Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യവീട്ടിലേക്ക് വന്നത് ഒളിച്ചോടിയ മകളെയും കാമുകനെയും തേടി; വാക്ക് തർക്കവും സംഘട്ടനവും നടന്നത് ഭാര്യാപിതാവും സഹോദരനുമായും; സംഭവം അറിഞ്ഞു പ്രശ്‌നത്തിൽ ഇടപെട്ടത് നാട്ടുകാരായ അരുൺലാലും പ്രേംലാലും; ഗുരുദേവനെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയ സിപിഎം കൗൺസിലർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർ അറസ്റ്റിലായപ്പോൾ പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് ആക്ഷേപവും; ഇലവുംതിട്ടയിലെ സജീവ് വധക്കേസിൽ അറസ്റ്റിലായവർ യഥാർത്ഥ പ്രതികൾ തന്നെയോ?

ഭാര്യവീട്ടിലേക്ക് വന്നത് ഒളിച്ചോടിയ മകളെയും കാമുകനെയും തേടി; വാക്ക് തർക്കവും സംഘട്ടനവും നടന്നത് ഭാര്യാപിതാവും സഹോദരനുമായും; സംഭവം അറിഞ്ഞു പ്രശ്‌നത്തിൽ ഇടപെട്ടത് നാട്ടുകാരായ അരുൺലാലും പ്രേംലാലും; ഗുരുദേവനെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയ സിപിഎം കൗൺസിലർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർ അറസ്റ്റിലായപ്പോൾ പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് ആക്ഷേപവും; ഇലവുംതിട്ടയിലെ സജീവ് വധക്കേസിൽ അറസ്റ്റിലായവർ യഥാർത്ഥ പ്രതികൾ തന്നെയോ?

എം മനോജ് കുമാർ

ഇലവുംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ സജീവ് വധവുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെ ആണെന്ന് ആക്ഷേപം. യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും സജീവ് ആക്രമിക്കപ്പെടുമ്പോൾ രക്ഷിക്കാൻ എത്തിയവർ പ്രതി ചേർക്കപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സജീവ് ആക്രമിക്കപ്പെടുന്ന വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ രണ്ടു പേരാണ് കേസിലെ പ്രതികൾ ആയതെന്നാണ് ഇതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഗ്രാമശക്തി പൗരസമിതി ഭാരവാഹികൾ ആരോപിക്കുന്നത്. സംഭവത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ഗ്രാമശക്തി ഭാരവാഹികൾ പരാതി നൽകി.

വിദേശത്ത് ജോലിയുണ്ടായിരുന്ന സജീവിന്റെ കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് കുടുംബത്തിൽ ഉള്ളവർ തന്നെയാണ് സജീവിനെ മർദ്ദിച്ചത് എന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ പ്രതി ചേർക്കപ്പെട്ടവർ ഇതുമായി ബന്ധമില്ലാത്ത നാട്ടുകാരാണ്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലാകാനുള്ളത് സജീവിനെ മർദ്ദിച്ചവരാണ്. എന്നാൽ അറസ്റ്റിലായതോ സജീവിനെ രക്ഷിക്കാൻ ഓടിയെത്തിയവരും. ഇതെന്തു നീതി എന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായത് അരുൺലാലാണ്. അരുൺലാൽ, പ്രേംലാൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. സജീവ് ആക്രമിക്കപ്പെട്ടുന്ന വിവരം അറിഞ്ഞു ഇവർ അവിടെ വന്നതാണെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. സംഭവം കുടുംബവഴക്കായിരുന്നു. പ്രതി ചേർക്കപ്പെട്ടത് നാട്ടുകാരും. ഇതാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ആക്ഷേപം.

കേസുമായി ബന്ധപ്പെട്ടു വാർഡ് കൗൺസിലർക്കെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. മെഴുവേലി പഞ്ചായത്തിലെ സിപിഎം അംഗം ഗുരുദേവനെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരായ അരുൺലാലും പ്രേംലാലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ സിപിഎമ്മിനും വാർഡ് കൗൺസിലർക്കും ഇരുവർക്കും എതിരെ വിരോധം നിലനിൽക്കുന്നുണ്ട്. ഭാര്യവീട്ടുകാർ സജീവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചപ്പോൾ ഈകേസിൽ അരുൺലാലും പ്രേംലാലും പ്രതിചേർക്കപ്പെട്ടതും രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമാണ് എന്ന ആക്ഷേപവും ഇലവുംതിട്ടയിൽ സജീവമാണ്.

ജൂലൈ 27 നാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യ വീട്ടിൽ ആക്രമിക്കപ്പെടുന്നത്. മദ്യപിച്ചാണ് സജീവ് ഇലവുംതിട്ടയിലെ ഭാര്യവീട്ടിൽ എത്തുന്നത്. ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനുമായാണ് സജീവ് വഴക്കുണ്ടാക്കുന്നത്. ഈ സംഘട്ടനത്തിൽ സജീവിനെ ഇവർ ക്രൂരമായി മർദിച്ചു. കുഴഞ്ഞുവീണു കിടക്കുകയായിരുന്നു സജീവ്. സംഭവം അറിഞ്ഞേത്തിയ നാട്ടുകാരാണ് ഓട്ടോ വിളിച്ചു വരുത്തിയത്. ഓട്ടോ വന്നപ്പോൾ നടന്നു പോയാണ് സജീവ് ഓട്ടോയിൽ കയറിയത്. തുടർന്ന് ബന്ധുക്കൾ സജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സക്കിടെ ഓഗസ്റ്റ് ഒന്നിനാണ് സജീവിന്റെ മരണം സംഭവിക്കുന്നത്. എന്നാൽ കേസ് വന്നതോ നാട്ടുകാർക്കെതിരെയും. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം തുടങ്ങാൻ കാരണം.

ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ ഉള്ളടക്കം:

ഇലവുംതിട്ടയിലെ സജീവിന്റെ ഭാര്യാവീട്ടിൽ ജൂലൈ 27 നു നടന്നത് കുടുംബവഴക്കാണ്. മദ്യപിച്ച് എത്തിയ സജീവുമായി ഭാര്യാപിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും വഴക്കിട്ടു. ഇത് സംഘർഷമായി. സജീവിന് നല്ല രീതിയിൽ മർദ്ദനവുമേറ്റു. സംഭവം നടക്കുമ്പോൾ 50 മീറ്റർ അകലെയുള്ള വീട്ടിൽ എസ്എൻഡിപിയുടെ ഒരു പ്രാർത്ഥനാ യോഗം നടക്കുന്നുമുണ്ട്. ഇവർ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളുമാണ്. ഇവർ സംഭവം കണ്ടു ഓടി അവിടെ എത്തിയതാണ്. ആ സമയം സജീവ് മുറ്റത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ആ സമയം മൊബൈൽ ഫോണും പേഴ്‌സും താഴെ വീണുകിടക്കുകയായിരുന്നു. സജീവിന്റെ കൈവിരലിൽ നിന്നും ചോര വരുന്നുമുണ്ടായിരുന്നു. നാട്ടുകാർ സംഭവം അറിഞ്ഞു ഓട്ടോ വിളിച്ചു. ആ ഓട്ടോയിൽ സജീവ് നടന്നു വന്നാണ് കയറി പോയത്. അന്ന് രാത്രി സജീവിനെ ബന്ധുക്കൾ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെന്ററിലും അവിടുന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും കൊണ്ട് പോയതായി അറിഞ്ഞു. തന്നെ മകളുടെ കാമുകൻ മനുവും മറ്റു മൂന്നു പേരും ചേർന്ന് മർദ്ദിച്ചതായി സജീവ് മൊഴി നൽകിയതായി അറിയുന്നു. നാലു പേർക്ക് എതിരെ കേസ് ഈ പ്രശ്‌നത്തിൽ പൊലീസ് കേസ് എടുത്തതായും അറിയുന്നു.

മർദ്ദനത്തിനു ശേഷം സജീവിന്റെ ഭാര്യാ പിതാവായ ഗോപാലൻ താനും രാജനും കൂടി കമ്പി വടി കൊണ്ടും പട്ടിക കൊണ്ടും സജീവിനെ അടിച്ചതായും ഇനി ഇങ്ങോട്ട് വരില്ല എന്നും ഗോപാലൻ അയൽവാസികളോട് പറഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുൻപ് ബൈക്ക് അപകടത്തിൽ സജീവിന് നട്ടെല്ലിനു ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. രണ്ടു മാസത്തിലധികം വൈക്കം ഇന്റോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അടുത്ത പത്ത് വർഷത്തേക്ക് ഭാരം എടുക്കുകയോ, വീഴുകയോ, നട്ടെല്ലിനു ക്ഷതം ഉണ്ടാകുന്ന ജോലിയോ ചെയ്താൽ മരണം വരെ സംഭവിക്കാം എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് അറിയാവുന്നവർ സജീവിന്റെ ഭാര്യാ പിതാവ് ഗോപാലനും ഭാര്യാ സഹോദരൻ രാജനും മാത്രമാണ്.

വിദേശത്ത് നിന്നും വന്ന ദിവസം സജീവ് മദ്യപിച്ചാണ് വീട്ടിൽ എത്തിയത്. എഴുന്നേൽക്കാൻ കഴിയാത്ത ഭാര്യയെയും മകളെയും സജീവ് മർദ്ദിച്ചിരുന്നു. വെളുപ്പിനു മകളും കാമുകനും ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു. സജീവിന്റെ മരണ ശേഷം മകൾ നടത്തിയ വാർത്താസമ്മേളനത്തിൽ സജീവിനെ ആരും മർദ്ദിച്ചതായി പറയുന്നില്ല. ഇതൊന്നും ഇലവുംതിട്ട പൊലീസ് പരിഗണിച്ചില്ല. എന്നാൽ നാട്ടുകാരായ രണ്ടു പേരെ കേസിൽപ്പെടുത്തുകയും ചെയ്തു. അതിനാൽ സത്യസ്ഥിതി വെളിയിൽ വരാൻ പൊലീസിലെ പ്രത്യേക സംഘമോ ക്രൈംബ്രാഞ്ച് അന്വേഷണമോ ഈ കേസിൽ വേണം-ഇതാണ് ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ പ്രതികരണം:

ഇലന്തൂർ പരിയാരത്താണ് കൊല്ലപ്പെട്ട സജീവിന്റെ വീട്. വിവാഹം കഴിച്ചത് മെഴുവേലിയിൽ നിന്നാണ്. ഇവിടെ വച്ചാണ് സജീവ് ആക്രമിക്കപ്പെട്ടത്. സജീവിന്റെ മകൾക്ക് ഒരു പ്രേമബന്ധമുണ്ട്. ഇതിൽ സജീവന് എതിർപ്പുണ്ട്. മകൾ ഒരു ബാങ്കിൽ താത്കാലിക സ്റ്റാഫ് ആണ്. മകളുടെ കാമുകൻ മനുവും കൂട്ടാളികളും തന്നെ മർദ്ദിച്ച് എന്ന് കാണിച്ച് സജീവ് ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സജീവ് വിദേശത്ത് നിന്നും വന്ന ശേഷം മകൾ കാമുകന്റെ കൂടെ പോയിട്ടുണ്ട്. മകൾ അമ്മയുടെ വീട്ടിൽ എത്തി എന്നറിഞ്ഞാണ് സജീവ് ഇലന്തൂര് ഭാര്യവീട്ടിൽ എത്തുന്നത്. മദ്യപിച്ചായിരുന്നു ഭാര്യ വീട്ടിലേക്കുള്ള സജീവിന്റെ വരവ്. വന്നപ്പോൾ തന്നെ സജീവ് ഭാര്യാ പിതാവിനെ മർദ്ദിച്ചു. ഭാര്യാ സഹോദരനും ഭാര്യാ പിതാവും കൂടിയാണ് സജീവിനെ മർദ്ദിക്കുന്നത്. പട്ടിക കഷണവും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത്.

എസ്എൻഡിപി പ്രാർത്ഥനാ സംഘം ഈ പ്രശ്‌നങ്ങൾ കാണുന്നുമുണ്ട്. ഭാര്യവീട്ടിലെ സംഘർഷം ആണ് മർദ്ദനത്തിൽ കലാശിച്ചത്. അരുൺലാലും പ്രേംലാലും പ്രശ്‌നങ്ങൾ അറിഞ്ഞു അവിടെ എത്തിയതാണ്. ഒരു പലചരക്ക് കടക്കാരനാണ് ഇവരെ സംഭവ സ്ഥലത്തേക്ക് അയക്കുന്നത്. അരുൺലാൽ മർച്ചന്റ് നേവിയിലാണ്. പ്രേംലാൽ ഗൾഫിലുമാണ്. ഇവർ രണ്ടുപേരും ലീവിന് വന്നതാണ്. ഇവർ അവിടെ എത്തിയപ്പോൾ അടികൊണ്ടു സജീവ് വീണു കിടക്കുകയാണ്. മൊബൈൽ, പേഴ്‌സ് എന്നിവ സജീവിന് നൽകുന്നതും ഓട്ടോ വിളിച്ചു കൊടുക്കുന്നതും ഇവർ രണ്ടു പേരുമാണ്. ബന്ധുവായ പലചരക്ക് കടക്കാരനും അവിടെ എത്തി. ഇവർ ഉള്ളപ്പോൾ നടന്നാണ് സജീവ് ഓട്ടോയിൽ കയറി പോകുന്നത്.

പക്ഷെ കേസ് വന്നപ്പോൾ സജീവിന്റെ ഭാര്യവീട്ടുകാർ പ്രതിസ്ഥാനത്തില്ല. പകരം രക്ഷിക്കാൻ എത്തിയവരാണ് പ്രതിപ്പട്ടികയിൽ. പ്രേംലാൽ ഒന്നാം പ്രതിയും അരുൺ ലാൽ രണ്ടാം പ്രതിയും. അരുൺലാൽ ആണെങ്കിൽ 50 ദിവസത്തിലേറെ ജയിലിൽ കിടന്നു. ഇതാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്കെല്ലാം ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. കൂട്ട നിവേദനമായാണ് പരാതി നൽകിയത്. പക്ഷെ ഈ പരാതിയിൽ നടപടി വന്നിട്ടില്ല. സജീവന്റെ ഭാര്യാപിതാവും ഭാര്യാ സഹോദരനും കൂടിയാണ് മർദ്ദനം നടത്തിയത്. അവർ പ്രതികൾ അല്ല. അവരെ പ്രതികളാക്കണം. നാട്ടുകാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഇതാണ് ഞങ്ങളുടെ ആവശ്യം-ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.

അറസ്റ്റ് ചെയ്തവർ യഥാർത്ഥ പ്രതികൾ തന്നെയെന്ന് ഇലവുംതിട്ട പൊലീസ്

സജീവ് വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ അരുൺലാലും ഒളിവിലുള്ള പ്രേംലാലും യഥാർത്ഥ പ്രതികൾ തന്നെയെന്നു ഇലവുംതിട്ട പൊലീസ്. ഞങ്ങൾ സജീവിന്റെ മൊഴിയെടുത്തിരുന്നു. മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത് എന്നാണ് മൊഴിയിൽ പറയുന്നത്. കാമുകനും സുഹൃത്തുക്കളും സംഭവം നടക്കുമ്പോൾ അവിടെയില്ല. മകളുടെ കാമുകൻ ആരെന്നു സജീവിന് അറിയുകയുമില്ല. ഞങ്ങൾ കേസ് എടുത്തത് സജീവിന്റെ മൊഴി പ്രകാരം മകളുടെ കാമുകനും സുഹൃത്തുക്കൾക്കും എതിരായാണ്. സജീവിനു മർദ്ദനമേറ്റ ദിവസം സജീവ് വന്നത് ഒരു ഓട്ടോയിലാണ്. ആ ഓട്ടോ ഡ്രൈവർ അവിടെതന്നെയുണ്ടായിരുന്നു. ആ സമയം ആരാണ് അവിടെ എത്തിയത് എന്ന് അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോൾ രണ്ടു പേർ ബൈക്കിൽ അവിടെയ്ക്ക് വന്നു എന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് കടക്കാരനിലേക്ക് അന്വേഷണം നടത്തിയപ്പോൾ ഇവർ രണ്ടുപേരെയും താൻ അയച്ചതാണ് എന്നാണ് കടക്കാരൻ മൊഴി നൽകിയത്. ഇവർ സംഭവം അറിഞ്ഞു അവിടെ എത്തിയത് തന്നെയാണ്.

അരുൺലാലും പ്രേംലാലും സജീവും തമ്മിൽ വാക്ക് തർക്കം വന്നു. ഇവർ രണ്ടു പേരും ചേർന്ന് സജീവിനെ മർദ്ദിച്ചു. മർദ്ദനം നടക്കുമ്പോൾ ഭാര്യാ പിതാവും സഹോദരനും അവിടെയുണ്ട്. ഭാര്യാപിതാവ് 90 വയസുള്ള ആളാണ്. ഭാര്യാ സഹോദരൻ എഴുന്നേറ്റ് നടക്കാൻ പോലും ശേഷിയില്ലാത്ത ആളും. പിന്നെയുള്ളത് വൃദ്ധമാതാവാണ്. പ്രതി ചേർക്കപ്പെടെണ്ടവർ തന്നെയാണ് പ്രതി ചേർക്കപ്പെട്ടത്. ഭാര്യാ സഹോദരനും ഭാര്യാ പിതാവും സാക്ഷിപ്പട്ടികയിൽ മാത്രമേ വരൂ. ഗൾഫിൽ നിന്നും വന്ന സജീവ് മദ്യപിച്ച് വീട്ടിൽ എത്തിയ ശേഷം എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിനു മകൾ സാക്ഷിയാണ്. ഇതോടെ മകൾ അമ്മയെയും കൂട്ടി അമ്മയുടെ വീട്ടിൽ എത്തുകയായിരുന്നു. ഇതിനു ശേഷമാണ് സജീവിന്റെ ആക്രമണം ഭാര്യവീട്ടുകാരുടെ നേർക്ക് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP