Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

21കാരനായ ബംഗാളിയോടൊപ്പം ഒളിച്ചോടിയ 29കാരിയെ കണ്ടെത്തിയത് ബോഡോ കലാപകാരികളുടെ സഹായത്താൽ; മുറൈമാമനേയും മൂന്ന് മക്കളേയും വേണ്ടെന്ന് കോടതിയിലും ആവർത്തിച്ച് യുവതി; മൂന്നാർ പൊലീസിന്റെ ഓപ്പറേഷൻ വെറുതെയായോ?

21കാരനായ ബംഗാളിയോടൊപ്പം ഒളിച്ചോടിയ 29കാരിയെ കണ്ടെത്തിയത് ബോഡോ കലാപകാരികളുടെ സഹായത്താൽ; മുറൈമാമനേയും മൂന്ന് മക്കളേയും വേണ്ടെന്ന് കോടതിയിലും ആവർത്തിച്ച് യുവതി; മൂന്നാർ പൊലീസിന്റെ ഓപ്പറേഷൻ വെറുതെയായോ?

ഇടുക്കി: മൂന്നാർ ചെണ്ടുവരെയിൽനിന്നു ബംഗാളി യുവാവിനൊപ്പം ഒളിച്ചോടിയ, മൂന്നു മക്കളുടെ അമ്മയായ വീട്ടമ്മയുടെ ചിന്തയും പ്രവൃത്തിയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും ധാർമികാധപ്പതനത്തിന്റെയും നേർരേഖയോ ?. കുടുംബം പുലർത്താൻ ഭർത്താവ് പകലന്തിയോളം കഷ്ടപ്പെടുമ്പോൾ ഭാര്യ പ്രേമസല്ലാപത്തിനും അവിഹിത ബന്ധത്തിനും സമയം കണ്ടെത്തുന്നു. ക്ഷീണിതനായെത്തുന്ന ഭർത്താവിനു മുമ്പിൽ നിറപുഞ്ചിരിയുമായി നിൽക്കുന്ന ഭാര്യയുടെ പൊയ്മുഖം തിരിച്ചറിയാനാകാതെ എത്രയോ കുടുംബങ്ങൾ. കുടുംബബന്ധത്തെക്കുറിച്ചുള്ള ഭാരതീയ സംസ്‌കാരത്തെ തകർക്കുന്ന ഇത്തരം സ്ത്രീകളെയും കുടുംബ സാഹചര്യങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവരുന്നത്.

മൂന്നാറിലെ കഥയ്ക്ക് അൽപം തമിഴ് പശ്ചാത്തലം കൂടിയുണ്ടെങ്കിലും ഇതിനെ കേരളത്തിലെ വർത്തമാനകാല സാഹചര്യങ്ങളുമായി പൂർണമായും വേറിട്ടുനിർത്തി കാണാനാകില്ല. 12 വയസുള്ള ആൺകുട്ടിയുൾപ്പെടെ മൂന്നു മക്കളുടെ അമ്മയായ തമിഴ് തോട്ടം തൊഴിലാളി കുടുംബാംഗമായ 29 കാരി ഒളിച്ചോടിയത് ബംഗാളിൽനിന്നു തൊഴിലിനായി കേരളത്തിലെത്തിയ 21-കാരനൊപ്പമാണ്. കേരളത്തിലെ മിടുക്കന്മാരായ പൊലിസിന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ മൂന്നാഴ്ചത്തെ ശ്രമഫലമായി വീട്ടമ്മയെ കണ്ടെത്തി നാട്ടിലെത്തിച്ചെങ്കിലും ഭർത്താവിനെ മാത്രമല്ല, നൊന്തുപെറ്റ മക്കളെപ്പോലും തട്ടിമാറ്റിയ കഥാനായിക തനിക്ക് ബംഗാളി യുവാവിനെ മതിയെന്നു കോടതിയിൽ തീർത്തു പറഞ്ഞു. അതിനു വകുപ്പില്ലാത്തതിനാൽ മാതാവിനൊപ്പം യുവതിയെ കോടതി താൽകാലികമായി പറഞ്ഞയച്ചിരിക്കുകയാണ്.

'മുറൈമാമ'നെ 16-ാം വയസിൽ വിവാഹം കഴിച്ച യുവതിയാണ് നീണ്ട 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ മൂന്നു മക്കളെ സമ്മാനമായി നൽകി ഭർത്താവിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. തമിഴർക്കിടയിൽ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾക്ക് മുറപ്രകാരം വിവാഹം കഴിക്കാം. ഇത്തരം ബന്ധത്തിലെ വരനാണ് മുറൈമാമൻ. ഭർത്താവിനിപ്പോൾ 35 വയസുണ്ട്. തമിഴ് മേഖലകളിൽ ഇപ്പോഴും തുടരുന്ന ശൈശവ വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടേത്. വിവാഹ വേളയിൽ പെണ്ണിന് പൂർണ സമ്മതമല്ലായിരുന്നുവെന്നു പറയുന്നു. എങ്കിലും നീണ്ടകാലത്തെ കുടുംബജീവിതം ഇരുവരുടെയും ഇടയിലെ അകൽച്ചകൾ പാടെ നീക്കി. ഭർത്താവും മൂന്നു മക്കളുമൊത്തു സന്തുഷ്ട കുടുംബജീവിതം നയിക്കുന്നതിനിടെയാണ് യുവതിയെ കാണാതായത്.

ചെണ്ടുവരെയിലെ തൊഴിലാളി ലയത്തിലായിരുന്നു ഇവരുടെ താമസം. പത്ത് കുടുംബങ്ങളാണ് ഓരോ ലയത്തിലും താമസിക്കുന്നത്. ഭർത്താവ് സൽസ്വഭാവിയായ ബാർബർ തൊഴിലാളി. ലയത്തിൽനിന്നും അൽപം മാറിയാണ് ഇയാളുടെ കട. യുവതിയുടെ മാതാപിതാക്കൾ മുതൽ ബന്ധുക്കളിൽ മിക്കവരും വരെ തോട്ടം തൊഴിലാളികൾ. യുവതിയും തോട്ടത്തിൽ പണിക്കുപോകും. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു ബാങ്കിൽപോകുന്നതിനായി 12കാരനായ മൂത്ത മകനുമായി വീട്ടിൽനിന്നും ഇറങ്ങിയ യുവതി നേരെ ദേവികുളം റൂട്ടിലെ ബന്ധുവിന്റെ വീട്ടിലെത്തി. മകനെ അവിടെ ഏൽപിച്ചശേഷം ബാങ്കിൽപോയി വരാമെന്നു പറഞ്ഞുപോയ യുവതി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇവരുടെ ലയത്തിലെ മറ്റൊരു മുറിയിൽ താമസിക്കുന്ന ബംഗാളി യുവാവിനെയും കാണാനില്ലെന്നു രാത്രിയോടെ മനസിലായി.

യുവതിയും യുവാവും തമ്മിൽ അടുപ്പമുണ്ടെന്ന വിവരം അതോടെ ബംഗാളി യുവാവിന്റെ കൂട്ടുകാരിൽനിന്നും മനസിലായി. അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടപ്പോൾ, ഇരുവരും അതേദിവസം ആലുവ റെയിൽവേ സ്‌റ്റേഷനിൽനിന്നു ട്രെയിൻ കയറിയതായി പൊലിസ് സ്ഥിരീകരിച്ചു. തുടർന്നു വീട്ടുകാരുടെ പരാതിപ്രകാരം മൂന്നാർ പൊലിസ് ഇരുവരെയും കണ്ടത്താൻ ശ്രമമാരംഭിച്ചു. ബംഗാളിലെ ഭൂട്ടാൻ അതിർത്തിയായ ജയ്‌ഗോൺ സ്‌റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ വീടുമായി പൊലിസ് ബന്ധപ്പെട്ടു. കമിതാക്കൾ അവിടെയെത്തിയില്ലെന്നു യുവാവിന്റെ പിതാവ് അറിയിച്ചു. പല വഴിക്കും തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നു മൂന്നാർ സി. ഐ എ. ആർ ഷാനിഖാന്റെ നിർദ്ദേശപ്രകാരം നടത്തിയ നീക്കങ്ങളാണ് വിവരങ്ങൾ മനസിലാക്കാൻ സഹായിച്ചത്.

യുവാവിന്റെ ബന്ധുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് നിരന്തരം ബംഗാളിലേയ്ക്ക് വിളിപ്പിച്ചു. തങ്ങളെ പൊലിസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും രക്ഷപെടാൻ വഴിയില്ലെന്നും പറഞ്ഞു വിളിപ്പിച്ചു. അങ്ങനെ യുവാവിന്റെ വീട്ടുകാരെ സമ്മർദത്തിലാക്കി. അതോടെ, യുവാവും കാമുകിയും അവിടെയുള്ളതായി വിവരം കിട്ടി. അതിർത്തിയിലെ യുവാവിന്റെ വീട്ടിൽനിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു പൊലിസിനു മനസിലായി. ബോഡോ കലാപകാരികൾക്കു പ്രമുഖ്യമുള്ള പ്രദേശത്താണ് യുവാവിന്റെ വീട്. ആയുധധാരികളാണ് പ്രദേശവാസികൾ. കഴിയുന്നത് ഇന്ത്യയിലാണെങ്കിലും മനസുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ നിൽക്കുന്ന വലിയൊരു വിഭാഗമുണ്ടവിടെ. എങ്കിലും കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോകാൻ പൊലിസ് തീരുമാനിച്ചു.

ഇതിനായി ആദ്യം ബംഗാൾ പൊലിസിന്റെ സഹായം തേടി. തുടർന്നു മൂന്നാർ എ. എസ്. ഐ ഷാജിയുടെയും സി.പി.ഒ വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള സംഘം അവിടെയ്ക്കു യാത്ര തിരിച്ചു. യുവതിയുടെ അമ്മ, മൂത്ത മകൻ, അമ്മയുടെ ആങ്ങള എന്നിവരെയും കൂട്ടിയുള്ള യാത്ര ഒരു നയതന്ത്ര യുദ്ധത്തിനുള്ള കോപ്പുകൂട്ടൽകൂടി മനസിൽ കണ്ടായിരുന്നു. ജയ്്‌ഗോൺ സ്‌റ്റേഷനിൽനിന്നു തോക്കുധാരികളായ അഞ്ചു ഉദ്യോഗസ്ഥർക്കൊപ്പം സംഘം രണ്ട് മണിക്കൂറിലധികം ജീപ്പിൽ ദുർഘടപാത താണ്ടി ബംഗാളി യുവാവിന്റെ വീട്ടിലെത്തി. ഇവരെത്തുമ്പോൾ വീട്ടുമുറ്റത്തായിരുന്ന യുവതി സംഘത്തെ കണ്ട് ഓടിവീട്ടിൽ കയറി വാതിലടച്ചു.

ഇതിനിടെ തോക്കുധാരികളായ നാട്ടുപ്രമാണികളും അനുചരന്മാരും സ്ഥലത്തെത്തി. ഭീഷണിയോടെ സംസാരിച്ചു തുടങ്ങിയ നാട്ടുപ്രമാണിമാരിലൊരാളോട് യുവതിയുടെ അമ്മയെയും മകനെയും കാട്ടി പൊലിസ് കാര്യങ്ങൾ ധരിപ്പിച്ചു. ആദ്യതന്ത്രം വിജയിപ്പിച്ച കേരള പൊലിസിന്റെ ഇംഗിതപ്രകാരം യുവതിയോട് വീട്ടിൽനിന്നിറങ്ങി വരാൻ പ്രമാണി ആവശ്യപ്പെട്ടു. അവൾ അതനുസരിച്ചു വാതിൽ തുറന്നു പുറത്തുവന്നു. ഈ സമയം ബംഗാളി യുവാവോ, വീട്ടുകാരോ അവിടെ ഉണ്ടായിരുന്നില്ല. പണിക്ക് പോയിരിക്കുകയാണെന്നാണ് യുവതി പറഞ്ഞത്. സ്വന്തം അമ്മയെയും മകനെയും ബന്ധുക്കളെയും കണ്ടെങ്കിലും യുവതിക്കു യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. അമ്മയെ കെട്ടിപ്പിടിക്കാൻ ഓടിച്ചെന്ന മകനെ യുവതി തട്ടിത്തെറിപ്പിച്ചു.

പിന്നീട് പൊലിസുകാരും വീട്ടുകാരും യുവതിയോട് നാട്ടിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. താൻ ബംഗാളിയുമൊത്ത് മാത്രമേ ജീവിക്കൂ എന്നായിരുന്നു കടുംപിടുത്തം. ഇതിനിടെ ഒരു കാര്യം വെളിവായി. ബംഗാളി യുവാവ് നേരത്തെ വിവാഹം കഴിച്ചതാണ്. പ്രായപൂർത്തിയാകും മുമ്പേ കലാണ്യം കഴിച്ച അയാൾ ഭാര്യയെ ഉപേക്ഷിച്ചാണ് കേരളത്തിൽ ജോലിക്കായി എത്തിയത്. ചെണ്ടുവരെ ഫാക്ടറിയിൽ ജോലി കിട്ടിയ യുവാവ് പിന്നീട് തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുകൂടി ആയി മാറി. ഇടയ്ക്കിടെ നാട്ടിലെത്തി കുറെ തൊഴിലാളികളെ കേരളത്തിലേയ്ക്ക് കൊണ്ടുപോകും. വെളുത്ത് പൊക്കം കുറഞ്ഞ ഗൂർഖകളോട് സാമ്യമുള്ള വിഭാഗക്കാരനാണ് ബംഗാളി യുവാവ്. ഇയാളിൽ അനുരാഗം തോന്നിയ യുവതി അയാളുടെ പ്രായമോ, നാടോ, ചുറ്റുപാടോ ഒന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.

യുവതി മടങ്ങാൻ കൂട്ടാക്കാതെ വന്നതോടെ പൊലിസ് നാട്ടുപ്രമാണിമാരോട് സഹായം അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെത്തന്നെ നാട്ടുകൂട്ടം ചേർന്നു. പ്രമാണിമാരുടെ വാക്കിന് അവിടെ എതിർവായില്ല. യുവതി മടങ്ങിപ്പോകണമെന്നും അല്ലെങ്കിൽ കത്തിച്ചു കളയുമെന്നും പ്രമാണിമാർ പറഞ്ഞു. ഇതോടെ വീട്ടിൽ ഓടിക്കയറി യുവതി കതകടച്ചു. ആത്മഹത്യാശ്രമമുണ്ടാകുമെന്നു പൊലിസുകാർ ഭയപ്പെട്ടു. ഉടൻ, മച്ചില്ലാത്ത വീടിനുള്ളിലേക്ക് നാട്ടുകാർ കയറി വാതിൽ തുറന്നു. അപ്പോഴേക്കും കത്തികൊണ്ട് യുവതി കൈത്തണ്ട മുറിക്കാൻ ശ്രമിച്ചു. എന്നാൽ നേരിയ പോറലേ ഉണ്ടായുള്ളൂ. യുവതിയെ ഉടൻ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇനിയും വന്നാൽ കത്തിച്ചു കളയുമെന്നു പൊലിസുകാർ ഉൾപ്പെടെയുള്ളവരോട് നാട്ടുകാർ ഭീഷണി മുഴക്കവേ യുവതിയേയും കൊണ്ട് പൊലിസ് മടങ്ങി. വഴിയിൽ പ്രഥമശുശ്രൂഷയും നൽകി.

കഴിഞ്ഞ 23ന് മൂന്നാറിലെത്തിച്ചു ദേവികുളം കോടതിയിൽ യുവതിയെ ഹാജരാക്കി. തനിക്ക് ഭർത്താവ് വേണ്ടെന്നും ബംഗാളി മതിയെന്നും യുവതി ആവർത്തിച്ചു. തുടർന്നു മജിസ്‌ട്രേറ്റ് ചേംബറിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ചെങ്കിലും യുവതിയുടെ കാതൽ ബംഗാളിയോട് മാത്രമായിരുന്നു. അയാൾക്കൊപ്പം പോകാൻ അനുവാദം തരാനാകില്ലെന്നു പറഞ്ഞ കോടതി താൽകാലികമായി യുവതിയെ അമ്മയോടൊപ്പം അയച്ചിരിക്കുകയാണ്. കോടതിയിൽ അമ്മയെ കാണാൻ മൂന്നു മക്കളും എത്തി. ഭാര്യയുടെ തെറ്റു പൊറുത്തു കൂടെകൂട്ടാൻ ഭർത്താവും വന്നു. ഓടിയെത്തി കൈപിടിച്ച മക്കളുടെ കൈ തട്ടിമാറ്റിയാണ് യുവതി പ്രതികരിച്ചത്. കരഞ്ഞുകൊണ്ട് നടന്നകന്ന മക്കളുടെ കണ്ണീർപോലും ഈ കാമുകിയുടെ മനസിനെ മാറ്റാനായില്ല.

തമിഴ് മേഖലയിൽ നിലനിൽക്കുന്ന കാതൽ ചിന്തകളും ഈ യുവതിയുടെ പെരുമാറ്റത്തിൽനിന്നു ബോധ്യമായി. ഭാര്യയേയും മക്കളേയും അന്നമൂട്ടാൻ ഭർത്താവ് പകലന്തിയോളം വിയർത്തു പണിയെടുക്കുമ്പോഴും ഒട്ടേറെ സ്ത്രീകളിൽ പ്രണയചിന്തകൾ ഭാവന വിടർത്തുകയാണത്രേ. സിനിമാ താരങ്ങളും സുന്ദരപുരുഷന്മാരും ഇവരുടെ സ്വപ്‌നങ്ങളിൽ കടന്നു വരുന്നു. ശാരീരിക ബന്ധത്തേക്കാൾ ഇത്തരം കാതലുകൾ താലോലിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിലൊരു കാതൽ രാസാത്തിയാണ് യുവതിയും. തന്റെ കാതൽ പുറംലോകമറിയാതെ 13 വർഷം കാത്തുവച്ചശേഷമാണ് അവൾ മക്കളേയും ഭർത്താവിനെയും വിട്ട് എട്ടു വയസ് പ്രായക്കുറവുള്ള ഒരു സുന്ദരകില്ലാടിയെ കണ്ടുപിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP