനിന്നു കടത്തിയ കിലോക്കണക്കിനു സ്വർണം എത്തിച്ചേർന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എൻഐഎ. ഇവർക്കു ഭീകരസംഘനകളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യാപകമായി അന്വേഷിക്കും. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) നിർണായക തെളിവാകുമെന്നാണ് എൻഐഎ കരുതുന്നത്. പ്രതികൾ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും നടത്തിയ നീക്കങ്ങളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളിൽനിന്നും വിവരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കസ്റ്റംസ് സ്വർണം പിടിച്ചതു മുതൽ പ്രതികൾ അറസ്റ്റിലാകുന്നതു വരെ ടെലഗ്രാമിൽ നടത്തിയ ചാറ്റിന്റെ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുപ്രധാന സന്ദേശങ്ങൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതു തിരിച്ചെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സ്വപ്‌നയിൽനിന്ന് ആറു മൊബൈൽ ഫോണുകളും രണ്ട് ലാപ്‌ടോപ്പുമാണു പിടിെച്ചടുത്തത്. ഫെയ്‌സ്‌ലോക്ക് ഉണ്ടായിരുന്ന രണ്ടു ഫോണുകൾ സ്വപ്‌നയുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കുകയും ചെയ്തതായി എൻഐഎ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP