Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കുരുക്ക് മുറുക്കും; സ്പീക്കറെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിക്കും ഹാജരാകൽ നോട്ടീസ് നൽകുന്നതും പരിഗണനയിൽ; കോടിയേരിയുടെ ഭാര്യയ്ക്ക് വേണ്ടി നടത്തിയ പൊലീസിന്റെ സമാന്തര അന്വേഷണത്തിനും വില നൽകില്ല; ഇനി രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര ഏജൻസികൾ

വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കുരുക്ക് മുറുക്കും; സ്പീക്കറെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിക്കും ഹാജരാകൽ നോട്ടീസ് നൽകുന്നതും പരിഗണനയിൽ; കോടിയേരിയുടെ ഭാര്യയ്ക്ക് വേണ്ടി നടത്തിയ പൊലീസിന്റെ സമാന്തര അന്വേഷണത്തിനും വില നൽകില്ല; ഇനി രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ, ഇഡി ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും നിയമ കുരുക്കുകളിലേക്ക് എത്തും. ഭരണമാറ്റം ഉണ്ടായാൽ ജ്യൂഡീഷ്യൽ അന്വേഷണം അപ്രസക്തവുമാകും. യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ അന്വേഷണം റദ്ദാക്കിയേക്കാം. അന്വേഷണ തീരുമാനം പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു കഴിഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയെങ്കിലും ഹൈക്കോടതി വിധി പൂർണമായും എതിരല്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാരും. തുടർനടപടിയുടെ കാര്യത്തിൽ ആലോചിച്ചായിരിക്കും സർക്കാർ തീരുമാനം എടുക്കുക. അപ്പീൽ നൽകുന്നതടക്കം പരിഗണിക്കുന്നുണ്ട്. എന്നാൽ അന്വേഷണം റദ്ദാക്കിയ കോടതിയുടെ തീരുമാനം പൂർണമായും അനുയോജ്യമാണെന്ന വിലയിരുത്തലിലാണ് ഇ.ഡി. പ്രത്യേക കോടതിയിലെ തുടർനടപടികൾക്ക് സാധാരണ നടപടിക്രമങ്ങൾക്ക് അപ്പുറത്ത് പ്രാധാന്യമില്ലെന്നും ഇഡി പറയുന്നു. അതുകൊണ്ട് തന്നെ പൂർണ്ണ ജയം നേടിയെന്ന ആത്മവിശ്വാസത്തിലാണ് ഇഡി.

സ്വർണ്ണ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ അടക്കം ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്ന കേന്ദ്ര ഏജൻസികൾക്ക് കരുത്ത് പകരുന്നതാണ് വിധി. അതുകൊണ്ട് തന്നെ അതിശക്തമായ നടപടികൾ വരും ദിവസമുണ്ടാകും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയിൽ വസ്തുതയുണ്ടോ എന്ന് അറിയാനാണ് ഇത്. അങ്ങനെ ഭയമില്ലാതെ മുമ്പോട്ട് പോകാനുള്ള സാഹചര്യമാണ് സുപ്രീംകോടതി വിധി കേന്ദ്ര ഏജൻസികൾക്ക് നൽകുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും ചോദ്യം ചെയ്യലുകൾക്ക് ഹാജരാകുന്നില്ല. ഈ വിഷയത്തിലും നിലപാട് കടുപ്പിക്കും. കേരളാ പൊലീസിന്റെ സമാന്തര അന്വേഷണമൊന്നും കേന്ദ്ര ഏജൻസി മുഖവിലയ്‌ക്കെടുക്കില്ല.

നിലവിൽ ജ്യുഡീഷ്യൽ അന്വേഷണത്തിനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലാണ്. വോട്ടെണ്ണലിനു ശേഷം പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിന് ഇതിനുള്ള ഉത്തരവ് ഇറക്കാനാകും. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ അന്വേഷണ തീരുമാനവുമായി മുന്നോട്ടു പോകാം. എന്നാൽ ഇതിനെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ നിയമയുദ്ധത്തിലേക്കു നീളാം. ഇഡി തന്നെ കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്. കസ്റ്റംസ്, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് എതിരെയാണു മന്ത്രിസഭ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

കമ്മിഷനായി മുൻ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചെയർമാനുമായ വി.കെ. മോഹനനെ 6 മാസത്തേക്കു നിയമിക്കാനും തീരുമാനിച്ചിരുന്നു. എഫ് ഐ ആറുകൾ റദ്ദാക്കിയ നടപടി സർക്കാരിന് വലിയ തിരിച്ചടിയാണ്. ഇതോടെ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിക്ക് പ്രസക്തിയില്ലാതായി. അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയെ ചോദ്യംചെയ്യാനായിരുന്നു ഹർജി. ചൊവ്വാഴ്ച ഈ ഹർജി പരിഗണിച്ചപ്പോൾ ജില്ലാ സെഷൻസ് കോടതിയിൽ ഇ.ഡി. എതിർത്തു. ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധിപറയുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവെക്കുകയായിരുന്നു. ഇനി ഈ ഹർജി കോടതി തള്ളും.

കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസി കേസെടുത്ത് അന്വേഷണം നടത്തിയ സംഭവത്തിൽ നിയമവശങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം. ക്രിമിനൽ നടപടിക്രമം പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നതാണ് എഫ്.ഐ.ആർ. റദ്ദാക്കാൻ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. വാദത്തിനിടെ ഇരുപക്ഷവും പ്രധാനമായും ഉന്നയിച്ചതും നിയമപരമായ വിഷയമായിരുന്നു. ഇത്തരത്തിലൊരു കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയതുപോലും അപൂർവമായിരുന്നു. അതേസമയം ഹർജി നിലനിൽക്കില്ലെന്ന ക്രൈംബ്രാഞ്ച് വാദം കോടതി തള്ളി. രാധാകൃഷ്ണൻ ഇ.ഡി.യുടെ ഉദ്യോഗസ്ഥൻ എന്നനിലയിൽ തന്നെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് കേസിൽ സോളിസിറ്റർ ജനറൽ ഹാജരായതിൽനിന്ന് വ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ ഹർജിയോടൊപ്പം ഔദ്യോഗിക രേഖകൾ ഹാജരാക്കിയതിൽ അപാകമുണ്ടെന്ന ക്രൈംബ്രാഞ്ച് അഭിഭാഷകന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയതെന്ന വിശദീകരണമാണ് ഹർജിക്കാരൻ നൽകിയത്. അങ്ങനെയെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമായിരുന്നു. ഹർജിക്കാരൻ തന്റെ ഇഷ്ടപ്രകാരം ചില രേഖകൾമാത്രം ഹാജരാക്കിയത് വിമർശിക്കപ്പെടേണ്ട നടപടിയാണ്. എന്നാൽ ഹർജികൾ തള്ളാൻ ഇതു മതിയായ കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് ഇ.ഡി. ഉദ്യോഗസ്ഥർ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും എഫ്.ഐ.ആറും. അന്വേഷണത്തിൽ സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉന്നതർക്കെതിരേ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടുത്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സന്ദീപ് നായർ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റർ ചെയ്തത്.

സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലുള്ള കേസിനെക്കാൾ ബലമുള്ളതാണ് സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കേസെന്നതായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ രണ്ട് എഫ്.ഐ.ആറും റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP