Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

യുവതിയുടെ മൊബൈൽ സ്വിച്ച് ഓഫ്; യുവാവിനെ വിളിച്ചപ്പോൾ...'ഏയ് എന്റെ ഒപ്പം ഇല്ലെന്ന 'മറുപടിയും; ആകെ തുമ്പായത് ഗ്യാസ് കണക്ഷനെ ചൊല്ലി തങ്ങൾ വഴക്കിട്ടെന്ന ഗൾഫിലുള്ള ഭർത്താവിന്റെ ഫോൺ കോളിലെ വിവരവും; മൂന്നുമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെ കണ്ടെത്താനുള്ള ദൗത്യത്തിൽ എത്തും പിടിയും കിട്ടാതെ ബേക്കൽ പൊലീസ്; ഒടുവിൽ കച്ചിത്തുരുമ്പായത് ബെംഗളൂരുവിൽ നിന്നുള്ള കോൾ

യുവതിയുടെ മൊബൈൽ  സ്വിച്ച് ഓഫ്; യുവാവിനെ വിളിച്ചപ്പോൾ...'ഏയ് എന്റെ ഒപ്പം ഇല്ലെന്ന 'മറുപടിയും; ആകെ തുമ്പായത് ഗ്യാസ് കണക്ഷനെ ചൊല്ലി തങ്ങൾ വഴക്കിട്ടെന്ന ഗൾഫിലുള്ള ഭർത്താവിന്റെ ഫോൺ കോളിലെ വിവരവും; മൂന്നുമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെ കണ്ടെത്താനുള്ള ദൗത്യത്തിൽ എത്തും പിടിയും കിട്ടാതെ ബേക്കൽ പൊലീസ്; ഒടുവിൽ കച്ചിത്തുരുമ്പായത് ബെംഗളൂരുവിൽ നിന്നുള്ള കോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ദാമ്പത്യമാകുമ്പോൾ അങ്ങനെയാ..ഇണക്കവും പിണക്കവും ഒക്കെ കാണും. പഴമക്കാരുടെ മൊഴി ഇങ്ങനെയാണെങ്കിലും, നിസ്സാര കാരണങ്ങളുടെ പേരിലുള്ള പിണക്കങ്ങളും, പിരിയലുകളും ഇപ്പോൾ ഏറുകയാണ്. ഭർത്താവ് വളരെ നല്ലവനാണ്..ഒരുവഴക്കുപോലും പറയുന്നില്ല..എനിക്ക് ബോറടിക്കുന്നു എന്ന് പറഞ്ഞ് വിവാഹമോചനത്തിന് അപേക്ഷിച്ച യുവതിയുടെ കഥയും കേട്ടു. ഇവിടെ കഥാനായിക കാസർകോട്ടാണ്. വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഗൾഫിലുള്ള ഭർത്താവുമായി ഇവർ പിണങ്ങി. ഒരുദിവസം മൂന്നു മക്കളെയും ഉപേക്ഷിച്ച് വീടുവിട്ട യുവതിയെ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തും വരെ പൊലീസിന് ഒരുഎത്തുംപിടിയും ഇല്ലായിരുന്നു.

കുടക് സ്വദേശിയായ 25 വയസുകാരനൊപ്പമാണ് യുവതി ബംഗളൂരുവിലെത്തിയത്. എന്നാൽ ഭർത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തന്ത്രപൂർവം ഇവരെ ഹോട്ടൽ മുറിയിലാക്കി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ 17-നാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പടന്നയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. നേരം വൈകിയിട്ടും തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് കാണാതായെന്ന് വ്യക്തമായത്.

ഗൾഫിലുള്ള ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ ഗ്യാസ് കണക്ഷനെച്ചൊല്ലി വഴക്കിട്ടിരുന്ന കാര്യം ബന്ധുക്കൾ പിന്നീടാണ് അറിഞ്ഞത്. യുവതിയെ കാണാതായതോടെ പരിഭ്രാന്തിയിലായ ഇവർ പൊലീസിൽ പരാതി നൽകി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റെ അകന്ന ബന്ധുവായ യുവാവുമായി വീട്ടമ്മ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞത്.

ഇതോടെ ബേക്കൽ പൊലീസ് ഈ യുവാവിനെ നേരിട്ടു വിളിച്ചു. എന്നാൽ സംശയംതോന്നാത്ത വിധത്തിൽ യുവതി തനിക്കൊപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. യുവതിയുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇതോടെ അന്വേഷണം അക്ഷരാർഥത്തിൽ വഴിമുട്ടി. രണ്ടു ദിവസത്തിനു ശേഷം ബംഗളൂരു മജസ്റ്റിക്കിന് സമീപം കെആർ മാർക്കറ്റിലുള്ള ഹോട്ടലിന്റെ ഉടമയായ കണ്ണൂർ സ്വദേശി യുവതിയുടെ വീട്ടിലേക്കു വിളിച്ചപ്പോഴാണ് ആശ്വാസമായത്. മൂന്നു ദിവസമായി ഹോട്ടൽ മുറിയിൽ തങ്ങളുടെ സംരക്ഷണയിലാണ് യുവതി ഉള്ളതെന്നായിരുന്നു ഇദ്ദേഹം നൽകിയ വിവരം.

യുവതിയെ ഹോട്ടൽ മുറിയിൽ എത്തിച്ച കുടക് സ്വദേശിയായ യുവാവ് ഇവരുടെ യഥാർഥ വിലാസവും വീട്ടിലെ ഫോൺ നമ്പറുമടക്കമുള്ള വിവരങ്ങൾ തന്നെ ഹോട്ടൽ റിസപ്ഷനിൽ നൽകി കടന്നുകളയുകയായിരുന്നു. സ്വന്തം ഫോൺ നമ്പറോ വിവരങ്ങളോ നൽകിയതുമില്ല. വീടുവിട്ടിറങ്ങുമ്പോൾ യുവതി കൈയിൽ കരുതിയിരുന്ന 90,000 രൂപയിൽ മുപ്പതിനായിരത്തോളം യാത്രയ്ക്കിടയിൽ ചെലവായിരുന്നു. അവശേഷിച്ച രൂപയും ഇയാൾ കൊണ്ടുപോയി. മൂന്നു ദിവസമായിട്ടും ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെയാണ് ഹോട്ടലുടമ യുവതിയുടെ നാട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചത്.

ബേക്കൽ പൊലീസ് ബംഗളൂരുവിൽ എത്തിയപ്പോഴും യുവാവുമായി തനിക്ക് പരിധിയിൽ കവിഞ്ഞ അടുപ്പമൊന്നുമില്ലെന്ന നിലപാടാണ് യുവതി കൈക്കൊണ്ടത്. യുവാവിനെ തള്ളിപ്പറയാനും തയാറായില്ല.ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ താൻ ആവശ്യപ്പെട്ടതുപ്രകാരം തൽക്കാലത്തേക്ക് മറ്റൊരു താമസസൗകര്യം ഒരുക്കിത്തരിക മാത്രമാണ് ബന്ധുവായ യുവാവ് ചെയ്തതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.

ഇനി നാട്ടിലേക്ക് മടങ്ങി ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം പോകാൻ വിഷമമില്ലെന്നുകൂടി പറഞ്ഞപ്പോൾ പൊലീസിന്റെ ചെലവിൽ നാട്ടിൽ മടങ്ങിയെത്തി. മജിസ്‌ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടതോടെ പൊലീസിനും ആശ്വാസമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP