Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇലക്ട്രീഷ്യനെ കാണാതായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞുപരത്തിയത് ഓച്ചിറ ക്ഷേത്രത്തിലെ സമൂഹ വിവാഹത്തിൽ വച്ച് പെണ്ണ് കെട്ടിയെന്ന്; പിന്നീട് കാണുന്നത് തനിച്ച് താമസിക്കുന്ന വീട്ടിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം മാത്രമായ ശരീരം; വീടും സ്ഥലവും എസ്എൻഡിപി വകയെന്നുള്ള ബോർഡും; ധവാന്റെ വിൽപത്രം വ്യാജമാണെന്നും മരണം കൊലപാതകമാണെന്നും ഭാര്യയും ബന്ധുക്കളും; അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് പരാതി

ഇലക്ട്രീഷ്യനെ കാണാതായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞുപരത്തിയത് ഓച്ചിറ ക്ഷേത്രത്തിലെ സമൂഹ വിവാഹത്തിൽ വച്ച് പെണ്ണ് കെട്ടിയെന്ന്; പിന്നീട് കാണുന്നത് തനിച്ച് താമസിക്കുന്ന വീട്ടിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം മാത്രമായ ശരീരം; വീടും സ്ഥലവും എസ്എൻഡിപി വകയെന്നുള്ള ബോർഡും; ധവാന്റെ വിൽപത്രം വ്യാജമാണെന്നും മരണം കൊലപാതകമാണെന്നും ഭാര്യയും ബന്ധുക്കളും; അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് പരാതി

എം മനോജ് കുമാർ

 കായംകുളം: രണ്ടു വർഷം മുൻപ് നടന്ന ധവാന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? തൂങ്ങി മരണം എന്ന് വിധിയെഴുതപ്പെട്ട കേസ് കൊലപാതകം എന്നാരോപിക്കുകയാണ് ഭാര്യയും ബന്ധുക്കളും. സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ധവാന്റെ മരണം തൂങ്ങിമരണമല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്എൻഡിപിക്ക് ധവാൻ എഴുതിവെച്ചു എന്ന് പറയപ്പെടുന്ന വിൽപത്രം വ്യാജമാണെന്നും കുടുംബം ആരോപിക്കുന്നു. മുൻപ് നൽകിയ പരാതിയിൽ കായംകുളം പൊലീസ് അന്വേഷണം നടത്തിയില്ലെന്നും മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനുമൊക്കെ പരാതി നല്കിയിരിക്കുകയാണ് ബന്ധുക്കൾ. 2018 ഒക്ടോബർ ആറിനു നടന്ന ധവാന്റെ മരണമാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണം വരുന്നത്. കൊലപാതകം എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നതോടെ രണ്ടു വർഷം മുൻപ് നടന്ന തൂങ്ങി മരണം വിവാദത്തിലേക്ക് നീങ്ങുകയാണ്.

ധവാൻ മരിച്ച് ആഴ്ചകൾ കഴിഞ്ഞാണ് മരണവിവരം പുറത്ത് അറിയുന്നത്. ഭാര്യയുമായി അകന്നു കഴിയുന്നതിനാൽ വീട്ടിൽ ധവാൻ ഒറ്റയ്ക്കായിരുന്നു. അതിനാൽ മരണവിവരം ആരും അറിഞ്ഞില്ല. സ്ഥിരമായി ദുർഗന്ധം വരുന്നതിനു കാരണം തേടി അന്വേഷിച്ചപ്പോഴാണ് അയൽക്കാർ ധവാൻ തൂങ്ങിനിൽക്കുന്നതായി കാണുന്നത്. അപ്പോഴേക്കും മൃതദേഹം അസ്ഥി മാത്രമായിമാറിയിരുന്നു. മദ്യപാനവും കൂട്ടുകെട്ടുമായി നടക്കുന്നതിനാൽ വലിയ ശ്രദ്ധ നാട്ടുകാർ ധവാന്റെ വീട്ടിലേക്ക് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ മരണവിവരം ആരും അറിഞ്ഞില്ല. ധവാനും ഭാര്യയും തമ്മിൽ ഭിന്നതകളുണ്ടായിരുന്നു. ധവാന്റെ അമിത മദ്യപാനം കാരണം ഇവരുടെ ദാമ്പത്യത്തിൽ വിള്ളൽ വീണിരുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അതിനാൽ മരണവിവരം പുറത്ത് അറിയാൻ വൈകി.

ധവാൻ മരിച്ച് മാസങ്ങൾക്ക് ശേഷം വീട്ടിൽ എസ്എൻഡിപി വക എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ചും വിൽപത്രത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയും ഭാര്യയും ബന്ധുക്കളും രംഗത്ത് വന്നത്. സ്ഥലത്ത് എസ്എൻഡിപി എന്ന ബോർഡ് വന്നപ്പോൾ അന്വേഷിച്ചപ്പോൾ സ്ഥലം എസ്എൻഡിപിക്ക് ധവാൻ എഴുതി നൽകിയിരുന്നു എന്നാണ് അന്നത്തെ യൂണിയൻ നേതാവായ റെജി അറിയിച്ചത്. ധവാന് എസ്എൻഡിപിയുമായി ബന്ധമില്ല. റെജിയുമായി അടുപ്പമുണ്ടായിരുന്നു. ആ അടുപ്പത്തിന്റെ പേരിൽ നാല്പതോളം സെന്റ് സ്ഥലവും വീടും അങ്ങനെ എഴുതി നൽകില്ല. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മരണത്തെക്കുറിച്ചും സംശയമുന്നയിച്ചു. ധവാന്റെ മരണം ആത്മഹത്യയല്ല അതുകൊലപാതകമാണ്. എസ്എൻഡിപിയിക്ക് എഴുതി നൽകി എന്ന് പറയുന്ന വിൽപത്രം വ്യാജമാണ്. ഈ രീതിയിൽ ഒരു വിൽപത്രം എഴുതിയിട്ടില്ല. വ്യാജമായ വിൽപത്രം റെജിയും കൂട്ടരും ചമയ്ക്കുകയാണ് ഉണ്ടായത്. അത് മരണശേഷം ചമച്ച വിൽപത്രമാണ്. അതിൽ ധവാന്റെ ഒപ്പ് വ്യാജവുമാണ്. ഇതാണ് ഭാര്യയും ബന്ധുക്കളും ഉയർത്തുന്ന പരാതി.

സ്വത്തിനു വേണ്ടി നടത്തിയ കൊലപാതകം എന്നാണ് പരാതിയിൽ ധവാന്റെ മരണത്തെ വിശേഷിപ്പിക്കുന്നത്. പുതിയ പരാതിയെ എസ്എൻഡിപി വൃത്തങ്ങളും ആകാംക്ഷയോടെ നോക്കിക്കാണുകയാണ്. പരാതിയിൽ സമഗ്ര അന്വേഷണം വന്നാൽ യൂണിയൻ കൂടി പ്രതിക്കൂട്ടിലാകും. എസ്എൻഡിപി തന്നെ ഇപ്പോൾ പല പക്ഷങ്ങളായി മാറിയിട്ടുണ്ട്. ഇതിൽ വെള്ളാപ്പള്ളി പക്ഷത്ത് അല്ല റെജിയുടെ നിൽപ്പ്. നിലവിലെ യൂണിയൻ ഭാരവാഹികൾക്ക് ഈ വിൽപത്രത്തെയോ ആധാരത്തെക്കുറിച്ചോ യാതൊരു ധാരണകളുമില്ല. യൂണിയൻ സ്ഥലം എഴുതി നല്കി എന്ന് റെജി പറഞ്ഞ വിവരം മാത്രമേയുള്ളൂ. റെജി നിലയിൽ ഔദ്യോഗിക പക്ഷത്ത് അല്ലാത്തതിനാൽ ഒരു വിവരവും ഇവർക്ക് തിരക്കാനും സാധിക്കാത്ത അവസ്ഥയിലാണ്. മരണത്തിൽ സംശയമുണ്ടെന്നും വിൽപത്രം വ്യാജമാണെന്നും ഉള്ള കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി ധവാന്റെ ഭാര്യ മറുനാടനോട് പറഞ്ഞു.

മരണത്തിൽ സംശയം; വിൽപത്രം വ്യാജം: ധവാന്റെ ഭാര്യ

ധവാന്റെ മദ്യപാനം അസഹനീയമായിരുന്നു. ധവാന്റെ ഒപ്പം ആളുകളും കാണും. ധവാൻ മദ്യപിച്ച് ബോധം നഷ്ടമായാൽ ഇവർ എനിക്ക് എതിരെ തിരിയും. അതിനാൽ എനിക്ക് അവിടെ കഴിയാൻ പ്രയാസമായിരുന്നു. അതാണ് ഞാൻ പിണങ്ങി വീട്ടിലേക്ക് പോയത്. ധവാന് ഒപ്പം എപ്പോഴും ആളുകൾ ഉണ്ടാകും. ധവാൻ മരിച്ചപ്പോൾ എന്തുകൊണ്ട് ഇവർ അറിഞ്ഞില്ല. ധവാൻ ഓച്ചിറ പോയി എന്നും അവിടെ സമൂഹവിവാഹത്തിൽ പങ്കെടുത്ത് വിവാഹം കഴിച്ചു എന്നൊക്കെ ഇവർ പറഞ്ഞു പരത്തി. അതുകൊണ്ട് തന്നെ ആരും അന്വേഷിച്ചില്ല. ഒപ്പമുള്ള ഒരാളെ കാണാതാകുമ്പോൾ സ്വാഭാവികമായി അന്വേഷണം സുഹൃത്തുക്കൾ നടത്തില്ലേ? ധവാൻ മരിക്കുകയും ചെയ്തു. സുഹൃത്തുക്കൾ കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ ഒട്ടുവളരെ സംശയങ്ങൾ ഞങ്ങൾക്കുണ്ട്. വീടും സ്ഥലവും എസ്എൻഡിപിക്ക് എഴുതി വിൽപത്രം ചമച്ചു എന്നൊക്കെ പറയുന്നു. ആ വിൽപത്രം ഇവർ വ്യാജമായി ചമച്ചതാണ്. മരണശേഷം ചമച്ച വില്പത്രമാണ് അത്. അതിലുള്ള ധവാന്റെ ഒപ്പല്ല അത്.

എന്റെ രണ്ടാം വിവാഹമാണ് ധവാനുമായി ഉള്ളത്. ആദ്യ വിവാഹം അലസിപ്പിരിഞ്ഞപ്പോൾ രണ്ടാമത് ആലോചനയുമായി ധവാൻ വന്നതാണ്. മദ്യപാനം ഞങ്ങൾ അറിഞ്ഞില്ല. അതുകൊണ്ട് തന്നെ ധവാനുമായി ഒരുമിച്ച് നിൽക്കാനും കഴിഞ്ഞില്ല. 2008 മാർച്ചിൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഈ ബന്ധത്തിൽ കുട്ടികളില്ല. എന്റെ വീട്ടിൽ നിന്ന് നൽകിയ സ്വർണം മുഴുവൻ വിറ്റ് മദ്യപിച്ചു. മൂന്നു ലക്ഷത്തോളം രൂപയും നൽകിയിരുന്നു. അതും മദ്യപിക്കാൻ തന്നെയാണ് ചെലവാക്കിയത്. ജോലിക്ക് ഒന്നും പോകില്ല. മദ്യപിച്ച് കഴിഞ്ഞാൽ ധവാന്റെ കൂടെയുള്ളവർ എന്റെ നേരെയും തിരിയും. എന്നെ കയറി പിടിക്കാൻ വരും. ഈ ശല്യം സഹിക്കാൻ കഴിയാതെയാണ് ഞാൻ വീട്ടിലേക്ക് പോയത്. ഗൾഫിൽ ഇലക്ട്രീഷ്യൻ ആയിരുന്നു ധവാൻ. പക്ഷെ മദ്യപാനം കാരണം ജോലിക്ക് പോകില്ല. മദ്യപിച്ച് ഇരിക്കും. ഈ ഘട്ടത്തിൽ തന്നെയാണ് മരണവും സംഭവിക്കുന്നത്. ധവാൻ മരിച്ചശേഷം വീട്ടിൽ എല്ലാ സാധനങ്ങളും എന്റെ ആധാറും എസ്എസ്എൽസി ബുക്കും ഉൾപ്പെടെ റെജി കൊണ്ടുപോയി. വീട് കാലിയാക്കിയാണ് പോയത്. മരണത്തിൽ അന്വേഷണം വേണം-ഭാര്യ പറയുന്നു.

ആഭരണങ്ങൾ മുഴുവൻ ധവാൻ വിറ്റ് മദ്യപിച്ചതിനാൽ ഞങ്ങൾ കുടുംബകോടതിയിൽ കേസ് നൽകിയിരുന്നു-ഭാര്യാമാതാവ് ശാന്തകുമാരി മറുനാടനോട് പറഞ്ഞു. വിൽപത്രം മരണശേഷം ഉണ്ടാക്കിയതാണ്. ആ വിൽപത്രം ഒന്നും ഈ കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാക്കിയില്ല. അന്ന് വിൽപത്രം ഉണ്ടായിരുന്നുവെങ്കിൽ അത് കോടതിയിൽ ഹാജരാക്കുമായിരുന്നു. അന്ന് ഹാജരാക്കിയില്ല. മദ്യത്തിനു അടിമയായിരുന്നു ധവാൻ. ധവാന് കൈ വിറ ഉണ്ടായിരുന്നു. ധവാന്റെ കൈ മുകളിലേക്ക് ഉയർത്താൻ പ്രയാസമായിരുന്നു. മുകളിലേക്ക് കൈ ഉയർത്താൻ കഴിയില്ല. ഇലക്ട്രിഷ്യൻ ജോലി ആയതിനാൽ ജോലിക്ക് പോയാൽ ആണി അടിക്കാൻ ധവാന് കഴിയില്ല. അതിനു മറ്റുള്ളവരുടെ സഹായം തേടും. ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ മുകളിൽ കയർ കെട്ടാൻ കഴിയും. അതിൽ തൂങ്ങാൻ കഴിയും? മരിച്ച വീടുകളിൽ പോകാത്തയാളാണ് അത്രയും ഭയമാണ് ധവാന്. അസുഖം ബാധിച്ച് കിടക്കുന്ന ആളുകളുടെ അടുത്ത് പോലും പോകില്ല. ഇത്രയും ഭയമുള്ള ഒരാൾ എങ്ങനെ ആത്മഹത്യ ചെയ്യും. കൈ മുകളിലേക്ക് പൊക്കാൻ കഴിയാത്ത ആൾ എങ്ങനെ കയർ മുകളിൽ കെട്ടി തൂങ്ങും-ശാന്തകുമാരി ചോദിക്കുന്നു.

വിൽപത്രം എസ്എൻഡിപിക്ക് എഴുതി വെച്ചു എന്നത് കേട്ടറിവ് മാത്രമുള്ള കാര്യമാണെന്ന് എസ്എൻഡിപി കായംകുളം യൂണിയൻ നേതാവ് പ്രദീപ്ലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപ് യൂണിയനെ നയിച്ച റെജിയാണ് ഈ കാര്യങ്ങൾ നടത്തിയത്. വിൽപത്രം വഴി സ്വത്ത് എസ്എൻഡിപിക്ക് എഴുതി എന്ന് റെജി പറഞ്ഞ വിവരമേയുള്ളൂ. സ്ഥലം എസ്എൻഡിപിക്ക് ആണെന്നാണ് റെജി പറഞ്ഞത്. എസ്എൻഡിപിയിലെ പടലപ്പിണക്കങ്ങൾ കാരണം ഇപ്പോൾ റെജി വെള്ളാപ്പള്ളി പക്ഷത്ത് അല്ല ഉള്ളത്. ഞങ്ങൾ ഔദ്യോഗിക യൂണിയൻ ആണ്. റെജി വിമത നേതാക്കൾക്കൊപ്പവും. അതിനാൽ നിജസ്ഥിതിയെക്കുറിച്ച് അറിയില്ല-പ്രദീപ് ലാൽ പറയുന്നു.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

2016 ഒക്ടോബർ ആറിനാണ് ധവാൻ മരിച്ച വിവരം ഞങ്ങൾ അറിയുന്നത്. മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. ഇതുകൊലപാതകമാണ്. കൊലയ്ക്ക് പിന്നിൽ എസ്എൻഡിപി യൂണിയൻ നേതാവായ റെജികുമാറും ഒപ്പമുള്ള സംഘവുമാണ്. മരണം ആത്മഹത്യയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്ത് റെജിയും സംഘവുമാണ്. മാസങ്ങൾ കഴിഞ്ഞാണ് മരണവിവരം പുറത്ത് അറിയുന്നത്. കെട്ടിത്തൂങ്ങി ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. റെജിയുടെ കൂടെ കൂടിയ ശേഷം കടുത്ത മദ്യപാനമായിരുന്നു ധവാന് ഉണ്ടായത്. ധവാനെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയാക്കി തക്കം കിട്ടുമ്പോൾ ഭാര്യയെ മാനംഭംഗപ്പെടുത്താനും റെജികുമാറും സംഘവും ശ്രമിച്ചു. ഇതുകൊണ്ടാണ് ഭാര്യയ്ക്ക് ധവാനുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകേണ്ട അവസ്ഥ വന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ ശേഷം റെജിയും സംഘവും സ്വത്ത് സ്വന്തമാക്കാൻ ഗൂഢാലോചന നടത്തി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിത്. കൊന്ന ശേഷം ധവാനെ കെട്ടിത്തുക്കുകയാണ് ഉണ്ടായത്. ഈ വിശ്വാസമാണ് ഉള്ളത്. മദ്യപാനി ആണെങ്കിലും ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. കൈക്ക് സ്വാധീനക്കുറവുണ്ടായതിനാൽ ഒറ്റയ്ക്ക് തൂങ്ങിമാരിക്കാൻ സാധിക്കുകയില്ല.

സഞ്ചയന ദിവസം റെജി വീട്ടിൽക്കയറി എല്ലാ ആധാരങ്ങൾ ഉൾപ്പെടെ എല്ലാം കടത്തിക്കൊണ്ടുപോയി. ധവാന്റെ മരണം കഴിഞ്ഞു അഞ്ചു മാസം കഴിഞ്ഞു ധവാൻ എഴുതിവെച്ചു എന്ന് പറയുന്ന ഒരു വിൽപത്രം ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമം നടത്തി. വിൽപത്രം കളവാണ്. ഒപ്പുപോലും കൃത്രിമമായി സൃഷ്ടിച്ചതാണ്. വിൽപത്രം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുമില്ല. ധവാൻ ഒരിക്കലും സമുദായ പ്രവർത്തനം നടത്തിയിട്ടില്ല. സ്വന്തം ഭൂമി കായംകുളം എസ്എൻഡിപി യൂണിയന്റെ പേർക്ക് എഴുതി എന്നുള്ള വിൽപത്രം വ്യാജമാണ്. വ്യാജ വിൽപത്രത്തിന്റെ കാര്യം എസ്എൻഡിപി യൂണിയനിൽ അന്വേഷിച്ചാൽ ബോധ്യമാകും. വിൽപത്രത്തിന്റെ ഉറവിടം തേടി അന്വേഷണം നടത്തിയാൽ ധവാന്റെ ദുരൂഹമരണത്തിന്റെ ചുരുൾ അഴിയും. എല്ലാം റെജികുമാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ധവാന്റെ മരണത്തെക്കുറിച്ചും വ്യാജ വിൽപത്രത്തെക്കുറിച്ചും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം-പരാതിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP