Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തർ ജയിലിൽ കിടന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഏജന്റുമാരെ കണക്ട് ചെയ്യുന്നതും പണംകൈമാറുന്നതും വാട്‌സാപ് വിർച്വൽ നമ്പർവഴി; കേരളത്തിലേക്ക് വിമാനത്താവളങ്ങൾ വഴിയുള്ള കോടികളുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാരുടെ ഓപ്പറേഷൻ ഇരുചെവി അറിയാതെ; യാത്രക്കാർക്ക് ബാഗുകൾ കൈമാറുന്നത് കാരിയർമാരെ കുറിച്ച് സൂചനകളില്ലാതെ; പെരിന്തൽമണ്ണ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ഖത്തർ ജയിലിൽ കിടന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; ഏജന്റുമാരെ കണക്ട് ചെയ്യുന്നതും പണംകൈമാറുന്നതും വാട്‌സാപ് വിർച്വൽ നമ്പർവഴി; കേരളത്തിലേക്ക് വിമാനത്താവളങ്ങൾ വഴിയുള്ള കോടികളുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാരുടെ ഓപ്പറേഷൻ ഇരുചെവി അറിയാതെ; യാത്രക്കാർക്ക് ബാഗുകൾ കൈമാറുന്നത് കാരിയർമാരെ കുറിച്ച് സൂചനകളില്ലാതെ; പെരിന്തൽമണ്ണ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണയിൽ 1.470 കിലോഗ്രാം ഹാഷിഷുമായി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി താഹിറ മൻസിൽ മൊയ്തീൻ ജെയ്സൽ (37) നെയാണ് പെരിന്തൽമണ്ണ എഎസ്‌പി രീഷ്മ രമേശന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സിഐ വി.ബാബുരാജ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജയ്സലിനെ കൂടുതൽ ചോദ്യം ചെയ്തതിൽ മൊയ്തീൻ ജെയ്സൽ എന്ന ജെയ്സൽ മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഖത്തറിൽ വച്ച് പരിചയപ്പെട്ട ചിലരുമായി ചേർന്ന് പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേർപ്പെടുകയായിരുന്നു.

ഏജന്റുമാരെ ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമുള്ള എയർപോർട്ടുകളിലും പരിസരങ്ങളിലും വച്ചാണ് ഇവർ തയ്യാറാക്കി വെച്ചിട്ടുള്ള ബാഗേജുകൾ പാസഞ്ചർമാർക്ക് കൈമാറുന്നത്. ബാഗുമായെത്തിയ കാരിയറെ തിരിച്ചറിയത്തക്ക വിവരങ്ങളൊന്നും തന്നെ സംഘത്തിലുള്ളവർ പാസഞ്ചറിന് കൊടുക്കില്ല. മയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നൽകുന്നത് ഇതേ കേസിൽ ഖത്തറിൽ ജയിലിൽ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്സാപിൽ വിർച്ച്വൽ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാനായി നിർദ്ദേശിക്കുന്നതും. ഖത്തർ ജയിലിൽ നിന്നും ഏജന്റുമാരെ പരസ്പരം ബന്ധിപ്പിക്കുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇതുവഴി ജയിലിൽ കിടന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന ഈ സംഘത്തിൽ പെട്ടവരാണ്. മലയാളികളും കൂടെ ശ്രീലങ്ക,നേപ്പാൾ എന്നീ രാജ്യത്തുള്ളവരുമുണ്ടെന്നും പറയുന്നു. വാട്സാപ് വിർച്വൽ നമ്പർ വഴി മാത്രം മറ്റുള്ളവരെ ബന്ധപ്പെടുന്ന ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ഏജന്റുമാരെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാപൊലീസ് മേധാവി കൂടിയായ യു.അബ്ദുൾ കരീം നിർദ്ദേശം നൽകിയതനുസരിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും എഎസ്‌പി അറിയിച്ചു .

ഖത്തറിലേക്ക് മാരകശേഷിയുള്ള ഹെറോയിൻ, ബ്രൗൺഷുഗർ, കൊക്കെയ്ൻ, ട്രമഡോൾ, ഹാഷിഷ് തുടങ്ങിയവയുൾപ്പടെയുള്ള മയക്കുമരുന്നുകൾ കടത്താനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നതായും ഇവർക്ക് വേണ്ടി പാസഞ്ചർമാരെ കണ്ടെത്താൻ പല ഭാഗത്തും ഏജന്റുമാരുള്ളതായും പറയുന്നു . ബാഗിൽ ഇൻ ബിൽറ്റായി ഒളിപ്പിച്ച് സ്‌കാനറിൽ പെടാതിരിക്കാൻ പ്രത്യേക ബ്ലേക്ക്സ്പോഞ്ച് പേപ്പറും മറ്റും വച്ചാണ് പായ്ക്കിങ്. സൂക്ഷമമായി പരിശോധിച്ചാൽ മാത്രമേ ബാഗിനുള്ളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താനാവൂ എന്നുമാത്രമല്ല പാസഞ്ചർ പിടിയിലായാൽ സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ പിടിയിലകപ്പെടുന്നവരിൽ നിന്നും ലഭിക്കുന്നുമില്ല. പാസഞ്ചർ അറിയാതെയും ഇത്തരം സംഘത്തിന്റെ ചതിയിൽ പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എ എസ് പി പറഞ്ഞു.

ഏജന്റുമാർ മുഖേന ലഭിക്കുന്ന പാസഞ്ചർക്ക് പുതിയ ബാഗും വിസയും ടിക്കറ്റും ഓഫർചെയ്യുമ്പോൾ ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലിൽ തീർക്കാൻ കെൽപ്പുള്ളതായിരിക്കുമെന്നും രീഷ്മ രമേശൻ അറിയിച്ചു .വ്യക്തമായി അറിയുന്നവരിൽ നിന്നോ വിശ്വസിക്കാവുന്നവരിൽ നിന്നോ മാത്രമേ ബാഗേജുകളും സ്വീകരിക്കാവൂ എന്നുകൂടി പ്രവാസികളെ ഓർമ്മപ്പടുത്തുക കൂടി ചെയ്യുന്നതായും ജില്ലാപൊലീസ് മേധാവി മുഖേന ഈ കാര്യങ്ങൾ ഖത്തർ അധികൃതരെ അറിയിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രീഷ്മ രമേശൻ അറിയിച്ചു. പെരിന്തൽമണ്ണ സിഐ വിബാബുരാജ് ,എസ് ഐ മഞ്ചിത് ലാൽ,പ്രത്യേക അന്വേഷണ സംഘത്തിലെ സി പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, സുകുമാരൻ, ഫൈസൽ, മോഹൻദാസ് പട്ടേരിക്കളം, പ്രഫുൽ, സുജിത്ത്,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .

ഖത്തറിലെ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ചുവരുന്ന ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് കേരളത്തിൽനിന്നും മയക്കുമരുന്ന് കടത്ത് നടക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന കാരിയർമാർക്ക് വാഗ്ദാനം നൽകുന്നത് ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം കൈമാറും. പിടിക്കപ്പെടാതിരിക്കാൻ വിദഗ്ദമായി പായ്ക്കിംഗും മറ്റും ചെയ്തുകൊടുക്കാനും പ്രത്യേകസംഘം വിദേശത്തേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. അന്താാരാഷ്ട്ര മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടികൂടിയത്.

വിദേശത്ത് ഡി.ജെ പാർട്ടികളിലും, ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഹാഷിഷാണ് ഖത്തറിലേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കാസർഗോഡ് ഹോസ്ദുർഗ്ഗ് സ്വദേശി ഷബാനമൻസിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്‌ഐ മൻജിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറിൽ മലയാളികളുൾപ്പടെയുള്ളവർ ജയിൽ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ചും മറ്റും മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ എസ്‌ഐ മൻജിത് ലാലിനും സംഘത്തിനും കൈമാറിയിരുന്നു. ഒരുമാസത്തോളം കോഴിക്കോട് എയർപോർട്ടും പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതിൽ ഇത്തരത്തിൽ കാരിയർമാർക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് മംഗലാപുരം, കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തൽമണ്ണ, കോട്ടക്കൽ, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായും പെരിന്തൽമണ്ണ എ.എസ്‌പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP