Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിഫ്ബിക്കെതിരായ സിഎജി നീക്കത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കി ഇഡിയും; കിഫ്ബിയിലെ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ തേടി ആർബിഐക്ക് കത്തു നൽകി; യെസ് ബാങ്കിലെ നിക്ഷേപവും അന്വേഷിക്കുന്നു; ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയത് തിരിച്ചടി തിരിച്ചറിഞ്ഞു തന്നെ

കിഫ്ബിക്കെതിരായ സിഎജി നീക്കത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കി ഇഡിയും; കിഫ്ബിയിലെ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ തേടി ആർബിഐക്ക് കത്തു നൽകി; യെസ് ബാങ്കിലെ നിക്ഷേപവും അന്വേഷിക്കുന്നു; ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയത് തിരിച്ചടി തിരിച്ചറിഞ്ഞു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കിഫ്ബിക്കെതിരെയും. കിഫ്ബിയുടെ മസാല ബോണ്ടിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. മസാല ബോണ്ടിന്റെ അനുമതിയുടെ വിശദാംശങ്ങൾ ആർബിഐയിൽ നിന്നും തേടി ക്കൊണ്ട് ഇഡി കത്തു നൽകി. മസാല ബോണ്ടിന് റിസർവ് ബാങ്കിന്റെ അനുമതി ഉണ്ടെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇങ്ങനെ അനുമതിയുണ്ടോ എന്ന കാര്യമാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുക.

മസാല ബോണ്ടിന് പുറമേ കിഫ്ബി 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതു സംബന്ധിച്ചും അന്വേഷണം മുറുകുന്നുണ്ട്. നേരത്തെ കിഫ്ബി 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയെന്നാണു രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി അറിയിച്ചിരുന്നത്. 2017 മെയ്‌ മുതൽ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഉയർന്ന റേറ്റിങ് വേണമെന്ന മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നിശ്ചയിച്ചിരുന്നു. മുന്തിയ റേറ്റിങ് ഉണ്ടായിരുന്ന ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജൻസികൾ അവർക്കു നല്ല റേറ്റിങ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി റേറ്റ് നോക്കി നിക്ഷേപം നടത്തിയത്.

കിഫ്ബിയുടെ കൈവശമുള്ള എല്ലാ പണവും ബാങ്കിൽ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്. മൊത്തം പണത്തിന്റെ നിശ്ചിത ശതമാനമേ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയൂ. ടെൻഡർ വിളിച്ചപ്പോൾ യെസ് ബാങ്ക് ഉയർന്ന നിരക്കു നൽകിയപ്പോഴാണ് 7 തവണ അവിടെ നിക്ഷേപം നടത്തിയത്. 2018 വരെ ബാങ്കിൽ നിക്ഷേപം നടത്തി. 2018ൽ 107 കോടിരൂപയാണ് ഒരു വർഷത്തേക്കു നിക്ഷേപിച്ചത്. 8.03% പലിശയാണ് അവർ നൽകിയത്.

2018 നവംബർ ആയപ്പോൾ യെസ് ബാങ്കിന്റെ റേറ്റ് ക്ഷയിച്ചു തുടങ്ങി. അപ്പോൾതന്നെ കിഫ്ബി യെസ് ബാങ്കുമായുള്ള പണമിടപാട് നിർത്തി. നിക്ഷേപിച്ച തുകയുടെ കാലാവധി കഴിയാൻ കാത്തിരുന്നു. ഓഗസ്റ്റ് 9നു നിക്ഷേപം പലിശയടക്കം പിൻവലിച്ചു മറ്റു ബാങ്കിലേക്കു മാറ്റി. കിഫ്ബി ജാഗ്രതയോടെ നിലപാടെടുത്തതിനാൽ പണം നഷ്ടപ്പെട്ടില്ലെന്നുമാണ് സർക്കാർ വാദിക്കുന്നത്.

അതേസമയം കിഫ്ബിക്കെതിരായ സി.എ.ജി നീക്കം ആകെ കടമെടുപ്പിനെ ബാധിക്കുമെന്ന കടുത്ത ആശങ്കയാണ് സംസ്ഥാന സർക്കാറിനുള്ളത്. കിഫ്ബി വായ്പകൾ സർക്കാരിന്റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാൽ കിഫ്ബിയുടെ വായ്പകൾ കൂടി ആകെ കടമെടുപ്പിന്റെ പരിധിയിൽ വരും. ഇതോടെ കിഫ്ബിയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. അതിനാൽ സിഎജിയുടെ നീക്കത്തെ നേരിടാൻ നിയമപോരാട്ടത്തെ കുറിച്ചുള്ള ആലോചനയും സർക്കാർ നടത്തിയിട്ടുണ്ട്. ഫാലി എസ് നരിമാനിൽ നിന്നും നിയമോപദേശം സർക്കാർ തേടിയതും കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആശങ്കയെ തുടർന്നാണ്.

ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിന് തുല്യമായ പണം മാത്രമേ വായ്പയായി സംസ്ഥാന സർക്കാരിന് എടുക്കാൻ കഴിയൂ. ഇത് മറികടക്കാനായിരുന്നു കിഫ്ബിയെന്ന കോർപറേറ്റ് ബോഡി വഴി വികസന പ്രവർത്തനങ്ങൾക്കായി പ്രത്യേകം കടമെടുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. എന്നാൽ ഈ വായ്പ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയിൽ വരുമെന്നാണ് സി.എ.ജി നിലപാട്. ഇതോടെ മൂന്ന് ശതമാനം എന്ന കടമെടുപ്പ് പരിധിയിലേക്ക് കിഫ്ബി വായ്പകൾ കൂടി വരും. അങ്ങനെ വരുമ്പോൾ കിഫ്ബി വഴി ഉദ്ദേശിച്ച പ്രയോജനവും കിട്ടില്ല. സിഎജിയുടെ നീക്കത്തെ മറികടക്കാനായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് പോകെന്നാണ് സർക്കാരിന്റെ ആശങ്ക

കിഫ്ബിക്ക് വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി പണം സമാഹരിക്കാനായി ആർ.ബി.ഐ നൽകിയ അനുമതിയെയും സി.എ.ജി അന്തിമ റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നുണ്ട്. ആക്‌സിസ് ബാങ്ക് വഴി നൽകിയ അപേക്ഷയിലൂടെയായിരുന്നു മസാല ബോണ്ട് ഇറക്കാനുള്ള അനുമതി റിസർവ് ബാങ്ക് നൽകിയത്. ഇങ്ങനെയുള്ള അനുമതി രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന സംശയവും സിഎജി ഉയർത്തുന്നു. വിദേശ വിപണിയിൽ നിന്ന് വായ്പയെടുത്തതോടെ കേന്ദ്ര സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറിയെന്ന ഗുരുതര പരാമർശും സി.എ.ജി നടത്തിയതും സംസ്ഥാനത്തെ വെട്ടിലാക്കി.

കിഫ്ബിക്ക് എതിരായ സിഎജി റിപ്പോർട്ടിൽ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയിരുന്നു. സിഎജി റിപ്പോർട്ടിനെ നിയമപരമായി നേരിടാനാണ് സർക്കാർ നിയമോപദേശം തേടിയത്. കരടു റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് നീക്കം.

ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ വിദഗ്ധ അഭിപ്രായം തേടാൻ തീരുമാനിച്ചത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടുകയായിരുന്നു. സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകൾ എടുക്കാൻ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.

സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ നിലപാട്. കരടു റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ അന്തിമ റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത് തെറ്റാണ്. ഇത് സാധാരണഗതിയിലുള്ള റിപ്പോർട്ടായി കാണാൻ സാധിക്കില്ല. നടപടിക്രമങ്ങൾ തെറ്റിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നും സർക്കാർ കരുതുന്നു. അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണ് നിയമനടപടിയുടെ സാധ്യത പരിശോധിക്കാൻ മുതിർന്ന ഭരണഘടനാ വിദഗ്ധനായ അഭിഭാഷകൻ ഫാലി എസ് നരിമാനെ സമീപിക്കാൻ തീരുമാനിച്ചത്.

കരടു റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ അന്തിമ റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത് തെറ്റാണെന്നാണ് സർക്കാർ നിലപാട്. ഇത് സാധാരണഗതിയിലുള്ള റിപ്പോർട്ടായി കാണാൻ സാധിക്കില്ല. നടപടിക്രമങ്ങൾ തെറ്റിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നും സർക്കാർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP