Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിഭവനെ ദ്രേഹിക്കുന്ന മണൽ മാഫിയാ തലവന് ഒത്താശ ചെയ്ത ഡി.വൈ.എസ്‌പി. പടിക്ക് പുറത്ത്; പുനലൂർ സോമരാജന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച് മുഖ്യമന്ത്രി; കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം നാർകോട്ടിക് സെല്ലിലേക്ക്; തന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥൻ 'അവതാരം' ചമഞ്ഞതും പിണറായിയെ ചൊടിപ്പിച്ചു

ഗാന്ധിഭവനെ ദ്രേഹിക്കുന്ന മണൽ മാഫിയാ തലവന് ഒത്താശ ചെയ്ത ഡി.വൈ.എസ്‌പി. പടിക്ക് പുറത്ത്;  പുനലൂർ സോമരാജന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച് മുഖ്യമന്ത്രി; കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം നാർകോട്ടിക് സെല്ലിലേക്ക്; തന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥൻ 'അവതാരം' ചമഞ്ഞതും പിണറായിയെ ചൊടിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബം എന്ന് ഖ്യാതി നേടിയ പത്തനാപുരം ഗാന്ധിഭവനെതിരെ അക്രമം നടത്തുന്നവർക്ക് ഒത്താശ നൽകിയ പുനലൂർ ഡി.വൈ.എസ്‌പി. ബി. കൃഷ്ണകുമാറിന് സ്ഥലം മാറ്റം. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം നാർകോട്ടിക് സെല്ലിലേക്കാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.

പത്തനാപുരം കുണ്ടയം സ്വദേശിയായ ഒരു സാമൂഹ്യവിരുദ്ധന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറെനാളുകളായി ഗാന്ധിഭവനെതിരെ പലവിധ അക്രമങ്ങൾ നടത്തുകയാണ്. ഈ സംഘങ്ങൾക്ക് ഡിവൈഎസ്‌പിയുടെ ഒത്താശ ചെയ്‌തെന്ന ആരോപണവമാണ് ഉയർന്നത്. ഗുണ്ടാപിരിവിന് ഗാന്ധിഭവൻ വശംവദരാകാത്തതാണ് മണൽ മാഫിയാ സംഘാംഗമായ നൗഷാദിന്റെയും കൂട്ടരുടെയും എതിർപ്പിന് കാരണം. ഗാന്ധിഭവൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, സന്ദർശകരുടെ വാഹനങ്ങൾ തടയുക, കുപ്രചരണം നടത്തുക, അപകീർത്തികരമായ പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കു പുറമേ 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളും അക്രമികൾ ഉണ്ടാക്കി. പുരയിടത്തിലെ തകരപാളികൾ കൊണ്ട് നിർമ്മിച്ച ചുറ്റുമതിൽ പൂർണ്ണമായും തകർത്തു. ഗാന്ധിഭവനിലേക്കുള്ള ജലവിതരണ പൈപ്പുകൾ പലതവണ അടിച്ചുതകർത്തു.

പരാതിപ്പെട്ടിട്ടും പൊലീസ് ഉചിതമായ നടപടിയെടുത്തില്ല. കഴിഞ്ഞ 3 മാസത്തിലേറെയായി ദിവസം 15000 രൂപ ചെലവിട്ട് രണ്ട് ടാങ്കറുകളിലായി ഗാന്ധിഭവൻ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയുമുണ്ടായി. ജലമില്ലാത്തതുമൂലം 1200 ലേറെ അന്തേവാസികൾ മാസങ്ങളായി ദുരിതത്തിലായ അവസ്ഥയിലാണ്. ഗാന്ധിഭവൻ പലതവണ പരാതിപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടാവാത്തതിനെത്തുടർന്ന് ഹൈക്കോടതിയിൽ നിന്നും ഗാന്ധിഭവൻ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. എന്നിട്ടും അക്രമങ്ങൾ തുടർന്നപ്പോൾ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്ഥലം ഡി.വൈ.എസ്‌പി.യായ കൃഷ്ണകുമാറിനെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ, ''ഞാൻ വന്ന് ചാർജ്ജെടുത്തിട്ട് കുറെ നാളായില്ലേ.

നിങ്ങൾ എന്തുകൊണ്ട് എന്നെ വന്ന് ഒന്നു കണ്ടില്ലാ എന്നെ വന്ന് കണ്ടാൽ ആലോചിക്കാം'' എന്ന ധിക്കാരപൂർവ്വമായ മറുപടിയാണ് ലഭിച്ചത്. ഹൈക്കോടതിയുടെ സംരക്ഷണ ഓർഡർ നടപ്പിലാക്കേണ്ട ഡി.വൈ.എസ്‌പി. മാസങ്ങളായി നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ ഒരിക്കൽപ്പോലും ഗാന്ധിഭവനിലെത്തുകയുണ്ടായില്ല. ഒടുവിൽ 2018 ജനുവരി 6 ന് കൊല്ലം സബ്ബ് കളക്ടർക്കൊപ്പം ഗാന്ധിഭവന് മുൻവശത്തെത്തിയ ഡി.വൈ.എസ്‌പി. കൃഷ്ണകുമാർ ഗാന്ധിഭവനുള്ളിൽ കയറി കാര്യങ്ങൾ മനസ്സിലാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, ഗാന്ധിഭവൻ പ്രവർത്തകരുടെയും അക്രമികളുടെയും സാന്നിദ്ധ്യത്തിൽ അക്രമികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിക്കുകയാണ് ചെയ്തത്.

''നിയമപുസ്തകം നോക്കി നീതി നടപ്പാക്കാൻ പൊലീസിനു കഴിയില്ല. പ്രശ്നക്കാർ വളരെ കുറച്ചുപേരെ ഉള്ളൂ. പൊലീസ് അതിലേറെയുണ്ട്. പൊലീസിന് വേണമെങ്കിൽ പ്രശ്നക്കാരെ നിഷ്പ്രയാസം അറസ്റ്റുചെയ്തുകൊണ്ടുപോകാം. പക്ഷേ ഞങ്ങൾ അത് ചെയ്യില്ല,'' കാരണം അത് സർക്കാരിന്റെ പോളിസിയല്ല'' എന്നൊക്കെയാണ് കൃഷ്ണകുമാർ പറഞ്ഞത്. എന്നിട്ട് ഗാന്ധിഭവനുള്ളിൽ കയറി സാഹചര്യങ്ങൾ മനസ്സിലാക്കാൻ പോലും തയ്യാറാകാതെ മടങ്ങിപ്പോവുകയാണുണ്ടായത്. ഇയാളുടെ വാക്കുകൾ അക്രമികൾക്ക് പ്രോത്സാഹനവും പ്രചോദനവുമായി മാറുകയും അവർ അക്രമം വർദ്ധിപ്പിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഗാന്ധിഭവൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യം ഫയൽ ചെയ്യുകയും കൃഷ്ണകുമാറിനെ ഉൾപ്പെടെ ഹൈക്കോടതി വിളിപ്പിക്കുകയും ചെയ്തു.

ഇതിലുള്ള വൈരാഗ്യം പിന്നീട് കൂടുതലായി ഗാന്ധിഭവനോട് പ്രകടിപ്പിക്കുകയായിരുന്നു അയാൾ. അക്രമികൾക്ക് പിന്തുണ നൽകുകയും ഗാന്ധിഭവന് നേരെയുള്ള അക്രമങ്ങൾക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നതിൽ നിന്നും കീഴ്ജീവനക്കാരെ പിന്തിരിപ്പിക്കുകയുമൊക്കെ ചെയ്യുകയായിരുന്നു ഇയാൾ. മാത്രമല്ല ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെയും മകനെയും ജാമ്യമില്ലാ വകുപ്പുചേർത്ത് പ്രതിയാക്കി കള്ളക്കേസ് സൃഷ്ടിക്കുവാനുള്ള ശ്രമം ഡിവൈഎസ്‌പി നടത്തിയെന്നും ആരോപണവമുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്ന് പറഞ്ഞാണ് ഡിവൈഎസ്‌പി നടന്നതെന്നുമാണ് ആരോപണം. ഈ അവതാരം ചമയലും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് സഹപ്രവർത്തകരെയും നാട്ടുകാരെയും ഭയപ്പെടുത്തിയാണ് ഇയാൾ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടിരുന്നതെന്നുമാണ് ആരോപണം. സ്വാധീനമുപയോഗിച്ച് ഇയാൾ ഉപദ്രവിക്കുമെന്ന് ഭയന്ന് മേലധികാരികൾ പോലും ഇയാളെ ഭയന്നിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഗാന്ധിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് പത്മശ്രീ എം.എ. യൂസഫലി ഗാന്ധിഭവന് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയും, സമീപത്തായി വാങ്ങിയിട്ടിരുന്ന ഒരേക്കർ വസ്തുവിൽ ഹാബിറ്റാറ്റ് ഏറ്റെടുത്ത് കെട്ടിടനിർമ്മാണത്തിനുള്ള പയലിങ് വർക്കുകൾ ആരംഭിക്കുകയും ചെയ്തു. യു. നൗഷാദ്, ലത സി. നായർ എന്നിവർ ചേർന്ന് സമീപത്തുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധിഭവനെതിരെ അണിചേർക്കുകയായിരുന്നു. ബഹുനില കെട്ടിടം നിർമ്മിക്കുന്നതോടെ നാട്ടിൽ മറ്റാർക്കും ജീവിക്കാനാവാത്ത അവസ്ഥ വരുമെന്നുമൊക്കെ പറഞ്ഞാണ് സമീപവാസികളെ ഇവർ തെറ്റിദ്ധരിപ്പിച്ചത്.

ആയിരത്തിലധികം നിരാലംബർ വസിക്കുന്ന ഗാന്ധിഭവനിലെ ജലവിതരണ പൈപ്പുകൾ പലതവണ തകർക്കുകയും അന്തേവാസികൾ ദുരിതത്തിലാവുകയും ഇതിനെതുടർന്ന് നാല് ദിവസം വൻ വിലയ്ക്ക് ടാങ്കറുകളിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടിവരികയും ചെയ്ത സാഹചര്യമുണ്ടാക്കി. ഗാന്ധിഭവന്റെ കൃഷിയിടത്തിൽ കടന്ന് കാർഷികവിളകളെല്ലാം നശിപ്പിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും മുടക്കി. സമീപത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ സ്പെഷ്യൽ സ്‌കൂളും, ജെ.ജെ. ആക്ട് പ്രകാരം പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്ന ഗാന്ധിഭവന്റെ വസ്തുവിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തുന്ന ജോലിക്കാരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കാൻ ഡിവൈഎസ്‌പി തയ്യാറായില്ലെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP