Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി നിർദേശപ്രകാരം അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത വീടിന്റെ സീൽ തകർത്ത് പുതിയ താഴിട്ടു പൂട്ടി; അതിക്രമം കാണിച്ചത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ; എസ്എഫ്ഐ നേതാവിനെ കൊന്ന കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് വേണ്ടി സിപിഎം നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുമ്പോൾ

കോടതി നിർദേശപ്രകാരം അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത വീടിന്റെ സീൽ തകർത്ത് പുതിയ താഴിട്ടു പൂട്ടി; അതിക്രമം കാണിച്ചത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ; എസ്എഫ്ഐ നേതാവിനെ കൊന്ന കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന് വേണ്ടി സിപിഎം നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയായ കോൺഗ്രസ് നേതാവിന്റെ് വീട് കോടതി നിർദേശ പ്രകാരം അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത് സീൽ ചെയ്തതിന് പിന്നാലെ ഡിവൈഎഫ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൂട്ടു പൊളിച്ച് പുതിയ താഴിട്ടു പൂട്ടി. പത്തനംതിട്ട നഗരമധ്യത്തിൽ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നാലു സെന്റ് കടമുറികളും വീടുമാണ് ഇന്നലെ കനത്ത പൊലീസ് ബന്തവസിൽ അഭിഭാഷക കമ്മിഷൻ ഏറ്റെടുത്ത് സീൽ ചെയ്തത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി കമ്മിഷനും പൊലീസും മടങ്ങിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാമിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി അഭിഭാഷക കമ്മിഷനിട്ട പൂട്ടു പൊളിച്ച് പുതിയത് സ്ഥാപിച്ചത്. പ്രവർത്തകരെയും കൂട്ടി എത്തിയ ജില്ലാ സെക്രട്ടറി താഴ് തകർക്കുന്നതിന് മുൻപ് സ്ഥലം വിട്ടുവെന്നും പറയുന്നു. കോടതി നിർദേശപ്രകാരം ഏറ്റെടുത്ത ഭൂമിയിൽ അതിക്രമിച്ച് കയറിയതും നാശനഷ്ടം വരുത്തിയതും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കാവുന്ന കുറ്റമാണ്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് കോൺഗ്രസ് നേതാവിന്റെ വസ്തു സംരക്ഷിക്കാൻ സിപിഎം സ്ഥലത്ത് എത്തിയത്. മുൻപ് രണ്ടു തവണ വന്നപ്പോഴും സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നേതൃത്വത്തിലാണ് കമ്മിഷനെ തടഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മനാഫിന്റെ പേര് കമ്മിഷൻ റിപ്പോർട്ടിൽ ചേർത്തിരുന്നു. ഇതു കാരണം ഇന്നലെ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമ്മിൻ വന്നപ്പോൾ മനാഫ് മാറി നിന്നുവെന്ന് പറയുന്നു. സിപിഎമ്മിന്റെ നഗരസഭാ കൗൺസിലർ ആയ ആർ. സാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഏതു കോടതി പറഞ്ഞാലും തടയുമെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് ഇവർ പിന്മാറിയെങ്കിലും ഡിവൈഎഫ്ഐ താഴ് തകർത്ത് പുതിയതിട്ടു പൂട്ടുകയായിരുന്നു.

പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ അനശ്വര രക്തസാക്ഷി സി.വി. ജോസിനെ വധിച്ച കേസിൽ പ്രതിയായ അമ്പിളി എന്ന അബ്ദുൾ ഖാദറിന്റെ ഭാര്യയും മുൻ കെപിസിസി സെക്രട്ടറിയും മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സണുമായ അജീബ എം. സാഹിബിന്റെ പേരിലുള്ള ഭൂമിയാണ് ബാങ്ക് ജപ്തി ചെയ്ത് ലേലത്തിന് വച്ചത്. ഇത് 25 ലക്ഷം രൂപയ്ക്ക് ലേലം കൊണ്ടത് അടൂർ ആനന്ദപ്പള്ളി സ്വദേശി ഷൺമുഖം ചെട്ടിയാരും കാഞ്ഞിരപ്പള്ളിക്കാരൻ രാജേഷും ചേർന്നാണ്. പത്തനംതിട്ട നഗരമധ്യത്തിലെ ഈ ഭൂമിക്ക് കോടികൾ വില വരുമെന്നും അതിനാൽ ബാങ്കിൽ നൽകിയതിന്റെ ബാക്കി പണം ഇവർക്ക് നൽകണമെന്നുമാണ് ആവശ്യം. ഈ ആവശ്യം നടപ്പാക്കി കൊടുക്കാനാണ് സിപിഎം രംഗത്തിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് അജീബ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയായിരുന്നു. അജീബ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുമെന്നും അതിനാൽ അവർക്ക് സംരക്ഷണം നൽകണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചുവെന്നും അതിൻ പ്രകാരം ജില്ലാ സെക്രട്ടറി പറഞ്ഞത് അനുസരിച്ചാണ് പ്രതിഷേധമെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.

അജീബ എം. സാഹിബിന്റെ പിതാവ് മീരാസാഹിബിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് ഭൂമിയും അതിലുള്ള കടമുറികളും വീടും എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ-2 കോടതിയിലെ 21.01.2011 ലെ സെയിൽ ഡീഡ് പ്രകാരം അടൂർ ആനന്ദപ്പള്ളി ശ്രീമംഗലത്ത് ഷൺമുഖം ചെട്ടിയാർ, കാഞ്ഞിരപ്പള്ളി ചിറക്കടവ് കിഴക്കേതിൽ രാജേഷ് ബാബു എന്നിവർ ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തിരുന്നു. ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനാൽ ഇവർക്ക് വസ്തു കൈവശപ്പെടുത്തനായിരുന്നില്ല. എന്നാൽ, ഉടമയുടെ വാദഗതികൾ എല്ലാം ബന്ധപ്പെട്ട കോടതികൾ തള്ളി. ഹൈക്കോടതിയിൽ നിന്നും ലേലം കൊണ്ടവർക്ക് അനുകൂല ഉത്തരവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിക്കവറി ഓഫീസർ വസ്തു ഒഴിപ്പിച്ചെടുക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

കമ്മിഷൻ പല തവണയായി വസ്തുവിൽ ഹാജരാവുകയും കടമുറികൾ ഒഴിപ്പിച്ച് താക്കോൽ കരസ്ഥമാക്കി. വസ്തുവിൽ സ്ഥിതി ചെയ്തിരുന്ന വീട് ഒഴിപ്പിച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തു. വീട്ടിലും കടമുറികളിലും സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കുന്നതിന് കമ്മിഷൻ ജനുവരി മൂന്ന്, അഞ്ച് തീയതികളിൽ ഹാജരായി. കടമുറികൾ പൂർണമായും ഏറ്റെടുത്തു. എന്നാൽ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എതിർകക്ഷിയായ അജീബ എം. സാഹിബ് എത്തി സ്വയം നീക്കം ചെയ്തില്ല. തുടർന്ന് ജനുവരി 16 ന് ഹാജരാകാൻ കമ്മിഷൻ അജീബയ്ക്ക് നോട്ടീസ് നൽകി. കമ്മിഷൻ പറഞ്ഞ ദിവസം എത്തി വീട്ടിൽ നിന്ന് സാധനങ്ങൾ നീക്കാൻ നടപടിയെടുത്തു. ഈ സമയം സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം വരുന്ന ഡിവൈഎഫ്ഐ സംഘം എത്തി തടഞ്ഞു.

അഭിഭാഷക കമ്മിഷനെയും ലേലത്തിൽ വസ്തു എടുത്തവരെ ഭീഷണിപ്പെടുത്തി. ഞങ്ങൾ പറയുന്നത് കേൾക്കാതെ സാധനങ്ങൾ പുറത്തേക്ക് എടുത്താൽ ചെട്ടിയാർ ഈ ബിൽഡിങിന് അകത്തു കയറില്ല. കാൽ കുത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്നായിരുന്നു ഭീഷണി. അഭിഭാഷക കമ്മിഷനായി എത്തിയ എം. അഞ്ജു തോമസ് ഈ വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്തു. ഇതിനിടെ വീട്ടു സാധനം ഒഴിപ്പിക്കാൻ ഉടമയായ അജീബ് സാവകാശം തേടി. ചികിൽസയിലാണെന്ന ന്യായമാണ് ഇതിനായി പറഞ്ഞത്. അതിനാൽ കോടതി 31 വരെ സാവകാശം നൽകി. ഫെബ്രുവരി ഒന്നിന് സാധനങ്ങൾ നീക്കി വീട് ഒഴിപ്പിച്ചെടുക്കാനും അതിന് പൊലീസ് സംരക്ഷണം നൽകാൻ പത്തനംതിട്ട എസ്‌പിക്കും കോടതി നിർദ്ദേശം നൽകി.

അതിൻ പ്രകാരം ഇന്നലെ രാവിലെ അഭിഭാഷക കമ്മിഷൻ സ്ഥലം ഒഴിപ്പിക്കാനെത്തി. നഗരസഭാ കൗൺസിലർ ആർ. സാബുവിന്റെ നേതൃത്വത്തിൽ സിപിഎം സംഘവും സ്ഥലത്ത് വന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഭിഭാഷക കമ്മിഷൻ കെട്ടിടത്തിൽ പ്രവേശിക്കുന്നത് ഇവർ തടഞ്ഞു. പൊലീസ് ഇടപെട്ട് ഇവരെ നീക്കിയ ശേഷം കോടതി ഉത്തരവ് നടപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP