Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ചൈൽഡ് ലൈനെതിരെ നടപടിക്ക് ലക്ഷ്യമിട്ട് പൊലീസ്; പ്രതികാരത്തിന് കാരണം ബാലപീഡന കേസുകൾ ഒതുക്കി തീർക്കുന്നതിനെതിരെ പ്രതികരിക്കുന്നതെന്ന് ആക്ഷേപം; കേസിൽ കുരുക്കിലായ കാക്കി കുപ്പായക്കാരെ രക്ഷിക്കാനുള്ള നീക്കവും പൊലീസ് നീക്കത്തിന് പിന്നിൽ

തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിന് പിന്നാലെ ചൈൽഡ് ലൈനെതിരെ നടപടിക്ക് ലക്ഷ്യമിട്ട് പൊലീസ്; പ്രതികാരത്തിന് കാരണം ബാലപീഡന കേസുകൾ ഒതുക്കി തീർക്കുന്നതിനെതിരെ പ്രതികരിക്കുന്നതെന്ന് ആക്ഷേപം; കേസിൽ കുരുക്കിലായ കാക്കി കുപ്പായക്കാരെ രക്ഷിക്കാനുള്ള നീക്കവും പൊലീസ് നീക്കത്തിന് പിന്നിൽ

എംപി റാഫി

മലപ്പുറം: എടപ്പാളിൽ ബാലികയെ തിയേറ്ററിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ തിയേറ്റർ ഉടമക്കു പിന്നാലെ ചൈൽഡ് ലൈനെ ലക്ഷ്യമിട്ട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിലാകാൻ ഇടയായത് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ ആണെന്നതാണ് പൊലീസ് തലത്തിൽ ചൈൽഡ് ലൈനെതിരെ നീക്കം ശക്തമാക്കാൻ കാരണം. പൊലീസ് നടത്തുന്നത് പ്രതികാര നടപടിയാണെന്ന ആക്ഷേപം ചൈൽഡ്ലൈനും ഉന്നയിക്കുന്നു. ചങ്ങരംകുളം ഗോവിന്ദ തിയേറ്റർ ഉടമ സതീഷിനെ ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ഡിസി ആർബി ഡിവൈഎസ്‌പി ഷാജി വർഗീസ് അറസ്റ്റ് ചെയ്തത്. പീഡനം വിവരം അറിഞ്ഞ ശേഷം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിനായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം സതീഷിനെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

എന്നാൽ പീഡനവിവരം ചൈൽഡ് ലൈൻ അറിഞ്ഞ ശേഷം ദൃശ്യങ്ങളടക്കം ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഇതിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതോടെ ചാനലുകളിലെത്തി. തുടർന്ന് പ്രതികളെ പിടികൂടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. പൊലീസിന്റെ അലംഭാവം പുറത്തായതാണ് തിയേറ്റർ ഉടമക്കെതിരെ പൊലീസ് പ്രതികാര നടപടി
ശക്തമാക്കാൻ ഇടയാക്കിയത്. പൊലീസ് കേസെടുക്കാൻ ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനെതിരെയായിരുന്നു. എന്നാൽ ഇത് കൂടുതൽ ആക്ഷേപത്തിന് ഇടയാക്കുമെന്നതിനാൽ ആദ്യം തിയേറ്റർ ഉടമക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തിയേറ്റർ ഉടമക്കെതിരെയുള്ള നടപടിക്കു ശേഷമുള്ള സാഹചര്യം നോക്കി ചൈൽഡ് ലൈനെതിരെ കേസെടുക്കാനാണ് ഇപ്പോൾ പൊലീസ് തീരുമാനം. എന്നാൽ നിലവിൽ ചൈൽഡ് ലൈനെതിരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും ഡിവൈഎസ്‌പി ഷാജി വർഗീസ് മറുനാടൻ
മലയാളിയോടു പറഞ്ഞു.

യഥാർത്ഥത്തിൽ പൊലീസ് ലക്ഷ്യമിട്ടിരുന്നത് ചൈൽഡ് ലൈനോട് പ്രതികാരം ചെയ്യലായിരുന്നു. ഇതിനു കാരണം, തിയേറ്റർ പീഡന കേസ് അടക്കമുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമണ സംഭവങ്ങളിൽ ചൈൽഡ് ലൈൻ പീഡനത്തിനിരയായവരെ കൗൺസിലിംങ് നടത്തി പൊലീസിന് റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും നടപടിയെടുക്കാറില്ല. പിന്നീട് കേസ് ഒതുക്കി തീർക്കുന്ന സംഭവങ്ങൾ മീഡിയകളിലൂടെ പുറത്തറിയുകയാണ് പതിവ്. ഇത് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ചൈൽഡ് ലൈനെതിരെ പൊലീസ് തിരിയാൻ ഇടയാക്കിയിരിക്കുന്നത്.

എടപ്പാൾ പീഡനത്തിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകളിൽ പൊലീസ് സ്റ്റേഷനുകൾ ജാഗ്രത പുലർത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും ചൈൽഡ് ലൈനെ നിലക്കുനിർത്തണമെന്ന തരത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അതിന്റെ ഭാഗമായാണ് ചൈൽഡ് ലൈനു നേരെയുള്ള അമ്പ് തിയേറ്റർ ഉടമക്കെതിരെ എറിഞ്ഞിരിക്കുന്നത്. കേസെടുക്കാൻ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ്ഐക്കെതിരെ പോക്സോ ചുമത്തി കേസെടുത്തതും സസ്പെൻഡ് ചെയ്തതും പൊലീസിന്റെ പ്രതികാര നടപടി ശക്തമാക്കാൻ ഇടയാക്കി. കേസെടുക്കാൻ താമസിപ്പിച്ചത് മേൽ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ചങ്ങരംകുളം എസ്‌ഐ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് തിരൂർ ഡിവൈഎസ്‌പിയെ താൽക്കാലികമായി ചുമതലമാറ്റുന്നതിലേക്കും കാര്യങ്ങളെത്തിയിരുന്നു. ഇതും ചൈൽഡ് ലൈനെതിരെ പ്രതികാരം വർധിപ്പിക്കാൻ ഇടയാക്കി.

തിയേറ്റർ പീഡന കേസിലെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്കു കൈമാറിയിരുന്നു. ചൈൽഡ് ലൈനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ ഈ റിപ്പോർട്ടിലും ഉണ്ടായിരുന്നു. കൂടാതെ എടപ്പാൾ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറും ബാലാവകാശ കമ്മീഷനും വിളിച്ചു ചേർത്ത യോഗങ്ങളിലും ചൈൽഡ് ലൈനെതിരെ കടുത്ത നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ഇപ്പോൾ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതോടെ പൊലീസിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിട്ടുണ്ട്. കഴിഞ്ഞാഴ്ച ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സ്ഥലം മാറിയതിനെ തുടർന്ന് പുതിയ എസ്‌പി പ്രതീഷ് കുമാർ ചാർജെടുത്തിരുന്നു. ഇദ്ദഹത്തെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണ സംഘം തിയേറ്റർ ഉടമക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, സർക്കാറും ഡിജിപിയും തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് അറിഞ്ഞിട്ടില്ല. നേരത്തെ മന്ത്രിമാരടക്കം തിയേറ്റർ ഉടമയെ അഭിനന്ദിക്കാൻ നേരിട്ടെത്തിയിരുന്നു.

കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിലോ ശ്രദ്ധയിലോ പെട്ടാൽ ബന്ധപ്പെച്ച അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്നും സമയപരിതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു. പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ സംഭവത്തിന്മേൽ നിയമ നടപടിയെടുക്കേണ്ടതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് നടപടിക്കെതിരെ തുറന്നടിച്ച് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടനും രംഗത്തെത്തി. ചൈൽഡ് ലൈൻ സംവിധാനം നിലവിൽ വന്ന ശേഷം നടപടിയെടുക്കുന്ന കേസുകളിൽ അധികവും ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണെന്നും ഇപ്പോഴത്തെ പൊലീസ് നടപടി പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവിരമറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗുഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും അൻവർ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. എടപ്പാൾ തിയേറ്റർ സംഭവത്തിൽ പൊലീസ് ഷോ തുടരുന്നു.. എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

തിയേറ്റർ ഉടമക്കെതിരെയുള്ള അറസ്റ്റും ചൈൽഡ് ലൈനെതിരെയുള്ള പൊലീസ് നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ തന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:


#എടപ്പാൾ_തിയേറ്റർ_പൊലീസ്_ഷോ_തുടരുന്നു..

ഞാൻ ഇന്നലെ രണ്ടു കാരക്കയും പോക്റ്റിലിട്ടാ ഓഫീസിൽ പോയത്..??

വളരെ ആശ്ചര്യകരമായ പൊലീസ് നടപടികളാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കുരുടൻ ആനയെ കണ്ടതുപോലെ ആണ് #pocso ആക്റ്റ് ഉം പിടിച്ചു നമ്മുടെ ജനകീയ ജനമൈത്രി പൊലീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്റ്റ് പ്രകാരം, കുട്ടികളുമായി ബന്ധപ്പെട്ട ഒരു ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ അറിവിൽ/ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളോട് ആ വിവരം റിപ്പോർട്ട് ചെയ്യാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ...എന്നാൽ സമയ പരിധി നിശ്ചയിച്ചിട്ടില്ല..പിന്നീട് പൊലീസ് സംവിധാനമാണ് 24 മണിക്കൂർ സമയ പരിധിക്കുള്ളിൽ അതിന്മേൽ നിയമനടപടികൾ സ്വീകരിക്കേണ്ടത്.

ഇന്ന് നമ്മുടെ സമൂഹത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണ കേസുകൾ ജനങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടുവന്ന് തുടങ്ങിയിരിക്കുന്നു. ഈ മനോഭാവത്തിലേക്ക് ജങ്ങളെ ഉയർത്തികൊണ്ടുവരുന്നതിൽ ചൈൽഡ്ലൈനും മറ്റുബാലനീതി സംവിധാനങ്ങളും, #pocso നിയമവും വഹിച്ച പങ്ക് വളരെ വലുതാണ്. മുമ്പൊക്കെ ഇത്തരം കേസ് കൾ റിപ്പോർട്ട് ചെയ്യാൻ തന്നെ പേടിയോ മടിയോ ലജ്ജയോ ആയിരുന്നു രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ ഒത്തു തീർന്നിരുന്ന/ തീർപ്പാക്കുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഏറ്റവും വലിയ നേട്ടക്കാർ അവിടത്തെ പൊലീസുകാർ തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യം ഇല്ല. ചൈൽഡ്ലൈൻ സംവിധാനം വന്നതോട് കൂടി സ്റ്റേഷനിൽ നേരിട്ടുള്ള ഈ #വരവിനു* ഗണ്യമായ രീതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.

അതിനാൽ ഈ കേസിന്റെ മറവിൽ, പൊതുജനങ്ങളെ ചൈൽഡ്ലൈനിൽ വിവര മറിയിക്കുന്നതിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്നുപോലും നാം സംശയിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രസർക്കാരും നമ്മുടെ കേരള സർക്കാരും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഔദ്യോഗികമായി തന്നെ രൂപീകരിച്ച് #promote ചെയ്യുന്ന ഒരു ദേശീയ സംവിധാനമാണ് ചൈൽഡ്ലൈൻ ടോൾ ഫ്രീ നമ്പർ ആയ *1098* .ആയിരക്കണക്കിന് കേസുകൾ ആണ് ചൈൽഡ്ലൈൻ വഴി റിപ്പോർട്ട് ചെയ്യുന്നത്. അവർക്കൊന്നും ഇല്ലാത്ത ഒരു നിയമം ഈ കേസിൽ മാത്രം നടപ്പിലാക്കുന്നതിൽ ഉള്ള യുക്തി അങ്ങു പൊലീസ് സ്റ്റേഷനിൽ ചെന്നു പറഞ്ഞാൽ മതി. വസ്തുത ഇതായിരിക്കെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ സമീപനം മറ്റേതോ *#കുട്ടിയെ#* സംരക്ഷിക്കാനുള്ളതാണെന്നു ന്യായമായും നാം സംശയിക്കേണ്ടിയിരിക്കുന്നു....

ഏതായാലും എടപ്പാൾ കേസുമായിബന്ധപ്പെട്ട് വാർത്തയിലൂടെ സമൂഹത്തിലുണ്ടായ അവബോധവും മറ്റു കേസുകളിൽ പോലുമുണ്ടായ നടപടികളും ചൈൽഡ് ലൈൻ ചെയ്തതു തന്നെയാണ് ശരി എന്ന് അടിവരയിടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP