Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാക്കാരുടെ നൈറ്റ് പാർട്ടി കൊഴുപ്പിക്കുന്നത് ഡാർക്ക് വെബ്; നുരഞ്ഞു പതയുന്ന ലഹരിയും പെണ്ണും വരെ എത്തിക്കും; പോൺ വിൽപ്പനയും തകൃതി; ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം; നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുക ദുഷ്‌ക്കരമായ കാര്യം; ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ക്രിപ്‌റ്റോ കറൻസിയും; ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും അനിഖയുടെയും മൊബൈൽ ഫോണിൽ നിന്നും ലാപ്പ്‌ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ

സിനിമാക്കാരുടെ നൈറ്റ് പാർട്ടി കൊഴുപ്പിക്കുന്നത് ഡാർക്ക് വെബ്; നുരഞ്ഞു പതയുന്ന ലഹരിയും പെണ്ണും വരെ എത്തിക്കും; പോൺ വിൽപ്പനയും തകൃതി; ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം; നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുക ദുഷ്‌ക്കരമായ കാര്യം; ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ക്രിപ്‌റ്റോ കറൻസിയും; ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും അനിഖയുടെയും മൊബൈൽ ഫോണിൽ നിന്നും ലാപ്പ്‌ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: അധോലോകം.. അധോലോകം എന്ന് നാം കേട്ടിട്ടുള്ളത് സിനിമാ ക്കഥകളിലൂടെയാണ്. അത്യാധുനിക കാലത്തെ അധോലോകമണാണ് ഡാർക് വെബ്. അവിടെ നടക്കാത്ത ക്രിമിനൽ പ്രവർത്തികളില്ല. ലഹരി വിൽപ്പന മുതൽ പെണ്ണുകൂട്ടിക്കൊടുപ്പു വരെ നടക്കുന്നത് ഡാർക്ക് വെബിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ടാണ്. മുമ്പെല്ലാമുള്ള അധോലോക ബന്ധങ്ങളെ പോലെ തന്നെ ഇവിടെയും സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ളവരും അരങ്ങുവാഴുന്നു. ബെംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട രഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് വലിയ അധോലോകത്തിന്റെ വിവരങ്ങളാണ്.

നടീനടന്മാർക്കെല്ലാം വേണ്ടുവോളം ലഹരി എത്തിക്കാൻ ഡാർക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്. സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൈബർ അധോലകത്തെ കുറിച്ചുള്ള ഞൈട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സൈബർ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബ്‌സൈറ്റുകൾ പരതി ഇടപാടുകാരുടെ വിശദാംശങ്ങൾ കണ്ടെത്തുക അത്ര എളുപ്പുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് ഈ സംവിധാനം മയക്കുമരുന്നു വിൽപ്പനക്ക് അടക്കം ഉപയോഗിക്കുന്നതും.

ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറൻസിയും ഒക്കെയാണ് ഡാർക്ക് വെബ്ബിലെ ഇടപാടിൽ നാണയമാകുന്നത്. ബെംഗളൂരിന് നേരത്തെ തന്നെ ഡാർക് വെബ് ഇടപാടുമായി അടുത്ത ബന്ധമുണ്ട്. മെട്രോ സിറ്റികളിലെ പ്രധാന രഹസ്യ ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക് വെബ് വഴിയാണ്. ലഹരി മുതൽ പെണ്ണ് വരെ ഇതുവഴിയാണ് വിൽക്കുന്നതും വാങ്ങുന്നത്. ഡാർക് വെബ് പോലെ തന്നെ പ്രവർത്തിച്ചിരുന്ന ആൽഫാബേ വഴിയും ലഹരി ഒഴുകിയിരുന്നു. വലിയൊരു വിപണന കേന്ദ്രമായിരുന്നു ആൽഫാബേ. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ആൽഫാബേ പൂട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എല്ലാത്തരം മയക്കുമരുന്ന് വസ്തുക്കളും ഇവിടെ ലഭിക്കും. നിരോധിത പുസ്തകങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഗെയിമുകൾ, സ്‌കിമ്മറുകൾ, വാടക ഗുണ്ടകൾ, പെൺകുട്ടികൾ എന്നിവയും ഇവിടെ ലഭിക്കുമെന്നാണ് ടെക് വിദഗ്ദ്ധർ പറയുന്നത്. ഉപയോക്താക്കൾ ആരാണെന്ന് വെളിപ്പെടുത്താത്തതിനാൽ പോൺ വൽപനയും ഡാർക് വെബിലുണ്ട്. ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം ആണ്. ഇത്തരം നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുന്നത് എളുപ്പമല്ല.

ഡാർക് വെബ് ഉപയോക്താക്കൾ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നത്. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മാത്രമേ ഇടപാടുകൾ നടക്കൂ എന്നതാണ് മറ്റൊരു വസ്തുത. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലഹരി വസ്തുക്കളുടെ ബുക്കിങും മറ്റും നടക്കുന്നത്. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളുണ്ട്. ടൂത്ത് പേസ്റ്റുകളുടെയും സോപ്പ് ബോക്‌സുകളുടെയും രൂപത്തിലാണ് ഡാർക് വെബ് റാക്കറ്റ് വഴി ലഹരി വിതരണം ചെയ്യുന്നത്. കടത്തിന് റോഡ് ഗതാഗതം മിക്കപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും ഡൽഹി, ചെന്നൈ, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളാണ് ചില സമയങ്ങളിൽ മയക്കുമരുന്ന് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്.

ഇവിടെ വസ്തുക്കൾ സ്‌കാൻ ചെയ്യുന്നതും പരിശോധിക്കുന്നതും മുംബൈയിലും ബെംഗളൂരുവിലും ഉള്ളതുപോലെ കർശനമല്ല. ഡിസ്‌പോസിബിൾ വരുമാനമുള്ള ചെറുപ്പക്കാരുടെ നഗരമാണ് ബെംഗളൂരു. ഇതിനാലാണ് ബെംഗളൂരു ഡാർക് വെബ് റാക്കറ്റിന്റെ ഇഷ്ടപ്പെടുന്ന വിപണിയാകുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഞ്ചാവ് വലിയ അളവിൽ വളർത്തുന്നുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. ഇതിലാണ് യുവാക്കൾക്ക് താൽപര്യവും.

സിന്തറ്റിക് മരുന്നുകൾ ആദ്യം ഗോവയിലേക്ക് കൊണ്ടുവന്ന് പിന്നീട് നൈജീരിയക്കാർക്കും റഷ്യക്കാർക്കും വിതരണം ചെയ്യുന്നു. അവർ രാജ്യമെമ്പാടും വിതരണം തുടരുന്നുവെന്നാണ് അറിയുന്നത്. അതായത് ഇന്ത്യയിൽ വന്നുപോയ ലഹരി ഉൽപന്നങ്ങൾ തന്നെ ഡാർക് വെബ് റാക്കറ്റ് വഴി പിന്നീട് വിവിധ മെട്രോ നഗരങ്ങളിലേക്ക് എത്തുന്നു. പ്രതികളുടെ ലൊക്കേഷനും മറ്റും കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടുകയാണ്. ഡിജിറ്റൽ ഡേറ്റയിലൂടെ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന് നിരവധി തലത്തിലുള്ള ട്രാക്കിങ് ആവശ്യമാണ്. അവർ രഹസ്യാത്മകത പാലിക്കുകയും പേരുകൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. പൊലീസിനെ വഴിതെറ്റിക്കാൻ അവർക്ക് സ്വന്തമായി ഒരു മോഡ് ഓപ്പറേഷൻ തന്നെ ഉണ്ട്. ഡാർക്ക് വെബ് റാക്കറ്റുകൾ ബിസിനസ് ചെയ്യുന്നതിന് വാട്‌സാപ്, സിഗ്‌നൽ കോൾ, ബോട്ടിം എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകളിലൂടെ നടക്കുന്നതൊന്നും പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല.

അതേസമയം, ഇവിടത്തെ ചില ലാബുകളിലും ലഹരി നിർമ്മാണം നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോർട്ടുകളുണ്ട്. ഈ ലഹരി മരുന്നുകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഒരു ലബോറട്ടറിയിൽ തന്നെ തയാറാക്കാം. പലരും ഇന്റർനെറ്റിൽ നിന്ന് പഠിച്ച് മയക്കുമരുന്ന് കോംപിനേഷനുകൾ ഒരുമിച്ച് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളുടെ രാത്രി പാർട്ടികളിലേക്ക് എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. സിന്തറ്റിക് മരുന്നുകൾ സമ്പന്നരാണ് ഉപയോഗിക്കുന്നത്. അതേസമയം ധനികർ കഞ്ചാവ് ഉപയോഗിക്കുന്നത് കുറവാണ്.

ഡാർക് വെബ് റാക്കറ്റിന്റെ മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും സാധാരണമായ മാർഗം അവ വിഴുങ്ങുക എന്നതാണ്. കോണ്ടത്തിൽ പായ്ക്ക് ചെയ്ത് വിഴുങ്ങുന്നവരുമുണ്ട്. ഇത്തരം കള്ളക്കടത്തുകാർ യാത്രയ്ക്കിടെ ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യാറില്ല. പിന്നീട് ഒരു എനിമാ ഉപയോഗിച്ചാണ് അവർ വിഴുങ്ങിയത് പുറത്തെടുക്കുന്നതെന്ന് അന്വേഷകർ പറയുന്നു. മറഞ്ഞിരിക്കുന്ന അറകളുള്ള ഷൂസും സ്യൂട്ട്കേസുകളും മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് ചിലപ്പോൾ മത്സ്യത്തിൽ ഒളിപ്പിച്ച് നല്ല മണമുള്ള വസ്തുക്കളിലേക്ക് പായ്ക്ക് ചെയ്തും കടത്തുന്നുണ്ട്.

ലഹരി മരുന്ന് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന മുതിർന്ന പൊലീസുകാർ പറയുന്നത് പിടിയിലായത് ചെറിയൊരു വിഭാഗം മാത്രമാണെന്നും വൻ മത്സ്യങ്ങൾ ഇപ്പോഴും ഒളിച്ചിരിക്കുകയാണ് എന്നുമാണ്. അതേസമയം ലഹരിമ മരുന്നു കേസിന്റെ ആഴങ്ങളിലേക്ക് ആരും കടക്കുന്നില്ലെന്നതാണ് വാസ്തവം. ഈ റാക്കറ്റിൽ പുരുഷതാരങ്ങളോ സംവിധായകരോ നിർമ്മാതാക്കളോ ഒന്നുമില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നടിമാർ മാത്രമാണോ? കാരണം, ഇതുവരെ അറസ്റ്റിലായത് കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഹിന്ദി നടി റിയ ചക്രവർത്തി എന്നിവരാണെന്നതു തന്നെ.

കന്നഡ സിനിമാമേഖലയിൽ ലഹരിബന്ധമുള്ള 1015 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തം.

ഓഗസ്റ്റ് 21ന് ലഹരിമരുന്നുമായി കന്നഡ സീരിയൽ നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിനു ശേഷമാണ്, കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഉന്മാദവിരുന്നുകളും സിനിമാപ്രവർത്തകരുടെ ലഹരി പാർട്ടികളും എത്രയോ കാലമായി തുടരുന്നതാണെന്നു പൊലീസിന് ഉൾപ്പെടെ അറിയാവുന്ന രഹസ്യം. എൻസിബി ഇടപെടലോടെ, കർശന നടപടികളെടുക്കുകയാണു പൊലീസും. അനിഖയുടെയും സംഘത്തിന്റെയും അറസ്റ്റിനു 2 മാസം മുൻപുതന്നെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കോടതിക്കു മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ്.

പൊലീസ് നീക്കങ്ങളെക്കുറിച്ച് ചുരുങ്ങിയതു 2 മാസം മുൻപ് ലഹരിസംഘങ്ങൾ അറിഞ്ഞിരുന്നതായാണ് നടി രാഗിണിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രശാന്ത് രങ്കയ്ക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങളാണു തെളിവായി ചൂണ്ടിക്കാട്ടുന്നത്. പൊലീസിലും ഇടപാടുകാർക്കു ചാരന്മാരുണ്ടെന്നു കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP