Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്‌ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്ന്; ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ ഉണ്ടായിരുന്നത് വെള്ളം മാത്രവും; സ്ഫോടക വസ്തു നിറച്ച കൈതച്ചക്കയുടെ കഥ എങ്ങനെ വന്നെന്നറിയാതെ അന്വേഷണ ഉദ്യോ​ഗസ്ഥർ; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

പോസ്റ്റുമോർട്ടം റിപ്പോർട്ട് സ്‌ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്ന്; ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ ഉണ്ടായിരുന്നത് വെള്ളം മാത്രവും; സ്ഫോടക വസ്തു നിറച്ച കൈതച്ചക്കയുടെ കഥ എങ്ങനെ വന്നെന്നറിയാതെ അന്വേഷണ ഉദ്യോ​ഗസ്ഥർ; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന കൊല്ലപ്പെട്ട സംഭവം രാജ്യന്താര ശ്രദ്ധ നേടവേ, സംഭവത്തിൽ പൈനാപ്പിൾ എങ്ങനെ കടന്ന് വന്നു എന്നത് പുതിയ വിവാദമാകുന്നു. ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊനാപ്പിൾ കഴിച്ചിരുന്നു എന്നതിന് തെളിവില്ല. ഫോറസ്റ്റ് അധികൃതരും ഇത്തരത്തിൽ ഒരു വിശദീകരണം നൽകിയിട്ടില്ല. സ്‌ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ആനയുടെ വയറ്റിൽ നിന്ന് കൈതച്ചക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് ആന ചെരിയുന്നത്. മാത്രമല്ല വയർ തകർന്നതിനാൽ ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ

കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ പൈനാപ്പിളിനുള്ളിൽ പടക്കം വെക്കുന്ന രീതി ചിലഭാ​ഗങ്ങളിലുണ്ട്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച ആനയെ കുറിച്ചുള്ള വിവരം പുറത്തെത്തിതോടെ ഇതുമായി കൂട്ടിവായിച്ചതോടെയാകാം സംഭവത്തിലേക്ക് പൈനാപ്പിൾ എത്തിയത് എന്നാണ് വനം വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പ്രതികൾ പിടിലാകുന്നതോടെ മാത്രമേ സ്ഫോടക വസ്തു എങ്ങനെ ആനയുടെ വായിലെത്തി എന്ന് കൃത്യമായി അറിയാനാകൂ.

അതേസമയം, സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കൺവർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാർ വ്യക്തമാക്കി. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം തുടരുന്നത്. സംഭവത്തിൽ വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്ക൦.

ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ (humane society international india) സംഘടന രംഗത്തെത്തിയിരുന്നു. ആനയെ അപായപ്പെത്തുകയെന്ന ലക്ഷ്യത്തോടെ പടക്കം വെച്ചവരെ കുറിച്ച് സൂചന നൽകുന്നവർക്ക് 50000 രൂപയാണ് സംഘടന പ്രതിഫലമായി നൽകുമെന്നറിയിച്ചിട്ടുള്ളത്. ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പലപ്പോഴും മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുന്നത് മനസിലാക്കാവുന്നതാണെങ്കിലും അതിന്റെ പ്രതികാരമെന്നോണം ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.

വെള്ളിയാർ പുഴയിൽ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് അത് പൊട്ടിത്തെറിച്ച് വായിൽ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്ഫോടനത്തിൽ ആനയുടെ മേൽത്താടിയും കീഴ്‌ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികാളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്‌ത്തി ദിവസങ്ങളോളം നിൽക്കുകയായിരുന്നു ആന. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്

മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഈ കൊ‌ടുംക്രൂരത ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി. ഇതോടെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. സിനിമാ പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വരുന്നത്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമ, രൺദീപ് ഹൂഡ, ശ്രദ്ധ കപൂർ, ദിയ മിർസ, റിദ്ധിമ കപൂർ, ദിയ മിർസ തുടങ്ങി മിക്കവരും ആനയുടെ ചിത്രം പങ്കുവെച്ച് പ്രതിഷേധം അറിയിച്ചു.

താരങ്ങളിൽ പലരും മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരുമാണ്. ഇത്രയും ഹീനമായ പ്രവൃത്തിയോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും പലരും ട്വീറ്റിലൂടെ വ്യക്തമാക്കി. ഇതുകൊണ്ടാണ് മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമം വേണ്ടത്, എന്നാണ് അനുഷ്‌ക ശർമ സംഭവത്തിന്റെ വാർത്ത പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇതിനിടെ സംഭവത്തെ മലപ്പുറത്ത് നടന്നതെന്ന് ആരോപിച്ച് ബിജെപി നേതാവ് മനേക ​ഗാന്ധി രം​ഗത്തെത്തിയതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP