Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനവേട്ടക്കാർക്കു കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അകത്ത്; ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചെന്ന ഗുരുതര കുറ്റംചെയ്ത മോഹൻലാലിനെതിരായ അന്വേഷണം സംസ്ഥാന മന്ത്രിയും മലയാളിയായ കേന്ദ്രമന്ത്രിയും ചേർന്ന് അവസാനിപ്പിച്ചു

ആനവേട്ടക്കാർക്കു കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അകത്ത്; ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചെന്ന ഗുരുതര കുറ്റംചെയ്ത മോഹൻലാലിനെതിരായ അന്വേഷണം സംസ്ഥാന മന്ത്രിയും മലയാളിയായ കേന്ദ്രമന്ത്രിയും ചേർന്ന് അവസാനിപ്പിച്ചു

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: ആനവേട്ടക്കാർക്ക് കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അഴിക്കള്ളിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും സൂപ്പർ താരത്തിനെതിരെയുള്ള ആനക്കൊമ്പ് കേസിൽ നടപടിയായില്ല.

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നടൻ മോഹൻലാലിനെതിരെ വനംവകുപ്പ് ആരംഭിച്ച അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിൽ പര്യവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. താരത്തിന്റെ കൊച്ചിയിലെ വീട്ടിൽ ഇതു സംബന്ധിച്ച് റെയ്ഡ് നടക്കുകയും ആനക്കൊമ്പുകൾ കണ്ടെടുക്കുകയും ചെയ്തതായുള്ള വിവരങ്ങൾ അന്നു പുറത്തുവന്നിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് യാതൊരു നടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 51 പ്രകാരം 7 വർഷം മുതൽ 10 വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആനവേട്ട, കൊമ്പ് വിൽപ്പന തുടങ്ങി വന്യമൃഗങ്ങൾക്കു ദോഷകരമാവുന്ന കുറ്റകൃത്യങ്ങൾക്കെല്ലാം ഏറെക്കുറേ ഇതേ ശിക്ഷയാണ് ഈ സെക്ഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മോഹൻലാലിനെതിരെയുള്ള കേസ് നടപടികൾ മരവിപ്പിക്കാൻ അന്ന് വനംമന്ത്രിയും സുഹൃത്തുമായിരുന്ന കെ ബി ഗണേശ്‌കുമാർ ഉദ്യോഗസ്ഥ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നതായി ആരോപണമുയർന്നിരുന്നു. കേസ് നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ ആരോപണം പ്രചരിച്ചത്. അന്ന് മന്ത്രി ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും പിന്നിടുള്ള കേസിന്റെ ഗതി ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്ന തരത്തിലായെന്നതാണ് വാസ്തവം. ലാലിനുവേണ്ടി അന്നു കേന്ദ്ര മന്ത്രിസഭയിലെ മലയാളിയായ പ്രമുഖൻ ഇടപെട്ടതായുള്ള ആരോപണവും ശക്തിപ്രാപിച്ചിരുന്നു.

ഇടമലയാർ കേസിലെ അന്വേഷണ പുരോഗതി വനംവകുപ്പിന്റെ ചരിത്രം തിരുത്തി മുന്നേറുന്ന അവസരത്തിലാണ് താരത്തിനെതിരെയുള്ള ആനക്കൊമ്പ് കേസ് വീണ്ടും ചർച്ചവിഷയമായി മാറിയിരിക്കുന്നത്. ഇടമലയാർ ആനവേട്ട കേസന്വഷണത്തിനായി രൂപം കൊടുത്ത ഓപ്പറേഷൻ ശിക്കാർ എന്നുപേരിട്ടിട്ടുള്ള ഈ കർമ്മപദ്ധതിയുടെ ഇതുവരെയുള്ള മുന്നേറ്റം സേനയുടെ പ്രതിഛായയും അംഗങ്ങളുടെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

ദശാബ്ദങ്ങളായി സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളുമായും ഹവാല ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘത്തിലെ പ്രമുഖരെ ചടുലനീക്കത്തിലൂടെ ഇരുമ്പഴിക്കുള്ളിലാക്കിയതാണ് ഈ കേസന്വഷണത്തിൽ വനം വകുപ്പ് കരസ്ഥമാക്കിയ നിർണ്ണായകനേട്ടം. സേനയുടെ ദൗർബല്യങ്ങളും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകേടുമെല്ലാം ചർച്ചയായെങ്കിലും ആത്യന്തികമായി കേസിലെ തകർപ്പൻ വിജയത്തിനുമുന്നിൽ ഇവയെല്ലാം അപ്രസക്തമായി എന്നുള്ളതാണ് വാസ്ഥവം. സർവ്വസന്നാഹങ്ങളുമായി പ്രവർത്തിച്ചുവരുന്ന സംസ്ഥാനത്തെ സുപ്രധാന വകുപ്പിന് കീഴിൽ നടന്ന ഈ പകൽകൊള്ള അറിഞ്ഞിരുന്നില്ലെന്ന തരത്തിൽ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും പുറത്തുവന്ന വെളിപ്പെടുത്തലുകൾ സേനക്കു തന്നെ നാണക്കേടായി മാറിയിരുന്നു. മൂക്കുകയറിടാൻ ആളില്ലെങ്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വനംവകുപ്പിലെ ചുണക്കുട്ടികൾക്കും സാധിക്കുമെന്നതിന്റെ നേർകാഴ്ചയായി ഈ കേസന്വഷണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അന്വേഷകസംഘം ഡൽഹിയിൽ നിന്നും 500-ൽപ്പരം കിലോ ആനക്കൊമ്പ് കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഇതിൽ മുന്തിയ പങ്കും കേരളത്തിൽ നിന്നും കടത്തിയതാണെന്ന് വ്യക്തമായിട്ടുള്ളത്. ഉടമസ്ഥർ മുറിച്ചെടുത്ത് സൂക്ഷിച്ചിരുന്ന നാട്ടാനകളുടെ കൊമ്പും ഈശേഖരത്തിൽ ഉൾപ്പെട്ടതായിട്ടാണ് കണക്കെടുപ്പിൽ ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ച വിവരം. ഈസംഭവത്തിൽ സംസ്ഥാനത്തെ ഏതാനും ദേവസ്വങ്ങൾ ഉൾപ്പെടെയുള്ള ആന ഉടമസ്ഥർക്കെതിരെ വനംവകുപ്പ് കേസ് നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തി സർവ്വീസ് അവസാനിപ്പിച്ച കിങ് ഫിഷർ ഉടമ വിജയ് മല്യ ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രമുഖർക്കും ഡാബർ ഉൾപ്പെടെയുള്ള നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും ആനക്കൊമ്പുകൾ എത്തിച്ചുനൽകിയെന്നുള്ള അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തൽ അന്വേഷകസംഘത്തെ ഞെട്ടിച്ചു. ഇതു സംബന്ധിച്ച അന്വേഷണം കൊക്കിലൊതുങ്ങില്ലെന്ന് ബോധ്യമുള്ളതിനാൽ ഈ വഴിക്കുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരിക്കുകയാണ്.

ആഭ്യന്തര സുരക്ഷക്ക് ഭീഷിണിയുയർത്തുന്ന സുപ്രധാന വിവരങ്ങളും ഈ കേസന്വഷണത്തിൽ നിന്നും പുറത്തുവന്നുവെന്നതാണ് മറ്റൊരുപ്രധാന കാര്യം. ഈ കേസിൽ വനംവകുപ്പ് പിടികൂടിയ പ്രതികളിൽ നിന്നും പലതവണയായി മുപ്പതോളം തോക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ നാലെണ്ണം ആധുനീക ഡബിൾ ബാരൽ തോക്കുകളായിരുന്നു. കേസിലെ പ്രതികൾക്ക് വൻതോതിൽ കള്ളത്തോക്കുകൾ ലഭിച്ചിരുന്നതായിട്ടാണ് അന്വേഷകസംഘം നൽകുന്ന സൂചന. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവിശ്യമാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

മാവോയിസ്റ്റുകളുൾപ്പെടെയുള്ള വിധ്വംസകപ്രവർത്തകർ വ്യാജതോക്കുനിർമ്മാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടാവാമെന്നും ഇക്കാര്യത്തിൽ ആനവേട്ടകേസിലെ പ്രതികളിലാരെങ്കിലും ഇടനിലക്കാരയി പ്രവർത്തിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആനവേട്ട സംഘങ്ങൾ ഒളിപ്പിച്ചിട്ടുള്ള വ്യാജതോക്കുകൾ പൂർണ്ണമായും കണ്ടെത്തിയെന്ന് ഉറപ്പിച്ചുപറയാനാവില്ലെന്നാണ് വനംവകുപ്പധികൃതരുടെ പക്ഷം.ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എറണാകുളം , ഇടുക്കി ജില്ലകളിൽ രഹസ്യകേന്ദ്രങ്ങളിൽ ആനവേട്ടക്കായി തോക്ക് നിർമ്മാണം നടന്നെന്നും പിടിച്ചെടുത്ത തോക്കുകളിൽ 30 വർഷം വരെ പഴക്കമുള്ളവ ഉണ്ടായിരുന്നെന്നുമാണ് വനംവകുപ്പധികൃതരുടെ വെളിപ്പെടുത്തൽ.

കൊമ്പ് നൽകിയവർക്ക് കടത്തൽ സംഘം ഹവാലഇടപാടിൽ ലഭച്ച പണം നൽകിയിരുന്നെന്നും കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി ഉമേഷ് അഗർവാളിന് ഹവാല ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ കൂടുതൽ അന്വേഷങ്ങൾക്കില്ലെന്നും ഇനി പൊലീസാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നുമാണ് വനംവകുപ്പിന്റെ നിലപാട്.

നിരവധി വിദേശരാജ്യങ്ങളിൽ വരെ വ്യാപിച്ചുകിടക്കുന്ന ആനക്കൊമ്പ് കടത്ത് മാഫിയയുടെ തലപ്പത്ത് തിരുവനന്തപുരം സ്വദേശിനി കൽക്കട്ട തങ്കച്ചിയെന്നറിയപ്പെടുന്ന സിന്ധുവാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വനംവകുപ്പിന് ലഭിച്ചവിവരം. വളരെ വർഷങ്ങളായി കൊൽക്കത്തയിൽ കരകൗശല ഉത്പ്പന്നങ്ങളുടെ വിൽപ്പന ശാല നടത്തിവരുന്ന തങ്കച്ചിയുടെ കോർപ്പറേറ്റുകളുമായുള്ള ബന്ധമാണ് ആനക്കൊമ്പ് വ്യാപാരം വേഗത്തിൽ തഴച്ചുവളരാൻകാരണമായതെന്നാണ് വനംവകുപ്പധികൃതരുടെ കണ്ടെത്തൽ. ഇവരെ കണ്ടത്തുന്നതിന് അധികൃതർ പലവഴിക്ക് നടത്തിയ നീക്കം വിഫലമാവുകയായിരുന്നു. ഉദ്യോഗസ്ഥസംഘത്തിന്റെ നീക്കം ചോർന്നതാണ് തങ്കച്ചിയെ കുടുക്കുന്നതിനുള്ള നീക്കം പരാജയപ്പെടാൻ കാരണമെന്നാണ് പുറത്തായ വിവരം.

പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷന്റെ മുഖ്യചുമതലക്കാരൻ അമിത് മല്ലിക്കായിരുന്നു അന്വേഷക സംഘത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത്.എൻ ഐ എ യിൽ ഒന്നരദശാബ്ദത്തോളം പ്രവർത്തിച്ചുപരിചയമുള്ള അമിത് മല്ലിക്കിന്റെ ചടുലനീക്കത്തിലാണ് പ്രതികളിലേറെപ്പേരും കുടുങ്ങിയത്. ഇതുവരെ ഈകേസിൽ 70-തോളം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം ഇതുവരം കൃത്യമായിപുറത്തുവന്നിട്ടില്ല.

സംസ്ഥാന വനംവകുപ്പിന്റെ ഈ കേസന്വഷണം തമിഴ്‌നാട് സർക്കാരിന്റെ കണ്ണുതുറപ്പിച്ചു എന്നതാണ് മറ്റൊരു വസ്തുത.ആനവേട്ടയെക്കുറിച്ച് അന്വേഷണം നടത്താൻ തമിഴ്‌നാട് സർക്കാർ ദൗത്യസേന രീപികരിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് ഇടമലയാർ ആനവേട്ട കേസന്വേഷണ സംഘവുമായി തമിഴ്‌നാട് വനംവകുപ്പധികൃതർ ചർച്ച നടത്തി. ഇക്കാര്യത്തിൽ വേണ്ട സഹായസഹകരണങ്ങൾ നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

ഊട്ടിക്ക് സമീപമുള്ള മുതുമല, കോത്താരി ,ഗൂഡല്ലൂർ വനമേഖലയിൽ നിന്നും 15 ആനകളെ കൊന്ന് കൊമ്പ് കടത്തിയതായുള്ള വെളിപ്പടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ് വിപുലമായ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. ഇടമലയാർ കേസന്വേഷണ സംഘത്തിന്റെ സൂചനകളെത്തുടർന്ന് കുമളിയിൽ നിന്നും വള്ളക്കടവ് ഫോറസ്റ്റ്‌റെയിഞ്ചോഫീസർ പിടികൂടിയ കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമെട്ട് ബാബുവിന്റെ മൊഴിയിൽ നിന്നാണ് തമിഴ്‌നാട്ടിലെ ആനവേട്ട സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്. പതിനഞ്ചിൽപ്പരം തോക്കുകളും എന്തും അനുസരിക്കാൻ തയ്യാറായ കിങ്കരന്മാരുമായി ബാബു തമിഴ്‌നാട് വനമേഖലയിൽ പൂണ്ട് വിളയാടുകയായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ചവിവിവരം.

ബാബുവിൽ നിന്നും ലഭിച്ച വിവവരങ്ങളുടെ അ ട ിസ്ഥാനത്തിൽ തമിഴ്‌നാട് തേനി സ്വദേശികളായ മൂന്ന് ആനവേട്ടക്കാരെയും അന്വേഷകസംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങൾ അന്വേഷകസംഘം തമിഴ്‌നാട് വനംവകുപ്പധികൃതർക്ക് കൈമാറുകയും ബാബുവിന്റെ സഹായികളായ തമിഴ്‌നാട് സ്വദേശികളെ പിടികൂടാൻ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇടമലയാർ ആനവേട്ടകേസിൽ നേരത്തേ പിടിയിലായ അജിബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുമായി കമ്പംമേട്ട് ബാബുവിനുണ്ടായിരുന്ന വ്യാപാരബന്ധത്തേക്കുറിച്ച് കൂടുതൽ അന്വേഷണത്തിനും തമിഴ്‌നാട് സംഘം ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. തമിഴ്‌നാട്ടിൽനിന്നുള്ള ആനവേട്ട സംഘങ്ങളുടെ സംരക്ഷകൻ കമ്പംമേട്ട് ബാബു ആണെന്നും വേട്ടയ്ക്കുള്ള തോക്കുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും ഒരുക്കി നൽകിയതും കൊമ്പുകൾ വിൽപ്പന നടത്തിയും ഇയാൾ തന്നെയാണെന്നുമുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ശക്തമായ അന്വേഷണത്തിന് തമിഴ്‌നാട് സംഘം ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്. കൈവശം പതിനഞ്ചിൽപ്പരം തോക്കുകളുണ്ടെന്നാണ് അന്വേഷകസംഘത്തിന് ലഭിച്ചവിവരം.ആനവേട്ടക്ക് പുറമേ കമ്പംമെട്ട് ബാബു വനമേഖലകൾ കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജച്ചാരായം നിർമ്മിച്ചെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇത് വിൽപ്പന നടത്തിവന്നിരുന്നതായും ആനവേട്ട വിട്ടാൽ ബാബുവിന്റെ പ്രധാനതൊഴിൽ ഇതുതന്നെയായിരുന്നെന്നുമാണ് ആനവേട്ട കേസന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP