Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്; ഞാനവനെ പൊന്നു പോലെ നോക്കുമായിരുന്നു; അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്; കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും ഭർത്താവ് മനു; വർക്കലയിൽ അമ്മയുടെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട രണ്ടു വയസ്സുകാരന്റെ ചെറുകുടലും വാരിയെല്ലും വരെ പൊട്ടി: തലച്ചോറിനു ക്ഷതമേറ്റു രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്

കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്; ഞാനവനെ പൊന്നു പോലെ നോക്കുമായിരുന്നു; അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്; കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും ഭർത്താവ് മനു; വർക്കലയിൽ അമ്മയുടെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട രണ്ടു വയസ്സുകാരന്റെ ചെറുകുടലും വാരിയെല്ലും വരെ പൊട്ടി: തലച്ചോറിനു ക്ഷതമേറ്റു രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയ ഒരമ്മ ഈ ലോകത്ത് വേറെ ഉണ്ടാവില്ല. ആരും കാതുപൊത്തിപ്പോകുന്നത്ര കൊടുംക്രൂരതയാണ് വർക്കലക്കാരി ഉത്തര സ്വന്തം കുഞ്ഞിനോട് ചെയ്തത്. കാമുകനൊപ്പമുള്ള സുഖ ജീവിതത്തിന് രണ്ടു വയസ്സുകാരനായ കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടപ്പോൾ അടിച്ചും ചവിട്ടിയും ക്രൂരമായി മർദ്ദിച്ചും ഇഞ്ചിഞ്ചായാണ് ഉത്തര സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. സ്വന്തം കുഞ്ഞിനോട് സമാനതകളില്ലാത്ത ക്രൂരത ചെയ്ത് ആ അമ്മ രസിച്ചപ്പോൾ മകന്റെ മരണത്തിൽ നെഞ്ചു പോട്ടിക്കരയുകയാണ് ഏകലവ്യന്റെ പിതാവ്.

ഉത്തര കാമുകനൊപ്പം ഇറങ്ങിപ്പോയപ്പോഴും സ്വന്തം കുഞ്ഞിനെ തിരിച്ചു തരാൻ ഉത്തരയോട് യാജിച്ചതാണ് മനു. എന്നാൽ സ്‌നേഹ നിധിയായ ആ പിതാവിന് കുഞ്ഞിനെ കൊടുക്കാൻ ഉത്തര തയ്യാറായില്ല. അവനെ കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്താൻ തന്നെയായിരുന്നു ആ അമ്മയുടെ തീരുമാനം. രണ്ടു മാസം മുൻപാണ് മനുവുമായി വേർപിരിഞ്ഞു രജീഷിനൊപ്പം ഉത്തര താമസിക്കാൻ തുടങ്ങിയത്. കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നും ദേഹത്തു മുഴുവൻ മുറിവുകളുണ്ടായിരുന്നു എന്നും മനു പറയുന്നു.

കുഞ്ഞിനെ അവൾ ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. എന്നാൽ തനിക്കു തരാൻ യാജിച്ചിട്ടും അവൾ തയ്യാറായില്ലെന്നും മനു പറയുന്നു. കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. കേസ് നടക്കുന്നതിനിടയിലാണ് ഏകലവ്യൻ അതിക്രൂരമായ മർദ്ദനത്തിനിരയായി കൊല്ല്‌പെടുന്നത്. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോൾ കേസു നടക്കുകയാണെന്നാണു എസ്‌ഐ കോടതിയിൽ പറഞ്ഞത്. അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു. കുഞ്ഞിനെ ശരീരം മൊത്തം മുറിവുകളുണ്ടായിരുന്നത് താൻ കണ്ടതാണെന്നും മനു പറഞ്ഞു.

ശനിയാഴ്ചയാണ് രണ്ടുവയസ്സുകാരൻ ഏകലവ്യൻ മരിക്കുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയെത്തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിനു ക്ഷതമേറ്റു രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടർച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാനും ഇവർ തയാറായിരുന്നില്ല. ഒടുവിൽ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടി മരണത്തിലേക്ക് നീങ്ങിയിരുന്നു.

ഡോക്ടർമാർ ചോദിച്ചപ്പോൾ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടർമാർക്ക് അപകടം മണത്തു. മെഡിക്കൽ കോളജിലേക്ക് മാറ്റണം എന്ന് ഉടനെ നിർദേശിക്കുകയായിരുന്നു. എന്നാൽ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവർ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന് ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചെറുകുടൽ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മർദനമേറ്റാൽ മാത്രമ കുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും പൊലീസ് നിഗമനത്തിലെത്തി.

മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വർക്കല വടശേരിക്കോണത്തെ ദമ്പതികൾ വർഷങ്ങൾക്ക് മുമ്പ് ദത്തെടുത്ത് വളർത്തിയതാണ് ഉത്തരയെ. ആ മകളാണ് സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് വർഷം മുമ്പാണ് ഉത്തരയെ ഗൾഫുകാരനായ മനു വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ ഉത്തര ഭർത്താവുമായും മാതാപിതാക്കളുമായും കലഹം ആരംഭിച്ചു. പൊതുവേ ആഡംബര ജീവിതം കൊതിച്ച ഉത്തരയുടെ ചെലവ് മനുവിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. നിസാര കാര്യങ്ങൾക്കുപോലും ഭർതൃവീട്ടുകാരുമായി വഴക്കും വാശിയും പതിവായി. ഒരു ദിവസം വഴക്കിനിടെ മനുവിന്റെ അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും ഉത്തര ശ്രമം നടത്തിയിരുന്നു. ഇതോടെ മനു ഉത്തരയേയും കൂട്ടി വാടക വീട്ടിലേക്ക് മാറി. എന്നാൽ മനുവുമായി ഉത്തര നിരന്തരം കലഹിച്ചിരുന്നു. ഇതിനിടെ പ്രസവത്തിനായി ഉത്തരയെ വർക്കലയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഉത്തരയുടെ വളർത്തച്ഛൻ പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വർക്കലയിലെ ഇവരുടെ വീട്ടിലേക്ക് താമസം മാറ്റി.

മൂന്നുമാസം മുമ്പ് വരെ ഉത്തരയും മനുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ ആഡംബര ജീവിതം കൊതിച്ച ഉത്തരയുടെ ചെലവ് ഓട്ടോറിക്ഷാ ഡ്രൈവറായ മനുവിന് താങ്ങാൻ കഴിഞ്ഞില്ല. ഇതോടെ കലഹം പതിവായി. ഇതിനിടയിലാണ് കൂട്ടുകാരിയുടെ ഭർത്താവായ രജീഷുമായി ഉത്തര അടുപ്പത്തിലാകുന്നതും. സ്‌കൂളുമുതൽ ഒരുമിച്ച് പഠിച്ച കൂട്ടുകാരിയുടെ വീട്ടിൽ നിത്യ സന്ദർശകയായിരുന്നു ഉത്തര. ഇതോടെയാണ് കൂട്ടുകാരിയുടെ ഭർത്താവുമായി ഉത്തര അടുപ്പത്തിലാകുന്നതും ഒരുമിച്ച് ജീവിക്കുന്നതും. അടുപ്പം വളർന്നപ്പോൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ താരുമാനിക്കുക ആയിരുന്നു. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്ക്കൊപ്പം ജീവിക്കാൻ രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളർന്നുകിടക്കുന്ന വളർത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാൾക്കൊപ്പം പോയി. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനു പൊലീസിൽ പരാതി നൽകി. കേസ് കോടതിയിലെത്തി എങ്കിലും തനിക്ക് രജീഷിനൊപ്പം ജീവിച്ചാൽ മതിയെന്ന ഉറച്ച നിലപാട് ഉത്തര എടുത്തതോടെ ഉത്തരയേയും കുഞ്ഞിനേയും കോടതി രജീഷിനൊപ്പം വിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP